5 May 2024, Sunday

മലയാള സിനിമ മുന്നോട്ട് തന്നെ

രാജഗോപാല്‍
July 21, 2023 9:41 pm

തിയേറ്ററുകളിലെ സാമ്പത്തിക തകര്‍ച്ചയോടു മുഖംതിരിച്ചാല്‍ കലാപരമായി മലയാള സിനിമയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയെന്ന് ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം വ്യക്തമാക്കുന്നു. ‘154 ചിത്രങ്ങളാണ് 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ജൂറിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. 49 സിനിമകൾ അവസാനഘട്ട വിധിനിർണയത്തിനെത്തി. 19 നവസംവിധായകർ ഒരുക്കിയ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നുവെന്നത് മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. പുതിയ കഥാകഥന രീതികളും ആവിഷ്കാരത്തിലെ പുതുമകളും ഘടനാപരമായ മാറ്റങ്ങളും സാങ്കേതികതയുടെ സങ്കലനങ്ങളും വിസ്മയകരമായ വിധം മലയാള സിനിമയെ സമ്പന്നമാക്കുന്നു. ഇതര ഭാഷാചിത്രങ്ങൾക്ക് മാതൃകയാകുന്ന നിരവധി സിനിമാ നിർമ്മിതികൾ മലയാളത്തിൽ നിന്നുണ്ടാകുന്നുവെന്നത് അഭിമാനാർഹമാണ്’. ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയുടെ ഈ റിപ്പോര്‍ട്ട് തന്നെ മലയാള സിനിമ ഇന്ത്യന്‍ സിനിമയുടെ മാതൃകയാണെന്ന വിശ്വാസത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് അടിവരയിടുന്നു.

മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് നേടി കൊടുത്ത നന്‍പകല്‍ നേരത്ത് മയക്കവും സംവിധായകനായി മഹേഷ് നാരായണനെ തിരഞ്ഞെടുത്ത അറിയിപ്പും കലാമേന്മ കൊണ്ട് മുന്നില്‍ നിന്ന ചിത്രങ്ങളാണ്. കലാമേന്‍മയും ജനപ്രീതിയ്ക്കുമുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് നേടിയത്. വഴക്കും ഇലവീഴാ പൂഞ്ചിറയും സൗദി വെള്ളക്കയും പത്തൊമ്പതാം നൂറ്റാണ്ടും പല്ലൊട്ടി 90 കിഡ്സ് എന്ന കുട്ടികളുടെ ചിത്രവുമൊക്കെ നേടിയ അവാര്‍ഡുകളുടെ എണ്ണം കൊണ്ട് മുന്നിലാണ്.

തീയറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടിയ ‘ന്നാ താന്‍ കേസ് കൊട്’ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലും കയ്യടി നേടി. സിനിമ മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി വിലയിരുത്തി. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. കലാമേന്മയും ജനപ്രീതിയുമുള്ള സിനിമ, മികച്ച തിരക്കഥാകൃത്ത്, ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം അടക്കം നേടി.

ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബന്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിനും അര്‍ഹനായി. കോടതി രംഗങ്ങളിലെ മജിസ്ട്രേറ്റായി മികച്ച പ്രകടനം കാഴ്ചവച്ച പി പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ ശബ്ദമിശ്രണത്തിലൂടെ വിപിന്‍ നായരും കലാസംവിധാനത്തിലൂടെ ജ്യോതിഷ് ശങ്കറും പശ്ചാത്തല സംഗീതത്തിലൂടെ ഡോണ്‍ വിന്‍സെന്റും പുരസ്കാരം നേടി.

വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് മൂന്ന് അവാര്‍ഡുകളാണ് നേടിയത്. എം ജയചന്ദ്രന് മികച്ച സംഗീത സംവിധായകനും മൃഥുല വാരിയര്‍ക്ക് മികച്ച ഗായികയ്ക്കും ഷോബി തിലകന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുമുള്ള അവാര്‍ഡ് ലഭിച്ചു.

ദാരിദ്ര്യവും പ്രാരാബ്ധങ്ങളും നിറഞഅഞ കുട്ടിക്കാലത്തെ പ്രതിബന്ധങ്ങളഎ ആത്മവിശ്വാസത്തോടെ നേരിടുന്ന രണ്ട് കുട്ടികളുടെ സൗഹൃത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയഹാരിയായ കഥ പറയുന്ന ചിത്രം എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തിയ ജിതിന്‍ രാജ് സംവിധാനം ചെയ്ത പല്ലൊട്ടി 90 കിഡ്സ് മൂന്ന് അവാര്‍ഡുകള്‍ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിന് പുറമെ ബാലതാരത്തിനുള്ള പുരസ്കാരം ഡാവിഞ്ചിക്കും ഗായകനുള്ള അവാര്‍ഡ് കപില്‍ കപിലനും നേടി. സാജിദ് യാഹിയയും നിതിന്‍ രാധാകൃഷ്ണണനുമാണ് നിര്‍മ്മാതാക്കള്‍. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്കിലെ അഭിനയത്തിനാണ് തന്മയ സോളിനെ മികച്ച ബാലതാരമായി തെരഞ്ഞെടുത്തത്. ചന്ദ്രു സെല്‍വരാജ് മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പങ്കിട്ടു. വിഷ്വല്‍ എഫക്ടിനുള്ളതും കളര്‍പ്രോസസിംഗിനുള്ള അവാര്‍ഡും വഴക്കിന് ലഭിച്ചു.

മാലിനി, ജയ, നിധി, ഇമാന്‍, റേച്ചല്‍, സിയ ഇങ്ങനെ സമൂഹത്തിന്റെ വിവിധ അളവുകോണുകളില്‍ ജീവിക്കുന്ന ആറ് പെണ്‍ജീവിതങ്ങളുടെ കഥയാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 34 മുതല്‍ 44 വരെ എന്ന ചിത്രം പറഞ്ഞത്. സ്ത്രീസംവിധായകരുടെ സിനിമയ്ക്ക് കെഎസ്എഎഫ്ഡിസി നല്‍കുന്ന സാമ്പത്തികസഹായത്തില്‍ ഒരു സിനിമ നിര്‍മ്മിക്കപ്പെടുമ്പോള്‍ അതില്‍ സമൂഹത്തിലെ എല്ലാതലങ്ങളിലുമുള്ള സ്ത്രീജീവിതങ്ങളെയും സ്പര്‍ശിച്ച് അവരുടെ പ്രശ്നങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ ശ്രുതിക്കായിരുന്നു. അതിനാല്‍ തന്നെ സ്ത്രീ — ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക ചലച്ചിത്ര പുരസ്കാരം ശ്രുതിയെ തേടിയെത്തിയതില്‍ അത്ഭുതമില്ല.

Eng­lish Sam­mury: jury led by acclaimed Ben­gali film direc­tor and screen­writer, Goutam Ghose, and con­sist­ing of actor Gau­tha­mi, cin­e­matog­ra­ph­er Hari Nair, singer Jen­cy Gre­go­ry, and sound design­er D Yuvaraj, was respon­si­ble for select­ing the win­ners of the awards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.