ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലാണ് ഭാരതരത്നം ഡോ. ബാബ സാഹിബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. മധ്യപ്രദേശിലെ മോവയിൽ 1891 ഏപ്രിൽ 14ന് ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. ഭരണഘടനാ ശില്പികൂടിയായ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയുമായിരുന്നു. ദളിതനായതുകൊണ്ട് പഠനകാലത്ത് തന്നെ വലിയ പീഡനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ള പൈപ്പിൽ തൊടാനോ അനുവാദം ലഭിച്ചിരുന്നില്ല. ഇതിനോടെല്ലാം പൊരുതിയാണ് പഠനം നടത്തിയത്. കഴിയുന്നത്ര പഠിക്കുകയെന്നതായിരുന്നു ലക്ഷ്യം. “വിദ്യാഭ്യാസം സിംഹത്തിന്റെ മുലപ്പാലാണെന്നും അതു കഴിക്കുന്നവർക്ക് ഗർജ്ജിക്കാതിരിക്കാനാവില്ലെന്നും” പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടി. സ്വാതന്ത്ര്യം നേടുമ്പോൾ വിവിധ നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യ. രാജ്യത്തിനൊരു ഭരണഘടനയുണ്ടാക്കാൻ അംബേദ്കറുടെ നേത്വത്വത്തിൽ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 141 ദിവസംകൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയാറാക്കപ്പെട്ടത് 1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കുകയും 1950ന് ജനുവരി 26ന് അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യയെ മതേതര രാജ്യമായി പ്രഖ്യാപിച്ചതും ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതി നിർമ്മിക്കാനായതും, തുല്യനീതി ഉറപ്പാക്കി എല്ലാ പൗരന്മാർക്കും മൗലിക അവകാശങ്ങൾ നിർണയിച്ചതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ്. സാമ്പത്തികമായും ഭരണപരമായും പിന്നാക്കാവസ്ഥയിലായിരുന്ന ജനതയ്ക്ക് പ്രത്യേക സംവരണം ഭരണഘടനയിൽ അംബേദ്കർ എഴുതിച്ചേർത്തു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടശേഷം നടത്തിയ പോരാട്ടങ്ങളേറെയും ജാതിരഹിത സമൂഹത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയുടെ ശാപം ജാതി വ്യവസ്ഥയാണെന്ന് കാറൽ മാർക്സ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും ജാതി ഘടന തടസമാണെന്നും ആപൽക്കരമാണെന്നും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിലയിരുത്തി മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കെതിരായ ഡോ. അംബേദ്കറുടെ പോരാട്ടങ്ങൾ നിരന്തരവും ഇടതടവില്ലാത്തതും വീറുറ്റതുമായിരുന്നു. ചാതുർവർണ്യ വ്യവസ്ഥയുടെ മാനിഫെസ്റ്റോയെന്നറിയപ്പെടുന്ന മനുസ്മൃതി 1927 ഡിസംബർ 25ന് അംബേദ്കറുടെ നേതൃത്വത്തിൽ പരസ്യമായി കത്തിച്ചത് സാമൂഹ്യനവോത്ഥാന പോരാട്ടങ്ങൾക്ക് പകർന്നു നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല.
