9 December 2025, Tuesday

നിത്യവും നമ്മെ പ്രചോദിപ്പിക്കുന്ന കലാം

വി എം രാജമോഹൻ 
July 27, 2025 6:50 am

ഭാസുരമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് യുവതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയും ശാസ്ത്രജ്ഞനും അധ്യാപകനും ആയിരുന്ന എപിജെ അബ്ദുൽ കലാം വിടപറഞ്ഞിട്ട് ഇന്ന് 10 വർഷം തികയുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള മഹത് വചനങ്ങൾ മഹാത്മാഗാന്ധിയുടേതാണ്, അതുകഴിഞ്ഞാൽ എപിജെ അബ്ദുള്‍ കലാമിന്റെയും. എന്തുകൊണ്ടെന്നാൽ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളാണ് ഇരുവരും നമുക്ക് പറഞ്ഞു തന്നത്. മാതാപിതാക്കളും ഗുരുജനങ്ങളും പഠിപ്പിച്ച പാഠങ്ങൾക്കൊപ്പം മഹാന്മാരായ ദാർശനികന്മാരും കവികളും ലോക നേതാക്കളും പറഞ്ഞ സദ്‌വചനങ്ങളുടെ സാരാംശം ഉൾക്കൊള്ളുകയും അത് മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടി മരണംവരെ ഒരു തപസ്യ പോലെ പ്രവർത്തിക്കുകയും ചെയ്തു എന്നുള്ളതാണ് അബ്ദുള്‍ കലാമിന്റെ പ്രത്യേകത.

മതസൗഹാർദ്ദത്തിന് പേരുകേട്ട രാമേശ്വരത്താണ് അബ്ദുള്‍ കലാം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് രാമേശ്വരം മോസ്കിലെ ഇമാം ആയിരുന്നു. സ്വന്തം മതവിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു മതങ്ങളെക്കുറിച്ച് പഠിക്കാനും ശ്രദ്ധിച്ചിരുന്ന ആളാണ് കലാമിന്റെ പിതാവ്. ഇതര മത പുരോഹിതരുമായും അദ്ദേഹം നല്ല സൗഹൃദത്തിലായിരുന്നു. എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊള്ളാൻ എപിജെയെ പ്രേരിപ്പിച്ചത് ഈ പൈതൃകമാണ്. പ്രശസ്ത സൂഫിവര്യനായിരുന്ന അബ്ദുള്‍ ഖാദറിന്റെ ബാല്യത്തിൽ നടന്ന ഒരു ഒരു സംഭവം കലാമിന്റെ ഉമ്മ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചിരുന്നു. സത്യനിഷ്ഠയ്ക്ക് വേണ്ടി വലിയ സമ്പത്ത് പോലും കൊള്ളക്കാർക്ക് മുമ്പിൽ ത്യജിക്കാൻ തയ്യാറായ ബാലന്റെ കഥ. ആ പ്രവൃത്തി മൂലം ആ കൊള്ളക്കാർ പശ്ചാത്തപിച്ച് സൂഫി സന്യാസികളായി മാറിയ കഥ. ജീവിതകാലം മുഴുവൻ സത്യത്തെ മുറുകെ പിടിക്കാൻ തനിക്ക് പ്രേരണയായത് ഈ കഥയാണെന്ന് അദ്ദേഹം പ്രഭാഷണങ്ങളിൽ ആവർത്തിക്കുമായിരുന്നു.

അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നും മറ്റുള്ളവരോട് കടപ്പാട് ഉണ്ടാക്കുന്ന ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നും ഉള്ള പാഠം അദ്ദേഹം പഠിച്ചത് സ്വന്തം ബാപ്പയിൽ നിന്നാണ്. ഒരിക്കൽ കലാമിന്റെ പിതാവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഒരാൾ ഒരു സമ്മാനം വീട്ടിൽ കൊണ്ടുവന്നു. അന്ന് അദ്ദേഹം രാമേശ്വരം പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കലാമത് വാങ്ങി വച്ചു. തിരികെ വന്ന ബാപ്പ ആ സമ്മാനം വാങ്ങിവച്ചതിന് മകനെ ശകാരിക്കുകയും തല്ലുകയും ചെയ്തു. ഉപഹാരങ്ങൾ സ്വീകരിച്ചാൽ അത് തന്നവരോട് വിധേയത്വം ഉണ്ടാവും എന്നും ശരിയായ തീരുമാനങ്ങൾ എടുക്കാൻ തടസമാകുമെന്നും ബാപ്പ പറഞ്ഞു. കലാം ജീവിതത്തില്‍ ഉൾക്കൊണ്ട മറ്റൊരു പാഠമാണ് അത്. അതുകൊണ്ടാണ് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് രാഷ്ട്രപതി ഭവനിൽ നിന്നിറങ്ങിയപ്പോൾ തനിക്ക് കിട്ടിയ വിലപിടിപ്പുള്ള സമ്മാനങ്ങളും പുസ്തകങ്ങളും ഒന്നും എടുക്കാതെ രണ്ട് സ്യൂട്ട് കേസുകൾ മാത്രം എടുത്ത് അവിടെ നിന്നിറങ്ങിയത്. 

അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം പുസ്തകങ്ങളാണ്. നല്ല പുസ്തകങ്ങൾ മനുഷ്യരെ അവരുടെ ജീവിതകാലം മുഴുവൻ നല്ല വഴിക്ക് നടത്തും എന്നതിന്റെ ഉദാഹരണമാണ് ‘ലൈറ്റ് ഫ്രം മെനി ലാംപ്സ്’ എന്ന പുസ്തകം. 20 രൂപയ്ക്ക് ചെന്നൈയിലെ മോർ മാർക്കറ്റിൽ നിന്നും വാങ്ങിയ ആ പുസ്തകം പ്രചോദനാത്മകമായ കുറുപ്പുകളുടെ ഒരു സമാഹാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഹാന്മാരായ ആളുകളുടെ ജീവചരിത്രങ്ങൾ, ഉദ്ധരണികൾ, ചിന്തകൾ എന്നിവയാണ് ഉള്ളടക്കം. ലിലിയണ്‍ എയ്ഷ് ലർ വാട്സൺ രചിച്ച ഈ പുസ്തകം ജീവിതകാലം മുഴുവൻ തന്നെ വഴി നടത്തി എന്ന് പ്രഭാഷണങ്ങളിൽ അദ്ദേഹം ആവർത്തിച്ച് പറയുമായിരുന്നു. ഈ പുസ്തകത്തിന്റെ പ്രതികൾ അദ്ദേഹം പലർക്കും സമ്മാനമായി നൽകാറുമുണ്ടായിരുന്നു. തനിക്ക് പ്രചോദനം നൽകുന്ന മറ്റു പുസ്തകങ്ങൾ വായിക്കാനും കലാം പ്രേരിപ്പിക്കുമായിരുന്നു.

കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നല്ല അധ്യാപകർക്ക് വലിയ പങ്കുണ്ട്. രാമേശ്വരത്തെ ശിവസുബ്രഹ്മണ്യ അയ്യർ എന്ന അധ്യാപകനാണ് കലാമിന്റെ ശാസ്ത്ര കൗതുകം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. ക്ലാസ് മുറിക്ക് പുറത്ത് വിദ്യാർത്ഥികളെ കൊണ്ടുപോയി പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു അദ്ദേഹം. അക്കാലത്ത് അത് പതിവില്ലാത്തതാണ്. കലാമിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ അത്തരത്തിൽ ഒരു ഗുരുവിനെ കിട്ടിയത്. പക്ഷികളെ പോലെ പറക്കണം എന്ന് ആഗ്രഹിച്ച കലാമിനെ എഞ്ചിനീയറിങ് പഠിക്കാനുള്ള വഴി പറഞ്ഞു കൊടുത്തത് അദ്ദേഹമാണ്. ആ സങ്കല്പ ലോകത്തുനിന്ന് വളർന്ന് റോക്കറ്റുകളുടെയും മിസൈലുകളുടെയും ലോകത്തെത്താനും ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കരുത്ത് പകരാനും കഴിവുള്ള ഒരാളായി അബ്ദുൽ കലാം മാറി.

