തീപ്പൊരിയായിരുന്നു ആനട്ക്കിലെ കുഞ്ഞുജോറ.…. ഉമ്മാമയൂടെ തുത്തരാത്തിന്റെ പെട്ടിയില്‍ ഉമ്മ ഒളിപ്പിച്ചുവെച്ച ആകാശനീലയില്‍ ചുവന്ന പൂക്കളുള്ള പാവാടയ്ക്കുവേണ്ടി വാശിപിടിച്ച് ഉമ്മറപ്പടിയില്‍ കിടന്ന് ഉറങ്ങിപ്പോയവള്‍… സ്വപ്നത്തില്‍ പാവാടയുടുത്ത് പൂക്കളോടും പുമ്പാറ്റകളോടും ആട്ടിന്‍കുട്ടികളോടുമൊത്ത് തുള്ളിക്കളിച്ച്… ഉണര്‍ന്നപ്പോള്‍ ഉമ്മ പാവാട തന്നില്ലെന്നറിഞ്ഞ് വീണ്ടും നിരാഹാരം കിടന്ന് ആകാശനീലയില്‍ ചുവന്നപൂക്കളുള്ള പാവാട നേടിയെടുത്തവള്‍.…. താണന്റാടത്തെ മദ്രസയില്‍ പോയി ദീനിയാത്തും അമലിയാത്തും പഠിക്കാനായി ഗെയ്റ്റിനുമുന്നില്‍ തട്ടം വിരിച്ച് നിരാഹാരം കിടന്ന കുഞ്ഞുസമരക്കാരി.… അന്ന് മുന്‍സിപ്പല്‍ കൗണ്‍സിലറും രാഷ്ട്രീയക്കാരനുമായ ബാപ്പ ഇടപെട്ട് മദ്രസയിലേക്കയച്ചപ്പോള്‍ സമരം വിജയിച്ച സന്തോഷത്താല്‍ തുള്ളിച്ചാടിയ കുഞ്ഞുജോറയ്ക്ക് പക്ഷേ ഉസ്താദിന്റെ എല്ലാ പാഠങ്ങളും വെള്ളംതൊടാതെ വിഴുങ്ങാനായില്ല.… ഉസ്താദ് പറഞ്ഞ മുടിനാര് ഏഴായി കീറിയിട്ട് ഉണ്ടാക്കുന്ന സിറാത്ത് എന്ന പാലത്തിലൂടെ നടന്ന് സുബര്‍ക്കത്തിലെത്തുന്നതും അവിടെ ചെല്ലുന്ന നല്ല പുരുഷന്മാരെ സുഖിപ്പിക്കാനായുള്ള എഴുപതിനായിരം ഹൂറിമാരുടേയും കഥ കേട്ട ജോറയ്ക്ക് പെണ്ണുങ്ങളേ സുഖിപ്പിക്കാനായി സുബര്‍ക്കത്തില്‍ ഹൂറന്മാരില്ലേ എന്ന ചോദ്യം ചോദിക്കാതിരിക്കാനായില്ല.
‘ഇസ്ലാമിന് നെരക്കാത്ത ബാണ്ടാത്ത ചോത്യം ചോതിക്കുന്ന ജ്ജ് ഇബടെ നിന്നാ നല്ല കുട്ട്യോളും ചീത്തായിപ്പോകും, കൊടുക്കാനുള്ള ബാക്കി പീസ് കൊടുത്തിറ്റ് പോയ്‌ക്കോ’ എന്ന് പറഞ്ഞ് ഉസ്താദ് മദ്രസയില്‍ നിന്ന് കുഞ്ഞുജോറയെപ്പുറത്താക്കി… മദ്രസയില്‍ നിന്ന് പുറത്താക്കിയിട്ടും ജോറ ചോദ്യം ചോദിക്കുന്നത് നിര്‍ത്തിയതേയില്ല.…
ആനട്ക്കിലെ കുഞ്ഞുജോറ വളര്‍ന്ന് വലുതായി വി പി സുഹറയായപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങളും വലുതായി.… നേടിയെടുത്ത സമരങ്ങളും.…… മുസ്ലീം സമുദായത്തിനകത്തുതന്നെ മുസ്ലീം സ്ത്രീകള്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങളും അവഹേളനങ്ങളും എന്നും ജോറയെന്ന വി പി സുഹറയെ അസ്വസ്ഥയാക്കിയിട്ടുണ്ട്. സമുദായത്തിനകത്തും പുറത്തുമുള്ള നെറികേടുകള്‍ക്കും നീതിനിഷേധങ്ങള്‍ക്കൂമെതിരെ നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുന്ന സുഹറ കടന്നുപോന്ന വഴികള്‍ പൂപ്പാതകളുടേതായിരുന്നില്ല.
സ്‌കൂള്‍കാലം കഴിയുന്നതിനു മുമ്പുതന്നെ വിവാഹിതയാകേണ്ടിവന്ന സുഹറയ്ക്ക് ജീവിതം യാതനകളുടേതായിരുന്നു. യാഥാസ്ഥിതിക സമുദായത്തിനകത്തുനിന്നും നേരിടേണ്ടിവന്ന വെല്ലുവിളികളും ഏറേയായിരുന്നു. തന്നിലുറങ്ങിക്കിടക്കുന്ന കനല്‍ക്കട്ട അണഞ്ഞുപോയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് പിന്നീട് കേരളത്തിലെ സാമൂഹ്യരംഗത്ത് ആളിപ്പടരുകയായിരുന്നു വി പി സുഹറ. ബോധന എന്ന സംഘടനയുടെ അമരക്കാരിലൊരാളായി നിരവധി സമരവേദികളിലെ സജീവസാന്നിധ്യമായി മാറുകയായിരുന്നു അവര്‍.
