27 July 2024, Saturday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ഭൂമിക നല്‍കുന്ന സന്ദേശം

സത്യന്‍ മൊകേരി
വിശകലനം
March 6, 2024 4:45 am

മാര്‍ച്ച് മൂന്നിന് പട്‌നയില്‍ നടന്ന ജനവിശ്വാസ് റാലി രാജ്യത്തിന്റെ ശ്രദ്ധ ഏറെ പിടിച്ചുപറ്റി. ലക്ഷക്കണക്കിന് ജനങ്ങളാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. ‘മോഡിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ റാലിയില്‍ ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തേജസ്വി യാദവ്, ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങി നിരവധി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ഇന്ത്യാ മുന്നണിയെ വഞ്ചിച്ച് ബിജെപി പാളയത്തില്‍ എത്തിയ നിതീഷ് കുമാറിനും നരേന്ദ്രമോഡിക്കും നല്‍കിയ ശക്തമായ മുന്നറിയിപ്പായി പട്ന റാലി മാറി. രാജ്യത്തിന്റെ ചരിത്രത്തില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച സംസ്ഥാനമാണ് ബിഹാര്‍. സിപിഐക്ക് ശക്തമായ അടിത്തറയുള്ള ബിഹാറില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അതിശക്തമായ പോരാട്ടത്തില്‍ പാര്‍ട്ടി പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അവിടത്തെ ജനത.
രാജ്യത്തുടനീളം ഇന്ത്യാ മുന്നണിയിലെ വിവിധ പാര്‍ട്ടികള്‍ നടത്തുന്ന ചര്‍ച്ചകള്‍ ആശാവഹമാണ്. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുടെ വോട്ടുകള്‍ ബിജെപിക്കെതിരെ ഒരുമിപ്പിച്ചാല്‍ നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളാന്‍ കഴിയുമെന്നുറപ്പാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 37 ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നരേന്ദ്രമോഡിക്ക് ലഭിച്ചത്. ബിജെപി ഇതര പാര്‍ട്ടികളെ ഭിന്നിപ്പിച്ചുനിര്‍ത്തി അധികാരത്തില്‍ തുടരുക എന്ന തന്ത്രമാണ് സംഘ്‌പരിവാര്‍ സംഘടനകള്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇന്ത്യാമുന്നണി രൂപീകരണത്തോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പിനുള്ള സാഹചര്യം ഉയര്‍ന്നുവന്നു. മുന്നണിയെ ദേശീയാടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്‌‍ ബിജെപിക്കെതിരായ ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ കഴിയുന്നില്ല. സംഘ്‌പരിവാര്‍ സംഘടനകളുമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അനുരഞ്ജനത്തിന്റെ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. ഏറ്റവുമൊടുവില്‍ നടന്ന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ മുന്നണിയുടെ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കെെയെടുത്തിരുന്നുവെങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു.
കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാട് ബിജെപിക്ക് ശക്തിപകരുന്നു. അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധിയും നരസിംഹറാവുവും സ്വീകരിച്ച നിലപാട് സംഘപരിവാര്‍ സംഘടനകള്‍ക്കും ഹിന്ദുത്വ നിലപാടിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കും സഹായകമായി. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും തുടരുന്ന സമീപനം അതുതന്നെയാണ്. അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍, കഴിയാതെ അവര്‍ വിഷമിച്ചു.

 


ഇതുകൂടി വായിക്കൂ: ഗവര്‍ണറുടെ നിലവാരത്തകര്‍ച്ച


മതനിരപേക്ഷ- ജനവിഭാഗങ്ങളുടെ ശക്തമായ സമ്മര്‍ദം ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. അപ്പോഴും കോണ്‍ഗ്രസിന്റെ നേതാവായ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മെമ്പറും എംപിയുമായ ശശി തരൂര്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ ബാബറി മസ്ജിദ് അവിടെനിന്ന് എടുത്തുമാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുവാന്‍ മുസ്ലിം സഹോദരരോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. ഇതെല്ലാം വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മൃദുഹിന്ദുത്വ നിലപാടാണ്. ദേശീയപ്രശ്നങ്ങളില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ കഴിയാതെ വരുന്നത്, സംഘപരിവാര്‍ സംഘടനകള്‍ക്കും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും സഹായകമായി മാറുന്നതാണ് രാജ്യം കാണുന്നത്. ഇപ്പോള്‍ ബിജെപിയുടെ കേന്ദ്രനേതൃത്വത്തിലുള്ള പ്രമുഖര്‍ മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അവരുടെ മക്കളുമാണ് എന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്ന 12 പേര്‍ ഇതിനകം തന്നെ ബിജെപി നേതാക്കളായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹിമന്തുബിശ്വശര്‍മ ഇപ്പോള്‍ അസമിലെ ബിജെപി മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന പ്രേമ ഖണ്ഡു, (അരുണാചല്‍ പ്രദേശ്) വിഷ്ണുദിയോസായ് (ഛത്തിസ്ഗഢ്) പ്രമോദ് സാവന്ത (ഗോവ), ദുബേന്ദ്ര ഭായ് പട്ടേല്‍ (ഗുജറാത്ത്), മനോഹര്‍ലാല്‍ ഖട്ടാര്‍ (ഹരിയാന), മോഹന്‍ യാദവ് (മധ്യപ്രദേശ്), അമരേന്ദ്ര സിങ് (പഞ്ചാബ്), എസ് എം കൃഷ്ണ (കര്‍ണാടക), ബെെരേന്‍ സിങ് (മണിപ്പൂര്‍), അശോക് ചവാന്‍ (മഹാരാഷ്ട്ര) കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, നാരായണസിങ്, ജിതിന്‍ പ്രസാദ് സിന്ധ്യ തുടങ്ങി നിരവധി മുന്‍ മന്ത്രിമാരും പിസിസി പ്രസിഡന്റുമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നിരവധി മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഹിമാചല്‍ പ്രദേശിലും മഹാരാഷ്ട്രയിലും‍ സമീപ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ സംഭവങ്ങള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച വ്യക്തമാക്കുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും വര്‍ക്കിങ് കമ്മിറ്റിയംഗം‍ ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളും സംഘ് പരിവാര്‍ സംഘടനകളോട് കാണിക്കുന്ന മൃദുസമീപനം കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും.
ദേശീയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് അവരുടെ അണികളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. നരേന്ദ്രമോഡിയും സംഘ്പരിവാര്‍ സംഘടനകളും ഇന്ത്യന്‍ ജനാധിപത്യത്തിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത്തരം രാഷ്ട്രീയ ധാരണ കോണ്‍ഗ്രസിനില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ മതേതരത്വ രാജ്യമെന്നത് മാറി മതരാജ്യമാക്കി മാറ്റി ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പിലാക്കുവാനുള്ള നീക്കമാണ് സംഘ്‌പരിവാറും നരേന്ദ്രമോഡിയും നടത്തുന്നത്. രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണിത്.
കേരളത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിക്കേണ്ടതായിട്ടുണ്ട്. ലോക്‌സഭയില്‍ ശക്തമായ ഇടതുപക്ഷം ഉണ്ടായാല്‍ മാത്രമെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും അവരെ കടിഞ്ഞാണിടാനും കഴിയുകയുള്ളു.
അതിനായി ലോക്‌സഭയിലെ ഇടതുപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലൂടെ മാത്രമെ ആ കടമ നിര്‍വഹിക്കുവാന്‍ കഴിയൂ. അതിനുള്ള അവസരമാണ് 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.