ഫിൻലാന്‍ഡ് വിദ്യാഭ്യാസമന്ത്രി ലി ആൻഡേഴ്സെന്റെ ക്ഷണപ്രകാരമാണ് കേരള മുഖ്യമന്ത്രിയും സംഘവും അവിടം സന്ദർശിച്ചത്. പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും നമ്മുടെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാനും കേരള‑ഫിൻലാൻഡ് സഹകരണം സഹായകരമാകും. ഫിൻലാൻഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെന്‍ഡറി, സെക്കന്‍ഡറി വിദ്യാഭ്യാസം എന്നിവയെ കുറിച്ച് മനസിലാക്കാൻ സന്ദർശനം വഴി സാധിച്ചെന്നാണ് പ്രതിനിധി സംഘത്തിന്റെ വിലയിരുത്തല്‍. ഫിൻലാൻഡിലെ ഹെൽത്ത് നെറ്റ്‍വർക്ക് ഫെസിലിറ്റി, ഫിനിഷ് നാഷണൽ പ്രോഗ്രാം ഓൺ ഏയ്ജിങ് തുടങ്ങിയവയെക്കുറിച്ച് മനസിലാക്കാനും അവസരം ലഭിച്ചു. ആരോഗ്യരംഗത്തും സാമൂഹ്യ വയോജന പരിപാലനരംഗത്തും പരസ്പര സഹകരണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ പ്രവർത്തകരുടെ സേവനം വലിയ അളവിൽ ആവശ്യമുണ്ടെന്ന് ഫിന്നിഷ് പ്രതിനിധികൾ വ്യക്തമാക്കി. തുടർചർച്ചകൾക്കായി ഫിൻലാൻഡിൽ നിന്നുള്ള സംഘം കേരളം സന്ദർശിക്കും. വരുന്ന നാല്-അഞ്ച് വർഷത്തേക്ക് ഏകദേശം പതിനായിരം നഴ്സുമാരെ ഫിൻലാൻഡിലേക്ക് വേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചത്.
കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റവുമായി സഹകരിക്കാന്‍ ഫിൻലാന്‍ഡിന് ആഗ്രഹമുണ്ട്. നോർക്ക, ഒഡേപെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി എന്നിവ ചേർന്ന് ഈ സഹകരണത്തെ മുന്നോട്ടു കൊണ്ടുപോവാനാണ് ശ്രമം. ബിസിനസ് ഫിൻലാൻഡിന്റെ ഇന്ത്യന്‍ ഓഫീസുമായി ചേർന്ന് തുടർ പ്രവർത്തനങ്ങൾ നടത്താനും ധാരണയായി. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഫിൻലാൻഡ് സാമ്പത്തികകാര്യ, തൊഴിൽ വകുപ്പ് മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം ഡയറക്ടർ സോണ്യ ഹമലായ്‌നെൻ അടങ്ങുന്ന സംഘവുമായി ചർച്ച ചെയ്തു. കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഫിൻലാൻഡിൽ വലിയ സാധ്യതകളുണ്ടെന്നും കേരള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം വഴി സാങ്കേതികവിദ്യാ രംഗത്തെ തൊഴിൽശക്തിയെ ഉപയോഗിക്കാൻ സാധിക്കണമെന്നുമാണ് ഫിന്നിഷ് സംഘം അറിയിച്ചത്. കേരളത്തിൽ നിന്നുള്ള കുടിയേറ്റ നടപടികൾ സുഗമമാക്കുമെന്നും അവർ ഉറപ്പുനൽകി.
