23 December 2024, Monday
KSFE Galaxy Chits Banner 2

തണുപ്പാകാറായി, ഇത്തിരി കൃഷി തുടങ്ങിയാലോ?

വിഷ്ണു എസ് പി
അഗ്രിക്കൾച്ചർ ഓഫിസർ
October 12, 2024 12:38 pm

മലനാടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ശീതകാല പച്ചക്കറി വിളകൾ ഇന്ന് സമതലങ്ങളിലും താരമാണ്. കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട്, ഉള്ളി എന്നിവയാണ് ഹൈറേഞ്ച് മേഖലയിലെ പ്രധാന ശീതകാലവിളകൾ. അല്പം ശ്രദ്ധ ചെലുത്തിയാൽ സമതലങ്ങളിലും ഇവ വാഴുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് അനുയോജ്യമെങ്കിലും, സംരക്ഷിത കൃഷിരീതിയിൽ മഴക്കാലത്തും സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇവ വിളയിച്ചെടുക്കാവുന്നതാണ്.
മുന്നൊരുക്കങ്ങൾ എന്തെല്ലാം?
ഒക്ടോബർ പകുതിക്കുള്ളിൽ തന്നെ കൃഷിക്കായി നിലമൊരുക്കിയിടണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുത്ത് നന്നായി കിളച്ച് കുമ്മായമിട്ട് മണ്ണ് പാകപ്പെടുത്തിയെടുക്കേണ്ടത് ആവശ്യമാണ്. സെന്റ് ഒന്നിന് രണ്ട് മുതൽ മൂന്നു കിലോ വരെ കുമ്മായം ചേർക്കണം. തൈകൾ പറിച്ചുനട്ട് കൃഷി ചെയ്യേണ്ട കാബേജ്, കോളിഫ്ലവർ എന്നിവയുടെ വിത്തുകൾ ഒക്ടോബർ ആദ്യവാരം തന്നെ പ്രോട്രേകളിലോ തവാരണകളിലോ നടാവുന്നതാണ്. കുമിൾ രോഗത്തിനെതിരെ പ്രതിരോധത്തിനായി വിത്ത് പാകുന്നതിനുമുമ്പായി തവാരണകളിലും പ്രോട്രേകളിലും സ്യൂഡോമോണാസ് (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കേണ്ടതാണ്.
ചാക്കുകളിലോ ബാഗുകളിലോ കൃഷിചെയ്യുന്നവർ ഒക്ടോബർ മാസം അവസാനത്തോടെ ബാഗുകളിൽ നടീൽ മിശ്രിതം തയ്യാറാക്കി അല്പം കുമ്മായം ചേർത്ത് പരുവപ്പെടുത്തിവയ്ക്കണം. 

