18 December 2024, Wednesday
KSFE Galaxy Chits Banner 2

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശിയും ബീനയും

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 12:28 pm

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ). മികച്ച ചിത്രം കാതല്‍. മികച്ച രണ്ടാമത്തെ ചിത്രം- (ഇരട്ട) ജനപ്രിയ ചിത്രം- (ആടുജീവിതം) മികച്ച ഗായകന്‍— വിദ്യാധരന്‍ മാസ്റ്റര്‍(1947 പ്രണയം തുടരുന്നു). സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ഒമ്പത് അവാര്‍ഡുകളാണ് ബ്ലെസി ചിത്രമായ ആടുജീവിതം സ്വന്തമാക്കിയത്.

പുരസ്കാരങ്ങള്‍ നേടിയവര്‍

മികച്ച നടന്‍— പൃഥ്വിരാജ് സുകുമാരന്‍( ആടുജീവിതം)
മികച്ച നടി- ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്)
മികച്ച സംവിധായകന്‍ — ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം- കാതല്‍
മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട
ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച ഗായകന്‍— വിദ്യാധരന്‍ മാസ്റ്റര്‍(1947 പ്രണയം തുടരുന്നു)
മികച്ച ഗായിക ‑ആന്‍ ആമി (പാച്ചുവും അത്ഭുത വിളക്കും)
മികച്ച കഥ — ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയ ( കാതൽ)
ഛായാ​ഗ്രഹണം ‑സുനിൽ കെ എസ് (ആടുജീവിതം)
സ്വഭാവ നടന്‍— വിജയരാഘവന്‍
സ്വഭാവ നടി- ശ്രീഷ്മ ആര്‍ ചന്ദ്രന്‍
ശബ്ദ മിശ്രണം — റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
സ്പെഷ്യൽ ജൂറി ചിത്രം —​ഗ​ഗനചാരി
നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)ജനപ്രിയ ചിത്രം ‑ആടുജീവിതം
നൃത്തസംവിധാനം — വിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ — സുമം​ഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ — റോഷൻ മാത്യു ‑ഉള്ളൊഴുക്ക്, വാലാട്ടി
ചലച്ചിത്ര​ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)
സ്പെഷ്യൽ ജൂറി| നടന്മാർ ‑കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് ‑കാതൽ

മറ്റു പുരസ്‌കാരങ്ങൾ

തിരുവനന്തപുരം : മികച്ച ബാലതാരം (ആൺ)- അവ്യുക്ത് മേനോൻ (ചിത്രം-പാച്ചുവും അത്ഭുതവിളക്കും), മികച്ച ബാലതാരം (പെൺ)- തെന്നൽ അഭിലാഷ്. (ചിത്രം- ശേഷം മൈക്കിൽ ഫാത്തിമ), മികച്ച കഥാകൃത്ത് — ആദർശ് സുകുമാരൻ (ചിത്രം ‑കാതൽ ദി കോർ), മികച്ച ഛായാഗ്രാഹകൻ‑സുനിൽ കെ എസ് (ചിത്രം-ആടുജീവിതം), മികച്ച തിരക്കഥാകൃത്ത് — രോഹിത് എം ജി കൃഷ്ണൻ (ചിത്രം-ഇരട്ട), മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) — ബ്ലെസി (ചിത്രം-ആടുജീവിതം), മികച്ച ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ഗാനം: ചെന്താമരപ്പൂവിൻ‑ചിത്രം: ചാവേർ), മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) — ജസ്റ്റിൻ വർഗീസ് (ചെന്താമരപ്പൂവിൻ.. (ചിത്രം- ചാവേർ), മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- മാത്യൂസ് പുളിക്കൻ (ചിത്രം — കാതൽ ദി കോർ), മികച്ച പിന്നണി ഗായകൻ — വിദ്യാധരൻ മാസ്റ്റർ (ഗാനം — ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ), മികച്ച പിന്നണി ഗായിക ‑ആൻ ആമി (ഗാനം — പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ തിങ്കൾപ്പൂവിൻ ഇതളവൾ), മികച്ച ചിത്ര സംയോജകൻ — സംഗീത് പ്രതാപ് (ചിത്രം — ലിറ്റിൽ മിസ് റാവുത്തർ), മികച്ച കലാ സംവിധായകൻ — മോഹൻദാസ് (ചിത്രം — 2018 എവരിവൺ ഈസ് എ ഹീറോ), മികച്ച സിങ്ക് സൗണ്ട് — ഷമീർ അഹമ്മദ് (ചിത്രം — ഓ ബേബി), മികച്ച ശബ്ദമിശ്രണം — റസൂൽപൂക്കുട്ടി, ശരത് മോഹൻ (ചിത്രം — ആടുജീവിതം), മികച്ച ശബ്ദരൂപകൽപ്പന — ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ചിത്രം — ഉള്ളൊഴുക്ക്), മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് — വൈശാഖ് ശിവഗണേഷ്/ ന്യൂബ് സിറസ് (ചിത്രം ‑ആടു ജീവിതം), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് — രഞ്ജിത് അമ്പാടി (ചിത്രം — ആടുജീവിതം), മികച്ച വസ്ത്രാലങ്കാരം — ഫെമിന ജബ്ബാർ (ചിത്രം — ഓ ബേബി), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) — റോഷൻ മാത്യു (ഉള്ളൊഴുക്കിലെ രാജീവ്, വാലാട്ടിയിലെ ടോമി എന്നീ കഥാപാത്രങ്ങൾ), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) — സുമംഗല (ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗൗരി ടീച്ചർ എന്ന കഥാപാത്രം), മികച്ച നൃത്ത സംവിധാനം — ജിഷ്ണു (ചിത്രം — സുലൈഖ മൻസിൽ), ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് — ആടുജീവിതം (നിർമ്മാതാവ് — വിഷ്വൽ റൊമാൻസ്, സംവിധായകൻ — ബ്ലെസി), മികച്ച നവാഗത സംവിധായകൻ — ഫാസിൽ റസാഖ് (ചിത്രം — തടവ്), മികച്ച വിഷ്വൽ ഇഫക്ട്സ് — ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (ചിത്രം — 2018), സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് — ശാലിനി ഉഷാദേവി (ചിത്രം — എന്നെന്നും).

