8 July 2024, Monday
KSFE Galaxy Chits

ജനവിരുദ്ധ കോർപറേറ്റ്‌വൽക്കൃത നിയമങ്ങൾ

സത്യന്‍ മൊകേരി
വിശകലനം
July 5, 2024 7:48 pm

രാജ്യം ആശങ്കയോടെ കണ്ടിരുന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ജൂലെെ ഒന്നിന് നിലവിൽ വന്നു. പാർലമെന്റിൽ ആവശ്യമായ ചർച്ചകൾ കൂടാതെയാണ് രാജ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന മൂന്ന് നിയമങ്ങളും പാസാക്കിയത്. ക്രിമിനൽ നിയമങ്ങൾ പോലെ ഏറെ പ്രധാനപ്പെട്ട നിയമങ്ങൾ പാസാക്കുമ്പോൾ ഭരണകൂടം പാലിക്കേണ്ട ഗൃഹപാഠവും പാർലമെന്ററി നടപടിക്രമവും ഒന്നും പിന്തുടരാൻ നരേന്ദ്ര മോഡി സർക്കാർ തയ്യാറായില്ല. നിയമം പാസാക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനെതിരെ ബില്ല് അവതരിപ്പിച്ച് സംസാരിച്ച ആഭ്യന്തരവകുപ്പ് മന്ത്രി ഏറെ ധാർഷ്ട്യത്തോടെയാണ് സമീപിച്ചത്.
1960ലെ ഇന്ത്യൻ ശിക്ഷാനിയമം, 1973ലെ ക്രിമിനൽ നടപടിച്ചട്ടം, 1872ലെ തെളിവ് നിയമം ഇവ സമഗ്രമായി പരിശോധിച്ചാണ് പുതിയ നിയമത്തിന് രൂപം നൽകിയത് എന്നാണ് അമിത് ഷായും നരേന്ദ്ര മോഡിയും വിശദീകരിക്കുന്നത്. നിയമത്തിൽ ധൃതിപിടിച്ച് ഭേദഗതി വരുത്തുന്നതിനെതിരെ ശക്തമായ വിയോജിപ്പാണ് പ്രതിപക്ഷവും നിയമവൃത്തങ്ങളും ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വിമർശനവും വിയോജിപ്പും പരിഗണിക്കാൻ കേന്ദ്രം തയ്യാറായില്ല. സ്റ്റീം റോളർ ഉരുട്ടി മുന്നോട്ടുപോകുന്നതിനാണ് ബിജെപി തയ്യാറായത്.
ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ തന്നെ രാജ്യത്ത് ഇതുസംബന്ധമായി വിശദമായ ചർച്ചകൾ ആവശ്യമാണെന്ന പൊതുഅഭിപ്രായം നിയമ വിദഗ്ധരും അഭിഭാഷക ലോകവും ഉയർത്തിയിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ധൃതിപിടിച്ച് നിയമം പാസാക്കുന്നതിനെതിരായി രംഗത്തുവന്നിരുന്നു. അറിയപ്പെടുന്ന ഭരണഘടനാ നിയമവിദഗ്ധരും സർക്കാരിന്റെ നീക്കത്തിനെതിരായി പരസ്യമായിത്തന്നെ മുന്നോട്ടുവന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ലോക്‌സഭയിൽ ഉരുക്കുമുഷ്ടി പ്രയോഗം നടത്തി ബില്ല് പാസാക്കിയത്. 