കാബേജ്/കോളിഫ്ലവർ

കാബേജിന്റെയും കോളിഫ്ലവറിന്റെയും കൃഷിരീതി ഏകദേശം സമാനമാണ്. പ്രത്യേകം തയ്യാറാക്കിയ തവാരണകളിൽ ഒരടി വീതിയിലും ഒരടി താഴ്ചയിലും രണ്ടടി അകലത്തിൽ ചാലുകൾ കീറി മുക്കാൽ ഭാഗത്തോളം മേൽമണ്ണും ജൈവവളവും ചേർന്ന മിശ്രിതം നിറയ്ക്കുക. സെന്റ് ഒന്നിന് 100 കി. ഗ്രാം എന്ന തോതിൽ ജൈവവളം മണ്ണിൽ ചേർക്കണം. ഏകദേശം ഒരു മാസം പ്രായമായ തൈകൾ ഈ തവാരണകളിൽ പറിച്ചു നടാം. കാബേജ് തൈകൾ ഒന്നര അടി അകലത്തിലും കോളിഫ്ലവർ തൈകൾ രണ്ടടി അകലത്തിലും നടണം.
തൈകൾ നട്ട് 10 ദിവസം കഴിഞ്ഞ് ഒരാഴ്ച ഇടവേളയിൽ ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങൾ പത്രപോഷണം വഴി നൽകുന്നത് മെച്ചപ്പെട്ട വിളവിന് സഹായിക്കും. പിണ്ണാക്കും ജൈവവളവും ചേർന്ന മിശ്രിതം മൂന്നാഴ്ച കഴിഞ്ഞ് തൈ ഒന്നിന് 50 ഗ്രാം വീതം ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യത്തിന് മൂലകങ്ങൾ ലഭ്യമാകത്തക്ക വിധത്തിൽ രാസവളപ്രയോഗവും നടത്താവുന്നതാണ്. രാസവള പ്രയോഗത്തിലുള്ള കൃഷിയിൽ സെന്റ് ഒന്നിന് 1.25 കിലോ യൂറിയ, 2.2 കിലോ രാജ്ഫോസ്, 800 ഗ്രാം പൊട്ടാഷ് എന്ന തോതിൽ പല ഗഡുക്കളായി തൈകൾ നട്ട് ഒരു മാസത്തിനുള്ളിൽ നൽകണം.
കാബേജ് നട്ട് 10 ആഴ്ചകൾകൊണ്ട് അതിന്റെ ‘ഹെഡ്’ എന്നറിയപ്പെടുന്ന ഭക്ഷ്യ യോഗ്യമായ ഭാഗം വിളവെടുപ്പിന് പാകമാകും. കോളിഫ്ലവറിന്റെ ‘കർഡ്’ എന്നറിയപ്പെടുന്ന ഭക്ഷ്യയോഗ്യമായ ഭാഗം ഏകദേശം രണ്ട് മാസം കൊണ്ട് വിളവെടുക്കാനാകും. കർഡുകൾ വളരുന്ന സമയത്ത് അതിനു താഴത്തെ ഇലകൾ കൊണ്ട് പൊതിഞ്ഞു കെട്ടുന്നത് വെയിലിന്റെ കാഠിന്യംകൊണ്ടുള്ള നിറവ്യത്യാസം വരാതിരിക്കുന്നതിനും നല്ല ആകൃതി കൈവരിക്കുന്നതിനും സഹായകമായിരിക്കും. ഹെഡുകളും കർഡുകളും രണ്ട് രണ്ടര ആഴ്ചകൊണ്ട് പൂർണ വളർച്ച എത്തുന്ന സമയത്തുതന്നെ വിളവെടുപ്പ് നടത്തേണ്ടതാണ്.
പ്രധാന ഇനങ്ങൾ
ക്യാബേജ്- NS 183, NS 43, ഗ്രീൻ വോയേജർ, ഗ്രീൻ ചാലഞ്ചർ
കോളിഫ്ലവർ ‑NS 60, പൂസാമേഘ്ന, നന്ദ, NS131

കാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട്

നന്നായി ജൈവവളം ചേർത്ത് നിലമൊരുക്കിയ സ്ഥലത്ത് ഒരടി ഉയരത്തിൽ വാരങ്ങൾ തയ്യാറാക്കി അതിൽ നേരിട്ട് വിത്തുപാകിയാണ് ഈ മൂന്നു വിളകളും കൃഷി ചെയ്യേണ്ടത്. വിത്തുകൾ ചെറുതായതിനാൽ മണലുമായി കൂട്ടിക്കലർത്തി വാരങ്ങളിൽ രണ്ട് സെന്റീമീറ്റര്‍ ആഴത്തിൽ ചാലുകൾ കീറി അതിൽ പാകാം. വിത്തുകൾ പാകിയശേഷം മേൽമണ്ണും മണലും ചേർന്ന മിശ്രിതംകൊണ്ട് ചാലുകൾ മൂടി ജലസേചനം നൽകണം. 8–10 ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കുവാൻ തുടങ്ങും. മുളച്ചു കഴിഞ്ഞാൽ അകലം ക്രമീകരിക്കുന്നതിനായി 10 സെന്റീമീറ്റര്‍ ദൂരത്തിൽ കരുത്തുള്ള തൈകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ പിഴുതുമാറ്റണം.
തൈകൾ മുളച്ച് രണ്ടാഴ്ച കഴിഞ്ഞ് ദ്രാവകരൂപത്തിലുള്ള വളങ്ങളും പുളിപ്പിച്ച് നേർപ്പിച്ച വളക്കൂട്ടുകളും ഇടവേളകളിൽ നൽകാവുന്നതാണ്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യത്തിന് മൂലകങ്ങൾ ലഭ്യമാക്കുന്നതിനായി രാസവളപ്രയോഗവും ആവാം. രാസവള കൃഷി രീതിയിൽ ക്യാരറ്റ് നടുന്ന സമയത്ത് സെന്റ് ഒന്നിന് 300 ഗ്രാം യൂറിയ, 1.25 കിലോഗ്രാം. രാജ്ഫോസ്, 300 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. ഒരു മാസത്തിനുശേഷം 300 ഗ്രാം യൂറിയ കൂടി നൽകാം. ബീറ്റ്റൂട്ടിനും റാഡിഷിനും രാജ്ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 800 ഗ്രാം, 250 ഗ്രാം ആണ് ചേർക്കേണ്ടത്. യൂറിയ ക്യാരറ്റിന്റെ അതേ അളവ് മതിയാകും.
കളനിയന്ത്രണവും മണ്ണു കൂട്ടിക്കൊടുക്കലും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കിഴങ്ങ് പുറത്തുകാണാത്ത രീതിയിൽ നേരിയ ലെയർ മണ്ണുചേത്താൽ മതിയാകും. റാഡിഷ് നട്ട് രണ്ട് മാസവും, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ രണ്ടര മാസത്തിനു ശേഷവും വിളവെടുപ്പിന് പാകമാകും.
പ്രധാന ഇനങ്ങൾ
ക്യാരറ്റ് — പൂസാ നയൻ ജ്യോതി, പൂസാ മേഘാലി, സൂപ്പർ കുറോഡ, പൂസാ കേസർ
ബീറ്റ്റൂട്ട് — മധുർ, ക്രിംസൺ ഗ്ലോബ്
റാഡിഷ് — പൂസാ ചേത്കി, അർക്കാ നിഷാന്ത്

സവാള/ വലിയഉള്ളി

വിത്ത് പാകി തൈകൾ പറിച്ച് നട്ടുവേണം സവാള വളർത്തേണ്ടത്. ഒക്ടോബർ ആദ്യം വിത്തു പാകിയാൽ നവംബർ പകുതിയോടെ തൈകൾ പറിച്ചുനടാം. സെന്റ് ഒന്നിന് 250 കി. ഗ്രാം ജൈവവളം ചേർത്ത് മണ്ണൊരുക്കിയശേഷം അരയടി ഉയരത്തിൽ തവാരണകളെടുത്ത് അതിൽ 10 സെ.മി അകലത്തിൽ വരികളിലായി വിത്ത് പാകി തൈകൾ വളർത്താം.
നന്നായി ജൈവവളം ചേർത്ത് നിലമൊരുക്കുകയും ശേഷം അരയടി ഉയരത്തിൽ ഒരടി വീതിയിലുള്ള വാരങ്ങൾ എടുക്കുകയും ചെയ്യണം. വാരങ്ങളിൽ രണ്ടു വരിയായി 20x10സെന്റീമീറ്റര്‍ അകലത്തിൽ തൈകൾ നടണം. തൈകൾക്ക് ആവശ്യാനുസരണം നന നൽകേണ്ടതാണ്. എന്നാൽ വിളവെടുപ്പിന് 10 ദിവസം മുമ്പ് നന നിർത്തണം.
തൈകൾനട്ട് 10 ദിവസത്തിനുശേഷം നിശ്ചിത ഇടവേളകളിൽ ജൈവവളക്കൂട്ട് ലായനി തളിക്കുന്നത് നല്ലതാണ്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ മൂലകങ്ങളുടെ അഭാവം പരിഹരിക്കുന്നതിനായി രാസവളങ്ങളും മണ്ണിൽ ചേർക്കാം. നട്ട് ഒരാഴ്ച കഴിഞ്ഞ് സെന്റ് ഒന്നിന് 500 ഗ്രാം യൂറിയ, ഒരു കിലോഗ്രാം രാജ്ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കാം. ഒരു മാസത്തിനു ശേഷം 200 ഗ്രാം യൂറിയ കൂടി ചേർക്കണം. തൈകൾ നട്ടു നാലുമാസം കഴിയുമ്പോൾ സവാള വിളവെടുപ്പിന് പാകമാകും. മൂപ്പെത്താറാകുമ്പോൾ ഇലകൾ ഉണങ്ങാൻ തുടങ്ങുകയും വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യും.
പ്രധാന ഇനങ്ങൾ
ഡാർക്ക് റെഡ്, അർക്കാ കല്യാൺ, അഗ്രിഫൗണ്ട്

