15 January 2026, Thursday

അരുണസ്വപ്നങ്ങളുടെ അർത്ഥാന്തരങ്ങൾ

ജയചന്ദ്രൻ കല്ലിംഗൽ
October 19, 2025 6:51 am

വിതകൾ മനുഷ്യന്റെ ആത്മാവിൽ നിന്നും ഉരുത്തിരിയുന്ന വികാരങ്ങളുടെയും ചിന്തകളുടെയും പ്രതിഫലനങ്ങളാണ്. കാലഘട്ടങ്ങളുടെ മാറ്റങ്ങൾക്കനുസൃതമായി കവികളുടെ ദൃഷ്ടിയും ദർശനവും വളർച്ച പ്രാപിക്കുന്നു. ജയപാലൻ കാര്യാട്ടിന്റെ അരുണസ്വപ്നങ്ങൾ എന്ന കവിതാസമാഹാരം, കവിയുടെ മുൻ കൃതികളിൽ നിന്നുമുള്ള ഒരു ചിന്താപരിണാമത്തിന്റെ തെളിവാണ്. ഈ സമാഹാരത്തിലെ കവിതകൾ കവിയുടെ മാനവികതാ ദൃഷ്ടിയെയും, ചരിത്രബോധത്തെയും സാമൂഹിക പ്രതിബദ്ധതയെയും ആഴത്തിൽ പ്രതിഫലിപ്പിക്കുന്നു.
”കൃതിയിൽ തെളിയും വിലങ്ങുമായ് വാക്കുകൾ
ചിതയിൽ നീറിക്കരുത്തെഴും ചൊല്ലുകൾ
അതിരിടാനാർക്കുമാകാത്ത ചിന്തകൾ”
എന്ന് കവി ആരവങ്ങൾക്കപ്പുറം എന്ന കവിതയിൽ പറയുന്നുണ്ട്.
”സ്മൃതികളൊത്തുയർന്നോരടി മോചന-
സ്തുതിയുമായ് മനമുണരട്ടെ നാൾക്കുനാൾ”
എന്ന ആഹ്വാനം കവിയുടെ വിപ്ലവബോധം ജ്വലിച്ചുയരുന്നതിന്റെ തെളിവായി മാറുന്നു.
അരുണസ്വപ്നങ്ങളിൽ വസന്തസ്വപ്നങ്ങളും കവി പാടുന്നു. കൊമ്പത്തിരുന്നാടുന്ന കിനാക്കൾ കാണുന്ന കവിയുടെ ആത്മവിശ്വാസം വാനോളമാണ്. നൊമ്പരക്കെട്ടുകളെ കൊട്ടിന്റെയും കുരവയുടെയും ആരവത്തിൽ പൊട്ടിച്ചെറിയാനുള്ള കരുത്ത് കവി തേടുന്നു. പാടാത്ത പാട്ടിനായിട്ടാണ് വസന്തസ്വപ്നങ്ങളിൽ കാത്തിരിയ്ക്കുന്നത്. വസന്തോത്സവം എന്ന ചെറുകവിത ഏതു പ്രതിസന്ധികളെയും ധീരതയോടെ മുറിച്ചു കടക്കുവാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. അർത്ഥഭംഗി ചോരാതെ ചേരുന്ന വാക്കുകൾ ചേർത്തു വയ്ക്കുവാൻ കവിതയുടെ വരികൾക്ക് സാധിക്കുന്നു. ഒരു സ്വപ്നസാക്ഷാത്ക്കാരത്തിനായിട്ടുള്ള കാത്തിരിപ്പായി വസന്തോത്സവം മാറുന്നു.
അക്ഷര മുറ്റം എന്ന കവിതയിൽ അക്ഷരക്കൂട്ടത്തിൽ കൂട്ടുമായെത്രയോ കൂട്ടുകാർ കൂട്ടമായെത്തി എന്ന് കവി പാടുന്നുണ്ട്. പഠന കാലത്തെ സൗഹൃദങ്ങളെ പോലെ അറിവും എത്ര മാത്രം വിലപ്പെട്ടതെന്ന് ഓർമ്മിപ്പിക്കുകയാണ്. അക്ഷരം മായ്ക്കാൻ മാത്രമല്ല കുറ്റങ്ങൾ മായ്ക്കാനും മഷിത്തണ്ട് മതി എന്നാണ് കവിത പറയുന്നത്. മഷിതണ്ട് എന്ന ബിംബ വൽക്കരണത്തിലൂടെ ബാല്യകാലത്തെ നിഷ്കളങ്കതയെ അവതരിപ്പിക്കുകയാണ് കവി. ബാല്യം സൗഹൃദങ്ങളോട് കാണിക്കുന്ന കരുതലും “പെൻസിൽ മറന്നോർ കളഞ്ഞവർക്കേകുവാൻ സൗഹൃദഹസ്തങ്ങൾ നീട്ടും” എന്ന വരികളിലൂടെ കവി രേഖപ്പെടുത്തുന്നു.
