സംസ്ഥാനത്ത് ജന സംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ‘ശൈലി ആപ്പ്’ എന്ന ഒരു മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. സംസ്ഥാന ആരോഗ്യ വകുപ്പ് നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയായ പോപ്പുലേഷൻ ബേസ്ഡ് സ്ക്രീനിംഗ് അഥവാ വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന ഹേതുക്കളെ കുറിച്ചുമുള്ള വിവര ശേഖരണം നടത്തുന്നതിന് ആശ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് ക്രോഡീകരിക്കാനാണ് ഇ‑ഹെൽത്ത് വഴി ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ, ക്യാൻസറുകൾ എന്നിവയെകുറിച്ചുള്ള വിവിരണ ശേഖരണമാണ് പ്രാഥമികമായി ഈ ആപ്പ് വഴി നടത്തുന്നത്. ഈ രോഗങ്ങളോടൊപ്പം ഈ രോഗങ്ങളിലേക്ക് നയിക്കുന്ന ജീവിതചര്യകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ ആരോഗ്യ നിലവാരത്തെ കുറിച്ചുള്ള ഒരു സ്കോറിംഗ് നടത്തുകയും സ്കോർ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീ രോഗപരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുവാൻ നിർദ്ദേശിക്കുകയും ചെയ്യും.
ഓരോ ആശപ്രവർത്തകയും അവരുടെ നിയന്ത്രണത്തിലുള്ള എല്ലാ വീടുകളും സന്ദർശിച്ച് ഡേറ്റ എൻട്രി നടത്തുന്നതാണ്. ഇതിനായി ആശപ്രവർത്തകർക്ക് ഒരു ഇൻസെന്റീവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. ആശ പ്രവർത്തകർ വിവരശേഖരണം നടത്തി കഴിയുമ്പോൾ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുന്നതാണ്.
ഓരോ പഞ്ചായത്തിലെയും ആരോഗ്യ വിവരങ്ങൾ അവിടത്തെ മെഡിക്കൽ ഓഫീസർക്ക് ലഭിക്കുന്നതോടൊപ്പം ജില്ലാതല വിവരങ്ങൾ ജില്ലാ നോഡൽ ഓഫീസർക്കും സംസ്ഥാനതല വിവരങ്ങൾ സംസ്ഥാന നോഡൽ ഓഫീസർക്കും അവരുടെ ഡാഷ് ബോർഡിൽ കാണാൻ സാധിക്കുന്നതാണ്. ഇതിലൂടെ പ്രാദേശികമായിട്ടും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാർത്ഥകണക്ക് ലഭ്യമാകുന്നതാണ്. ഇത് ജീവിതശൈലീ രോഗ നിയന്ത്രണത്തിനും ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ഏറെ സഹായകരമാകുന്നതാണ്.
English summary; App for diagnosis and control; Minister Veena George
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.