25 December 2024, Wednesday
KSFE Galaxy Chits Banner 2

സ്വതന്ത്ര ചിന്തയുടെ ആലയങ്ങളാവണം കലാശാലകള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
July 10, 2024 4:45 am

നാധിപത്യം നിലനില്ക്കുന്ന ഏതൊരു രാജ്യത്തിന്റെയും ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അവിടെ ശാസ്ത്ര, സാഹിത്യ, ചരിത്ര മേഖലകളിലെല്ലാം തന്നെ സ്വതന്ത്ര ചിന്തയുടെയും അറിവിന്റെയും ഔന്നത്യങ്ങള്‍ കീഴടക്കുന്ന കലാലയങ്ങളും സര്‍വകലാശാലകളുമുണ്ട്. പ്രാചീന ഭാരതത്തിലെ നളന്ദയും തക്ഷശിലയും യവനകാലത്തെ അലക്സാന്‍ഡ്രിയയും ഇന്ന് നമ്മുടെ മുന്നിലുള്ള ഓക്സ്ഫഡും കേംബ്രിഡ്ജും ലീഡ്സും ജെഎന്‍യുവുമൊക്കെ ഇത്തരത്തില്‍ അറിവിന്റെ സുഗന്ധം പരത്തുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. പ്രാചീന ഭാരതത്തില്‍ നളന്ദയിലും തക്ഷശിലയിലും മറ്റും അനേക വര്‍ഷം പഠനം നടത്തി സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയവര്‍ അവിടങ്ങളില്‍ സ്ഥാപിച്ച വിദ്യാപീഠങ്ങളാണ് തര്‍ക്കശാസ്ത്രവും ഭൗമശാസ്ത്രവും ജ്യോതിശാസ്ത്രവും ആയുര്‍വേദവുമെല്ലാം പ്രചരിപ്പിച്ചത്.
ലോകത്തിലെ ആദ്യ സര്‍വകലാശാല ഇന്ന് പാകിസ്ഥാനില്‍ ഉള്‍പ്പെട്ട തക്ഷശിലയിലാണ്. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളും രണ്ടായിരത്തോളം അധ്യാപകരും ഉണ്ടായിരുന്നുവത്രെ അവിടെ. വിവിധ വിജ്ഞാന ശാഖകളില്‍ 68വിഷയങ്ങളില്‍ ഇവിടെ അധ്യയനം നടന്നിരുന്നു. കൗടില്യന്‍, പാണിനി, ജീവകന്‍, വിഷ്ണുശര്‍മ്മ ഇവരെല്ലാം തക്ഷശിലയിലെ അധ്യാപകരായിരുന്നുവത്രെ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ബുദ്ധമതത്തിന്റെ സ്വാധീനം കുറയുകയും ബ്രാഹ്മണമേധാവിത്വവും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയും ശക്തിപ്രാപിക്കുകയും ചെയ്തതോടെ ഈ സര്‍വകലാശാല ക്ഷയോന്മുഖമായി. പിന്നീട് അത് നാമാവശേഷവുമായി. 

ഇന്നത്തെ ബിഹാറില്‍ എഡി 510ല്‍ മഗധ സാമ്രാജ്യത്തിന്റെയും ബുദ്ധമതത്തിന്റെയും സുവര്‍ണ കാലഘട്ടത്തില്‍ സ്ഥാപിതമായ നളന്ദ സര്‍വകലാശാലയിലും ശ്രീലങ്ക, കൊറിയ, ജപ്പാന്‍, ചൈന, ടിബറ്റ്, പേര്‍ഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ വിദൂരദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ബുദ്ധമതത്തിന്റെയും മഗധയുടെയും തകര്‍ച്ച നളന്ദയുടെ പതനത്തിന് കാരണമായി.
പ്രാചീന ലോകത്തെ മറ്റൊരു അറിവിന്റെ കേന്ദ്രമായിരുന്നത് പ്ലേറ്റോ ബിസി 387ല്‍ സ്ഥാപിച്ച, പില്‍ക്കാലത്ത് യൂണിവേഴ്സിറ്റി ഓഫ് ഏതന്‍സ് എന്നറിയപ്പെട്ട സര്‍വകലാശാലയാണ്. പ്ലേറ്റോയും അദ്ദേഹത്തേക്കാള്‍ പ്രശസ്തനായ ശിഷ്യന്‍ അരിസ്റ്റോട്ടിലും അധ്യാപകരായിരുന്ന ആ സര്‍വകലാശാല എഡി 510വരെ 916വര്‍ഷം നിലനിന്നു. അലക്സാന്‍ഡ്രിയയിലെ വിദ്യാപീഠവും ലൈബ്രറിയും പ്രാചീന ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായിരുന്നു.
