26 December 2024, Thursday
KSFE Galaxy Chits Banner 2

അമ്പിളി വിടരും ഗാനങ്ങൾ

ഇ ജി വസന്തൻ
August 25, 2024 2:16 am

നിലാവുള്ള ഒരു രാത്രി. ഞാനും എന്റെ കൊച്ചുമോളും മുറ്റത്തിറങ്ങി നിൽക്കുകയാണ്. പെട്ടെന്ന് കൊച്ചുമോൾ പാടുന്നു:
‘അമ്പിളിയമ്മാവാ! താമര
ക്കുമ്പിളിലെന്തൊണ്ട്?
കുമ്പിട്ടിരിപ്പാണോ മാനത്തെ
കൊമ്പനാനപ്പുറത്ത്?’
എന്റെ മോൾ കുഞ്ഞായിരിക്കുമ്പോൾ ഞാൻ പഠിപ്പിച്ച പാട്ട്, മോൾ അവളുടെ മോളെ പഠിപ്പിച്ചിരിക്കുന്നു! ‘മുടിയനായ പുത്രൻ’ എന്ന നാടകത്തിനുവേണ്ടി ഒഎൻവി കുറുപ്പ് എഴുതി ജി ദേവരാജൻ ഈണം പകർന്ന അതീവ സുന്ദരമായ ഈ ഗാനം വരികളുടെയും ഈണത്തിന്റെയും ആലാപനത്തിന്റെയും ലാളിത്യം കൊണ്ട് പുതിയ തലമുറയെപ്പൊലും കീഴ്പ്പെടുത്തിയിരിക്കുന്നു.
അമ്പിളിയമ്മാവനെ ഇഷ്ടപ്പെടാത്തവരാരുമുണ്ടാകില്ല. കുട്ടികൾക്കായുള്ള പഴയൊരു മാസികയുടെ പേരു തന്നെ അമ്പിളി അമ്മാവൻ എന്നായിരുന്നു. കുട്ടികൾക്കുവേണ്ടിയുള്ള എത്രയോ പാട്ടുകളിൽ അമ്പിളിമാമന്റെ സജീവ സാന്നിധ്യമുണ്ട്. വരികളുടെ താളത്തിനു വേണ്ടി അമ്പിളിയമ്മാവൻ ചിലപ്പോൾ അമ്പിളി മാമൻ ആകാറുമുണ്ട്. ചില പാട്ടുകളിൽ അമ്പിളി അമ്മാവനുമില്ല, മാമനുമില്ല, അമ്പിളി മാത്രം. 

മലയാള സിനിമയിൽ ആദ്യമായി അമ്പിളി മാമൻ എത്തുന്നത് 1952 ൽ പുറത്തിറങ്ങിയ ‘കാഞ്ചന’ എന്ന സിനിമയിലാണ്. അഭയദേവ് എഴുതിയ പാട്ടിലെ പല്ലവി ഇങ്ങനെ:
അമ്പിളി അമ്മാവാ നീ
അൻപിനോടേ വാ
അരുമനിലാവേ വാ
അമൃതമയേ വാ വാ…
(സംഗീതം: എസ് എം സുബ്ബയ്യ നായിഡു)

ഇതേ പോലൊരു ഗാനം അഭയദേവ് തന്നെ 1952 ൽ ‘അച്ഛൻ’ എന്ന സിനിമക്കു വേണ്ടി എഴുതി.
അമ്പിളിയമ്മാവാ തിരിഞ്ഞുനി-
ന്നൻപിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങു ഞാനും വരട്ടോ
വെള്ളിത്തളികപോലെ മാനത്തു
നീ വെട്ടിത്തിളങ്ങുന്നല്ലൊ
വല്ലതും നീ തരാമോ
വിശക്കുന്നു കൂടെ ഞാനും വരട്ടോ’

പി എസ് ദിവാകർ ഈണമിട്ട് തിരുവനന്തപുരം വി ലക്ഷ്മി പാടിയ ഈ ഗാനം അന്നത്തെ തലമുറ ഹൃദയത്തോട് ചേർത്തുവെച്ചു.
‘കാലം മാറുന്നു’ (1955) എന്ന ചിത്രത്തിൻ
ഒഎൻവി തന്നെ അമ്പിളിമാമനെ അമ്പിളി മുത്തച്ഛനാക്കി:
അമ്പിളിമുത്തച്ഛൻ പിച്ചനടത്തുന്ന
നക്ഷത്രക്കൊച്ചുങ്ങളേ… ഏ
നക്ഷത്രക്കൊച്ചുങ്ങളേ!
ചന്തം പുലരണ നിങ്ങടെ നാട്ടീന്ന്
എന്തൊണ്ട് വർത്താനം? ഉം…
എന്തൊണ്ട് വർത്താനം?
(പാടിയത്: ലളിത തമ്പിയും സംഘവും. സംഗീതം: ജി ദേവരാജൻ )

