24 April 2024, Wednesday

‘നിഴല്‍’ വിദ്യാഭ്യാസം പടരുന്നു

Janayugom Webdesk
July 1, 2022 6:00 am

ധികമാരും ശ്രദ്ധിക്കാതെ ഒരു പടുകൂറ്റന്‍ വിദ്യാഭ്യാസ വ്യാപാരം ലോകം മുഴുവനും പിടി മുറുക്കിക്കഴിഞ്ഞു. പ്രവേശന പരീക്ഷകളുടെ ബാഹുല്യം, കയറിപ്പറ്റിയാല്‍ ജീവിതസുരക്ഷ എന്നിവ കാരണം എന്‍ട്രന്‍സ് എന്ന പേരില്‍ നടക്കുന്ന ടെസ്റ്റുകള്‍ക്കുള്ള തിരക്കിലാണ് കുട്ടികളും രക്ഷിതാക്കളും. ഇത് നഗരങ്ങളിലെ മാത്രം പ്രശ്നമല്ല. രാവിലെ ഗ്രാമങ്ങളില്‍ നിന്നു വരുന്ന ബസുകളില്‍ നിറയെ കുട്ടികളാണ്. നന്നേ രാവിലെ നടക്കാന്‍ പോകുമ്പോള്‍ കുട്ടികളെയും കൊണ്ടുവരുന്ന കാറുകളും പുറത്തുകാത്തിരുന്നുറങ്ങുന്നവരും സ്ഥിരംകാഴ്ചയാണ്. പ്രവേശന പരീക്ഷകള്‍ക്കുള്ള തയാറെടുപ്പ് കേന്ദ്രങ്ങള്‍ ഒരുവക എല്ലായിടത്തും സജ്ജമായിക്കഴിഞ്ഞു. കോവിഡാനന്തര ഘട്ടത്തില്‍ ഇപ്പോള്‍ എല്ലാം ഒരുതരം ഉണര്‍വിലാണ്.

കോടിക്കണക്കിന് രൂപയിറങ്ങുന്ന ഒരു കച്ചവട വ്യവസ്ഥയായിക്കഴിഞ്ഞു ഇത്. വിവിധതരം കോഴ്സുകള്‍, വിദേശപഠനസാധ്യതകള്‍, സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ കുട്ടികളെ ഇണക്കി ഒതുക്കി പലപല സ്ട്രീമുകളിലേക്ക് തള്ളിവിടുന്നു. അതില്‍ പുനര്‍ജനി നൂണ്ടുവരുന്നവര്‍ക്ക് മറുജന്മം. അല്ലാത്തവര്‍ക്ക് വീണ്ടും അതേ ക്ലാസും ബെഞ്ചും നിരങ്ങി അക്കരെ പറ്റാം. ഒരുവക ശരാശരിക്കാരെ കൂടി ഞെക്കിപ്പിഴിഞ്ഞ്, ഉയര്‍ന്ന പരീക്ഷ പാസാക്കാമെന്ന ഗുണം ഇതിനുണ്ട്. രക്ഷിതാക്കളും കുട്ടികളും മുഷിയാനും കാശിറക്കാനും തയാറായാല്‍ മതി. പണ്ടൊക്കെ മിടുക്കന്മാര്‍ മാത്രം കയറിപ്പറ്റിയ കോഴ്സുകളില്‍ പണത്തിന്റെ ബലംകൊണ്ട് ശരാശരിക്കാര്‍ക്ക് കയറാം. ഒരുവക കുടുംബങ്ങളൊക്കെ, മറ്റു ചെലവുകള്‍ ചുരുക്കി ഇതിനായി ഇന്‍വെസ്റ്റ് ചെയ്യുന്നു. ഭാവിയിലെ കൊയ്ത്ത് നന്നാവട്ടെ.