ഇന്ത്യയിൽ മാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവല്കരിക്കാനും നിലനിർത്താനുമുള്ള എല്ലാ ശ്രമങ്ങളേയും അദ്ദേഹം നിഷ്കരുണം കടന്നാക്രമിച്ചു. ദൈവികതയുടെ ഭാഗമല്ല ജാതീയതയെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതി-മത രഹിതമായ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം. ജാതിവ്യവസ്ഥ തകരാതെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജാതി വ്യവസ്ഥ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936ൽ പ്രസിദ്ധീകരിച്ച “ജാതി നിർമൂലനം” എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു പുസ്തകമാണ് “ആരാണ് ശൂദ്രൻ”. ഇന്ത്യൻ ജാതിവ്യവസ്ഥയേയും അധികാര സ്വരൂപങ്ങളേയും നിരന്തരം വെല്ലുവിളിച്ച മനുഷ്യാവകാശ പോരാളിയാണ് അംബേദ്കർ. അംബേദ്കർ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹമുയർത്തിയ പോരാട്ടങ്ങൾക്കും ചിന്തകൾക്കും പ്രസക്തിയേറുകയാണ്. സാർവദേശീയ, ദേശീയ സ്ഥിതിഗതികൾ വിലയിരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ തായ് വേരുകൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ വർത്തമാനകാല ഇന്ത്യയിൽ ദ്രുതഗതിയിൽ നടക്കുന്നു. പൗരത്വബില്ലും, എൻആർസിയും ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതും, ഭരണഘടനാസ്ഥാപനങ്ങളെ വരുതിക്ക് നിർത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യത്വരഹിതമായ സാമൂഹ്യക്രമങ്ങൾ നിലനിന്നിരുന്ന ഒരു രാജ്യത്തിനകത്ത് ജനാധിപത്യ പ്രകാശം പരിചയപ്പെടുത്തിയത് ഭരണഘടനയാണ്. ആ വിളക്കണയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ എന്തുവിലകൊടുത്തും ചെറുക്കാൻ അംബേദ്കർ സ്മരണകൾ നമുക്കുയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ദളിത് പിന്നാക്ക വിഭാഗങ്ങൾ ദുരിത സാഹചര്യങ്ങളിലാണ് ഇപ്പോഴുമുള്ളത്. കോർപറേറ്റ് ഭീമന്മാരുടെ ചൂഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ഈ ദുർബല വിഭാഗക്കാരാണ്. കോവിഡ് മഹാമാരി പോലും കോർപറേറ്റുകളുടെ ലാഭക്കൊതിക്ക് വിട്ടു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
പട്ടിണിയും ദുരിതവും വർധിപ്പിക്കുന്ന നയസമീപനമാണ് അവർ തുടരുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതു വഴി ലക്ഷക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുന്നു. അവിടങ്ങളിൽ സംവരണത്തിലൂടെ നിയമനം ലഭിക്കേണ്ട പട്ടിക‑പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാ അവകാശങ്ങൾപോലും ഇല്ലാതാക്കുന്നു. സംസ്ഥാനങ്ങളുമായി അടിമ ഉടമ ബന്ധം നിലനിർത്താനാണ് ആർഎസ്എസിനാൽ നയിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും വികസന പദ്ധതികൾക്ക് അനുമതി നൽകാതിരിക്കുവാനും അവർ ശ്രമിക്കുന്നു. മാത്രമല്ല മതാധിഷ്ഠിതമായ രാഷ്ട്രം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങൾക്ക് വേഗത വർധിപ്പിക്കുന്നതിനോടൊപ്പം മനുഷ്യത്വരഹിതമായ ജാതീയത ശക്തിപ്പെടുത്തുന്നുമുണ്ട്. ഭരണഘടന ഉറപ്പു നൽകിയ സംവരണവും സാമൂഹ്യനീതിയും തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. മനുഷ്യന്റെ ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കാണാതെ വിശ്വാസവും ജാതിയും പറഞ്ഞ് അധികാരം നിലനിർത്താൻ അവരെല്ലാം ചേർന്ന് ശ്രമിക്കുന്നു. ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായി കേരളം ഇന്ത്യക്കും ലോകത്തിനും മുന്നിൽ തലയുയർത്തി നിൽക്കുന്നു. നവ കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ബദൽ നയങ്ങൾ നടപ്പാക്കുന്നു. പട്ടിക വിഭാഗമടക്കം പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാനാണ് ലക്ഷ്യമിടുന്നത്. അതിനായി പ്രീപ്രൈമറി മുതൽ പിഎച്ച്ഡി വരെ മികച്ച പഠന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒരു രാജ്യത്തെ ജനതയുടെ മനസ് നിർഭയവും ശിരസ് ഉന്നതവുമായിരിക്കേണ്ടത് നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഭരണഘടന അട്ടിമറിക്കുന്നെന്ന് പറഞ്ഞാൽ രാജ്യത്തെ ജനതയെ ഒറ്റു കൊടുക്കുന്നതിന് തുല്യമാണ്. “ഈ കാണുന്ന വിളക്കുകാലിൽ നിങ്ങളെന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റു കൊടുക്കില്ല” എന്ന അംബേദ്കറുടെ പ്രഖ്യാപനം ഏറ്റെടുത്ത് ഭരണഘടന സംരക്ഷിക്കുവാനും, മതരാഷ്ട്ര നിർമ്മിതിയെ ചെറുക്കാനും ജാതിവെറിയെ പ്രതിരോധിക്കാനുമുള്ള പോരാട്ടങ്ങളിൽ പങ്കാളികളാകുമെന്നതായിരിക്കണം ഇന്നത്തെ ദിനത്തിൽ നാമെടുക്കേണ്ട പ്രതിജ്ഞ. അതുവഴി അദ്ദേഹത്തിന്റെ സ്മരണയോട് നീതിപുലർത്തി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.