27 April 2024, Saturday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

ലണ്ടനിലെ ഇന്ത്യാ ക്ലബ്ബ് ഇന്ന് അടച്ചുപൂട്ടും

web desk
September 17, 2023 3:00 am

ഇന്ത്യയിലെ സ്വാതന്ത്ര്യ സമരകാലത്ത് ദേശീയവാദികളുടെ കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായ ലണ്ടനിലെ ഇന്ത്യാ ക്ലബ്ബിന് ഇന്ന് താഴുവീഴും. സ്ഥാപനം നിലനിര്‍ത്താനായി നീണ്ടകാലത്തെ നിയമപോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കൂടുതൽ ആധുനികവൽക്കരിച്ച ഹോട്ടൽ നിർമ്മിക്കാന്‍ ക്ലബ്ബിന് ഭൂവുടമകള്‍ നോട്ടീസ് നല്‍കിയിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് കെട്ടിടം പൊളിക്കാനുള്ള ശ്രമം നടന്നെങ്കിലും നിയമപോരാട്ടത്തിലൂടെ തടയുകയായിരുന്നു.

‘സേവ് ഇന്ത്യ ക്ലബ്ബ്’ ക്യാമ്പയിനിലൂടെ ക്ലബ് നിലനിർത്താനുള്ള ശ്രമവും ഉടമസ്ഥരായ യാദ്ഗർ മാർക്കറും മകൾ ഫിറോസയും നടത്തി. ബ്രിട്ടനിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തിയ ഇന്ത്യ ലീഗ് നേതാക്കള്‍ക്ക് ക്ലബ്ബുമായി അടുത്തബന്ധമുണ്ടായിരുന്നു. യുകെയിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മിഷണറായ കൃഷ്ണമേനോൻ ഉൾപ്പെടെയുള്ളവർ സ്ഥാപക അംഗങ്ങളാണ്.

1946 മുതൽ പ്രവർത്തിക്കുന്ന ക്ലബ് 26 മുറികളുള്ള സ്ട്രാൻഡ് കോണ്ടിനന്റൽ ഹോട്ടലിന്റെ ഒന്നാം നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യൻ റസ്റ്റാറന്റുകളിൽ ഒന്ന് സ്ഥിതിചെയ്തിരുന്നതും ഇവിടെയാണ്. മിതമായ നിരക്കിൽ ലളിതവും നല്ല നിലവാരമുള്ളതുമായ ഇന്ത്യൻ ഭക്ഷണവും സൗഹൃദം നിലനിർത്താനുള്ള സുഖപ്രദമായ അന്തരീക്ഷവുമാണ് ഇവിടത്തെ ആകര്‍ഷണം. ദശാബ്ദങ്ങളായി ഇന്ത്യൻ വംശജരായ ലണ്ടനുകാരുടെയും  ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെയും പത്രപ്രവർത്തകരുടെയും വിനോദസഞ്ചാരത്തിനെത്തുന്നവരുടെയും ലണ്ടനിലെ സ്വന്തം വീടായിരുന്നു.

ഈ അടച്ചുപൂട്ടല്‍ നടപടി വേദനിപ്പിക്കുന്നതാണെന്നാണ് ഇന്ത്യന്‍ വംശജര്‍ ഒരേസ്വരത്തോടെ പറയുന്നത്. ദുഃഖകരമായ ഈ വാര്‍ത്തയറിഞ്ഞ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ ജനത്തിരക്കാണ് ഇന്ത്യാ ക്ലബിലുണ്ടായത്. ഇന്ത്യാ ക്ലബിന്റെ സമാന അന്തരീക്ഷം സമ്മാനിക്കുന്ന ബദല്‍ ഇടത്തിനായുള്ള ശ്രമത്തിലാണിപ്പോഴെന്ന് മാനേജർ ഫിറോസ മാർക്കർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

70 വർഷത്തിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനൊപ്പം, ഇന്ത്യൻ സ്വാതന്ത്ര്യ നായകന്മാരായ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഛായാചിത്രങ്ങൾക്കൂടിയാണ് ഇന്നിവിടെനിന്ന് അഴിച്ചുമാറ്റപ്പെടുകയാണ്.

Eng­lish Sam­mury: India Club, a his­toric Lon­don cur­ry house with links to Indi­a’s free­dom strug­gle, will close its doors for the last time on Sunday

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.