22 December 2024, Sunday
KSFE Galaxy Chits Banner 2

നീതിപീഠം തുറന്നുപറഞ്ഞിട്ടും തൊലിയുരിയാതെ

സഫി മോഹന്‍ എം ആര്‍
(സ്റ്റേറ്റ് ട്രഷറർ, പ്രോഗ്രസീവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ്)
May 12, 2022 5:18 am

ഖിംപുർഖേരി കേസിൽ സുപ്രീം കോടതിയുടെ ഇടപെടല്‍ അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സമാധാനപരമായി ഭരണഘടനാ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്തിരുന്ന സാധാരണക്കാരായ കർഷകരുടെ ശരീരത്തിലൂടെ ആഡംബരകാറുകൾ ഇടിച്ചുകയറ്റി നിരവധി കർഷകരും മാധ്യമ പ്രവർത്തകനും മരിച്ച കേസിൽ ആശിഷ് മിശ്ര വീണ്ടും ജയിലിലാണ്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയുടെ ചില കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങളാണ് കൊലപാതകത്തിനുള്ള പ്രേരണയെന്ന് നിരീക്ഷിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ഇങ്ങനെയൊരു നിരീക്ഷണം നടത്തുവാന്‍ കോടതിക്ക് ബോധ്യമായ വസ്തുതകളും തെളിവുകളും‍ എന്താണെന്നും മന്ത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് അഴിക്കുള്ളിലാക്കുവാന്‍ എന്തുകൊണ്ടാവുന്നില്ല എന്നതെല്ലാം രാജ്യം ചര്‍ച്ചചെയ്യേണ്ടതാണ്. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ എന്നല്ല രാഷ്ട്രീയത്തില്‍ പോലും തുടരാന്‍ അജയ് മിശ്രയ്ക്ക് യോഗ്യതയില്ലെന്നത് മറ്റൊരു വസ്തുത.

മന്ത്രിപുത്രനായ ആശിഷ് മിശ്രയ്ക്ക് നേരത്തെ ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ചിന്റെ വിധി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. കര്‍ഷക സമരം ശക്തമായിരിക്കെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ലഖിംപുര്‍ഖേരിയിലുണ്ടായ കൂട്ടക്കൊല മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. യുപി സർക്കാരിന്റെ പൊലീസ് നോക്കിനിൽക്കെ പട്ടാപ്പകൽ കർഷകരെ ഇടിച്ചുകൊല്ലുവാൻ മിശ്രയ്ക്ക് ധൈര്യം പകർന്നത് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപി എന്ന പാർട്ടിയുടെ പൂർണ പിൻതുണയാണ് എന്നതിൽ സംശയമില്ല.

 


ഇതുകൂടി വായിക്കൂ:  കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍


 

പ്രതികളുടെ ഭരണ സ്വാധീനം കണക്കിലെടുത്ത് നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു പൊതുതാല്പര്യ ഹർജി സുപ്രീം കോടതിയിൽ വന്നിരുന്നു. ഹർജി പരിശോധിച്ച സുപ്രീം കോടതി കേസിന്റെ പ്രാധാന്യം ഉൾക്കൊണ്ടുതന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും അന്വേഷണം നിയമാനുസൃതവും കാലതാമസം കൂടാതെയും നടത്തുന്നതിന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രാകേഷ്‌കുമാർ ജയിനിനെ ഈ കേസിന്റെ മേൽനോട്ടത്തിനായി നിയോഗിച്ചു. അന്വേഷണ സംഘം ഈ കേസുമായി മുന്നോട്ടുപോയപ്പോൾ തന്നെ ആശിഷ് മിശ്ര ജാമ്യാപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ സിംഗിൽ ബെഞ്ച് ജാമ്യം അനുവദിക്കുകയും ചെയ്തു. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് സിങ്ങാണ് ഇത്തരം ഒരു ജാമ്യം അനുവദിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടിയത്. ഹൈക്കോടതിയുടെ ഈ അസാധാരണ വിധിക്കെതിരെ കര്‍ഷകര്‍ അഡ്വ. ദുഷ്യന്ത് ദവെയിലൂടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ ഉൾപ്പെട്ട മൂന്നംഗ ഡിവിഷൻ ബെഞ്ച് അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ നിശിതമായി വിമർശിക്കുകയും ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസന്വേഷിച്ച യുപി പൊലീസിനും ജാമ്യം അനുവദിച്ച കോടതിക്കും എതിരെ രൂക്ഷവിമർശനങ്ങളാണ് സുപ്രീം കോടതി നടത്തിയത്. ഈ കേസിന്റെ അന്വേഷണം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിന്റെ മേൽനോട്ടത്തിൽ ആയിരുന്നിട്ടുകൂടി ഇത്തരം പിഴവുകൾ സുപ്രീം കോടതിയെ അതിശയിപ്പിച്ചിരിക്കുകയാണ്. ഇത് വെറും ഒരു ആക്സിഡന്റ് കേസായി പരിഗണിക്കുന്നതും പ്രതികൾ മാരകായുധം ഉപയോഗിച്ചില്ല എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ശരിയല്ലെന്ന് സുപ്രീം കോടതിക്ക് ബോധ്യമായി. പ്രതികൾക്ക് ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ യുപി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം എന്ന ജസ്റ്റിസ് രാകേഷ്‌കുമാർ ജയിനിന്റെ ഉപദേശം സർക്കാർ ചെവിക്കൊണ്ടില്ല. കുറ്റവാളികൾക്ക് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കേസിലെ ഇരകളായ വ്യക്തികളുടെ അഭിപ്രായം കേൾക്കണം എന്ന അടിസ്ഥാന അവകാശം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച നടപടി ഭരണഘടനാവിരുദ്ധവും ഇരയുടെ അവകാശങ്ങളുടെ ലംഘനവുമാണെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.

