22 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

നിലനിര്‍ത്തണം നിഷ്പക്ഷ തെരഞ്ഞെടുപ്പും കമ്മിഷനും

Janayugom Webdesk
March 11, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾ ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ ശനിയാഴ്ച രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചതായി നിയമമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് അദ്ദേഹം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറുമായുള്ള അഭിപ്രായഭിന്നതയാണ് ഗോയലിന്റെ രാജിക്ക് കാരണമായതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈയാഴ്ച അവസാനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയുണ്ടായ അപ്രതീക്ഷിത രാജി മൂലം പ്രഖ്യാപനം വൈകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതെന്തായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയുടെ പടിവാതില്‍ക്കലുണ്ടായ ആകസ്മിക സംഭവം തെരഞ്ഞെടുപ്പിന്റെ സുതാര്യതയെത്തന്നെ ചോദ്യംചെയ്യുന്ന തരത്തിലുള്ളതാണ്. ഗോയലിന്റെ രാജിയോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ മാത്രമാണ് അവശേഷിക്കുന്നത്. മൂന്നംഗ കമ്മിഷനിലെ മറ്റൊരംഗം അനൂപ്ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. പകരം നിയമനമായില്ല. മുഖ്യ കമ്മിഷണർ തനിച്ച് തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്നതിന് നിയമതടസമില്ല. രണ്ടു കമ്മിഷണർമാർ കൂടിയുണ്ടെങ്കിൽ മാത്രമേ കമ്മിഷൻ പൂർണമാകൂ എന്നും വ്യവസ്ഥയില്ല. പക്ഷേ, കേന്ദ്രഭരണകൂടത്തിന്റെ ചൊല്പടിക്ക് നില്‍ക്കുന്ന കമ്മിഷന്റെ നിലവിലെ നടപടികള്‍ തന്നെ ഏകപക്ഷീയമായിരിക്കെ പുതിയ കമ്മിഷണര്‍മാരുടെ നിയമനം പ്രധാനമന്ത്രിയുടെ ഇച്ഛാനുസരണം മാത്രമാകുന്ന അവസ്ഥ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണ്. കമ്മിഷനിലെ ഒഴിവുകളില്‍ കേന്ദ്രസർക്കാരിന് നേരിട്ട് നിയമനം നടത്താനാകുന്നതരത്തില്‍ നിയമനിര്‍മ്മാണം നടന്നുകഴിഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ഭൂമിക നല്‍കുന്ന സന്ദേശം


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ അധികം വെെകാതെ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലവാസ രാജിവച്ചതും തെരഞ്ഞെടുപ്പിന് മുമ്പ് അരുണ്‍ ഗോയല്‍ രാജിവച്ചതും തമ്മിലെ സാമ്യതയും തള്ളിക്കളയാനാകില്ല. തെരഞ്ഞെടുപ്പുപ്രചാരണത്തിൽ പെരുമാറ്റചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ നടപടി വേണമെന്ന് ലവാസ നിലപാടെടുത്തിരുന്നു. വെെകാതെ ലവാസയുടെ കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായി. തുടര്‍ന്നായിരുന്നു രാജി. സ്ഥാനമൊഴിഞ്ഞിരുന്നില്ലെങ്കിൽ അദ്ദേഹം 2021ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാകുമായിരുന്നു. നിലവിലെ മുഖ്യ കമ്മിഷണർ രാജീവ് കുമാർ അടുത്ത ഫെബ്രുവരി 25ന് കാലാവധി പൂർത്തിയാക്കുമ്പോള്‍ 2027വരെ കാലാവധിയുള്ള അരുൺ ഗോയൽ ആ പദവിയിലെത്തേണ്ടതാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്ന സൂചന ബലപ്പെടുന്നത് അതുകൊണ്ടുകൂടിയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിൽ അർധസൈനികരെ വിന്യസിക്കുന്നതിലും ഇലക്ടറൽ ബോണ്ട് വിഷയത്തിൽ വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് സമയം നീട്ടി നൽകിയതിലും ഇരുവരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭിന്നത തീർക്കാൻ ആഭ്യന്തര സെക്രട്ടറി ഇടപെട്ടിട്ടും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിക്കയച്ച രാജിക്കത്തിന്റെ പകർപ്പ് ഗോയൽ, മുഖ്യ കമ്മിഷണര്‍ക്ക് അയച്ചില്ലെന്നും റിപ്പോർട്ടുണ്ട്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: വസ്തുതകള്‍ തമസ്കരിക്കുന്നു


കേന്ദ്ര സർക്കാരിൽ സെക്രട്ടറിയായിരിക്കെ 2022 നവംബർ 18ന് സർവീസിൽനിന്നു സ്വയം വിരമിച്ച ഗോയലിനെ പിറ്റേന്നുതന്നെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവ് നൽ‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയുണ്ടായ ഈ നടപടി വിവാദത്തിനിടയാക്കുകയും ചെയ്തു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, ഗോയലിന്റെ നിയമനത്തിൽ ഇടപെട്ടില്ലെങ്കിലും മുഖ്യ കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിന് സുപ്രീം കോടതി കൃത്യമായ സംവിധാനം നിർദേശിച്ചു. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമതിയാണ് കോടതി നിർദേശിച്ചത്. എന്നാൽ, ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രിയുൾപ്പെടുന്ന സമിതി എന്ന വ്യവസ്ഥയോടെ നിയമഭേദഗതി പാർലമെന്റില്‍ പാസാക്കിയ ഭരണകൂടം സുപ്രീം കോടതിയെ മറികടന്നു. ഇതോടെ, കമ്മിഷനിലെ രണ്ടൊഴിവിലേക്കും തങ്ങള്‍ക്ക് താല്പര്യമുള്ളവരെ നേരിട്ട് നിയമനം നടത്താന്‍ കേന്ദ്ര സർക്കാരിനാകും. അങ്ങനെയായാല്‍ പരാജയപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ഇടംപിടിക്കും. ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ജനങ്ങളുടെ യഥാർത്ഥ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതുമായ സമ്മതിദാനം നടത്താൻ കഴിവുള്ള, സ്വതന്ത്രവും വിശ്വസനീയവുമായ ഒരു സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.