വെറും സ്വപ്നങ്ങൾ കണ്ടാൽ പോരാ, മഹത്തായ സ്വപ്നങ്ങൾ കാണണമെന്ന് ലോകത്തെ പഠിപ്പിച്ച യുഗപുരുഷനാണ് കലാം. ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നങ്ങൾ കാണണമെന്ന് കൂടി പറഞ്ഞുതന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏറ്റവും കൂടുതൽ ആവർത്തിച്ചു കേട്ട മഹദ്വചനം, ‘ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, ഉറങ്ങാൻ അനുവദിക്കാത്തതാണ്’ എന്ന കലാമിന്റെ വാക്കുകളാണ്. മറ്റാരുടെയും ഒന്നും തട്ടിയെടുക്കാതെ നാം നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പുഷ്ടിപ്പെടുത്തണമെന്നും അദ്ദേഹം സ്വപ്നം കണ്ടു. വെറുതെ സ്വപ്നങ്ങൾ കാണുക മാത്രമല്ല, അതിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുകയും രാജ്യത്തെ വിവിധ മേഖലകളിൽ ഉള്ളവരുമായി സംവദിച്ച് തന്റെ പദ്ധതി വിപുലപ്പെടുത്തുകയും ചെയ്തു. കേരളത്തിന്റെ വികസനത്തെപ്പറ്റിയും വളരെ കാലം കേരളത്തിൽ ജീവിച്ച അദ്ദേഹം സ്വപ്നം കാണുകയും ആ കാര്യം കേരള നിയമസഭാ സമാജകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

കലാമിന്റെ പ്രധാന പ്രചോദകർ അധ്യാപകരായിരുന്നു. ശാസ്ത്രജ്ഞൻ എന്നതിലുപരി ഒരു അധ്യാപകന്റെ കടമ താൻ നിർവഹിക്കണമെന്ന് അദ്ദേഹം കരുതിയിരുന്നു. കുട്ടികളോടും യുവാക്കളോടും പ്രത്യേകിച്ച് ഗവേഷകരോടും സംവദിക്കാൻ അദ്ദേഹത്തിന് വലിയ ഉത്സാഹമായിരുന്നു. അദ്ദേഹം കുട്ടികളെ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിച്ചു. ചോദ്യങ്ങളിൽ നിന്നാണ് പുതിയ കണ്ടെത്തലുകൾ ഉണ്ടാകുന്നത്. ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരികൾ ഉള്ള ഇക്കാലത്ത് എ പി ജെ അബ്ദുള്‍ കലാമിന്റെ ഔന്നത്യം നാം കൂടുതൽ തിരിച്ചറിയുന്നു. ശാസ്ത്രം ജനിച്ചതും മുന്നേറുന്നതും ചോദ്യങ്ങൾ ഉള്ളതുകൊണ്ടാണ്. നിരന്തരമായി ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയാണ് ആദ്യത്തെ ശാസ്ത്രജ്ഞൻ. പണത്തിൽ നിന്നും സമ്പൂർണമായ ആനന്ദം ലഭിക്കുകയില്ല. മഹത്തായ പുസ്തകങ്ങൾ വായിക്കാനും നല്ല കൂട്ടുകാരെയും അധ്യാപകരെയും കണ്ടെത്താനും കുട്ടികൾ ശ്രദ്ധിക്കണമെന്നും കലാം ഓർമിപ്പിച്ചു. സമൂഹത്തിന് എന്തു നൽകി എന്നതനുസരിച്ചാണ് പണത്തിനും പദവിക്കും ഒക്കെ മൂല്യമുണ്ടാകുന്നത് എന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.

വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുകയും അതുവഴി വികസനം സാധ്യമാവുകയും ചെയ്യുമ്പോൾ ശാസ്ത്രീയ ചിന്തയുടെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കുകയും അന്ധവിശ്വാസങ്ങൾ പതുക്കെ അകലുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കുള്ളതാണെന്നും നിക്ഷിപ്ത താല്പര്യക്കാർ അവയെ തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം വിശ്വസിച്ചു. രാജ്യത്തെ ഞെട്ടിച്ച 2002ലെ ഗുജറാത്ത് കലാപം നടന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത്. ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ട, ലോകരാജ്യങ്ങളുടെ മുൻപിൽ ഇന്ത്യ നാണംകെട്ട ആ കലാപഭൂമിയിലേക്കാണ് തന്റെ ആദ്യ ഔദ്യോഗിക യാത്രയെന്ന് അദ്ദേഹം നിശ്ചയിച്ചു. അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി യാത്ര അനിവാര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചു. അതിന് രാഷ്ട്രപതി പറഞ്ഞ മറുപടി ഇതായിരുന്നു; “ഇതെന്റെ ഒരു പ്രധാന കർത്തവ്യം ആണെന്നാണ് ഞാൻ കരുതുന്നത്. ഗുജറാത്തിലെ വേദനകൾക്ക് ഇതുവഴി കുറച്ചെങ്കിലും പരിഹാരം കാണാനായാൽ നല്ലത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. മനസുകൾ തമ്മിലുള്ള ഐക്യത്തിന് കരുത്തുണ്ടാവണം. അതാണ് എന്റെ യാത്രയുടെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിൽ ഞാനിത് എടുത്തു പറഞ്ഞിട്ടുള്ളതാണ്.” 

ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു ഡോ. എപിജെ അബ്ദുള്‍ കലാം. സന്ദർശന നിയമങ്ങൾ വകവെക്കാതെ അദ്ദേഹം സാധാരണ ജനങ്ങളെ പോലും സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെ വിരുന്നുകൾക്ക് ഉന്നതരെ മാത്രം ക്ഷണിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹം രാഷ്ട്രപതിയായിരുന്ന കാലത്താണ് ഏറ്റവും അധികം ആളുകൾ മുകൾ ഗാർഡനും രാഷ്ട്രപതി ഭവനം കാണാൻ ഒഴുകിയെത്തിയത്. പ്രകൃതി സ്നേഹത്തിന്റെ കാര്യത്തിലും അദ്ദേഹം മാതൃകയായിരുന്നു. അഗ്നി മിസൈലിന്റെ വിക്ഷേപണത്തിന്റെ വിജയം ആഘോഷിച്ചത് ഗവേഷണ കേന്ദ്രത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ്. രാഷ്ട്രപതിയായിരിക്കുമ്പോൾ തന്റെ പിറന്നാളുകൾ കുഗ്രാമങ്ങളിൽ ആഘോഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രപതി വരുമെന്നറിഞ്ഞാൽ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വേഗം മെച്ചപ്പെടുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ഡോ. എപിജെ കലാമിന്റെ സഹപ്രവർത്തകനായിരുന്ന ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യകാരനുമായ ഡോ. എപി ജയരാമൻ അനുസ്മരിക്കുന്നു; ‘ഡോ. എ പി ജെ കലാമിന്റെ മരണശേഷം അനുസ്‌മരണ പ്രഭാഷണം മുറ തെറ്റാതെ ഞാൻ നടത്തിയിട്ടുണ്ട്. ഓരോ കൊല്ലവും ഓരോ പുതിയ അധ്യായംപോലെ ആയിരുന്നു സ്മരണകളുടെ പുസ്തകത്തിൽ. അദ്ദേഹത്തിന്റെ ആത്മീയതയും ലളിത ജീവിത ശൈലിയുമാണ് എന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞത്. അദ്ദേഹത്തിന്റെ ശുദ്ധമായ വിനയം, പാതയില്ലാത്ത പാതയിലെ അഗാധ വിശ്വാസം, എനിക്ക് ഓരോ വർഷവും പുതിയ പ്രചോദനമായിരുന്നതാണ്.’ ഡോ. എ പി ജെ അബ്ദുള്‍ കലാം ഇന്ന് നമ്മോടൊപ്പമില്ല. എന്നാല്‍ അദ്ദേഹം ഇവിടെ ഉപേക്ഷിച്ചുപോയ വാക്കുകള്‍ നമ്മെ നിത്യം പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു വഴിവെളിച്ചമായി അത് നമ്മെ മുന്നോട്ടു നയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.