പക്ഷെ ഒപ്പം തന്നെ ഇതിനു ചില മറുവശങ്ങളുണ്ട്. വളരെ ഉയര്‍ന്ന പരീക്ഷകളും തട്ടുകളും താണ്ടുന്നവര്‍ വന്‍ പണക്കാരുടെ മക്കളാവും ഭൂരിഭാഗവും. അവര്‍ പില്‍ക്കാലത്ത് ഉന്നത കേന്ദ്രങ്ങള്‍ കയ്യടക്കുകയും ചെയ്യും. പഠന മികവിനു കാരണം കുട്ടിയുടെ ബുദ്ധിയല്ല, കുടുംബത്തിന്റെ ശേഷിയാണ്. ഒപ്പംതന്നെ ഒരു എന്‍ഡ്രന്‍സ് കോച്ചിങ് ഇക്കോണമിയും സംജാതമായിരിക്കുന്നു. മറ്റേതു സര്‍വീസ് സെക്ടറിനെക്കാളും പണമിറങ്ങുന്ന, പ്രാധാന്യമുള്ള, മേഖലയായി ഈ എന്‍ഡ്രന്‍സ് കോച്ചിങ് വളര്‍ന്നു. കോച്ചിങ് ഇന്‍ഡസ്ട്രി, വലിയ കോര്‍പറേറ്റുകള്‍ക്ക് തുല്യമായ ആസ്തി ഒരുക്കിയതോടെ, മറ്റുപല വ്യവസായ മേഖലകളിലേക്കും വളര്‍ന്നു. പരസ്യ വ്യവസായത്തിന്റെ ഹബ്ബ് തന്നെ കോച്ചിങ് കോര്‍പറേറ്റുകളാണ്. സ്പോട്സ് മേഖലയിലെ പ്രധാന സ്പോണ്‍സര്‍മാരും അവരാണ്. ഈ ശാഖയെക്കുറിച്ച് അടുത്തകാലത്തായി ഒരുപാട് പഠനങ്ങള്‍ വന്നതില്‍ ചിലത് ശ്രദ്ധേയമാണ്. ജെഇഇ എന്ന ജോയ്ന്റ് എന്‍ട്രന്‍സ് എക്സാമിനേഷനുള്ള 36,000 സീറ്റുകളിലേക്ക് 90 ലക്ഷം പേരാണ് കോച്ചിങ് എടുക്കുന്നത്. യുപിഎസ്‌സിക്ക് ഏതാണ്ട് 10 ലക്ഷം പേര്‍. അടുത്തായി കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭം, സകല സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ക്കുമായി ഒറ്റ പ്രവേശന പരീക്ഷ ഒരുക്കുന്നു. ഇത് 2022 ജൂലെെയില്‍ നിലവില്‍ വരും. വിവിധ യൂണിവേഴ്സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് സീറ്റുകളിലേക്ക് 20 ലക്ഷം പേര്‍ ടെസ്റ്റ് എഴുതും. അതിന്റെ പത്തില്‍ ഒന്ന് സീറ്റേ ഉള്ളുതാനും. അതോടെ തയാറെടുപ്പ് വിപണി സജ്ജമായിക്കഴിഞ്ഞു. എത്ര വന്‍ ഫീസ് ചുമത്തിയാലും കുട്ടികള്‍ വന്നുചേരും. അതോടെ നിലവിലുള്ള ടെസ്റ്റ് തയാറെടുപ്പ് വിപണി ഇനിയും വലുതാവും. ഒരു പുതിയ ഇന്‍ടസ്ട്രി നിലവില്‍ വരുന്നു.

സ്വകാര്യ ട്യൂഷന്‍ വ്യവസായത്തെ വിശേഷിപ്പിക്കുന്നത് ഷാഡോ എഡ്യൂക്കേഷന്‍ സിസ്റ്റംഎന്നാണ്. പൊതുവിദ്യാഭ്യാസത്തോടൊപ്പം വികസിത-വികസ്വര രാജ്യങ്ങളിലൊക്കെ ഈ നിഴല്‍ വ്യവസ്ഥയുണ്ട്. ഈ വിപണി 2022ല്‍ ഏതാണ്ട് 9200 കോടി ഡോളറിന് തുല്യമാണ്. 2028ല്‍ ഇത് 17,200 ഡോളറിലെത്തും. വാര്‍ഷിക വര്‍ധന 8.3 ശതമാനം. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കുന്നുണ്ട്. ടെസ്റ്റ് പ്രിപറേഷന്‍ സര്‍വീസില്‍ വളരെ വ്യത്യസ്തങ്ങളായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അക്കാദമിക്കുകള്‍ മുതല്‍ സാധാരണ തൊഴിലാളി വരെയുള്ളവര്‍ക്ക് വന്‍ തൊഴില്‍ സാധ്യതയാണിതില്‍. ഇവയുടെ പരസ്യമൂല്യം മറ്റെല്ലാത്തിലും മീതെയാണ്. ഇന്ത്യയിലെ ട്യൂട്ടറിങ് മാര്‍ക്കറ്റ് 4,500 കോടി രൂപയുടേതാണ്. ചെെന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും, നിഴല്‍വ്യവസ്ഥ വളരെ ശക്തമാണ്. ഇതിനിയും വളരും. ചോദനക്കാര്‍ വര്‍ധിക്കുമ്പോള്‍ ഫീസില്‍ ക്വാണ്ടം വര്‍ധനയുണ്ടാവും. ധനശേഷിയില്ലാത്തവര്‍ വിട്ടുമാറുമ്പോള്‍ ധനികരായ കുട്ടികള്‍ വന്‍ ഫീസുള്ള മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന പാസായി ഉയര്‍ന്ന സ്ഥാനത്തെത്തുമ്പോള്‍ സാമൂഹിക, സാമ്പത്തിക അസമത്വവും കൂടും.

