കോൺഗ്രസ് യൂണിറ്റ് രൂപീകരണവുമായി കെപിസിസി നേതൃത്വം മുമ്പോട്ട് പോകുമ്പോൾ എതിർപ്പുമായി ഗ്രൂപ്പുകൾ രംഗത്ത്. ഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം നിന്നു കൊടുക്കാൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ തയ്യാറല്ല. എന്നാൽ അതിനെ എതിർക്കാൻ തന്നെയാണ് ഗ്രൂപ്പുകളുടെ നീക്കം ദേശീയ തലത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ പുനഃസംഘടന നടത്തുന്നത് തടയാൻ ഗ്രൂപ്പു മാനേജർമാർ അരയും തലയും മുറുക്കി രംഗത്തുവന്നെങ്കിലും സുധാകരൻ. സതീശൻ കൂട്ടുകെട്ട് അതിനെതിരെ നിലപാട് എടുത്ത് പുനസംഘടനയുമായി നീങ്ങുകയാണ്. കോൺഗ്രസ് പുനഃസംഘടനയുമായും യൂണിറ്റ് കമ്മിറ്റികളുടെ രൂപവത്കരണവുമായും മുന്നോട്ടുപോകാൻ കെപിസിസി. നിർവാഹകസമിതി യോഗം തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നാമനിർദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പുനഃസംഘടന വേണ്ടെന്ന വാദവും എക്സിക്യുട്ടീവ് യോഗത്തിൽ ഉയർന്നു. ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു പുനഃസംഘടന തുടരാൻ കെ സുധാകരൻ തന്നെ തീരുമാനം അറിയിച്ചത്. ഇപ്പോൾ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നത് പ്രവർത്തകരുടെ പിന്തുണയുള്ളവർ സ്ഥാനങ്ങളിലേക്ക് വരുന്നതിന് തടസ്സമാകും എന്ന വാദമായിരുന്നു ഗ്രൂപ്പുകൾക്ക്. എന്നാൽ, സംഘടനാ സംവിധാനം പലയിടത്തും ദുർബലമായതിനാൽ പുനഃസംഘടന അനിവാര്യമാണെന്ന് ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്നവർ വാദിച്ചു.
അതേസമയം ഇപ്പോഴത്തെ പുനഃസംഘടനയിലൂടെ ആയിരക്കണക്കിനുപേർക്ക് സ്ഥാനമില്ലാതാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് അവർ പുറത്തുപോകുന്നതെങ്കിൽ പരിഭവം ഉണ്ടാകില്ലെന്നാണ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. എന്നാൽ, പുനഃസംഘടന നടത്താനും യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിക്കാനും ഹൈക്കമാൻഡിന്റെ അനുമതിയുണ്ടെന്ന് വി. ഡി. സതീശനും അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് എന്നാൽ ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നതു ബൂത്ത് മുതൽ തമ്മിൽത്തല്ല് അല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പായിത്തന്നെ നടക്കണമെന്ന വാദവുമായും ഗ്രൂപ്പുകൾ രംഗത്തുവന്നു. സംഘടനയെ ശക്തമാക്കുകയാണു തിരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യമെന്നു വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിൽ ഭാരവാഹിയാകാൻ ക്യാംപുകളിൽ പങ്കെടുക്കുന്നതു നിർബന്ധമാക്കും. പാർട്ടി ഭരണഘടനയിൽ തന്നെ ഇതിനായി മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗാവസാനം പ്രസിഡന്റ് കെ. സുധാകരൻ പുനഃസംഘടന തുടരുമെന്ന് യോഗ തീരുമാനമായി പ്രഖ്യാപിച്ചു. ഇതിനെതിരേ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും രംഗത്തുവന്നു. കഴിഞ്ഞദിവസം വിശാല കെപിസിസി. എക്സിക്യുട്ടീവ് യോഗത്തിൽ പുനഃസംഘടന വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ വാദിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നായിരുന്നു യോഗത്തിലുണ്ടായ ധാരണ. ഇതിനു വിരുദ്ധമായി ഔദ്യോഗികപക്ഷത്തിന് കൂടുതൽ പിന്തുണയുള്ള എക്സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനമായി പുനഃസംഘടനയ്ക്ക് അനുകൂല തീരുമാനം എടുപ്പിക്കുകയായിരുന്നുവെന്നാണ് എ, ഐ വിഭാഗങ്ങളുടെ നിലപാട്. ഇതിനെതിരേ ഹൈക്കമാൻഡിനെ സമീപിക്കാനാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ തീരുമാനം. എ. ചന്ദ്രൻ, എ. എ. ഷുക്കൂർ, ശരത്ചന്ദ്രപ്രസാദ്, ജ്യോതികുമാർ ചാമക്കാല, കരകുളം കൃഷ്ണപിള്ള, ജെയ്സൺ ജോസഫ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവരാണ് പുനഃസംഘടനയെ ശക്തമായി എതിർത്തത്. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോഴും കെപിസിസി പുനഃസംഘടന ഉണ്ടായപ്പോഴും എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾക്കായിരുന്നു സ്ഥാനനഷ്ടം. ഇവർ എല്ലാം ഇക്കുറി സുധാകരനെതിരെ തിരിഞ്ഞിട്ടുണ്ട്. എയിലെ പ്രമുഖ നേതാക്കളായ കെ. സി. ജോസഫ്, ബെന്നി ബഹനാൻ, കെ. ബാബു എന്നിവരാണു പുനഃസംഘടനയോടുള്ള ഭിന്നത പ്രധാനമായും വ്യക്തമാക്കിയത്. മത്സരിക്കുമെന്നു കെപിസിസി പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചത് അസ്ഥാനത്തായെന്നു കെ ബാബു ചൂണ്ടിക്കാട്ടി.
