12 September 2024, Thursday
KSFE Galaxy Chits Banner 2

തൊഴിൽ‑നിക്ഷേപ സാധ്യതകൾക്ക് വഴിയൊരുക്കിയ കൂടിക്കാഴ്ചകൾ

സ്വന്തം ലേഖകന്‍
October 20, 2022 4:47 am

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദേശ സന്ദർശനത്തെ പ്രതിപക്ഷമടക്കം രാഷ്ട്രീയലാക്കോടെ വിമര്‍ശിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാനനേട്ടം. ഇതേക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സന്ദര്‍ശിച്ച രാജ്യങ്ങളും അവിടങ്ങളിലുണ്ടായ തീരുമാനങ്ങളും എന്തെന്ന് അറിഞ്ഞിരിക്കേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ്.

നോർവെ
ഫിഷറീസ് രംഗത്തെ വൻ ശക്തികളിലൊന്നായ നോർവെയാണ് കേരള പ്രതിനിധി സംഘം സന്ദര്‍ശിച്ച പ്രധാനഇടം. കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നൽകുന്നതാണ് നോർവെമായി നടത്തിയ ചർച്ചകൾ. ഇവരുടെ മാരിടൈം തലസ്ഥാനമായ ബെർഗൻ നഗരത്തിൽ നടന്ന ബിസിനസ് മീറ്റിൽ മാരിടൈം വ്യവസായ രംഗത്തെ പുതിയ അനേകം സാധ്യതകളാണ് ഉരുത്തിരിഞ്ഞത്. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവെയുടെ സഹായവാഗ്ദാനം ലഭിച്ചു. നോർവെ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ ഇതുസംബന്ധിച്ച് വ്യക്തമായ ഉറപ്പുകൾ നൽകി. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതൽ വിപുലമാക്കാൻ നോർവെയുമായുള്ള സഹകരണംകൊണ്ട് സാധ്യമാകും.


ഇതുകൂടി വായിക്കു; ഉന്നതമായൊരു ദൗത്യമായി ‘ഉന്നതി’


ഫിഷ് ന്യൂട്രിഷനിലും ഫീഡ് റിസർച്ച് ആന്റ് ഹെൽത്ത് മാനേജ്മെന്റിലും കേരളത്തെ സഹായിക്കാമെന്ന ഉറപ്പ് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ റിസർച്ചിൽ നിന്നും ലഭിച്ചിട്ടുണ്ട്. മറൈൻ കേജ് കൾച്ചർ, കപ്പാസിറ്റി ബിൽഡിങ് ഇവയിൽ നോർവീജിയൻ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ കുഫോസുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. സ്റ്റുഡന്റ് ആന്റ് ഫാക്കൽട്ടി എക്സ്ചേഞ്ച്, കേജ് ഫാർമിങ് വഴിയുള്ള ഓഫ് ഷോർ അക്വാകൾച്ചർ, കയറ്റുമതിക്കുള്ള പുനഃചംക്രമണ മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും തൊഴിൽ സാധ്യതകൾക്കും കൂടുതൽ സഹകരണം ഉറപ്പുവരുത്താൻ തീരുമാനിച്ചു. നോർദ് യൂണിവേഴ്സിറ്റി കുഫോസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണ പരിശീലനം നൽകാനും താല്പര്യം അറിയിച്ചിരിക്കുകയാണ്.

ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് കൂടിക്കാഴ്ചയിൽ നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താല്പര്യം പ്രകടിപ്പിച്ചതാണ് മറ്റൊരു നേട്ടം. നോർവെയിൽ തുരങ്കപാതകൾ ഒട്ടേറെയാണ്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേല്പിക്കാതെ തുരങ്കപാതകൾ നിർമ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോർവെ മാതൃക കേരളത്തിന് അനുകരിക്കാവുന്നതാണെന്ന് യാത്രാനുഭവത്തിൽനിന്ന് ബോധ്യമായതായാണ് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയത്.
നിലവില്‍ ഇന്ത്യൻ റയിൽവേയ്ക്ക് തുരങ്കപ്പാത നിർമ്മാണത്തിൽ നോർവെയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതികൾ കേരളത്തിന് സഹായകരമാകും. കേരള സംഘത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് വിവിധ മേഖലകളിലെ വിദഗ്‌ധരുടെ സംഘത്തെ അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്തനിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി. പ്രളയ മാപ്പിങ്ങിൽ ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്നും ഇവർ വ്യക്തമാക്കിയിരിക്കുന്നു.

