3 March 2024, Sunday

Related news

January 24, 2024
January 24, 2024
January 13, 2024
November 23, 2023
November 16, 2023
November 10, 2023
November 3, 2023
November 1, 2023
November 1, 2023
October 29, 2023

സങ്കീർണവും നിഗൂഢവുമായ ജീവിതവഴികളിലൂടെ

കെ കെ ജയേഷ്
July 21, 2023 9:20 pm

സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ നിൽക്കുന്ന പല ചിത്രങ്ങളും സഞ്ചരിച്ചത് സങ്കീർണവും നിഗൂഢവുമായ ജീവിതവഴികളിലൂടെ. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നൻപകൽ നേരത്ത് മയക്കത്തിൽ പ്രേക്ഷകർ ശാന്തമായ ഒരു തമിഴ് നാടൻ ഗ്രാമത്തിന്റെ ജീവിതക്കാഴ്ചകളിലേക്ക് ജെയിംസിനൊപ്പം സഞ്ചരിക്കുകയാണ്. മികച്ച രണ്ടാമത്തെ ചിത്രമായ ‘അടിത്തട്ട്’ അംബ്രോസിനും സഹപ്രവർത്തകർക്കുമൊപ്പം കടലിന്റെ ആഴങ്ങളിലേക്കാണ് പ്രേക്ഷകരെ നയിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം ഷാഹി കബീറിന് നേടിക്കൊടുത്ത ‘ഇലവീഴാപൂഞ്ചിറ’യിൽ ബസിലും ജീപ്പിലും നടന്നുമൊക്കെയായി പൊലീസുകാരനായ മധുവിനൊപ്പം ഉയരങ്ങളിലെ ഇലവീഴാപൂഞ്ചിറയുടെ വന്യതയിലേക്കാണ് പ്രേക്ഷകരുടെ സഞ്ചാരം. ഒരു കേസുമായി ബന്ധപ്പെട്ട് ആയിഷ റാവുത്തർ എന്ന വൃദ്ധയുടെ പതിമൂന്ന് വർഷം നീളുന്ന നിയമനടപടികൾക്കൊപ്പമുള്ള യാത്രയാണ് ‘സൗദി വെള്ളക്ക’ പറയുന്നത്. ആഖ്യാനം ലളിതമെങ്കിലും യാത്രക്കിടയിലെ സങ്കീർണതകൾ നിറഞ്ഞ് നിഗൂഡതകൾ നിറഞ്ഞ മനുഷ്യമനസുപോലെ പ്രേക്ഷകരെ ചുറ്റിപ്പിണരുകയാണ് ഈ ചിത്രങ്ങളെല്ലാം. സങ്കീർണ്ണതകൾ ഒട്ടുമില്ലാത്ത ന്നാ താൻ കേസ് കൊട് പോലുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഈ ചിത്രങ്ങളും പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയത്.

 

നൻപകൽ നേരത്ത് മയക്കം

ൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ വേളാങ്കണ്ണിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ജെയിംസ് വണ്ടിയിൽ നിന്നിറങ്ങി തമിഴ് നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് നടന്നുപോകുന്നു. ചോളപ്പാടത്തിലൂടെ ജെയിംസ് നടന്നുകയറുന്നത് സുന്ദരം എന്ന തമിഴ് നാട്ടുകാരനിലേക്കാണ്. രണ്ടുവർഷം മുമ്പ് കാണാതായ സുന്ദരത്തിന്റെ തിരോധാനത്തിൽ മനംനൊന്ത് കഴിയുന്ന അയാളുടെ ഭാര്യയ്ക്കും മകൾക്കും മാതാപിതാക്കൾക്കും മുമ്പിൽ ജെയിംസ് സുന്ദരമെന്ന തമിഴ്നാട്ടുകാരനായി പുനവരതരിക്കുകയാണ്.