ബീൻസ്

പയർ കൃഷി ചെയ്യുന്നതുപോലെ തന്നെ ബീൻസ് കൃഷിയും നടത്താം. ബീൻസിലുമുണ്ട് കുറ്റിയിനങ്ങളും പടർന്നു വളരുന്നവയും. നിലമൊരുക്കലും അടിവളം ചേർക്കലും മറ്റു ശീതകാല വിളകൾക്ക് ചെയ്തപോലെ ബീൻസിലും ആവർത്തിക്കുക. കുറ്റിയിനങ്ങൾ ചെറിയ വാരങ്ങളിൽ 20 സെന്റീമീറ്റര്‍ അകലത്തിലും പടരുന്ന ഇനങ്ങൾ രണ്ട് അടി അകലത്തിലും തടങ്ങൾ എടുത്ത് താങ്ങുകാലുകൾ നാട്ടി വളർത്തിയെടുക്കാം.
കുറ്റിയിനങ്ങൾ നട്ട് ഒന്നര മാസം കഴിയുമ്പോഴും പടർന്നുവളരുന്ന ഇനങ്ങൾ രണ്ടര മാസം കഴിയുമ്പോഴും വിളവെടുക്കാനാകും.
പ്രധാന ഇനങ്ങൾ
കുറ്റിയിനങ്ങൾ – കണ്ടന്റർ, അർക്കാസുമൻ, അർക്കാകോമൾ
വള്ളിയിനങ്ങൾ — കെന്റുകി വണ്ടർ, ബട്ടർ ബീൻസ്

സസ്യസംരക്ഷണ മാർഗങ്ങൾ

ശീതകാല പച്ചക്കറികളിലെ ഒരു പ്രധാന രോഗമാണ് തൈചീയൽ, പ്രതിരോധത്തിനായി ജൈവകുമിൾ നാശിനിയായ സ്യൂഡോമോണാസ് രണ്ട് ശതമാനം വീര്യത്തിൽ മണ്ണിൽ ഒഴിച്ചു കൊടുക്കുകയും തൈകളിൽ തളിക്കുകയും ചെയ്യാം. മറ്റു കുമിൾ രോഗങ്ങൾ വരാതിരിക്കുന്നതിനായി തോട്ടം വൃത്തിയായി സൂക്ഷിക്കുകയും നീർവാർച്ച ഉറപ്പാക്കുകയും ചെയ്യണം. മണ്ണിന്റെ അമ്ലത്വവും ക്രമീകരിക്കുക.
കാബേജ്, കോളിഫ്ലവർ എന്നിവയുടെ ഇലകൾ ഉൾപ്പെടെ പലഭാഗങ്ങളും തിന്നു നശിപ്പിക്കുന്ന പുഴുക്കൾക്കെതിരെ അഞ്ച് ശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്തോ വേപ്പധിഷ്ഠിത കീട നാശിനികളോ തളിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.