ഫിൻലാൻഡിലെ ഇന്ത്യൻ എംബസി, കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രിയുമായി ചേർന്ന് അഡ്വാന്റേജ് കേരള ബിസിനസ് മീറ്റ് നടത്തിയിരുന്നു. കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രി ഡയറക്ടർ ടിമോ വൗറി മീറ്റിൽ പങ്കെടുത്തു. ഫിൻലാൻഡിലെ പ്രമുഖ ബിസിനസ് വൃത്തങ്ങളിൽ നിന്നുള്ളവരും സന്നിഹിതരായി. ഗ്രീൻ എനർജി, മറൈൻ മേഖല, ലൈഫ് സയൻസസ്, പെട്രോകെമിക്കൽസ്, നാനോ മെറ്റീരിയൽസ്, ഗ്രഫീൻ എന്നീ സാങ്കേതിക വിദ്യാമേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ കേരളസംഘം വിശദീകരിച്ചു. പരിസ്ഥിതി സൗഹൃദ വികസന മേഖലകളിലെ സഹകരണം അവർ ഉറപ്പുനൽകി. പ്രമുഖ മൊബൈൽ ഫോൺ കമ്പനിയായ ‘നോക്കിയ’യുടെ എക്സ്പീരിയൻസ് സെന്റർ സന്ദർശിക്കുകയും ഊർജ, മറൈൻ ബിസിനസ് രംഗത്തെ ഫിൻലാൻഡ് കമ്പനിയായ ‘വാർട്സീല’യുടെ വൈസ് പ്രസിഡന്റ് കായ് ജാൻഹ്യൂനെനുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു. കൊച്ചിയിൽ ആരംഭിക്കുന്ന സസ്റ്റൈനബിൾ മാരിടൈം ടെക്നോളജി ഹബിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് വാർട്സീല ഉറപ്പുനൽകിയതായി കേരളസംഘത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാലകളുടെ സഹകരണം
നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെയും സാധ്യതകൾ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവകലാശാലകളിലെ പ്രതിനിധികളുമായി കേരള പ്രതിനിധി സംഘം ചർച്ച നടത്തി. ഇതിന്റെ ഭാഗമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഈ സർവകലാശാലകളുമായി കേരള ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, റിസർച്ച് സെൻറ്ററുകൾ എന്നിവ മുഖേന ഗ്രഫീൻ, മറ്റു രണ്ടു ഡി പദാർത്ഥങ്ങൾ എന്നിവയിലധിഷ്ഠിതമായ ഗവേഷണവികസന പ്രവർത്തനങ്ങളിൽ സഹകരിക്കുവാനുള്ള ധാരണാപത്രത്തിൽ കേരള ഡിജിറ്റൽ സർവകലാശാലയും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയും ഒപ്പുവച്ചു. ഗ്രഫീൻ സംബന്ധിച്ച സുപ്രധാനമായ ഗവേഷണങ്ങൾ നടന്നത് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ്. ഗ്രഫീൻ കണ്ടുപിടിത്തത്തിന് 2010ലെ നൊബേൽ സമ്മാന ജേതാവായ ആൻഡ്രു ജീം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
നിർമ്മിത ബുദ്ധിയും റോബോട്ടിക്സും സംബന്ധിച്ച സംയുക്ത ഗവേഷണത്തിനുള്ള ധാരണാപത്രമാണ് എഡിൻബറോ സർവകലാശാലയുമായി ഒപ്പുവച്ചത്. നിർമ്മിത ബുദ്ധിക്കായുള്ള ഹാർഡ്‌വേർ, റെസ്പോൺസിബിൾ ആർട്ടിഷിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഹെൽത്ത് എന്നീ മേഖലകളിൽ ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി പദ്ധതികളും ഗവേഷണശാലകളും ആരംഭിക്കും. കേരള ഡിജിറ്റൽ സയൻസ് പാർക്കുമായുള്ള സഹകരണവും പരിഗണനയിലുണ്ട്.
ഇമേജ് സെൻസറുകൾ, മൈക്രോഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റം, ന്യൂറോമോർഫിക് വിഎൽഎസ്ഐ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രമാണ് ജർമ്മൻ സർക്കാർ നിയന്ത്രണത്തിലുള്ള സീഗൻ യൂണിവേഴ്സിറ്റിയുമായി ഒപ്പുവച്ചത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി, മേക്കർ വില്ലേജ് പോലുള്ള ഡിജിറ്റൽ ചിപ്പ് ഡിസൈൻ സംരംഭങ്ങൾ എന്നിവയുമായും ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സഹകരണമുണ്ടാകും.
ഗ്രഫീൻ അടിസ്ഥാനമാക്കി വ്യവസായ പാർക്ക് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാല ഒപ്പിട്ട ഈ ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തും. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിർമ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിലേക്ക് വലിയ സംഭാവനകൾ ചെയ്യാൻ വിദേശ സർവകലാശാലകളുമായുള്ള സഹകരണം വഴി സാധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രത്യാശ കേരളത്തിന് പ്രതീക്ഷയാണ്.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.