26 July 2024, Friday
KSFE Galaxy Chits Banner 2

പരീക്ഷയെഴുതാം ആത്മവിശ്വാസത്തോടെ

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
March 9, 2023 4:30 am

വീണ്ടും ഒരു പരീക്ഷാക്കാലം വരവായി. ഇന്ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. നാളെ ഹയർ സെക്കന്‍ഡറി പരീക്ഷകളും തുടങ്ങും. കോവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്ത് ഏല്പിച്ച വലിയ പ്രതിസന്ധികൾക്ക് ശേഷമുള്ള ഒരു പൂർണ അക്കാദമിക വർഷമാണിത് എന്ന സവിശേഷത കൂടി ഈ വർഷത്തിനുണ്ട്. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്തിരുന്നു. അക്കാദമിക വർഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങൾ സ്കൂളിലെത്തിച്ച് വിതരണം ചെയ്തു. സാങ്കേതികവിദ്യയെ ഫലപ്രദമായി ക്ലാസ് മുറി പഠനത്തിന് സജ്ജമാക്കാൻ സഹായകമാകും വിധം അധ്യാപകർക്ക് പരിശീലനം നല്കി.
ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം നിരവധി നേട്ടങ്ങൾ വിദ്യാഭ്യാസരംഗത്തുണ്ടായി. 1,655 പ്രൈമറി അധ്യാപകർക്ക് ഹെഡ്‌മാസ്റ്റർമാരായി നിയമനം നല്കി. 10,475 തസ്തികയിൽ പുതിയ അധ്യാപക നിയമനങ്ങൾ നടത്തി. വിവിധവിഭാഗങ്ങളിൽ 162 സ്പെഷ്യൽ അധ്യാപകരെ നിയമിച്ചു. 2,227 അധ്യാപകർക്ക് സ്ഥാനക്കയറ്റം നല്കി.
നാല് ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി. മലയോര‑പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠന വിടവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകി. 45,710 ഡിജിറ്റൽ ഉപകരണങ്ങൾ മലയോര‑പിന്നാക്ക മേഖലകളിൽ വിതരണം ചെയ്തു. വിദ്യാകിരണം പദ്ധതി വഴി 47,613 ലാപ്‌ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്‌ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ നൽകി.


ഇതുകൂടി വായിക്കൂ:  പരീക്ഷാക്കാലം ഭക്ഷണം ശ്രദ്ധിക്കണേ


ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്കായി സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കി. ഭിന്നശേഷി കുട്ടികൾ, കുടുംബാംഗങ്ങൾ, അധ്യാപകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരെ സംയോജിപ്പിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ “ജാലകങ്ങൾക്കപ്പുറം” പദ്ധതി നടപ്പിലാക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം കുറിച്ചു. ഇതിനായി പാഠ്യപദ്ധതി പരിഷ്കരണ സമിതികൾ നിലവിൽ വന്നു. മാതൃഭാഷാ പഠനത്തിന് പ്രത്യേക ശ്രദ്ധ നല്കി. പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തി. ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ്മസമിതി രൂപീകരിച്ചു.
കിഫ്ബി, പ്ലാൻ, മറ്റ് ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് പൊതുവിദ്യാലയങ്ങളിൽ മികച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബും ലൈബ്രറിയും നിർമ്മിച്ചു. ഏഴ് വർഷംകൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 3,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.
എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇന്ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും എഴുതുന്നു. സർക്കാർ മേഖലയിൽ 1,170 പരീക്ഷാകേന്ദ്രങ്ങളും എയ്ഡഡ് മേഖലയിൽ 1,421, അൺ എയ്ഡഡ് മേഖലയിൽ 369 വീതവും ചേര്‍ന്ന് ആകെ 2,960 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
ഹയർ സെക്കന്‍ഡറിയിൽ 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു. വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിൽ ഒന്നാം വർഷത്തിൽ 28,820ഉം രണ്ടാം വർഷത്തിൽ 30,740ഉം പേര്‍ പരീക്ഷ എഴുതുന്നു.
പൊതുവിദ്യാഭ്യാസ രംഗത്ത് തുല്യതയും ഗുണമേന്മയും വർധിപ്പിക്കണമെങ്കിൽ വിലയിരുത്തൽ രംഗത്തും വലിയ മാറ്റങ്ങൾ വേണ്ടതുണ്ട്. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് സ്വന്തം കുട്ടികളുടെ ശക്തിദൗർബല്യങ്ങൾ ഏറ്റവും നന്നായി അറിയാൻ കഴിയുക. കുട്ടികളുടെ ശക്തികൾ കണ്ടെത്തി അത് കൂടുതൽ മികവുള്ളതാക്കിത്തീർക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാന്‍ അവരെ സഹായിക്കാനും അധ്യാപകരെ സജ്ജമാക്കേണ്ടതുണ്ട്. അധ്യാപക പരിശീലനങ്ങൾ ഇതെല്ലാം ഉൾക്കൊള്ളിച്ച് പരിവർത്തിപ്പിക്കും. തുടങ്ങിവച്ച മെന്ററിങ് പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ദേശീയവിദ്യാഭ്യാസ നയം 2020ൽ കേരളത്തിന് വിയോജിപ്പുള്ള മേഖലകളുണ്ട്. പരീക്ഷകളെ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്. ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തോടൊപ്പം പോകുകയല്ല ദേശീയസർക്കാർ വിദ്യാഭ്യാസ നയത്തിലൂടെ ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ: പഠിക്കൂ! പരീക്ഷയെ പ്രണയിക്കാൻ!! ഇനി പരീക്ഷാകാലം


സാമൂഹികമായി നടക്കുന്ന ഇത്തരം ചർച്ചകൾ നടക്കട്ടെ. പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾ ഈ ഘട്ടത്തിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. പരീക്ഷയ്ക്ക് നന്നായി സജ്ജമാകുക. ഒരുതരത്തിലുമുള്ള പേടിയുടെയും ആവശ്യമില്ല. ഏറ്റവും ഉന്നതവിജയത്തിനായി കഠിന പരിശ്രമം നടത്തുക. ഫലം നമുക്ക് അനുകൂലമായിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരു പരീക്ഷയല്ല നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷാ ഫലമല്ല ജീവിതത്തിന്റെ അന്തിമഫലം. ഇതെല്ലാം വിദ്യാഭ്യാസ യാത്രകളുടെ ചില അനിവാര്യതകൾ മാത്രമാണെന്ന് കണ്ടാൽ മതി. പരീക്ഷാക്കാലത്ത് കുട്ടികളിൽ ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. സ്വാഭാവികമായ തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങളോടൊപ്പമായിരിക്കും. എല്ലാവർക്കും വിജയാശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.