17 December 2025, Wednesday

Related news

December 10, 2025
September 30, 2025
September 14, 2025
March 6, 2025
July 12, 2024
May 30, 2024
February 11, 2024
September 17, 2023
July 26, 2023
June 15, 2023

ലണ്ടനില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകരുടെ കുടിയേറ്റ വിരുദ്ധ പ്രതിഷേധം

Janayugom Webdesk
ലണ്ടന്‍
September 14, 2025 10:36 pm

യുകെയില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടിയേറ്റ വിരുദ്ധ റാലി സംഘര്‍ഷഭരിതമായി. “യുണൈറ്റ് ദി കിങ്ഡം” എന്ന പേരിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പൊലീസിനുനേരെ കുപ്പികൾ എറിയുകയും മർദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ പറഞ്ഞു. മറ്റ് നിരവധി പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. ഏകദേശം 1,10,000 പേർ മാര്‍ച്ചില്‍ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. അതേസമയം, ട്രേഡ് യൂണിയനുകളിൽ നിന്നും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളിൽ നിന്നുമായി ഏകദേശം 5,000 പ്രതിഷേധക്കാർ മധ്യ ലണ്ടനിൽ മറ്റൊരു മാര്‍ച്ച് നടത്തിയിരുന്നു.
ടോമി റോബിന്‍സണ്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്ത തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസംഗങ്ങളില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. പ്രതിഷേധം മുസ്ലീങ്ങൾക്കെതിരായ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും വിദ്വേഷ പ്രസംഗങ്ങളും വർധിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ടെസ്‌ല സിഇഒ ഇലോണ്‍ മസ്കും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിഷേധക്കാരുമായി സംസാരിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മസ്ക് നടത്തിയത്. ബ്രിട്ടനില്‍ സര്‍ക്കാര്‍ മാറ്റം ആവശ്യമാണെന്നും മസ്ക് പറഞ്ഞു. ബ്രിട്ടീഷുകാരനായിരിക്കുന്നതിൽ എന്തോ ഒരു ഭംഗിയുണ്ട്, എന്നാല്‍ ഇവിടെ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. വൻതോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്റെ ദ്രുതഗതിയിലുള്ള നാശമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ രാഷ്ട്രം കെട്ടിപ്പടുത്ത ബ്രിട്ടീഷ് ജനതയെ അപേക്ഷിച്ച് കുടിയേറ്റക്കാർക്ക് ഇപ്പോൾ കോടതിയിൽ കൂടുതൽ അവകാശങ്ങളുണ്ടെന്നായിരുന്നു റോബിന്‍സണിന്റെ അഭിപ്രായ പ്രകടനം. യൂറോപ്യന്‍മാരെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ജനതയേയും മുസ്ലിം സംസ്കാരത്തെയും ഉപയോഗിച്ച് പരിഷ്കരിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. മുന്‍ കോളനി പ്രദേശങ്ങളാല്‍ ബ്രിട്ടന്‍ കോളനിവല്‍ക്കരിക്കപ്പെടുകയാണെന്നും തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മൂർ പറഞ്ഞു. ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പാർട്ടി നേതാവ് പീറ്റർ ബൈസ്ട്രോണും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ദേശീയവാദിയും ഇസ്ലാംവിരുദ്ധനുമായ റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്. ഇംഗ്ലിഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ കൂടിയായ റോബിന്‍സണിന്റെ യഥാര്‍ത്ഥ പേര് യാക‍്‍സ്‍ലി- ലെനോണ്‍ എന്നാണ്. സർക്കാരിന്റെ പിഴവുകൾ തുറന്നുകാട്ടുന്ന പത്രപ്രവർത്തകനാണ് താനെന്നാണ് റോബിൻസൺ സ്വയം വിശേഷിപ്പിക്കുന്നത്. ബിബിസിയോടും മുഖ്യധാരാ മാധ്യമങ്ങളോടും കടുത്ത എതിര്‍പ്പാണുള്ളത്. ഇ­ലോ­ൺ മസ്കുൾപ്പെടെ റോബിൻസണെ പിന്തുണയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.