4 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 31, 2025
March 22, 2025
March 2, 2025
March 1, 2025
March 1, 2025
February 15, 2025
January 22, 2025
January 1, 2025
December 14, 2024

ലഹരിവിരുദ്ധ ബോധവത്ക്കരണം; നിര്‍ദ്ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
March 31, 2025 11:19 am

ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശില്പശാലയില്‍ ചൂണ്ടിക്കാട്ടിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ സ്കളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇക്കാര്യങ്ങള്‍ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയ്യാറാക്കും .അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്കൂളുകളിൽ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കുന്നതിനും അധ്യാപകർക്കായി നവീകരിച്ച പരിശീലന പരിപാടികൾ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും.

അതേസമയം, കുട്ടികളുമായി രക്ഷാകർതൃബന്ധം കൂടുതൽ സുദൃഢമാക്കാനായി സ്കൂൾ തലങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അതിൽ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഈ പ്രശ്നം പരിഹരിക്കുന്നതിനായി സിലബസിൽ നിർബന്ധിത മാറ്റങ്ങൾ വരുത്തും. ഇക്കാര്യം എസ് സി ഇ ആർ ടി പരിശോധിക്കും.ശാസ്ത്ര‑സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനായി അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകും. സ്‌കൂൾ സമയത്തിന്റെ അവസാന ഭാഗത്ത്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തും. യോഗയോ മറ്റ് വ്യായാമങ്ങളോ സ്കൂളുകളിൽ സംഘടിപ്പിക്കാനുള്ള സാധ്യത ഒരുക്കും. വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അന്തരീക്ഷം ഉറപ്പാക്കും.

മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായ വിദ്യാർത്ഥികൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവർക്ക് അവരുടെ അനുഭവങ്ങൾ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗൺസിലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗൺസിലർമാരെയും ഇതിനായി നിയോഗിക്കും.സ്‌കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഡ്യൂൾ തയ്യാറാക്കാൻ എസ് സി ഇ ആർ ടിയെ ചുമതലപ്പെടുത്തി. നടപ്പിലാക്കേണ്ട നടപടികൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷോർട് ടേം, മീഡ് ടേം, ലോങ് ടേം പദ്ധതികൾ നടപ്പിലാക്കും. ഇക്കാര്യങ്ങൾ എസ് സി ഇ ആർ ടി ആസൂത്രണം ചെയ്യും. മുഖ്യമന്ത്രി നിർദേശിച്ച ഈ ഇടപെടലുകൾ പ്രാവർത്തികമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.