ഒഎൻവി യും ദേവരാജനും ചലച്ചിത്ര ഗാനരംഗത്തെത്തുന്നത് കാലം മാറുന്നു എന്ന സിനിമയിലൂടെയായിരുന്നല്ലോ. അമ്പിളിമാമനെക്കുറിച്ചൊരു ഗാനം ‘കുടുംബിനി‘യിൽ അഭയദേവ് എഴുതിയിട്ടുണ്ട്.
അമ്പിളിമാമൻ പിടിച്ച മുയലിന്
കൊമ്പെത്രയുണ്ടെന്നറിയാമോ
ആകാശം വരെ പോകാമോ — നിന
ക്കാകാമെങ്കിലൊന്നെണ്ണി നോക്ക്
(സംഗീതം എൽ പി ആർ വർമ്മ. ആലാപനം: യേശുദാസ്. വർഷം: 1964)

1965 ൽ യൂസഫലി കേച്ചേരിയും അമ്പിളി മാമനുമായി എത്തി. ചിത്രം അമ്മു. സംഗീതം എം എസ് ബാബുരാജ്. പാടിയത് പി സുശീല. അഭയദേവിന്റെ ഗാനം യൂസഫലിക്ക് പ്രചോദനമായിട്ടുണ്ടെന്ന് ‘അൻപോടരികിൽ വാ‘എന്ന പ്രയോഗത്തിലൂടെ മനസിലാക്കാം
അമ്പിളിമാമാ വാ വാ
അൻപോടരികിൽ വാ വാ
തംബുരു മീട്ടി താരാട്ടു പാടാൻ
തങ്കനിലാവേ വാ വാ ’

പാവപ്പെട്ടവൾ (1967) എന്ന സിനിമയിലെ ഗാനം കേട്ടാൽ ഒഎൻവി യുടെ ‘അമ്പിളിയമ്മാവാ താമരക്കുമ്പിളിലൊന്തൊണ്ട് ’ എന്ന ജനപ്രിയ ഗാനം പി ഭാസ്കരൻ മാഷെ സ്വാധീനിച്ചിട്ടുള്ളതായി തോന്നും. ഗാനമാരംഭിക്കുന്നതിങ്ങനെ:
അമ്പിളിമാമാ അമ്പിളിമാമാ
കുമ്പിളിലെന്താണ്?
കൊമ്പനാനയേറിവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ
പമ്പരം തിരിച്ചുവരും അമ്പിളിമാമാ
പൊന്നമ്പിളിമാമാ
അമ്പിളിമാമാ പൊന്നമ്പിളിമാമാ’
തുടർന്ന്,
അമ്പലത്തിൽ ചാർത്തിടുവാൻ
മാലതരാമോ പൂമാലതരാമോ?
അമ്പലപ്പിറാവിനൊരു കൂടു തരാമോ
കൊച്ചു കൂടു തരാമോ? 

എന്നെല്ലാം അമ്പിളി മാമനോട് ചോദിക്കുന്നുണ്ടെങ്കിലും ബി എ ചിദംബരനാഥ് സംഗീതമൊരുക്കി പി ലീല പാടിയ ഈ ഗാനം തീരേ ശ്രദ്ധിക്കപ്പെടാതെ പോയി.
‘ഓടയിൽ നിന്ന് ’ എന്ന സിനിമയിൽ കുട്ടി അമ്മയോട് ചോദിക്കുകയാണ്:
അമ്മേ അമ്മേ നമ്മുടെ
അമ്പിളിയമ്മാവനെപ്പവരും
അമ്പിളിത്താരകൾ കുഞ്ഞിന്റെ കൂടെ
അത്താഴമുണ്ണാനെപ്പ വരും
(വയലാർ, ദേവരാജൻ, രേണുക)

