25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്കാരം എം എം വിനയന്

Janayugom Webdesk
ആറാട്ടുപുഴ
January 11, 2022 9:17 am

ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചു എല്ലാ വർഷവും നൽകി വരുന്ന ശ്രീശാസ്താ പുരസ്കാരം ഫോട്ടോഗ്രാഫർ എം എം വിനയന് സമ്മാനിക്കും. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മുപ്പതിലേറെ വർഷമായി ക്ഷേത്രത്തിന്റെ ആണ്ടു വിശേഷങ്ങളും പൂരക്കാലവും അനശ്വരമാക്കുന്നതിൽ വഹിച്ച മികച്ച പങ്കാണ് ഇദ്ദേഹത്തെ പുരസ്ക്കാരത്തിനർഹനാക്കിയത്.

പൂരത്തിന്റെ കൊടിയേറ്റ ദിവസമായ മാർച്ച് 10 ന് വൈകീട്ട് 6 ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പുരസ്കാരം സമർപ്പിക്കും. ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ഭരണ സമിതി യോഗമാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മണപ്പെട്ടി പുതുക്കുളം മാധവന്റേയും അരുമ്പുള്ളി പാർവ്വതിയുടേയും മകനായി കൊല്ലവർഷം 1136 മീന മാസത്തിലെ ഉത്രം നാളിലാണ് വിനയൻ ജനിച്ചത്. 15 വയസ്സിൽ സഹോദരൻ സോമന്റെ ഉടമസ്ഥതയിൽ ഇരിങ്ങാലക്കുട സിനി സ്റ്റുഡിയോയിൽ നിന്നും ഫോട്ടോഗ്രാഫിയുടെ ആദ്യ പാഠങ്ങൾ പഠിച്ചു. ഈ രംഗത്ത് സോമന്റെ പ്രവർത്തന നൈപുണ്യം തന്നെയാണ് വിനയനെ ഫോട്ടോഗ്രാഫിയിലേക്ക് ആകർഷിച്ചത്. സോമൻ വിനയന് സഹോദരൻ മാത്രമല്ല, ഗുരുനാഥൻ കൂടിയാണ്. തനിമ പോലെയുള്ള നിരവധി സാംസ്കാരിക പരിപാടികളുടെ സ്ഥിരം ഫോട്ടോഗ്രാഫറായ വിനയന് ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കാൻ സാധിച്ചത് സഹോദരൻ നൽകിയ പ്രചോദനമാണ്. ഈ പ്രോത്സാഹനം തന്നെയാണ് ഇതിനകം ആറായിരത്തിലധികം വിവാഹങ്ങളുടെ ചിത്രങ്ങൾ പകർത്താൻ തനിക്ക് അവസരം ലഭിക്കാനിടയാക്കിയതെന്നും വിനയാന്വിതനായ വിനയൻ ഉറച്ചു വിശ്വസിക്കുന്നു. 1988 ൽ കരുവന്നൂരിൽ ഫോട്ടോ ഹൗസ് എന്ന സ്ഥാപനം തുടങ്ങുകയും പിന്നീട് കാവ്യ സ്റ്റുഡിയോ എന്ന് പേര് മാറ്റുകയും ചെയ്തു. ആ വർഷം മുതൽ ആറാട്ടുപുഴ ക്ഷേത്രത്തിന്റെ ഫോട്ടോഗ്രാഫറായി.

ദൃശ്യ മാധ്യമങ്ങളിലൂടെ ആറാട്ടുപുഴ പൂരത്തിന് കൂടുതൽ പ്രചാരം ലഭിക്കാൻ വിനയന്റെ സേവനം വളരെയധികം ഉപകരിച്ചിട്ടുണ്ട്. കൊടാക്ക് എക്സലന്റ് അവാർഡ്, സംസ്ഥാനതലത്തിൽ എ.കെ.പി.എ വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി അവാർഡ്, ആറാട്ടുപുഴ പൂരം ഫോട്ടോഗ്രാഫി മത്സരത്തിലെ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൊരുമ്പിശ്ശേരി മുതലക്കുളം വീട്ടിൽ സിന്ധുവാണ് സഹധർമ്മിണി. കാവ്യ ശരത്, ദേവദർശ് വിനയൻ എന്നിവർ മക്കളും. ഇരിങ്ങാലക്കുടക്ക് സമീപം പൊറത്തിശ്ശേരി ഗ്രാമത്തിലാണ് താമസം.

Eng­lish Sum­ma­ry: Arat­tupuzha Sree Sastha Award MM Vinayan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.