നിലവാരമുള്ള എൻട്രികൾ ഇല്ല; മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല

തിരുവനന്തപുരം: നിലവാരമുള്ള എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ഇത്തവണ നൽകിയില്ല. മൂന്ന് ചലച്ചിത്രങ്ങള്‍ ജൂറിയുടെ മുന്‍പില്‍ വന്നെങ്കിലും ഈ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ കഴിയാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സുധീർ മിശ്ര ചെയർമാനും സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അളകപ്പൻ എൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, സാഹിത്യകാരൻ എൻ എസ് മാധവൻ, ആൻ അഗസ്റ്റിൻ, ശ്രീവത്സൻ ജെ മേനോൻ, മെമ്പർ സെക്രട്ടറി സി അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ജേതാക്കളെ തെരഞ്ഞെടുത്തത്. 160 ചിത്രങ്ങളാണ് അവാർഡിന്റെ പരിഗണനക്ക് സമർപ്പിക്കപ്പെട്ടത്. പ്രാഥമിക പരിശോധനക്ക് ശേഷം 38 സിനിമകളാണ് അന്തിമജൂറി അവാർഡ് നിർണയത്തിനായി വിലയിരുത്തിയത്.

അന്തിമപട്ടികയിലെ 38 ചിത്രങ്ങളിൽ 22 ഉം നവാഗത സംവിധായകരുടേതായിരുന്നുവെന്നത് മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി. സംവിധായകൻ പ്രിയനന്ദൻ അധ്യക്ഷനും പ്രതാപ് പി നായർ, വിനോയ് തോമസ്, ഡോ. മാളവിക ബെന്നി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ ഒന്നാം സബ് കമ്മിറ്റിയുടേയും ഛായാഗ്രാഹകൻ അളകപ്പൻ ചെയർമാനും വിജയ് ശങ്കർ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, സി ആർ ചന്ദ്രൻ എന്നിവർ അംഗങ്ങളും സി അജോയ് മെമ്പർ സെക്രട്ടറിയുമായ രണ്ടാം സബ് കമ്മിറ്റിയുടേയും പ്രാഥമിക വിധി നിർണയ ശേഷമാണ് ചിത്രങ്ങൾ അന്തിമവിധിനിർണയ സമിതിക്ക് മുന്നിലെത്തിയത്. കിഷോർ കുമാറിന്റെ മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി.

ഡോ. രാജേഷ് എം ആർ എഴുതിയ ‘ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ’ എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ജാനകി ശ്രീധരൻ ചെയർപേഴ്സണും ഡോ. ജോസ് കെ മാനുവൽ, ഡോ. ഒ കെ സന്തോഷ് എന്നിവർ അംഗങ്ങളും സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി.
ജൂറി ചെയർമാൻ സുധീർ മിശ്ര, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, രചനവിഭാഗം ചെയർപെഴ്സൺ ഡോ. ജാനകി ശ്രീധരൻ, ജൂറി അംഗങ്ങളായ പ്രിയനന്ദനൻ, അളകപ്പൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.