ആബേലച്ചൻ എഴുതി കെ കെ ആന്റണിയുടെ ഈണത്തിൽ ബി വസന്ത പാടിയ ക്രിസ്തീയ ഭക്തി ഗാനത്തിലും അമ്പിളി അമ്മാവനോട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്:
അമ്പിളി അമ്മാവാ
ഞാനൊരു കാര്യം ചോദിക്കാം
എങ്ങനെ ഉണ്ടായി നീ
ആരീ ഭംഗി നിനക്കേകി
കുഞ്ഞേ പൂങ്കുടമായി
എന്നെ തീർത്തതു ദൈവം താൻ
വാനിൽ വാഴുന്നു
ദൈവം നമ്മെ പോറ്റുന്നു.
1967ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലെ ഗാനമാണ്:
അമ്പിളിയെ അരികിലൊന്നു വരാമോ?
നീലവിണ്ണിൽ തിരശ്ശീലയിൽ നീ
മറഞ്ഞു നിൽക്കരുതേ

കമുകറ പുരുഷോത്തമനും പി ലീലയുമാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പാപ്പനംകോട് ലക്ഷ്മണന്റെ വരികൾക്ക് വി ദക്ഷിണാമൂർത്തി ഈണം നൽകിയിരിക്കുന്നു.
പൊന്നരിവാളമ്പിളിയില്
കണ്ണെറിയുന്നോളേ
ആമരത്തിൻ പൂന്തണലില്
വാടിനിൽക്കുന്നോളേ
വാടി നിൽക്കുന്നോളേ…
(സംഗീതം: ജി ദേവരാജൻ, പാടിയത് കെ എസ് ജോർജും കെ സുലോചനയും)
‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിനു വേണ്ടി ഒഎൻവി ഈ ഗാനമെഴുതിയപ്പോൾ അമ്പിളിയുടെ കാല്പനിക ഭാവത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നത്തിലേക്ക് എടുത്തു വച്ചു. മാത്രമല്ല, പാടത്തു കൊയ്യുന്ന പെണ്ണുങ്ങളുടെ പണിയായുധമായിരുന്നു കൊയ്ത്തരിവാൾ എന്നും ഓർക്കുക. 

യൂസഫലി കേച്ചേരി എഴുതി ബാബുരാജ് സംഗീതം നൽകിയ ഉദ്യോഗസ്ഥ (1967) യിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. എസ് ജാനകി പാടിയ അതീവ ഹൃദ്യമായ രണ്ട് ഗാനങ്ങളാണ് ‘മാൻകിടാവിനെ മാറിലേന്തുന്ന തിങ്കളേ’, തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകൾ കാണാം എന്നിവ.
മാൻകിടാവിനെ മാറിലേന്തുന്ന
തിങ്കളേ ‑മലർത്തിങ്കളേ
തങ്കനാണയം വാരിവിതറുന്ന
തിങ്കളേ ‑മലർത്തിങ്കളേ
എന്ന ഗാനത്തിൽ കവി അമ്പിളിയോട് ചോദിക്കുന്നുണ്ട്:
നീലവാനിലെ പൊയ്ക തന്നിൽ
നീന്തിയെത്തുന്ന വേളയിൽ
ആരുമേയറിയാതെയിങ്ങു നിൻ
തേരു നീയൊന്നിറക്കുമോ

തങ്കം വേഗംമുറങ്ങിയാൽ’ ശ്രുതിമധുരമായ താരാട്ടാണ്. ‘തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകൾ കാണാം’ എന്ന് കുഞ്ഞിനോട് പറഞ്ഞ് മോഹിപ്പിക്കുന്ന കിനാവുകളിൽ അമ്പിളിമാമാന്റെ മടിയിലിരിക്കുന്ന മാൻപേടക്കുഞ്ഞിനെ കാണാമെന്നും അമ്മ പ്രതീക്ഷ കൊടുക്കുന്നുണ്ട്. വരികൾ ശ്രദ്ധിക്കുക:
അമ്പിളിമാമന്റെ മടിയിലിരിക്കുന്ന
മാൻപേടക്കുഞ്ഞിനെ കാണാം
കാളിന്ദീ തീരത്തു ഗോക്കളെ മേയ്ക്കുന്ന
കാർമുകിൽ വർണനെ കാണാം

‘കാട്’ (1973) എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന ഗാനമാണ് യേശുദാസ് പാടിയ ‘ഏഴിലം പാല പൂത്തു, പൂമരങ്ങൾ കുട പിടിച്ചു’. യേശുദാസും എസ് ജാനകിയും ചേർന്ന് പാടുന്ന മാധുര്യമൂറുന്ന മറ്റൊരു ഗാനമുണ്ട് ഈ ചിത്രത്തിൽ.
അമ്പിളിവിടരും പൊന്മാനം
പൈങ്കിളിപാടും മലയോരം
പൂമഴയായെങ്ങും തേന്മഴയായ്
( ഗാനരചന: ശ്രീകുമാരൻ തമ്പി. സംഗീതം വേദ്പാൽ വർമ്മ)