ഉറക്കം മരണം തന്നെയാണ്. ഉറക്കത്തിൽ നിന്നുള്ള ഉണർവ് ജീവിതവുമാണ് എന്ന തിരുക്കുറൾ വാചകത്തിലാണ് സിനിമയുടെ തുടക്കം. ലിജോയുടെ മുൻകാല സിനിമകൾ പോലെ അക്രമാസക്തരായ മനുഷ്യരോ വയലൻസിന്റെ അതിപ്രസരമോ ഈ ചിത്രത്തിലില്ല. തികച്ചും ധ്യാനാത്മകമായ കാഴ്ചകൾ. പശ്ചാത്തല സംഗീതമില്ലാത്ത ചിത്രത്തിൽ കഥാപശ്ചാത്തലത്തിനനുസരിച്ച് തമിഴ് പാട്ടുകളും സംഭാഷണങ്ങളും ചേർത്തുവെച്ച് സ്വപ്നങ്ങളും യാഥാർത്ഥ്യവും കോർത്തിണക്കിയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കഥ പറയുന്നത്. നവീനമായ ഒരു ദൃശ്യഭാഷയുടെ സമർത്ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകൾ തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവം എന്നാണ് ജൂറി ചിത്രത്തെ വിലയിരുത്തിയത്. ജെയിംസ് എങ്ങിനെ സുന്ദരമായെന്ന് സിനിമ പറയുന്നില്ല. എന്നാൽ ജെയിംസിൽ നിന്ന് സുന്ദരത്തിലേക്ക് മാറുന്ന മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് അസാധാരണം എന്ന് തന്നെ പറയണം. സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിലേത്. തികച്ചും വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ സൂക്ഷ്മവും നിയന്ത്രിതവുമായ പ്രകടത്തിലൂടെ മമ്മൂട്ടി അനശ്വരമാക്കുകയായിരുന്നു. ഈ അഭിനയ മികവ് തന്നെയാണ് ആറാം തവണയും മമ്മൂട്ടിയെ മികച്ച നടനാക്കി മാറ്റുന്നത്.

അടിത്തട്ട്

ഴങ്ങളിലേക്ക് ചെല്ലുന്തോറും സങ്കീർണമാകുന്ന കടലിന്റെ പശ്ചാത്തലത്തിലാണ് മികച്ച രണ്ടാമത്തെ ചിത്രമായ ജിജോ ആന്റണിയുടെ ‘അടിത്തട്ട്’ കഥ പറയുന്നത്. ഉൾക്കടലിന്റെ ആഴമോ കോളുമാറ്റത്തിന്റെ വന്യതയോ കണ്ട് ആംബ്രോസ് പേടിക്കുന്നില്ല. ആംബ്രോസും മാർക്കോസും ഉൾപ്പെടുന്ന ആറംഗ സംഘത്തിനൊപ്പം കടലിലെത്തുമ്പോൾ അറ്റം കാണാത്ത കടലിന്റെ ഭീകരതയെപ്പോലും അപ്രസക്തമാക്കുന്ന വേട്ട ആരംഭിക്കുകയായിരുന്നു. കടലിന്റെ പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു അടിത്തട്ട്. ശക്തമായ കഥയും മികച്ച അവതരണവും നടീനടൻമാരുടെ ഗംഭീര പ്രകടനങ്ങളും ഛായാഗ്രഹണ മികവും ചേർന്ന അടിത്തട്ട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേട്ടം സ്വന്തമാക്കുകയായിരുന്നു.

ഇലവീഴാപൂഞ്ചിറ

കുറ്റാന്വേഷണ സിനിമകളുടെ പതിവ് ചേരുവകൾ ഒന്നുമില്ലാതെ കഥ പറഞ്ഞ ചിത്രമാണ് ഷാഹി കബീറിന്റെ ഇലവീഴാപൂഞ്ചിറ. തകർന്ന റോഡും കാടും അരുവികളും താണ്ടിയാണ് മധുവിനൊപ്പം ഇലവീഴാപൂഞ്ചിറയിലേക്ക് പ്രേക്ഷകർ സഞ്ചരിക്കുന്നത്. മഞ്ഞും കാറ്റും പേമാരിയും ഇടിമിന്നലും മാറിമാറിയെത്തുന്ന, സമുദ്ര നിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറയിലെ ഒറ്റപ്പെട്ട വയർലസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. പ്രകൃതിയുടെ ഭാവമാറ്റങ്ങൾക്കൊപ്പമാണ് കഥാപാത്രങ്ങളെ സിനിമ ചേർത്തുവെക്കുന്നത്. കുന്നിൻ മുകളിൽ ഒറ്റപ്പെട്ട ആ മനുഷ്യരുടെ ഉള്ളിലും കനലെരിയുന്നുണ്ട്. മലയെ മറയ്ക്കുന്ന മൂടൽ മഞ്ഞുപോലെ അത് പലപ്പോഴും മൂടിക്കിടക്കുന്നുണ്ട്. അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നൽ പോലെ അത് പൊട്ടിത്തെറിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. മഴയ്ക്കൊപ്പം അത് താഴേക്ക് പെയ്തിറങ്ങുന്നുണ്ട്.

