കേന്ദ്ര പദവികളിലേക്ക് നടത്തുന്ന നിയമനങ്ങളിൽ സംസ്ഥാന ഘടകത്തെ കാഴ്ചക്കാരാക്കുന്ന പതിവ് ആവർത്തിച്ച് ബിജെപി ദേശീയ നേതൃത്വം. നിരന്തരമായ അവഗണനയ്ക്കെതിരെ പരാതിപ്പെടാൻ പോലും കഴിയാത്തവിധം വിഷമ വൃത്തത്തിലാണ് കേരള നേതൃത്വം. ഗവർണർ, കേന്ദ്രമന്ത്രി, രാജ്യസഭാംഗം തുടങ്ങിയ പദവികളിലേക്ക് കേരളത്തിൽ നിന്ന് താല്പര്യമുള്ളവരെ നിശ്ചയിക്കുമ്പോൾ അവരെ ഗോപ്യമായി കാലേക്കൂട്ടി അറിയിക്കുകയും വിവരം സംസ്ഥാന ഘടകത്തിൽ നിന്ന് മറച്ചുവയ്ക്കുകയുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പതിവ്. കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള, സി വി ആനന്ദബോസ് എന്നിവർ ഗവർണർമാരായതും അൽഫോൻസ് കണ്ണന്താനവും ഒ രാജഗോപാലും പി സി തോമസും വി മുരളീധരനും കേന്ദ്രമന്ത്രിമാരായതും സുരേഷ് ഗോപി, പി ടി ഉഷ എന്നിവർ രാജ്യസഭാംഗങ്ങളായതും പത്ര‑ദൃശ്യ മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് സംസ്ഥാന ഘടകം അറിയുന്നത്.
തങ്ങളെ താറടിച്ചു കാട്ടി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകി, കേരള നേതാക്കൾക്ക് തീർത്തും അനഭിമതനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സി വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയോഗിച്ച നടപടിയാണ് ഇപ്പോൾ ഇവരെ ഞെട്ടിച്ചത്. ചുമതലയേറ്റതിനു പിന്നാലെ, ഒരു മലയാള പത്രത്തിനു നൽകിയ അഭിമുഖത്തിൽ ആനന്ദബോസ്, കേരള ബിജെപിയെ നന്നായി കശക്കുകയും ചെയ്തു. ഒരു സന്ധിക്കല്ല, പോരിനാണ് തന്റെ ഉദ്ദേശ്യമെന്ന് പ്രഖ്യാപിക്കും മട്ടിലായിരുന്നു അത്. അഭിമുഖത്തോടെ സംസ്ഥാന പാർട്ടിയുടെ നിരാശയും ധർമ്മസങ്കടവും ഇരട്ടിച്ചു.
‘കേരളത്തിലെ പാർട്ടിക്ക് എന്തു സംഭവിച്ചു, എങ്ങനെ കരകയറാം എന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ അത് സംബന്ധിച്ച് ഒരു പ്രൊഫഷണൽ റിപ്പോർട്ടാണ് ഞാൻ കൊടുത്തത്. അതിൽ ചില തലകളൊക്കെ ഉരുളാം. ചിലരുണ്ടല്ലോ, എന്റെ തല വെട്ടും എന്നുപറഞ്ഞ് നടക്കുന്നവർ. ആ തലകൾ വെട്ടപ്പെട്ടും. അതാരുടെ തലകൾ എന്നു ചോദിച്ചാൽ, ആ റിപ്പോർട്ടിനെതിരെ ആരൊക്കെ പറഞ്ഞോ അവരുടെയൊക്കെത്തന്നെ’. ആനന്ദബോസിന്റെ ധാർഷ്ട്യം നിറഞ്ഞ ഈ വാക്കുകളാണ് സംസ്ഥാന ബിജെപി നേതാക്കൾക്ക് അസഹ്യമായിട്ടുള്ളത്. അഭിമുഖം സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതില്‍ ബിജെപിയുടെ അണികളും സജീവമാണ്.
English Summary:Appointments in central posts made by BJP state leadership
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.