 


ഇതുകൂടി വായിക്കൂ:  കോവിഡും കാര്‍ഷികമേഖലയും


 

ഭരണകക്ഷിയുടെ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയമായി പ്രവർത്തിച്ചതാണ് അലഹബാദ് ഹൈക്കോടതിയുടെ പിഴവുകൾക്ക് കാരണം. ക്രിമിനൽ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ മുഖവിലയ്ക്കെടുക്കാൻ ഹൈക്കോടതി തയാറായില്ല. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിന് അനാവശ്യമായ പരിഗണനകളാണ് കോടതി പിൻതുടർന്നത്. അതുകൊണ്ടുതന്നെ നിയമപരമായി എടുക്കേണ്ട പരിഗണനകൾ ഒഴിവാക്കുകയും ചെയ്തു. കേസ് പരിഗണിക്കുന്നതിലും ജാമ്യം അനുവദിക്കുന്നതിലും അനാവശ്യ തിടുക്കവും കാണിച്ചിരുന്നു. ഈ കേസിലെ ഇരകളുടെ ഭരണഘടനാപരമായ പല അവകാശങ്ങളും പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചത്. നിഷ്പക്ഷവും നീതിയുക്തവും ഭയരഹിതവും സ്വതന്ത്രവുമായി പ്രവർത്തിക്കേണ്ട കോടതികളുടെ ഭാഗത്തുനിന്ന് വരുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ വിധികളെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ അക്കാദമിയും നാഷണൽ ലോ കമ്മിഷനും പഠനവിധേയമാക്കേണ്ടതാണ്.

ഈ കേസിലെ മറ്റൊരു പ്രധാന കണ്ടെത്തൽ യുപി ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കേസന്വേഷണ ഏജൻസിയുടെ നീതിയുക്തമല്ലാത്ത അന്വേഷണ രീതിയാണ്. രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജൻസികൾ ഭരണകക്ഷിയുടെ താല്പര്യം സംരക്ഷിക്കുന്നു എന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഈ കാര്യത്തിൽ അടിയന്തര നിയമനിർമ്മാണം ആവശ്യമാണ്.

 


ഇതുകൂടി വായിക്കൂ:  നാഗാലാന്‍ഡിലെ കൂട്ടക്കൊല


പ്രതികളുടെ ജാമ്യാപേക്ഷ പുനഃപരിശോധിക്കണം എന്ന സുപ്രീം കോടതിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേഷ്‌കുമാൻ സിങ് പരിശോധിക്കുകയും ആശിഷ് മിശ്രയ്ക്കും കൂട്ടർക്കും ജാമ്യം നിഷേധിക്കുകയും ചെയ്തു. ഈ വിധിന്യായത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ്‌മിശ്രയെ കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി. അജയ്‌മിശ്ര കർഷകരെ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ പ്രകടനം നടത്താൻ തീരുമാനിച്ചതെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതിന്റെ മാന്യത കാത്തുസൂക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സിആർപിസി സെക്ഷൻ 144 പ്രഖ്യാപിച്ചിരുന്ന സ്ഥലത്ത് യോഗം വിളിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെയും യുപി ഉപമുഖ്യമന്ത്രിയെയും കോടതി രൂക്ഷമായി വിമർശിച്ചു. പൊതുയോഗം കഴിഞ്ഞ് പിരിഞ്ഞുപോയ കർഷകരെ യാതൊരു പ്രകോപനവുമില്ലാതെ ആശിഷ്‌മിശ്രയും കൂട്ടരും വാഹനമിടിച്ച് കൊല്ലുകയായിരുന്നു എന്ന് കോടതിക്ക് ബോധ്യമായിരിക്കുന്നു. സുപ്രീം കോടതിയുടെ ഇടപെടലിലൂടെ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ആശിഷ് മിശ്രക്കും കൂട്ടർക്കും എതിരെയുണ്ടായ വിധി സ്വാഗതാർഹമാണ്.

ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ പണവും രാഷ്ട്രീയ സ്വാധീനവും ഉള്ള വ്യക്തികൾക്ക് നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്താം എന്ന വ്യാമോഹമാണ് ഈ വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.