മേല്‍പ്പറഞ്ഞതു പോലെയുള്ള അനവധി വിജ്ഞാന കേന്ദ്രങ്ങള്‍ കാരണമാണ് അവയില്‍ നിന്നും പഠിച്ചിറങ്ങിയ എണ്ണമറ്റ പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, കോപ്പര്‍നിക്കസും ഗലീലിയോവും സാംഖ്യമുനിയും കണാദനും ഡാവിഞ്ചിയും കാള്‍മാര്‍ക്സും ഐസക് ന്യൂട്ടണും രാമനും ഡോ. ജഗദീശ് ചന്ദ്രബോസും ഗാന്ധിയും അംബേദ്കറുമെല്ലാം ക്രമാനുസൃതമായ കാലഘടനയ്ക്ക് അപ്പുറമുള്ള വൈജ്ഞാനിക പാരമ്പര്യത്തിന്റെ കണ്ണികളായി മാറിയത്. ലോകത്ത് ഇന്ന് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സിയോണിസ്റ്റ്, ഇസ്ലാമിക്, ഹിന്ദുത്വ മതമൗലികവാദികളുടെയും ഇവര്‍ക്കെല്ലാം ഒത്താശ ചെയ്യുന്ന ചങ്ങാത്ത മുതലാളിത്തത്തിനും ഇടയില്‍ അറിവിന്റെ മൂവന്തിവെട്ടമെങ്കിലും നിലനിര്‍ത്തുന്നത് ഇന്ന് ലോകത്ത് ബാക്കിനില്‍ക്കുന്ന കലാശാലകളാണ്. 

നമ്മുടെ നാട്ടില്‍ അഭിനവ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയയിടത്തെല്ലാം കലാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സിലബസുകള്‍ക്കുമെല്ലാം സംഭവിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ജെഎന്‍യു അടക്കമുള്ള വിവിധ കാമ്പസുകളില്‍ മതതീവ്രവാദികള്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും തലപ്പത്ത് യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതും ശാസ്ത്രവും ചരിത്രവും സിലബസുകളില്‍ വികൃതമാക്കപ്പെടുന്നതും നിത്യസംഭവമാകുന്നു. രോഹിത് വെമുലയെപ്പോലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ജാതി പിശാചുക്കളുടെ ഉപദ്രവംകൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്നു. ഇതിനെല്ലാമെതിരെ വിദ്യാര്‍ത്ഥികളും ഉത്പതിഷ്ണുക്കളും നടത്തുന്ന ചെറുത്തുനില്പുകളും നമ്മുടെ മുന്നിലുണ്ട്. ഫാസിസ്റ്റ് ചരിത്ര നിര്‍മ്മിതിക്കായി, ഫാസിസ്റ്റ് നീതിശാസ്ത്രവും തത്വശാസ്ത്രവും അടിച്ചേല്പിക്കാനുള്ള തീവ്രശ്രമം നമുക്കുചുറ്റും നടക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ചെറുത്തുനില്പിന്റെ തുരുത്തായി മാറേണ്ട കേരളത്തിലെ കലാലയങ്ങളും സര്‍വകലാശാലകളും മികവിന്റെയും വിജ്ഞാനത്തിന്റെയും ആലയങ്ങളായി നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയാണോ?
കേരളത്തിലെ ആദ്യത്തെ കലാശാലകളിലൊന്നാണ് മഹാരാജാസ് കോളജ് എന്ന പേരില്‍ 1866ല്‍ തുടങ്ങി യൂണിവേഴ്‌സിറ്റി കോളജായി മാറിയ കലാശാല. ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യമുള്ള കലാശാലകളിലൊന്ന്. തികച്ചും വ്യത്യസ്ത മേഖലകളില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഏറ്റവും ഉന്നതമായ പദവികളിലെത്തിയ രാജ്യത്തെ ചുരുക്കം കലാലയങ്ങളിലൊന്ന്. രാഷ്ട്രപതിയായിരുന്ന ഡോ. കെ ആര്‍ നാരായണന്‍, കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, മൂന്നുതവണ പാര്‍ലമെന്റ് അംഗവും നിയമസഭാംഗവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി കെ ചന്ദ്രപ്പന്‍, മന്ത്രിമാരായി തീര്‍ന്ന സി ദിവാകരന്‍, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും സംസ്ഥാന മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അന്നാചാണ്ടി, ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരാമന്‍, കെ എം ചാണ്ടി, എം എം ജേക്കബ് എന്നീ ഗവര്‍ണര്‍മാര്‍, ഡോ. പി സി അലക്സാണ്ടര്‍, ഡോ. ടി പി ശ്രീനിവാസന്‍ തുടങ്ങിയ അംബാസിഡര്‍മാര്‍, എം എസ് സ്വാമിനാഥന്‍, ഡോ. ജാനകിയമ്മാള്‍, താണു പത്മനാഭന്‍, പി കെ അയ്യങ്കാര്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍, സി വി രാമന്‍പിള്ളയില്‍ തുടങ്ങി ചങ്ങമ്പുഴയും ആറ്റൂര്‍ രവിവര്‍മ്മയും സുഗതകുമാരിയും അയ്യപ്പപണിക്കരും വിനയചന്ദ്രനും മധുസൂദനന്‍ നായരുമൊക്കെ അടങ്ങുന്ന കവികളും സാഹിത്യകാരന്മാരും മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലില്‍ തുടങ്ങി മധു, ഭരത് ഗോപി, പി പത്മരാജന്‍, അരവിന്ദന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍ കരുണ്‍, സുകുമാരന്‍, ബാലചന്ദ്ര മേനോന്‍, വേണുനാഗവള്ളി, കരമന ജനാര്‍ദ്ദനന്‍ നായര്‍, പ്രിയദര്‍ശന്‍ തുടങ്ങി അനേകം പ്രശസ്ത ചലച്ചിത്രകാരന്മാര്‍, ഇങ്ങനെ വിവിധ മേഖലകളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതി പ്രഗത്ഭന്മാരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. 

