‘ആടിക്കളിക്കെടാ കുഞ്ഞിരാമാ ചാടിക്കളിക്കെടാ കുഞ്ഞിരാമാ’ എന്ന് പാടിപ്പതിഞ്ഞ വരികള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഒരു കുഞ്ഞിരാമന്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തില്‍ അവതരിച്ചിരിക്കുന്നു; ഗവര്‍ണറുടെ ആടയാഭരണങ്ങളോടെ ആരിഫ് മുഹമ്മദ് ഖാന്‍. പല പല പാര്‍ട്ടികള്‍ മാറി അധികാരസ്ഥാനങ്ങള്‍ സ്വായത്തമാക്കിയ മാന്യദ്ദേഹം ഇപ്പോള്‍ സംഘ്പരിവാര്‍ കുടീരത്തിലാണ്. സംഘ്പരിവാര സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിനെ ഔദ്യോഗിക കാറില്‍ സഞ്ചരിച്ചെത്തി ഉപദേശ നിര്‍ദ്ദേശങ്ങള്‍ ആരായുന്ന അധഃപതനത്തിലെത്തിച്ചേര്‍ന്ന, ഗവര്‍ണര്‍ പദവിയുടെ ഉത്തമത്വം അനവരതം ലംഘിക്കുന്ന വ്യക്തി എന്ന ‘മാഹാത്മ്യം’ കൂടി നേടിയെടുത്തു ആരിഫ് മുഹമ്മദ് ഖാന്‍. ആനയ്ക്ക് മദമിളകിയാല്‍ മയക്കുവെടിവച്ച് വീഴ്ത്താം. പക്ഷേ, തളയ്ക്കുന്ന ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ! ആ ഭ്രാന്ത് പിടിച്ച ചങ്ങലയെ ഓര്‍മ്മിപ്പിക്കുകയാണ് സമനില നഷ്ടമായ, ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മറന്നുപോയ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് ഭരണഘടന നല്കുന്ന അവകാശാധികാരങ്ങളെ കുറിച്ചുപോലും കേവല ജ്ഞാനമില്ലെന്ന് രാജ്ഭവനിലും ദില്ലിയിലും തെരുവുകളിലും വിളിച്ചുചേര്‍ക്കുന്ന പത്രസമ്മേളനങ്ങളില്‍ അദ്ദേഹം വിളംബരം ചെയ്തുകൊണ്ടേയിരിക്കുന്നു. തനിക്കെതിരായി പ്രസംഗിച്ചാല്‍, എഴുതിയാല്‍ മന്ത്രിമാരെ പിരിച്ചയയ്ക്കും, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി വാങ്ങിക്കും എന്നിങ്ങനെ കാലം കാണാത്ത ധാര്‍ഷ്ട്യം എല്ലാ ഭരണഘടനാ തത്വങ്ങളും ലംഘിച്ചുകൊണ്ട് ഭ്രാന്താടുകയാണ് ഗവര്‍ണര്‍.
മന്ത്രിമാരെ നിയോഗിക്കുന്നതും ഒഴിവാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. അതിനടിയില്‍ ഒപ്പിടുക മാത്രമേ ഗവര്‍ണര്‍ക്ക് പണിയായുള്ളു. വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റിയുടെ, അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പണ്ഡിതാഗ്രേസരന്റെ പേര് അംഗീകരിക്കലാണ് ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തങ്ങളും ഭരണഘടനാ കടമകളും മറികടന്ന് ചാടിക്കളിക്കുവാനാണ് ‘കുഞ്ഞിരാമന്‍’ ആരിഫ് മുഹമ്മദ് ഖാന്‍ യത്നിക്കുന്നത്. ഏറ്റവും ഒടുവില്‍ സ്വപ്നയുടെ സ്വപ്നലോകത്തിലേക്കാണ് വാര്‍ധക്യ കാലത്ത് ആരിഫ് മുഹമ്മദ് ഖാന്റെ സഞ്ചാരം. മുഖ്യമന്ത്രിയുടെ മൂക്ക് ചെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൈകാര്യം ചെയ്യുമെന്നും വാര്‍ധക്യകാല മാനസിക പ്രശ്നങ്ങളാല്‍ വീമ്പിളക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്വപ്നയും സ്വര്‍ണവും യുഡിഎഫിന്റെയും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും അതിന്റെ സംസ്ഥാന അധ്യക്ഷനായി അവരോധിക്കപ്പെട്ട കെ സുരേന്ദ്രന്റെയും രാഷ്ട്രീയ ആയുധങ്ങളായിരുന്നു.
കേരള ജനത അതിനെ പാടേ തള്ളിക്കളയുകയും 99 സീറ്റുകളുടെ മഹാഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ അധികാരത്തിലേറ്റുകയും ചെയ്തു. ഈ ജനഹിതം ചാടിക്കളിക്കുന്ന, സംഘ്പരിവാര ശാലയില്‍ നിന്ന് നിയോഗിതനായ, പത്ത് രാഷ്ട്രീയ കക്ഷികള്‍ ചാടി ചാടിക്കടന്ന ‘കുഞ്ഞിരാമന്‍’ അറിഞ്ഞില്ല എന്നുവേണം കരുതുവാന്‍. മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനാ തത്വങ്ങളെയും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ വെല്ലുവിളിക്കുമ്പോള്‍ അദ്ദേഹത്തിന് ഓശാന പാടുകയാണ് വി ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവും കെ സുധാകരന്‍ എന്ന കെപിസിസി പ്രസിഡന്റും. എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗമാകുവാന്‍ വേഷമണിഞ്ഞു നില്ക്കുന്ന രമേശ് ചെന്നിത്തലയും സ്തുതിപാഠകനായി രംഗത്തുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന എഐസിസി പ്രസിഡന്റിന്റെയും കെ സി വേണുഗോപാലിന്റെയും എ കെ ആന്റണിയുടെയും അഭിപ്രായങ്ങളെ തിരസ്കരിച്ച് ബിജെപിയുമായി കൈകോര്‍ക്കുകയാണ് കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും. കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് 1959 ലെ വിമോചന സമരത്തെ അനുസ്മരിച്ചാവും. കാലം മാറി, കഥ മാറി എന്ന് സുധാകരന്‍ അറിയണം. ‘പാടില്ലാ പാടില്ലാ നമ്മേ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ’ എന്ന ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍ സുധാകരന്മാര്‍ ഓര്‍മ്മിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.