ധൃതിപിടിച്ച് ബില്ല് പാസാക്കുന്നതിനോട് വിയോജിച്ച 146 പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ നിന്ന് പുറത്താക്കി സർക്കാർ മുന്നോട്ടുപോയി. ലോക്‌സഭയിലും രാജ്യസഭയിലും ജനാധിപത്യം അട്ടിമറിച്ച് പ്രതിപക്ഷാംഗങ്ങളെ പുറത്താക്കുവാൻ നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും ഒരു മടിയുമില്ലായിരുന്നു. പുറത്താക്കപ്പെട്ട പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന് പുറത്ത് പ്രതിഷേധം ഉയർത്തുകയായിരുന്നു. അപ്പോഴാണ് ബില്ല് പാസാക്കുന്നതിനായി തത്രപ്പെട്ട് സർക്കാർ മുന്നോട്ടുപോയത്. ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയുടെ ശവക്കുഴി തോണ്ടുന്ന നടപടിയായി ലോകമെങ്ങുമുള്ള ജനാധിപത്യവാദികൾ ഇതിനെ വിമർശിച്ചു. എന്തിനാണ് ഇത്രയും ധൃതിപിടിച്ച് ഇന്ത്യൻ ശിക്ഷാനിയമവും ഇന്ത്യൻ തെളിവ് നിയമവും ക്രിമിനൽച്ചട്ടവും ഭേദഗതി ചെയ്തത് എന്ന ചോദ്യത്തിന് നരേന്ദ്ര മോഡിക്കോ അമിത് ഷായ്ക്കോ വിശദീകരണം നൽകാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ പീനൽ ‍കോഡിന്റെ പേര് മാറ്റി ഭാരതീയ ന്യായസൻഹിത എന്നും ക്രിമിനൽ ചട്ടം ഭാരതീയ നാഗരിക സുരക്ഷാ സൻഹിത എന്നും ഇന്ത്യൻ തെളിവ് നിയമം ഭാരതീയ സാക്ഷി അധിനീയം എന്നുമാണ് മാറ്റം വരുത്തിയത്. ഇത്തരത്തിലുള്ള മാറ്റം സംബന്ധമായി നിയമമേഖലയിലുള്ളവർക്കോ പൗരസമൂഹത്തിലോ, കുറ്റാന്വേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ആവശ്യമായ അറിവ് ഇതുവരെ ഉണ്ടായിട്ടില്ല. മതിയായ പരിശീലനം അവർക്ക് ലഭിച്ചിട്ടില്ല. ആവശ്യമായ ചർച്ചകൾ സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽ ഉയർത്തിക്കൊണ്ടുവരുവാൻ സർക്കാർ തയ്യാറായില്ല. അവരുടെ അഭിപ്രായം വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. നിയമജ്ഞരുടെയും അഭിഭാഷകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളും പരിഗണിച്ചില്ല.
പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടാൻ സർക്കാർ തയ്യാറാകേണ്ടതായിരുന്നു. നൂറ്റാണ്ടുകളോളം രാജ്യത്ത് നിലനിന്ന, ജനങ്ങളെയാകെ ബാധിക്കുന്ന നിയമത്തിൽ മാറ്റം വരുത്തുമ്പോൾ പൗരസമൂഹത്തെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഏകാധിപതികളായ ഭരണകർത്താക്കൾക്ക് അതിന് ഒരിക്കലും കഴിയുമായിരുന്നില്ല. പൗരസമൂഹത്തിൽ വിശദമായ ചർച്ചയ്ക്ക് ഇടം നൽകിയിരുന്നെങ്കിൽ ജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ അവസരം ലഭിക്കുമായിരുന്നു. അത്തരമൊരു കാഴ്ചപ്പാട് ഏകാധിപത്യ ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. 

പുതിയ നിയമം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് ശക്തമായ കൂച്ചുവിലങ്ങിടലാകുമെന്ന് നിയമവിദഗ്ധർ ഇതിനകം തന്നെ ഉന്നയിച്ചിട്ടുണ്ട്. എഫ്ഐആർ ചുമത്തി പൊലീസ് കസ്റ്റഡിയിൽ വയ്ക്കുവാനുള്ള പരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജനാധിപത്യ അവകാശത്തിനായി ശബ്ദം ഉയർത്തുന്നവരെ നിശബ്ദമാക്കാന്‍ ലക്ഷ്യം വച്ചാണ് ഭേദഗതി എന്ന് വ്യക്തമാണ്. പൗരന്മാരുടെ മുകളിൽ ചുമത്തുന്ന രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി എടുത്തുമാറ്റിയെങ്കിലും പുതിയ രൂപത്തിൽ അത് അടിച്ചേല്പിക്കുവാൻ പുതിയ നിയമത്തിലൂടെ നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും കഴിയുമെന്ന ആശങ്ക നിയമമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജനവിരുദ്ധ നിയമത്തിനെതിരായി രാജ്യത്ത് വിവിധ മേഖലകളിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. നിയമവിദഗ്ധർ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അതാണ് വ്യക്തമാക്കുന്നത്. വ്യക്തികളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയും നാട്ടിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും ക്രിമിനൽ കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുകയുമാണ് നിയമങ്ങളുടെ ലക്ഷ്യം. എന്നാൽ ഒരു മർദക ഭരണകൂടത്തിന് പ്രജകളെ എങ്ങനെ ഭയപ്പെടുത്തി വരുതിയിൽനിർത്താം എന്നതായിരുന്നു ബ്രിട്ടീഷുകാരുണ്ടാക്കിയ ക്രിമിനൽ നിയമങ്ങളുടെ ലക്ഷ്യം. അതേ ലക്ഷ്യമാണ് മോഡി സർക്കാർ നടപ്പാക്കിയ പുതിയ ക്രിമിനൽ നിയമത്തിനുമുള്ളതെന്ന് സംശയിക്കാവുന്നതാണ് പല വകുപ്പുകളും. ‘ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന ഏത് കുറ്റകൃത്യവും കടുത്ത ശിക്ഷാർഹമാണെ’ന്ന് ഭാരതീയ ന്യായ് സൻഹിതയിലെ 150-ാം വകുപ്പ് പറയുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് ഉദ്ദേശ്യമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഭരണകൂടത്തിനെതിരായ വിമർശങ്ങളെയും വിയോജിപ്പുകളെയും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിയമജ്ഞർ പങ്കുവയ്ക്കുന്നത്.
രാജ്യത്തെ മൗലികമായ നിയമങ്ങളെയെല്ലാം കോർപറേറ്റ് മൂലധന ശക്തികളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തുക എന്നത് നരേന്ദ്ര മോഡി അധികാരത്തിൽ വന്നതുമുതൽ ആരംഭിച്ചതാണ്. തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തതും കാർഷികമേഖലയിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നതും വിദ്യാഭ്യാസ മേഖലയുൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നതും കോർപറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയാണ്. ഇതിനെതിരെ ജനങ്ങൾ ഉണരുന്നതാണ് രാജ്യത്ത് കാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.