1987 ൽ പുറത്തിറങ്ങിയ ‘സ്വരലയം’ എന്ന മൊഴിമാറ്റ ചിത്രത്തിൽ പൂവച്ചൽ ഖാദർ രചനയും കെ വി മഹാദേവൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. കെ എസ് ചിത്ര പാടിയ ഗാനം ശ്രദ്ധിക്കുക:
അമ്പിളിയമ്മാവാ താഴത്തു വാ വാ
കുന്നിറങ്ങി വാ വാ
തുമ്പപ്പൂക്കൾ കൊണ്ടു വാ വാ
കൺമഷി (2002) എന്ന ചിത്രത്തിൽ അമ്പിളിമാമനെക്കുറിച്ച് എഴുതിയത് എസ് രമേശൻ നായർ.
അമ്പിളിമാമനുമുണ്ടല്ലോ
ആര്യൻ സൂര്യനുണ്ടല്ലോ
അമ്പലക്കണ്ണനുമുണ്ടല്ലോ
അക്കരമാരനുമുണ്ടല്ലോ
പത്തരമാറ്റിൻ താലിയൊ-
രുക്കണതാരാണു
മുത്തുവിളക്കിന്നു പുടവ കൊടുക്കണതാരാണു
അവനാരോ അറിയുമ്പോൾ
വനമാല ചാർത്തിടാം
(സംഗീതം എം ജയചന്ദ്രൻ, പാടിയത് സുജാത. മധു ബാലകൃഷ്ണനും ഇതേ ഗാനം പാടിയിട്ടുണ്ട്)

സൗണ്ട് തോമ (2004) യിലൂടെ അമ്പിളിമാമനുമായി വീണ്ടുമെത്തി
എസ് രമേശൻ നായർ, സംഗീതം എം ജയചന്ദ്രൻ, ആലാപനം കെ എസ് ചിത്ര.
അമ്പിളിമാമാ അമ്പിളിമാമാ
അമ്മിണി പൈതലിന്നമ്മയെ കണ്ടോ
ഓമനച്ചുണ്ടിൽ പുഞ്ചിരിയുണ്ടോ?
കാരിയം ചൊല്ലാമോ അമ്പിളിമാമാ
(പഴയ നാടക ഗാനത്തിലെ ‘അപ്പൂപ്പൻ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ’ എന്ന വരികൾ ഓർത്തു പോകുന്നു)

‘അമ്പിളി പൊന്നമ്പിളി…’ (ധീരസമീരേ യമുനാതീരേ, 1977 ) ‘അമ്പിളി നാളം…’ (അജ്ഞാതവാസം, 1973) ‘അമ്പിളി മാനത്ത്…’ (അമൃതഗീതം, 1982) ‘താരകളെ അമ്പിളിയേ…’ (വിളംബരം 1987) തുടങ്ങി ഒത്തിരി ചിത്രങ്ങളിൽ അമ്പിളിയെ കണ്ടെത്താനാകും.
അമ്പിളി തന്നെയാണല്ലോ ചന്ദ്രൻ. ചന്ദ്രനും അതേ പേരിൽ തന്നെ പാട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
‘പ്രിയ ചന്ദ്രൻ മമ ചന്ദ്രൻ… (ജ്ഞാനാംബിക, 1940), ‘നീയെൻ ചന്ദ്രനെ…’ (ശശിധരൻ, 1950)
‘ചന്ദ്രനുറങ്ങി താരമുറങ്ങി…’ (പുള്ളിമാൻ, 1951,റിലിസായില്ല), ‘ചന്ദ്രന്റെ പ്രഭയിൽ ചന്ദന നദിയിൽ…’ (സ്നേഹദീപം,1962), ‘എന്തേ ചന്ദ്രനുറങ്ങാത്തൂ…’ (ശ്യാമളച്ചേച്ചി, 1965) ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ…’ (ഒതേനന്റെ മകൻ, 1970) ‘ചന്ദ്രനും താരകളും…’ (അഭിനന്ദനം, 1976)
ഇങ്ങനെ അമ്പിളിയും ചന്ദ്രനുമൊക്കെയായി എത്രയെത്ര ഗാനങ്ങളാണ് നമ്മുടെ ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയത്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.