സമകാലിക ഇന്ത്യൻ സാഹചര്യത്തെ വ്യഥയോടെ വീക്ഷിക്കുകയാണ് ഇരുളാഴങ്ങളിലൂടെ “രക്ഷകമുഖംമൂടി ചൂടിയെത്തുവോർ നിത്യം തക്ഷകവിഷം ചീറ്റും വൈകൃതം രൂപാന്തരം എന്ന് കവി ഈ കവിതയിൽ വിഷാദപ്പെടുന്നുണ്ട്.
സാമ്രാജ്യത്വകൊടികളെ വിളറിപിടിപ്പിച്ച ഭഗത്സിങ്ങിന്റെ അനശ്വരമായ രക്തസാക്ഷിത്വം തീവ്രമായ ആവേശത്തോടെ ഭഗത്സിംഗ് എന്ന കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. കവിതയെക്കാളും ഗാനത്തോട് ചേർന്ന് നിൽക്കുന്ന ഒരു ശൈലിയിലാണ് ഈ കവിത രചിച്ചിരിക്കുന്നത്. ജാതിയുടെയും മതത്തിൻ്റെയും അതിർ വരമ്പുകൾ ഒലിച്ചു പോയ പ്രളയകാലത്തെ ഓർമ്മിക്കുകയാണ് ജലമർമ്മരം എന്ന കവിതയിലൂടെ. പ്രളയം നമുക്ക് നല്കിയ പാഠത്തെ കുറിച്ചാണ് കവി ഈ വരികളിലൂടെ പറയുന്നത്. ഗൃഹാതുരമായ സ്മരണകളുടെ നിറവാണ് ഈ കവിതാസമാഹാരം. ഓണവും കിടാവും വയൽക്കരയും മാമ്പഴവും പിന്നെ മാതൃസ്നേഹവും നിറഞ്ഞുനില്‍ക്കുന്നുണ്ട് കവിതകളില്‍.
പട്ടണമൊന്നായി എരിയുമ്പോഴും വികാരശൂന്യരായി ചിരിച്ചു തള്ളാൻ ഇന്നത്തെ മനുഷ്യൻ മിടുക്കരാണെന്ന് അല്പം വ്യഥയോടെ അശാന്തിപർവ്വത്തിൽ കവി പാടുന്നു. മതിമറന്ന അധികാര ദല്ലാളന്മാർ ചരിത്രധ്വംസനം എന്ന ചതി നടത്തുകയാണെന്നും എഴുത്തുകാരുടെ കഴുത്തിന് കൈവയ്ക്കുന്നവരുടെ പെരുകുന്ന സ്വാർത്ഥതയാണ് ഇന്നത്തെ കിരാതവാഴ്ചയിലെന്നും കവി വ്യാകുലപ്പെടുന്നു. പടി കടത്തി അധർമ്മ ചിന്തകൾ ഇടിത്തീയായി പുനർജനിക്കുന്നു എന്ന കവി ആശങ്കപ്പെടുന്നു. സ്വാർത്ഥത വളർന്ന് അധികാരികൾ തുരുത്തുകൾ തീർത്ത് തനിച്ച് വാഴുകയാണെന്നും പങ്കുവയ്ക്കലിന്റെ മഹത്വം ഓർക്കാതെയാണ് മുന്നോട്ട് പോകുന്നതെന്നും സമകാലിക സാഹചര്യങ്ങളെ അടയാളപ്പെടുത്തി കവി പാടുന്നു. നമ്മുടെ രാഷ്ട്രീയ സാംസ്കാരിക പരിസരങ്ങളെ ആഴത്തിൽ ആലേഖനം ചെയ്യുന്ന നിരവധി കവിതകൾ ഈ സമാഹാരത്തിലുണ്ട്.
എല്ലാ കവികളും പാടുന്നത് സ്വയം ഒരു നിർവൃതിക്കുവേണ്ടിയാണ്. എഴുതി കഴിഞ്ഞ് പാടി തീരുമ്പോൾ ജ്വലിക്കുന്ന പ്രകാശം നല്‍കുന്ന ആത്മസംതൃപ്തിയാണ് കവികളെ മുന്നോട്ട് നയിക്കുന്നത്. കവിയുടെ ആത്മാവിഷ്കാരത്തിന്റെ സ്പന്ദനം വായനക്കാരുടെ ഹൃദയത്തിലും തരംഗങ്ങൾ സൃഷ്ടിക്കണം. വായനക്കാരൻ അവിടെ കേവലം വായനക്കാരനല്ല, കവിയായി തീരുകയാണ്. ഉത്തമമായ കവിതകൾക്ക് ഇത് സഫലീകരിക്കാനാകും. ജയപാലൻ കാര്യാട്ടിന്റെ കവിതകൾ ഈ തലത്തിൽ സ്വാദ്ദേശപരമായി ഉയർത്തുന്ന ആശയങ്ങൾ വായനക്കാരെ കൂടുതൽ മനുഷ്യരാക്കുന്നു എന്ന് നിസ്സംശയം പറയാം. 

അരുണസ്വപ്നങ്ങൾ
(കവിത)
ജയപാലന്‍ കാര്യാട്ട്
പ്രഭാത് ബുക്ഹൗസ്

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.