23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 24, 2024
October 11, 2024
July 28, 2024
July 13, 2024
July 8, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024

അജ്ഞതയും അഹങ്കാരവും അലങ്കാരമാക്കുന്ന ഗവർണർ

വി ദത്തന്‍
October 1, 2022 5:30 am

കേരള സർവകലാശാല ആക്ടിൽ, ചാന്‍സലറായ ഗവർണർക്കുള്ള അധികാരങ്ങളും ചുമതലകളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നിയമപ്രകാരം തന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ നിന്നും ചാൻസലറെ തടയാൻ ഒരു സർക്കാരിനും അവകാശമില്ല. അതുപോലെതന്നെ, അധികാരങ്ങൾ ഉണ്ടെന്നു കരുതി അമിതാധികാരം പ്രയോഗിക്കാൻ ചാന്‍സലർക്കും അവകാശമില്ല. നിയമസഭ പാസാക്കിയ സർവകലാശാലാ നിയമപ്രകാരം ചാൻസലർ ആണെങ്കിൽ മാത്രമേ ഗവർണർക്ക് ചാന്‍സലറുടെ അധികാരം വിനിയോഗിക്കാൻ കഴിയൂ. ഗവർണർ ആയതുകൊണ്ട് മാത്രം സർവകലാശാലയുടെ ചാൻസലർ ആകണമെന്ന് നിർബന്ധമില്ല എന്ന് സാരം. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി തുടങ്ങിയ കേന്ദ്ര സർവകലാശാലകൾക്ക് ഗവർണർ അല്ല ചാൻസലർ. നിയമപ്രകാരം കേരള സർവകലാശാലയുടെ തലവൻ ചാൻസലർ ആണെങ്കിലും സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കൈകടത്താൻ അദ്ദേഹത്തിനു അധികാരമില്ല. അന്തസും നിയമപരിജ്ഞാനവും ഉള്ള ഗവർണർമാരാരും അത്തരം അമിതാധികാര ഹുങ്ക് കാട്ടാൻ മുതിരാറുമില്ല. ചാൻസലർ എന്ന നിലയിൽ തനിക്കു സർവകലാശാലയ്ക്കുമേൽ അനിയന്ത്രിതമായ അധികാരങ്ങൾ ഉണ്ടെന്നുള്ള ഇപ്പോഴത്തെ കേരളാ ഗവർണറുടെ അബദ്ധധാരണയാണ് ഇന്ന് നടക്കുന്ന കോലാഹലങ്ങൾക്കെല്ലാം കാരണം.

സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ വിരോധവും സർവകലാശാലയുടെ മേലും പ്രതിഫലിപ്പിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പ് വയ്ക്കുന്നതും വയ്ക്കാതിരിക്കുന്നതും ഒക്കെ ഗവർണറുടെ ഇഷ്ടം. പക്ഷെ അതിന്റെ പേരിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള നടപടികൾ അലങ്കോലപ്പെടുത്താൻ ഗവർണർ നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്. “പിണ്ണാക്ക് തന്നില്ലെങ്കിൽ ചക്കിൽ തുപ്പും’’ എന്ന് പണ്ടൊരു നാടൻ ഗുണ്ടാ എണ്ണയാട്ടുന്ന ചക്കുകാരനെ ഭീഷണിപ്പെടുത്തിയതുപോലെയുണ്ട്. കേരള സർവകലാശാലയുടെ നിലവിലുള്ള നിയമം അനുസരിച്ച്, യുജിസി നോമിനേറ്റു ചെയ്തതും സെനറ്റ് തിരഞ്ഞെടുത്തതും ചാൻസലർ നോമിനേറ്റു ചെയ്തതുമായ ഓരോ പ്രതിനിധി ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റി നിർദ്ദേശിക്കുന്ന ഒരാളെ വൈസ് ചാൻസലർ ആയി ചാന്‍സലർക്ക് നിയമിക്കാം (വകുപ്പ് 10, കേരള യൂണിവേഴ്സിറ്റി ആക്ട് 1974) കമ്മിറ്റിക്ക് ഏകകണ്ഠമായി ഒരാളുടെ പേര് നിർദ്ദേശിക്കാൻ സാധിക്കുന്നില്ലെങ്കിൽ കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽ നിന്ന് ഒരാളെ ചാൻസലർക്ക് വിസി ആയി നിയമിക്കാം.