 


ഇതുകൂടി വായിക്കു;  കൃഷിയിലെ ബിഗ് ഡാറ്റ: സാധ്യതയും വെല്ലുവിളിയും


ഓസ്‌ലോയിൽ നടത്തിയ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിളിൽ നാല് നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഹൈഡ്രജൻ പ്രൊ, ടോമ്ര, കാമ്പി ഗ്രൂപ്പ്, ഓർക്ക്‌ലെ എന്നിവയാണ് അവ. കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർനിക്ഷേപം നടത്തുമെന്നാണ് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്ക്‌ലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡർ ഉറപ്പുനൽകി. ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്ക്‌ലെയുടെ സന്നദ്ധതയും അറിയിച്ചു. റിന്യൂവബിൾ എനർജിരംഗത്തും നിക്ഷേപം നടത്താൻ അവര്‍ ആലോചിക്കുന്നുണ്ട്.  കൊച്ചിയിൽ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ അസ്കോ മാരിടൈം താല്പര്യം പ്രകടിപ്പിച്ചു. കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപം നൽകാനും തയാറായി നോർവെയിലെ മലയാളി സമൂഹം മുന്നോട്ടുവന്നു. നോർവെയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത പലരും ഈ താല്പര്യം പ്രകടിപ്പിച്ചു. മികച്ച സംരഭകത്വ അവസരങ്ങൾ അവർക്കായി സർക്കാർ കേരളത്തിലൊരുക്കും. വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമ്മിച്ചു നൽകിയ മരിനോർ കേരളത്തിൽ ഫാക്ടറി ആരംഭിക്കുന്നത് പരിഗണിക്കും എന്നറിയിച്ചു. ഏഷ്യൻ മേഖലയിലെ ആവശ്യത്തിനുള്ള ഉല്പാദനം കേരളത്തിൽ നടത്താൻ കഴിയുമോ എന്നാണ് അവർ ശ്രദ്ധിക്കുന്നത്. ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന നോർവീജിയൻ സംരംഭകരുടെ സംഗമത്തിൽ പങ്കെടുക്കുമെന്ന് മരിനോർ വ്യക്തമാക്കി.

കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മിതാക്കളായ കോർവസ് എനർജി മുന്നോട്ടുവന്നിട്ടുണ്ട്. കോർവസ് എനർജി കേരളത്തിലെ വൈദ്യുതി അധിഷ്ഠിത ജലഗതാഗതരംഗത്തെ സാധ്യതകളിൽ താല്പപര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ നിർദ്ദിഷ്ട സുസ്ഥിര മാരിടൈം ടെക്നോളജി ഹബ്ബിലൂടെ കമ്പനി കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.
നോർവെയ്ക്ക് സമാനമായ രീതിയിൽ കേരളത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികളും തയാറാക്കും. കേന്ദ്ര, കേരള സർക്കാരുകളുടെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവർക്കും പ്രാപ്യമാവുന്നതുമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കും.

വെയിൽസ്
കേരള പ്രതിനിധി സംഘം സന്ദർശിച്ച രാജ്യങ്ങളിലൊന്നാണ് വെയിൽസ്. അവിടത്തെ ഫസ്റ്റ് മിനിസ്റ്റർ മാർക് ഡ്രെയ്ക്ഫോഡുമായി കൂടിക്കാഴ്ച നടന്നു. കൊച്ചിയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചർച്ച നടത്താൻ മുൻകൈ എടുക്കുന്നതായിരുന്നു പ്രധാനതീരുമാനം. ആരോഗ്യമന്ത്രി എലുന്റ് മോർഗനുമായും ചർച്ചയുണ്ടായി. കേരളത്തിലെ ആരോഗ്യരംഗത്തെ പ്രൊഫഷണലുകളെ വെയിൽസിലെത്തിച്ച് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി നേരിട്ട് ധാരണാപത്രം ഒപ്പുവയ്ക്കും. അടുത്തവർഷം ഈ സമയത്തോടെ ആദ്യത്തെ ബാച്ചിന് വെയിൽസിലേക്ക് പോകാനാവുമെന്നാണ് പ്രതീക്ഷ. കാർഡിഫ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികളും ഫാക്കൽറ്റികളുമായും കേരള സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവല്ക്കരണം നേരിടുന്ന പ്രശ്നങ്ങളില്‍ ആധികാരികമായ പഠനം ഇവർ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ കണ്ടെത്തലുകൾ കേരള പ്രതിനിധി സംഘത്തിനു മുമ്പിൽ അവതരിപ്പിച്ചു. ഇത് സംബന്ധിച്ച തുടർ ചർച്ചകൾ ജനുവരിയിൽ കേരളത്തിൽ നടക്കും.

ലണ്ടനിൽ ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജയുമായി സർക്കാർ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ആരോഗ്യ‑വിദ്യാഭ്യാസ മേഖലകളിലും ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതിന്റെ പ്രാഥമിക ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദുജ തന്നെ ഡിസംബർ അവസാനം കേരളം സന്ദർശിക്കും. ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലൈലന്റ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കൂടുതൽ ഊന്നുന്ന സമയമാണിത്. കേരളത്തിൽ ഒരു അനുബന്ധ ഫാക്ടറി തുടങ്ങണമെന്ന അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയയ്ക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ സന്ദർശനത്തിൽ നിർദ്ദേശിക്കാനാവും. സൈബർ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദുജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം ആധുനിക സൗകര്യങ്ങളുള്ള ഒരു കാമ്പസ് ആരംഭിക്കുന്നതും പരിഗണിക്കുമെന്നും ധാരണയായി.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.