23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 24, 2024
October 11, 2024
July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024
April 22, 2024

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി

Janayugom Webdesk
തിരുവനന്തപുരം
November 12, 2022 6:35 pm

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് രാജ്ഭവന്‌ കൈമാറി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയ്ക്ക്‌ ശേഷമാണ് അംഗീകാരത്തിനായി ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന് നല്‍കിയത്. അതേസമയം, ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നത് വൈകിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഗവര്‍ണര്‍ എന്നാണ് സൂചനകള്‍. ഇന്നലെയാണ് ഗവര്‍ണര്‍ ന്യൂഡൽഹിയിലേക്ക്‌ തിരിച്ചത്. 20ന് മടങ്ങി എത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ കൈക്കൊള്ളുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം. ഓർഡിനൻസ്‌ ലഭിച്ചാൽ രാഷ്ട്രപതിക്ക്‌ അയയ്ക്കുമെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. 

സർക്കാർ ഓർഡിനൻസിൽ നിന്ന്‌ പിന്നോട്ട്‌ പോകുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്ട്രപതിക്ക്‌ അയച്ചാൽ സഭയിൽ ബില്ല്‌ കൊണ്ടുവരാനാകില്ലെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ തന്നെ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസമില്ലെന്നാണ്‌ നിയമവിദഗ്ധരുടെ അഭിപ്രായം. തക്കതായ കാരണമില്ലാതെ രാഷ്ട്രപതിക്ക്‌ അയയ്ക്കാനാകില്ലെന്നും നിയമവിദഗ്ധർ പറയുന്നു. അന്തർസംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതോ കേന്ദ്ര നിയമത്തിന്‌ എതിരായതോ ആയ ഓർഡിനൻസുകളോ ബില്ലുകളോ ആണ്‌ രാഷ്ട്രപതിക്ക്‌ അയയ്ക്കുക. ഈ രണ്ടു സാഹചര്യവും സർവകലാശാല ഓർഡിനൻസിൽ ഇല്ല. ഭരണഘടനയിലെ 213 വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഉപദേശം ആവശ്യമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക്‌ അയയ്ക്കേണ്ടതുള്ളുവെന്ന്‌ മുൻ ലോക്‌സഭാ സെക്രട്ടറി പി ഡി ടി ആചാരി ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ പതിനാല് സർവകലാശാലകളിലും ചാൻസലർമാരായി വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ നിയമിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് ഓർഡിനൻസ്‌. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്. പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും സവിശേഷ സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറും എന്ന നിലയിലായിരിക്കും പുതിയ ഓര്‍ഡിനന്‍സ് പ്രകാരം നിയമനം. 

Eng­lish Summary:An ordi­nance to remove the gov­er­nor from the post of chan­cel­lor has reached the Raj Bhavan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.