22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 8, 2024
June 30, 2024
June 27, 2024
February 13, 2024
December 26, 2023
July 30, 2023
July 10, 2023
October 18, 2022
October 10, 2022

പ്രതിഷേധങ്ങള്‍ക്കിടെ പ്രാബല്യത്തില്‍ വന്നു: കടുംവെട്ട് നിയമങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 11:01 pm

ജനാധിപത്യത്തെ പുറത്തുനിര്‍ത്തി പാസാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും നില്‍ക്കുമ്പോഴാണ് നിലവിലുണ്ടായിരുന്ന ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി മാറ്റിയിരിക്കുന്നത്.
ഇന്ത്യന്‍ പീനല്‍കോഡിന് പകരം ഭാരതീയ ന്യായ സന്‍ഹിത, ക്രിമിനല്‍ നടപടി ചട്ടത്തിന് ബദലായി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിന് പകരമുള്ള ഭാരതീയ സാക്ഷ്യ അഥീനിയം എന്നിവയാണ് നടപ്പിലായത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമ വ്യവസ്ഥ പ്രകാരമായിരിക്കും. അതിന് മുമ്പുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂര്‍ത്തിയാക്കേണ്ടത് നിലവിലുള്ള നിയമ പ്രകാരം തന്നെയായിരിക്കും.

ഇരുസഭകളില്‍ നിന്നുമായി 146 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു ക്രിമിനല്‍ നിയമഭേദഗതി മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയത്. അതുകൊണ്ട് തന്നെ വിശദമായ ചര്‍ച്ചയോ സംവാദമോ നടത്താതെയുള്ള നിയമനിര്‍മ്മാണത്തിനെതിരെ പ്രതിപക്ഷവും ബാര്‍ അസോസിയേഷനുകളും നിയമജ്ഞരും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയായിരുന്നു. ഇതിനെതിരെ കരിദിനമായി ആചരിക്കുന്നതിന് വിവിധ ബാര്‍ അസോസിയേഷനുകളും സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. 

നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. വിദഗ്ധസമിതി രൂപീകരിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
രാജ്യദ്രോഹ കുറ്റം ഒഴിവാക്കിയെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഐക്യം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്കെതിരെയെന്ന് ബന്ധപ്പെട്ട പൊലീസുകാര്‍ക്ക് വ്യാഖ്യാനിക്കാവുന്ന എന്തും ഇനിമുതല്‍ ഭീകരവാദക്കുറ്റമായിരിക്കും. സ്ഥാവര ജംഗമവസ്തുക്കള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരം നല്‍കുക, കസ്റ്റഡി കാലാവധി 15 ദിവസത്തില്‍ നിന്ന് 60 മുതല്‍ 90 വരെയാക്കുക തുടങ്ങി നിരവധി ഉപാധികള്‍ പുതിയ നിയമത്തിലുണ്ട്. അതുകൊണ്ടുതന്നെ പൊലീസ് രാജും അപ്രഖ്യാപിത അടിയന്തരാവസ്ഥയുമാകും ഫലത്തില്‍ സംഭവിക്കുക. 

സീറോ എഫ്‌ഐആര്‍, പൊലീസ് പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യല്‍, ഇലക്ട്രോണിക് സമന്‍സ്, ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ക്രിമിനല്‍ കേസുകളില്‍ 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയുക, ആദ്യ വാദത്തിന് ശേഷം 60 ദിവസത്തിനകം കുറ്റം ചുമത്തുക, ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി രേഖപ്പെടുത്താന്‍ വനിതാ പൊലീസ് തുടങ്ങിയവയും കേന്ദ്രം ഉയര്‍ത്തിക്കാട്ടുന്നു.
അതേസമയം അനാവശ്യ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും നടത്തി നിയമങ്ങളെ ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നുവെന്ന് പ്രതിപക്ഷവും നിയമജ്ഞരും ബാര്‍ അസോസിയേഷനുകളും ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Amid the protests came into effect: dra­con­ian laws

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.