ഇതുകൂടി വായിക്കൂ: മലിനമാക്കപ്പെടുന്ന രാജ്ഭവനുകള്‍  


(10(2) കെയു ആക്ട് 1974) മൂന്നംഗ സെർച്ച് കമ്മിറ്റിയിലെ മൂന്നു പേരും വ്യത്യസ്ത പാനലുകളാണ് നൽകുന്നതെങ്കിൽ അവയിൽ നിന്നും തനിക്കു യോഗ്യനെന്ന് തോന്നുന്ന ഒരാളെ ചാൻസലർക്ക് വിസി ആയി നിയമിക്കാവുന്നതാണ്. (വകുപ്പ് 10, (3)കെയു ആക്ട് 1974). മേലുദ്ധരിച്ച വകുപ്പുകളിൽ ഒന്നും ചാന്‍സലർക്ക് തോന്നുമ്പോൾ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപവല്ക്കരിക്കാൻ അധികാരമില്ല എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. മാത്രമല്ല വൈസ് ചാൻസലറുടെ സ്ഥിര ഒഴിവു വരുന്നതിനു ഒരു മാസത്തിനുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തണമെന്നേ ആക്ടിൽ (വകുപ്പ് 19, കെയു ആക്ട് 1974) നിർദ്ദേശിച്ചിട്ടുള്ളൂ. ആ നിലയ്ക്ക് ഒക്ടോബറിലോ മറ്റോ ഒഴിവു വരുന്ന വിസി തസ്തികയിലേക്ക് ഓഗസ്റ്റിനു മുമ്പേ സെർച്ച് കമ്മിറ്റി രൂപവല്ക്കരിക്കാൻ ചാൻസലറായ ഗവർണർ തിടുക്കം കാട്ടിയതും സെനറ്റ് അംഗത്തെ കൂടാതെ കമ്മിറ്റിക്ക് രൂപം കൊടുത്തതും മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അടവായിരുന്നു എന്ന് സ്പഷ്ടമാണ്. അതിനു വേണ്ടി ഗവർണർ സ്വീകരിച്ച മാർഗം പക്ഷെ സർവകലാശാലാ നിയമങ്ങൾക്കു വിരുദ്ധമാണ്. യുജിസി റെഗുലേഷന് എതിരാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന വ്യക്തി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഭരണഘടനാ ലംഘനമാണ് ഗവർണർ ചെയ്തിരിക്കുന്നത്. അങ്ങനെ ഗവർണർ പദവിയിലിരിക്കുവാൻ താൻ തീർത്തും അയോഗ്യനാണെന്ന് ആരിഫ് മുഹമ്മദ്ഖാൻ തെളിയിച്ചിരിക്കുന്നു.

വൈസ് ചാൻസലറുടെ പ്രായപരിധി 60ൽ നിന്നും 65 ആയും വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗസംഖ്യ മൂന്നിൽ നിന്നും അഞ്ചായി ഉയർത്താനും പുതിയ സർവകലാശാലാ ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. യുജിസിയുടെയും ചാൻസലറുടെയും സെനറ്റിന്റെയും ഓരോ പ്രതിനിധി ഉൾപ്പെട്ടതായിരുന്നു നിലവിലെ സെർച്ച് കമ്മിറ്റി. പുതിയ നിയമം അനുസരിച്ച് കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ, ചാൻസലർ നിർദ്ദേശിക്കുന്ന ഒരാൾ, സർക്കാർ നിർദ്ദേശിക്കുന്ന ഒരാൾ, യുജിസി ചെയർമാന്റെ ഒരു പ്രതിനിധി, സിൻഡിക്കേറ്റ് നോമിനേറ്റ് ചെയ്യുന്ന ഒരാൾ എന്നിവരടങ്ങുന്നതാണ് അഞ്ചംഗ സെർച്ച് കമ്മിറ്റി. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനായിരിക്കും സെർച്ച് കമ്മിറ്റിയുടെ കൺവീനർ. നേരത്തെ ഉണ്ടായിരുന്ന നിയമത്തിൽ ചാന്‍സലറുടെ നോമിനിയായിരുന്നു കമ്മിറ്റി കൺവീനർ. 2018 ഫെബ്രുവരിയിൽ നിലവിൽ വന്ന യുജിസി റെഗുലേഷനിൽ, വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗസംഖ്യയെക്കുറിച്ചോ കമ്മിറ്റിയുടെ കൺവീനറെ സംബന്ധിച്ചോ പ്രത്യേകിച്ച് നിർദ്ദേശങ്ങൾ ഒന്നുമില്ല. ആ സ്ഥിതിക്ക് സംസ്ഥാന നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവര്‍ത്തിക്കാനാകൂ. കേന്ദ്ര സർക്കാരിന്റെ എത്ര അടുത്ത ആളായാലും പല പല പാർട്ടികൾ പലവട്ടം മാറിയിട്ടുള്ള രാഷ്ട്രീയ നേതാവായാലും നിയമം നിർമ്മിക്കാനോ നിയമം ഭേദഗതി ചെയ്യാനോ ഉള്ള അധികാരം ഒരു ഗവർണർക്കുമില്ല. അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടോ ഏതെങ്കിലും ഗവർണർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് അനുവദിച്ചുകൊടുക്കാൻ ജനാധിപത്യ ബോധമുള്ള സർക്കാരിനു സാധ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.