
ദക്ഷിണ റെയില്‍വേയിൽ ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കം വീണ്ടും തകൃതിയായി. ഇതിന്റെ ഭാഗമായി, മുന്‍ നിര്‍ദേശങ്ങൾ എത്രത്തോളം നടപ്പിലായെന്ന് ആവശ്യപ്പെടുന്ന സർക്കുലറുകൾ താഴെ തലങ്ങളിലേക്കെത്തി.
ഇന്നുവരെ നീളുന്ന, ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക കാമ്പയിനിന്റെ ഭാഗമായാണ് സർക്കുലർ എന്നാണ് വിശദീകരണം. എല്ലാ ഔദ്യോഗിക കാര്യങ്ങളിലും ജീവനക്കാർ ഹിന്ദി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഹിന്ദി ഉപയോഗം എത്രത്തോളമാണെന്ന് വിലയിരുത്തി ഈ മാസാവസാനത്തോടെ റിപ്പോർട്ട് നൽകുകയും വേണം. ഹിന്ദി വിനിമയ ഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽപോലും ഹിന്ദി നിർബന്ധമാക്കാനും അവിടങ്ങളിൽ നിന്ന് പ്രാദേശിക ഭാഷകൾ പൂർണമായി ഒഴിവാക്കാനുമുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ റെയില്‍വേ തൊഴിലാളികളിൽ നിന്ന് വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
2019 ജൂണിലാണ്, സതേൺ റെയില്‍വേയിൽ ഹിന്ദി നിർബന്ധമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ നീക്കമുണ്ടായത്. ആശയ വിനിമയത്തിന് പ്രാദേശിക ഭാഷകൾ ഉപയോഗിക്കരുത്, ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ഉത്തരവ്. കൺട്രോൾ റൂമുകളിലും സ്റ്റേഷൻ മേധാവികൾക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം സംഭവിക്കാതിരിക്കാനുള്ള ഉപായം എന്ന നിലയിൽ മാത്രമാണ് രണ്ട് ഭാഷകൾ മാത്രം ഉയോഗിക്കാൻ ആവശ്യപ്പെടുന്നതെന്നായിരുന്നു വാദം. സിഗ്നലുകൾ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും അവകാശപ്പെട്ടു. എന്നാൽ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയില്‍വേ ഇടപാടുകളിൽ നിന്നു പോലും പ്രാദേശിക ഭാഷകളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉള്ളിലിരുപ്പ് കാലേക്കൂട്ടി കണ്ട ജീവനക്കാരിൽ നിന്ന് കടുത്ത എതിർപ്പുയർന്നതോടെ കേന്ദ്രം പിൻവലിയുകയായിരുന്നു. 2025–26 ലെ ഭാഷാ നയപ്രകാരം, ആ പഴയ ഉത്തരവാണ് ഇപ്പോൾ വീണ്ടും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്.
വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതടക്കം നിരവധി പ്രശ്നങ്ങൾ വർഷങ്ങളായി പരിഹാരമില്ലാതെ നീളുന്നതിനിടയിലാണ് ജീവനക്കാരെ കൂടുതൽ സമ്മർദത്തിലാക്കുന്ന പുതിയ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.