ഏറ്റവും പ്രഗത്ഭരായ അധ്യാപകര്‍ എ ആര്‍ രാജരാജവര്‍മ്മ, ഡോ. ജാനകി അമ്മാള്‍, ഡോ. പുതുശേരി രാമചന്ദ്രന്‍, ഒഎന്‍വി, എം കൃഷ്ണന്‍ നായര്‍, എം കെ സാനു, ഡോ. അയ്യപ്പപണിക്കര്‍, ബി ഹൃദയകുമാരി, എസ് ഗുപ്തന്‍ നായര്‍, വി മധുസൂദനന്‍ നായര്‍, ഡി വിനയചന്ദ്രന്‍ ഇവരില്‍ പലരും ഇതേ കലാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമായിരുന്നു. തികച്ചും വ്യത്യസ്തമായ മണ്ഡലങ്ങളില്‍ തിളങ്ങിനിന്നവര്‍. അബു എബ്രഹാം എന്ന ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ്, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ഡോ. മേരി പുന്നന്‍ ലൂക്കോസ് എന്ന ആദ്യ വനിതാ സര്‍ജന്‍ ജനറല്‍. അങ്ങനെ രാഷ്ട്രത്തിനും സമൂഹത്തിനും വലിയ സംഭാവനകള്‍ നല്കിയ അനേകം പേര്‍.
എഴുപതുകളിലും എണ്‍പതുകളിലും സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ കലാപ്രവര്‍ത്തനങ്ങളുടെ തറവാടായിരുന്നു ഈ കലാശാല. കടമ്മനിട്ടയുടെയും ചുള്ളിക്കാടിന്റെയും സുഗതകുമാരിയുടെയും അയ്യപ്പപണിക്കരുടെയും വിനയചന്ദ്രന്റെയുമൊക്കെ കവിതകള്‍ ചൊല്‍ക്കാഴ്ചകളായി ഈ കലാലയത്തിന്റെ അന്തരീക്ഷത്തില്‍ പ്രണയവും വിരഹവും പ്രതീക്ഷകളും നെയ്തു. ഇവിടത്തെ ഇടനാഴികളില്‍ ഫുക്കുവോക്കയും പൗലോ ഫ്രെയറും ഗ്രാംഷിയും ചര്‍ച്ച ചെയ്യപ്പെട്ടു. സായാഹ്നങ്ങളില്‍ പഥേര്‍ പാഞ്ചാലിയും കാട്ടുഞാവല്‍പ്പഴങ്ങളും ഉത്തരായനവും സ്വയംവരവുമൊക്കെ നിഴലും വെളിച്ചവുമായി 16 എം എം പ്രൊജക്ടറിലൂടെ ഈ കലാലയത്തിലെ ഹാളുകളില്‍ തെളിഞ്ഞു. ലോകത്തെ ഓരോ പുതിയ സംഭവവികാസങ്ങളും ഇഴകീറി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നെല്‍സണ്‍ മണ്ടേലയുടെ മോചനത്തിനായി ഈ കലാലയത്തിന്റെ മുറ്റത്തുനിന്ന് മുദ്രാവാക്യങ്ങളുയര്‍ന്നിരുന്നു. അന്ന് മാനവികതയുടെ സൗന്ദര്യമാണ്, സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുവാണ് ഈ കലാലയത്തെ തഴുകി ഒഴുകിയിരുന്നത്. 