കേരളത്തിലെ സ്ത്രീ മൂന്നേറ്റ ചരിത്രത്തിന്റെ നിര്‍ണ്ണായകസന്ധിയില്‍ നിന്ന് ലോകത്തും ഇന്ത്യയിലും നടക്കുന്ന പുതുചലനങ്ങളേയും സൈദ്ധാന്തിക അന്വേഷണങ്ങളെയും സ്ത്രീ വിമോചനപ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന് നല്‍കിക്കൊണ്ട് പുത്തന്‍ ചുവടുവെപ്പുകള്‍ നല്‍കിയ ചരിത്ര സന്ദര്‍ഭമായിമാറിയ, 1990ല്‍ കോഴിക്കോട് നടന്ന ദേശീയ വനിതാ സമ്മേളനത്തിന്റെ ആദ്യവസാനക്കാരിയായതു മുതല്‍ ഗുജറാത്ത് കലാപവേദിയിലടക്കം തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് തന്നിലെ തീപ്പൊരി അണഞ്ഞിട്ടില്ലെന്ന് തന്റെ സാമൂഹിക ഇടപെടലുകളിലൂടെ സുഹറ തെളിയിച്ചുകൊണ്ടേയിരുന്നു. ഒരുകാലത്ത് കേരളരാഷ്ട്രീയത്തിലെ ചൂടുള്ള വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ക്കേസ് മുതല്‍ ചരിത്രത്തിന്റെ ദശാസന്ധികളില്‍പ്പെട്ട് സ്വാഭാവികമായും മണ്‍മറഞ്ഞുപോകുന്ന സമരരംഗങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു വി പി സുഹറയെന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും.
‘ജോറയുടെ കഥ ’ വി പി സുഹറയെന്ന പോരാളിയുടെ ആത്മകഥ മാത്രമായി ഒതുങ്ങാത്തതും അതുകൊണ്ടുതന്നെയാണ്. ഒരു ആത്മകഥയ്ക്കുമപ്പുറം മതവിശ്വാസങ്ങള്‍ വിശുദ്ധഗ്രന്ഥത്തിലെ സൂക്തങ്ങളെ വളച്ചൊടിച്ചുകൊണ്ട് സ്ത്രീകളെ എത്രത്തോളം അടിച്ചമര്‍ത്താമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന സമുദായത്തിനകത്തുനിന്നുകൊണ്ടുതന്നെ പൊരുതിക്കൊണ്ടേയിരിക്കുന്ന ആനട്ക്കിലെ കുഞ്ഞുജോറ പറഞ്ഞുവെക്കുന്നതും പറഞ്ഞുകൊണ്ടേയിരിക്കുന്നതും കാലങ്ങളായുള്ള സ്ത്രീവിരുദ്ധതയേയും അവര്‍ നേരിടേണ്ടിവരുന്ന അനീതികളെപ്പറ്റിയുമാണ്. കയ്പു നിറഞ്ഞ വിവാഹജീവിതത്തില്‍ നിന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിച്ച് പുറത്തിറങ്ങിയതുമുതല്‍ സമുദായത്തിനകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞും താന്‍ നേരിടേണ്ടിവന്ന ഭീഷണികളും വെല്ലുവിളികളും പൊരുതാനുള്ള കൂടുതല്‍ ഊര്‍ജ്ജം പകരുകയായിരുന്നു. ഒപ്പം അതേപോലെ അല്ലെങ്കില്‍ അതിലുമേറേ പ്രശ്‌നങ്ങള്‍ നേരിട്ട് ഇരുളാര്‍ന്ന ജീവിതം തള്ളിനീക്കുന്ന ഒട്ടേറേ സ്ത്രീജന്മങ്ങള്‍ തനിക്കുചുറ്റിലുമുണ്ടെന്ന തിരിച്ചറിവും നിസ എന്ന സാമൂഹ്യപ്രസ്ഥാനത്തിന് രൂപം നല്‍കുക എന്ന മഹത്തായ ആശയത്തിലേക്ക് അവരെ നയിക്കുകയായിരുന്നു. ഇസ്ലാമിക ഫെമിനിസം എന്ന ആശയത്തിലൂന്നി പ്രവര്‍ത്തനമാരംഭിച്ച നിസ മുസ്ലീം സമുദായത്തിനകത്ത് സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ സംഘടനയായി മാറുകയും മുത്തലാഖ് എന്ന ആണഹന്തയ്ക്കുനേരെ ചോദ്യമുയര്‍ത്തുകയും മുസ്ലീം സ്ത്രീകളുടെ സ്വത്തവകാശമില്ലായ്മ തുടങ്ങിയ അനീതികള്‍ക്കുനേരെ ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന മുസ്ലീം സ്ത്രീ സംഘടനയായി ഇന്നും നിലനില്‍ക്കുന്നു.
പുതുതലമുറയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒട്ടേറെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രംപറയുന്ന
ജോറയുടെ കഥ പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെയാണ് മതത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയലിംഗനീതിക്കുവേണ്ടിയുള്ള ജോറയെന്ന തീപ്പൊരിയുടെ പോരാട്ടം നിലയ്ക്കുന്നേയില്ല.…
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.