താഴ്‌വരയിലെവിടെയോ നടന്ന ഒരു കൊലപാതകം. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അങ്ങിവിടെ ഈ കുന്നിൻ മുകളിലും കത്തിപ്പടരുന്നു. പകുതിയ്ക്ക് വെച്ച് സിനിമയുടെ ഭാവം മാറുന്നു. വിങ്ങി നിന്ന് വല്ലപ്പോഴും പൊട്ടിത്തെറിച്ച പ്രകൃതിയിൽ വലിയ ഇടിമുഴക്കമുണ്ടാവുന്നു. ആർത്തലച്ച് രൗദ്രഭാവത്തോടെ മഴ കുന്നിൻ മുകളിൽ പെയ്തിറങ്ങുന്നു. സിനിമയുടെ പ്രധാന സംഭവങ്ങളിലേക്ക് നയിക്കുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ കാര്യമായ പുതുമയൊന്നുമില്ല. പക്ഷെ പലപ്പോഴായി പലയിടത്തും ആവർത്തിച്ച ആ താഴ് വര കാഴ്ചകളിൽ നിന്നുകൊണ്ട് കുന്നിൻ മുകളിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ ലോകം പടുത്തുയർത്തിയെന്നതാണ് ഇലവീഴാ പൂഞ്ചിറയെ മികവുറ്റ കലാസൃഷ്ടിയാക്കുന്നത്. മികച്ച നവാഗത സംവിധായകൻ, ഛായാഗ്രാഹകൻ, ശബ്ദ രൂപകൽപ്പന, മികച്ച പ്രോസസിംഗ് ലാബ് തുടങ്ങിയ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

സൗദി വെള്ളക്ക

ചെറിയൊരു സംഭവം. അതൊരു പൊലീസ് കേസായി മാറുന്നു. അതിനൊപ്പം ജീവിതത്തിന്റെ പതിമൂന്ന് വർഷങ്ങൾ കോടതിയും പൊലീസ് സ്റ്റേഷനുമെല്ലാം കയറിയിറങ്ങി സഞ്ചരിക്കേണ്ടിവരുന്ന ആയിഷ റാവുത്തർ എന്ന വൃദ്ധയുടെ ജീവിതമാണ് സൗദി വെള്ളക്ക എന്ന ചിത്രം. ജീവിത ദുരിതങ്ങൾ താണ്ടി അവസാനിക്കാത്ത ഒരു കേസിനൊപ്പം ഒരു പാവം വൃദ്ധ സഞ്ചരിക്കുന്ന ദുരിത വഴികൾ ഹൃദയ സ്പർശിയായി ചിത്രം വരച്ചു കാട്ടുന്നു. മികച്ച സ്വഭാവ നടി, വസ്ത്രാലങ്കാരം, ഡബ്ബിംഗ് ആർട്ടിസ്റ്റ് തുടങ്ങിയ അംഗീകാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. മനുഷ്യൻ ഇത്രയൊക്കെ ഉള്ളുവല്ലേ എന്ന ചോദ്യത്തിൽ നിന്ന് മനുഷ്യൻ ഇത്രയുമൊക്കെയാണല്ലോ എന്ന പ്രതീക്ഷയിലേക്ക് വളരുകയാണ് സൗദി വെള്ളക്ക.

Eng­lish Sam­mury: ker­ala state film awards 2022 win­ners films-arti­cle by k k jayesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.