4 January 2025, Saturday
KSFE Galaxy Chits Banner 2

വീണ്ടുമൊരു പരീക്ഷാക്കാലം

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
March 2, 2024 4:45 am

മാർച്ച് മാസം നമുക്ക് പരീക്ഷാക്കാലമാണ്. 10, 11, 12 ക്ലാസുകളിൽ പൊതുപരീക്ഷയാണ്. പത്താം ക്ലാസിലെ കുട്ടികൾ ജീവിതത്തിൽ ആദ്യമായാണ് പ്രധാന പൊതുപരീക്ഷ എഴുതുന്നത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകൾ നാലിന് തുടങ്ങുന്നു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 2971 കേന്ദ്രങ്ങളിലായി 4,27,105 കുട്ടികൾ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നു. ആകെയുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2955 എണ്ണം കേരളത്തിലാണ്.
11, 12 ക്ലാസുകളിലെ പൊതുപരീക്ഷ ഒന്നിന് ആരംഭിച്ചു. ഒന്നാംവർഷ പരീക്ഷ എഴുതുന്നത് 4,14,159 വിദ്യാർത്ഥികളാണ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനഘട്ട പരീക്ഷ 12-ാം ക്ലാസിലാണ്. അതെഴുതുന്നത് 4,41,211 കുട്ടികളാണ്. 12-ാം ക്ലാസ് പൊതുപരീക്ഷയ്ക്കായി 2017 കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കുന്നു. ഒന്നാം വർഷം 27,770 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വർഷം 29,337 കുട്ടികൾ പരീക്ഷയുടെ ഭാഗമാകുന്നു. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള എൻഎസ്‌ക്യുഎഫ് പ്രായോഗിക പരീക്ഷ ഫെബ്രുവരി 29ന് പൂർത്തിയായി.
പരീക്ഷകൾ ഫലപ്രദമായി നടപ്പാക്കുന്നതിനുവേണ്ട എല്ലാവിധ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കുട്ടികളെ പരീക്ഷകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മോഡൽ പരീക്ഷ നടത്തി. പൊതുപരീക്ഷ എങ്ങനെയാണോ നടത്തുന്നത് അതേ മാതൃകയിലാണ് മോഡൽ പരീക്ഷ നടത്തിയത്. കൂടാതെ കുട്ടികൾക്ക് മൂല്യനിർണയത്തിന് ആവശ്യമായ കൈത്താങ്ങ് നൽകുന്നതിന്റെ ഭാഗമായി പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പഠനസമയത്തിനപ്പുറമുള്ള സമയവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കുട്ടികൾക്ക് അധിക പിന്തുണ നൽകിയ രക്ഷാകർതൃ സമിതികളെയും, അധ്യാപകരെയും അനുമോദിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സ്കൂളുകളോടൊപ്പം നിന്നിട്ടുണ്ട്. അവരെയും അനുമോദിക്കുന്നു.


ഇതുകൂടി വായിക്കൂ:  പരീക്ഷയെഴുതാം ആത്മവിശ്വാസത്തോടെ


പരീക്ഷകൾ യാന്ത്രികമായി നടക്കേണ്ട ഒരു പ്രക്രിയയല്ല. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അവരുടെ പഠനകാലത്ത് ആർജിച്ച കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രക്രിയയാകണം പരീക്ഷകൾ. സ്കൂൾ പഠനത്തിനു ശേഷവും കുട്ടികളുടെ മുന്നിൽ പലതരം പ്രശ്നങ്ങള്‍ ഉയർന്നുവരും. അത്തരം പ്രശ്നങ്ങളെ നിർഭയമായി അഭിമുഖീകരിക്കാൻ സഹായകമാകുംവിധം സ്കൂൾ പഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന അവസരമായാണ് പരീക്ഷകളെ കാണേണ്ടത്. കുട്ടികളെക്കാളും ഇക്കാര്യം ബോധ്യപ്പെടേണ്ടത് രക്ഷിതാക്കൾക്കാണ്. കുട്ടികളിൽ ഒരുതരത്തിലുള്ള മാനസിക സമ്മർദങ്ങളും ഉണ്ടാകാതെ നോക്കാനുള്ള ചുമതല രക്ഷിതാക്കൾക്കുണ്ട്. അമിതപ്രതീക്ഷകളോടെ കുട്ടികളെ സമീപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. താൽക്കാലികമായുണ്ടാകുന്ന അഭിമാനപ്രശ്നമായി വിദ്യാഭ്യാസത്തെ കാണരുത്.
നാം കൈക്കൊള്ളുന്ന ഏതൊരു കാര്യവും കുട്ടിയുടെ ജീവിതത്തെ ബാധിക്കുമെന്ന ബോധ്യം രക്ഷിതാക്കൾക്കുണ്ടാകണം. ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. ഓരോ കുട്ടിയും സ്വന്തമായ കഴിവുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. അതുകൊണ്ട് ഓരോരുത്തരുടെയും കഴിവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികൾക്ക് മാനസിക പിരിമുറുക്കങ്ങളോ സമ്മർദങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള കൗൺസിലിങ് സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. അതിന്റെ സാധ്യത ആവശ്യമുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.


ഇതുകൂടി വായിക്കൂ: ‘നിഴല്‍ വിദ്യാഭ്യാസം പടരുന്നു


കുഞ്ഞുങ്ങൾ പരീക്ഷകളെ അമിതമായ മത്സരമായി കാണരുത്. വിദ്യാഭ്യാസഘട്ടത്തിൽ പലതരം വിലയിരുത്തലിനും കുട്ടികൾ വിധേയമാകേണ്ടിവരും. അങ്ങനെ സ്വാഭാവികമായി നടക്കുന്ന ഒരു വിലയിരുത്തലായി കണ്ടാൽ മതി. നന്നായി തയ്യാറാവുക, പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക. വിജയം നമ്മുടെ കൂടെത്തന്നെയാകും. പരീക്ഷ എന്നത് ഒരാളുടെയും ജീവിതത്തിലെ അന്തിമവിലയിരുത്തലല്ല. ജീവിതവിജയം ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്.
ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസിലെ കുട്ടികളും മാർച്ച് മാസത്തിൽ മൂല്യനിർണയത്തിന് വിധേയമാകുന്നുണ്ട്. അതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. നന്നായി തയ്യാറാവുക. ആത്മവിശ്വാസത്തോടെ പരീക്ഷകളെ അഭിമുഖീകരിക്കുക. പരീക്ഷാപ്പേടി ആവശ്യമില്ല. എല്ലാവർക്കും ആശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.