15 July 2025, Tuesday
KSFE Galaxy Chits Banner 2

കുട്ടികളില്‍ ആന്റിബയോട്ടിക് പ്രതിരോധശേഷി: ഫലപ്രാപ്തി കുറയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 11, 2023 10:49 pm

കുട്ടികളില്‍ കണ്ടുവരുന്ന സാധാരണരോഗങ്ങള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമായേക്കില്ലെന്ന് പഠനം. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷി കൈവരിച്ചതാണ് ഇതിനുകാരണമായി ലാന്‍സെറ്റ് വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയയില്‍ സിഡ്നി സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി പരിഷ്കരിക്കണമെന്നും ഗവേഷകര്‍ പറയുന്നു. 2013ലാണ് ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത്. 

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ന്യുമോണിയ, രക്തദൂഷ്യവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, മെനിഞ്ചൈറ്റിസ് എന്നിവയ്ക്ക് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിരിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് അമ്പത് ശതമാനത്തില്‍ താഴെ ഫലപ്രാപ്തി മാത്രമാണുള്ളതെന്നും പഠനത്തില്‍ പറയുന്നു.
മനുഷ്യരാശി നേരിടുന്ന പത്ത് പ്രധാന ആരോഗ്യഭീഷണികളില്‍ ഒന്നായാണ് മരുന്നുകളോടുള്ള പ്രതിരോധത്തെ (എഎംആര്‍) ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ലോകത്ത് 30 ലക്ഷം നവജാത ശിശുക്കളിലാണ് രക്തദൂഷ്യം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 5.7 ലക്ഷം കുട്ടികള്‍ രോഗബാധിതരായി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധമാണ് രോഗം മൂര്‍ച്ഛിക്കുന്നതിനുള്ള പ്രധാനകാരണമായി കണ്ടെത്തിയിട്ടുള്ളത്. 11 രാജ്യങ്ങളില്‍ നിന്നായി 6648 ബാക്ടീരിയകള്‍ പരിശോധിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. ചൈനയിലും ഇന്ത്യയിലുമാണ് പ്രധാനമായും പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. 

ആന്റിബോഡികള്‍ക്കെതിരായ പ്രതിരോധം വളരെ വേഗത്തിലാണ് വര്‍ധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഫോബി വില്യംസ് പറഞ്ഞു. കുട്ടികളിലെ ഗുരുതരമായ രോഗബാധകള്‍ ഭേദമാക്കാന്‍ കഴിയുന്ന ഫലപ്രാപ്തിയുള്ള മരുന്നുകളില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഓക്സ്ഫോ‍ഡ് സര്‍വകലാശാല പ്രൊഫസര്‍ പോള്‍ ടര്‍ണര്‍ പറഞ്ഞു. എഎംആറില്‍ ഉള്‍പ്പെടെ വരുന്ന മാറ്റങ്ങള്‍ യഥാക്രമം അപഗ്രഥിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിക്കുന്നതിനും ആവശ്യമായ ലാബ് സൗകര്യങ്ങള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Antibi­ot­ic resis­tance in chil­dren: reduced efficacy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.