ഒരു നിയന്ത്രണവുമില്ലാതെ ഈ വ്യവസായം വളരുകയാണ്. ഒരു സമാന്തര സമ്പദ്‌വ്യവസ്ഥയോളം അത് എത്തിനില്‍ക്കുന്നു. പരസ്യ വ്യവസായത്തിന്റെ പ്രധാന സെഗ്മെന്റ്ഇതാണ്. ഇതിലെ വരുമാനം 77,000 കോടിയാണ്. എന്നാല്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വരുമാനം 40,268 കോടിയാവുമ്പോള്‍, ആദ്യത്തേത് രണ്ടാമത്തേതിനെ മറികടക്കുന്ന അവസ്ഥയായി. ഇപിഡബ്ല്യു ഇതേക്കുറിച്ച് ശ്രദ്ധേയമായൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യധാരാ പഠന കേന്ദ്രങ്ങളെ വെെകാതെ ഇവ അപ്രസക്തമാക്കും. മുഖ്യധാര സ്കൂളുകളില്‍ പ്രോക്സി ഹാജര്‍ ഏര്‍പ്പാടാക്കി ഇത്തരം സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ പോകുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ യാതൊരു നിയമനടപടികളും ഇവയെ നിയന്ത്രിക്കാന്‍ നിലവിലില്ല. ബുദ്ധിമുട്ടുള്ള പ്രവേശന പരീക്ഷകളെ തകര്‍ക്കാന്‍ ഈ ടൂള്‍തന്നെ വേണമെന്ന വാദക്കാരുമുണ്ട്. പുതിയ വാക്കുകള്‍ നിലവില്‍ വരുന്നു- “ക്രാക്കിങ് ടൂള്‍ഇതിനു വന്‍ പണമുടക്കുണ്ട്. അതുകാരണം ഗ്രാമങ്ങളില്‍ നിന്നുള്ള വിജയികള്‍ നഗരവാസികളുടെ പകുതിയിലും കുറവാണ്.

ഐഐടി ഖരക്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ മിക്കവരും രണ്ടുമൂന്നു വര്‍ഷത്തെ കഠിന ട്യൂഷന്‍ കാരണം, തീര്‍ത്തും തളര്‍ന്നതായി കണ്ടു. ടെസ്റ്റ് മാത്രം ലക്ഷ്യമാക്കിയുള്ള പഠനം, അവരുടെ ക്രിയാത്മക ചിന്തയെ തീര്‍ത്തും തളര്‍ത്തിയിരുന്നു. ഉന്നത കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയായെത്തിയവര്‍ മാനസികമായി തളര്‍ന്നവരാകുമ്പോള്‍ ഗുണനിലവാരം ഊഹിക്കാം. ഐഐടികളിലെ സാധാരണ പഠനത്തെക്കാള്‍ ഉപകാരപ്രദമായിരുന്നു സ്വകാര്യ ട്യൂഷനെന്ന് അവിടത്തെ വിദ്യാര്‍ത്ഥികള്‍ ഒരു സര്‍വേയില്‍ പറഞ്ഞു.

സ്വകാര്യ കോഡിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ വേണമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയെങ്കിലും ഒരുതരം ഗുണാത്മക ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഈ വന്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിന്റേത്. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ എഡ്യൂക്കേഷനല്‍ ടെററിസംഎന്നാണ് വിശേഷിപ്പിക്കുന്നത്. ഭാവിയില്‍, നമ്മുടെ സമ്പദ്ഘടനയുടെ ഉള്ളറകളോളം എത്താനവയ്ക്ക് കഴിയും. അവയുടെ സ്വാധീനം രാഷ്ട്രീയ മേഖലയെയും ഗ്രസിക്കാന്‍ പ്രാപ്തവുമാണ്. ഇതുവരെ ഈ മേഖലയെ നിയന്ത്രിക്കുന്ന വിധത്തെയും ആവശ്യകതയെയും കുറിച്ച് കാര്യമായൊരു ഡിബേറ്റുപോലും നടന്നിട്ടില്ല. വിദ്യാഭ്യാസത്തെ ഒരു പബ്ലിക് ഗുഡ്എന്ന നിലയ്ക്കല്ലാതെ ഒരു വ്യാപാര ചരക്കായി കാണുന്നതിലെ അപാകം മിക്കവര്‍ക്കും മനസിലായ മട്ടില്ല.

ഇത്തരം ഒരു ദൂരവ്യാപകമായ ഫലങ്ങളുള്ള പ്രശ്നം നാം അവഗണിക്കുന്നത് ഒരു ജനാധിപത്യ അപരാധമാണ്. ദശലക്ഷങ്ങള്‍ക്ക് ജോലി നല്കുന്ന ഈ മേഖലയെ തളര്‍ത്താനല്ല ഇതു പറയുന്നത്. എന്തിനും ഒരു സോഷ്യല്‍ എഡിറ്റിങ് പ്രസക്തമാണല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.