പിന്നീടെന്നാണ് കലയും സാഹിത്യവും രാഷ്ട്രീയവുമെല്ലാം ഈ കലാലയത്തിന്റെ പടിയിറങ്ങിപ്പോയത് എന്ന് നമ്മള്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മറ്റൊരു കെ ആര്‍ നാരായണന്‍, എം എസ് വിശ്വനാഥന്‍, പി കെ അയ്യങ്കാര്‍, ഒഎന്‍വി, പത്മരാജന്‍, അന്നാ ചാണ്ടി, ഫാത്തിമ ബീവി എന്നിങ്ങനെയുള്ള പ്രഗല്‍ഭമതികളെ സംഭാവന ചെയ്യാന്‍ ഈ കലാലയത്തിന് കഴിയാതെ പോയത്? മര്‍ദിതരുടെ ബോധനശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നാണ് മര്‍ദകരുടെ ബോധനശാസ്ത്രത്തിന്റെ പ്രായോഗിക പരിശീലനത്തിലേക്ക് അധഃപതിച്ചത്? എന്നാണ് ഈ കലാലയത്തിന്റെ വാതായനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ബഹുസ്വരതയ്ക്കും കലയ്ക്കും സാഹിത്യത്തിനും നേരെ കൊട്ടിയടയ്ക്കപ്പെട്ടത്? പതിനെട്ട് ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും 16 ഗവേഷണ വിഭാഗങ്ങളുമുള്ള ഈ കലാലയം സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും മിടുക്കരായ മക്കള്‍ക്ക് രാഷ്ട്രത്തലവന്മാരും മുഖ്യമന്ത്രിമാരും രാജ്യം ആദരിക്കുന്ന ശാസ്ത്രജ്ഞരും കലാകാരന്മാരും അധ്യാപകരും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരും ഒക്കെ ആയിത്തീരാം എന്ന് തെളിയിച്ച ഈ കലാലയം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇത്തരത്തില്‍ ആരെയാണ് സംഭാവന ചെയ്തത്. രാജവാഴ്ചയ്ക്കെതിരെ ധീരരായ പോരാളികളെ സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ധീരരായ, കരുത്തുറ്റ അമരക്കാരെ സൃഷ്ടിച്ച, സാമൂഹ്യ പരിഷ്കര്‍ത്താക്കളെ, കവികളെ, കലാകാരന്മാരെ, നിയമജ്ഞരെ, ശാസ്ത്രജ്ഞരെ സൃഷ്ടിച്ച ഈ കലാലയം അതിന്റെ ഉന്നതമായ ഭൂതകാലം മറന്നുകൊണ്ട് അസഹിഷ്ണുതയുടെ ക്രൗര്യവും അജ്ഞാനത്തിന്റെ തമസും നിറയുന്ന ഒരിടമായി മാറുന്നത് ഒട്ടും ആശാസ്യമല്ല. അസമത്വങ്ങള്‍ക്കെതിരെ സാമൂഹ്യനീതിക്കും പുരോഗതിക്കും തുല്യനീതിക്കുമായി സന്ധിയില്ലാതെ പോരാടിയ ഈ കലാലയത്തിലെ പൂര്‍വസൂരികളുടെ തലത്തില്‍ ഉയര്‍ന്ന ചിന്തയും ലളിത ജീവിതവും പുലര്‍ത്തുന്ന സംസ്കാര സമ്പന്നരായ തലമുറകളെ വാര്‍ത്തെടുക്കുക എന്നതാണ് ഈ മഹത്തായ കലാലയത്തില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ഫാസിസ്റ്റുകള്‍ സമൂഹത്തില്‍ പടര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടിനെ ഒരു മെഴുകുതിരിനാളം പോലെ അകറ്റി നിര്‍ത്തുന്ന ജ്ഞാനത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പകരുന്ന ഒരിടം. ഇത് കേരളത്തിലെ ഒരു കലാലയത്തിന്റെ മാത്രം അവസ്ഥയല്ല. അനേകം പൊതുവിദ്യാഭ്യാസ, കലാശാലകള്‍, യൂണിവേഴ്സിറ്റി കാമ്പസുകള്‍ ഇവയിലെല്ലാം തന്നെ അസഹിഷ്ണുത പെരുകുന്നു. ബഹുസ്വരതയ്ക്ക് വിലക്കുവീഴുന്നു. ഇതുതന്നെയല്ലേ നവ ഫാസിസ്റ്റുകള്‍ രാജ്യമൊട്ടാകെ അടിച്ചേല്പി ക്കാന്‍ ശ്രമിക്കുന്നത്. സ്വതന്ത്രവും സ്വച്ഛവുമായ സംവാദങ്ങളും ചര്‍ച്ചകളും നിറഞ്ഞുനിന്നിരുന്ന എഴുപതുകളിലെ കാമ്പസുകളുടെ സര്‍ഗാത്മകത നാം വീണ്ടെടുക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.