18 December 2024, Wednesday
KSFE Galaxy Chits Banner 2

അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?

വർത്തമാനം
കുരീപ്പുഴ ശ്രീകുമാർ
October 27, 2022 5:00 am

സ്ത്രീധന നിരോധന നിയമംകൊണ്ട് സ്ത്രീധനം ഇല്ലാതാക്കാൻ സാധിച്ചില്ലല്ലോ. ആ വാദം കഴമ്പുള്ളതാണ്. എന്നാൽ സമീപകാലത്തുണ്ടായ മുഴുവൻ സ്ത്രീധന കൊലപാതകങ്ങളും കേവലം ആത്മഹത്യ ആകാതെയിരുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ആ നിയമമാണ്. മാത്രമല്ല. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്നൊരു ധാരണ ജനങ്ങളിലുണ്ടാക്കാൻ ആ നിയമം കാരണമായി. അന്വേഷണങ്ങൾ ഊർജിതമാക്കാൻ പൊലീസ് സേനയെ സഹായിച്ചു. നിയമവ്യവസ്ഥയ്ക്ക് സംശയരഹിതമായി കുറ്റവാളിയെ ശിക്ഷിക്കുവാനും അതുകൊണ്ട് സാധിക്കുന്നു. ജനാധിപത്യ ക്രമത്തിൽ നിയമത്തിനു വലിയ പ്രാധാന്യവും സാധ്യതയുമാണുള്ളത്.
കൊല്ലം ജില്ലയിലെ തൊടിയൂരിൽ നടന്ന ജിന്നുവേട്ടക്കൊലപാതകത്തിലെ പ്രധാന പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നല്കുവാൻ മരണമടഞ്ഞ യുവതിയുടെ ബന്ധുക്കൾ ആദ്യം തയാറായില്ല. ഏതു നിയമവ്യവസ്ഥയെക്കാളും പ്രധാനം മതമാണെന്ന് കരുതുന്നവർ അങ്ങനെ കുറ്റവാളിയെ മറച്ചുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവിടെ കൊലചെയ്യപ്പെട്ട നിരപരാധിക്ക് തുണയായി നിൽക്കുന്നത് നിയമമാണ്.


ഇതുകൂടി വായിക്കൂമധുരമനോഹര മനോജ്ഞ മര്‍ദ്ദനം!


ആത്യന്തികമായി ജനങ്ങളുടെ ജ്ഞാനമണ്ഡലത്തിൽ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും മാനുഷികതയുടെയും വസന്തം ഉണ്ടായെങ്കിൽ മാത്രമേ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതുമൂലം സംഭവിക്കുന്ന നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങളെയും ഉന്മൂലനം ചെയ്യാൻ സാധിക്കുകയുള്ളൂ.
അത്തരം ശ്രദ്ധയുണ്ടായാലുടൻ തന്നെ മതങ്ങളും വോട്ടുബാങ്കുകളും ഇടപെടുകയും ബോധവല്ക്കരണ പ്രവർത്തനങ്ങളിൽ നിന്നും സര്‍ക്കാർ അടക്കമുള്ള കക്ഷികൾ പിൻമാറുകയും ചെയ്യും. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിലവിലുള്ള അന്ധവിശ്വാസം സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്ത പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കോ കേന്ദ്രത്തിലെ ഭരണകക്ഷിക്കോ ഇക്കാര്യത്തിൽ പുരോഗമനപരമായ നിലപാട് സ്വീകരിക്കാൻ കഴിയില്ല. പിന്നേയും പിന്നേയും നമ്മുടെ പ്രതീക്ഷകൾ ഹൃദയപക്ഷത്തേക്ക് കണ്ണയക്കുകയാണ്.


ഇതുകൂടി വായിക്കൂ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ യോജിക്കണം


മലയാലപ്പുഴയിലെ ദുർമന്ത്രവാദിനിയെ തടവറയിലാക്കാൻ കഴിഞ്ഞത്, ഇടതുപക്ഷ യുവതയുടെ ശ്രദ്ധ മൂലമാണ്. അറസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ ദുർമന്ത്രവാദിനിക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി യാഥാസ്ഥിതിക കക്ഷികളുമെത്തി. അവരുടെ പ്രച്ഛന്നവേഷ പ്രകടനം ചിന്തിക്കുന്നവരെ ചിരിപ്പിക്കുക തന്നെ ചെയ്തു. ജനങ്ങൾ ദുർമന്ത്രവാദ കേന്ദ്രത്തെ തിരിച്ചറിഞ്ഞു എന്നു വന്നപ്പോഴാണ് യാഥാസ്ഥിതിക കക്ഷികൾ പ്ലേറ്റ് മാറ്റിയത്.
ദുർമന്ത്രവാദത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്രധബോൽക്കർ, മഹാരാഷ്ട്രാ സർക്കാരിന് മുന്നിൽ സമർപ്പിച്ച ബില്ലാണ് ഇക്കാര്യത്തിൽ മറ്റ് സർക്കാരുകൾക്കും മാതൃകയായത്. കേരളത്തിൽ ദുർമന്ത്രവാദക്കൊലകൾ അടിക്കടിയുണ്ടായ 2014ൽ കേരളത്തിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ബില്ലു തയാറാക്കി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയും ആ മന്ത്രിസഭയിലെ ആഭ്യന്തര‑നിയമ മന്ത്രിമാരെയും നേരിട്ട് ഏല്പിച്ചതാണ്. ഭരണവ്യവസ്ഥയുടെ ബർമുഡാ ട്രയാംഗിളിലേക്ക് എറിയപ്പെട്ട ആ ആശയം പിന്നീടുവന്ന സർക്കാരിന് മുന്നിലുമെത്തി. കെ ഡി പ്രസേനൻ, പി ടി തോമസ് എന്നീ അംഗങ്ങൾ ഈ വിഷയം നിയമനിർമ്മാണ സഭയിൽ ഉന്നയിച്ചു. ഉത്തരവാദപ്പെട്ടവരുടെ ഉദാസീനത കേരളത്തെ നരബലിയിലെത്തുന്നതിന് സഹായിച്ചിരിക്കയാണ്.
ഭീതിദമായ ഈ അവസരത്തിലെങ്കിലും അടിയന്തര നിയമനിർമ്മാണം ആവശ്യമാണ്. നേരത്തെ സമർപ്പിച്ച ബില്ലിൽ ഇരുപത്തിരണ്ടു കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ മന്ത്രവാദിയെന്നാരോപിച്ച് ഒരാളെ മർദ്ദിക്കുന്നതും അയാളുടെ ദൈനംദിന ജീവിതത്തിനു തടസം നിൽക്കുന്നതും എല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. അതായത് സമ്പൂര്‍ണ മനുഷ്യസ്നേഹത്തിന്റെ മഷികൊണ്ടാണ് ആ ബില്ലെഴുതിയുണ്ടാക്കിയത്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഉന്നതമൂല്യബോധത്തിന്റെ അടിസ്ഥാനത്തിൽ.


ഇതുകൂടി വായിക്കൂഅന്ധവിശ്വാസം വാഴുന്ന രാജ്യത്തെ മനുഷ്യക്കുരുതികൾ


ഇനിയും വൈകരുത്. കേരളം, അന്ധവിശ്വാസങ്ങള്‍‌ക്കും അനാചാരങ്ങ‌ള്‍ക്കും എതിരെയുള്ള നിരവധി സാംസ്കാരിക പോരാട്ടങ്ങളിലൂടെയാണ് ഉന്നതവിദ്യാഭ്യാസം നേടിയവരുടെ പട്ടികയിലെത്തിയത്. നരബലിയോളമെത്തിയിട്ടുള്ള അന്ധവിശ്വാസങ്ങൾ കേരളത്തെ അപമാനത്തിന്റെ പടുകുഴിയിൽ വീഴ്ത്തിയിരിക്കയാണ്.
നിയമനിർമ്മാണത്തോടൊപ്പം ശ്രദ്ധയോടെയുള്ള ബോധവല്ക്കരണവും ആവശ്യമാണ്. ജിന്നും ചെകുത്താനും ബാധയും കോതയുമെല്ലാം പിടികൂടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. കുടുംബശ്രീ യൂണിറ്റുകൾ മുഖേന ശരിയായ ആശയപ്രചാരണം നടത്താവുന്നതാണ്. പാഠ്യപദ്ധതി ആ രീതിയിൽ പരിഷ്കരിക്കേണ്ടതുണ്ട്. ഗൃഹസദസുകളും ലൈബ്രറി അങ്കണ സദസുകളും നടത്തേണ്ടതുണ്ട്. ഇതിലൊക്കെ പ്രധാനം രണ്ടു ജോടി ചെരുപ്പുകൾ ഇട്ടുകൊണ്ടുള്ള നമ്മുടെ ജീവിതമാണ്. അകത്തിടാൻ മതച്ചെരുപ്പും പുറത്തണിയാൻ മതേതര ചെരുപ്പും. മതച്ചെരുപ്പാണ് അന്ധവിശ്വാസത്തിന്റെ ആണി തറയ്ക്കാൻ നമ്മുടെ കാലുകളെ ചതിക്കുന്നത്. മതങ്ങൾ നരബലിയടക്കം ദൈവപ്രീതിക്ക് വേണ്ടി എന്തും സമർപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. യോനീപൂജയും, ദേവദാസീ സമ്പ്രദായവും, കുമ്പളങ്ങാബലി മുതൽ സ്ത്രീബലിയും ശിശുബലിയും വരെ മതങ്ങളുടെ സംഭാവനകളാണ്. അതാണ് ഒഴിവാക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.