കൂടിയാലോചനകളുടെ അഭാവം പാർട്ടിയെ തളർത്തുന്നതായും അദ്ദേഹം ആരോപിച്ചു. സുധാകരൻ പ്രസിഡന്റായ ശേഷം രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികൾക്കെതിരെ ബെന്നി ബഹനാൻ ആഞ്ഞടിച്ചു. ഇവയെ നിയന്ത്രിക്കുന്നതു സുധാകരന്റെ അനുയായികളായ കെ. എസ് ബ്രിഗേഡാണ്. ജനപ്രതിനിധികളെ വരെ ഈ യോഗങ്ങളിൽ നിയന്ത്രിക്കുന്നു എന്നും ബെന്നി കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണം സുധാകരൻ യോഗത്തിൽ തള്ളിയത് ഏറെ ചർച്ചകൾക്കും, വാഗ്വാദങ്ങൾക്കും ഇടനൽകി. യൂണിറ്റ് കമ്മിറ്റികളുടെ പരിശീലനത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കണമെന്നു നിർബന്ധമില്ല. രാഷ്ട്രീയകാര്യ സമിതി യോഗം മാസത്തിലൊരിക്കൽ വിളിക്കണമെന്ന കെ. സി. ജോസഫിന്റെയും ബെന്നിയുടെയും ആവശ്യം സുധാകരൻ നിഷേധിച്ചില്ല. ഭരണം ഉണ്ടായിരുന്നപ്പോഴുള്ള പാർട്ടി സർക്കാർ ഏകോപന സമിതിയല്ലേ രാഷ്ട്രീയകാര്യ സമിതി എന്നു സുധാകരൻ ചോദിച്ചപ്പോൾ, രണ്ടും രണ്ടാണെന്നു മറ്റുള്ളവർ ഖണ്ഡിച്ചു. കെപിസിസി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ഷാനിമോൾ ഉസ്മാൻ പരാതിപ്പെട്ടു. ഗ്രൂപ്പിനതീതമായ നേതൃത്വം വന്ന ശേഷം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ ഗ്രൂപ്പുണ്ടാക്കരുതെന്ന് എം. കെ. രാഘവൻ ആവശ്യപ്പെട്ടു. സംഘടനാ തിരഞ്ഞടുപ്പിനു ശേഷവും യോജിച്ചു പോകാവുന്ന സാഹചര്യം വേണമെന്നു ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. പണ്ടൊരു തിരഞ്ഞെടുപ്പിൽ തന്നോടുണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ വക്കം പുരുഷോത്തമനും താനും ഇപ്പോഴും ഇന്ത്യയും പാക്കിസ്ഥാനും പോലെയാണെന്നു ശരത് ഓർമിച്ചു. ഗ്രൂപ്പുകൾ തൽക്കാലം അടങ്ങിയിരിക്കുകയാണ്. സംഘടനാ തെരഞ്ഞെടുപ്പാണ് അവർ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചിരിക്കുകയാണ്. കെപിസിസി സെക്രട്ടറിമാരേയും, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് ഭാരവാഹികളെ നിശ്ചിക്കുന്നതിനും ഗ്രൂപ്പുകൾ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താഴെ തട്ടിൽ തങ്ങളുടെ ആൽക്കാരെ തിരുകി കയറ്റാനുള്ള സുധാകരൻ-സതീശൻ അച്ചുതണ്ട് ശ്രമിക്കുകയാണെന്നുപുനസംഘടനയിലൂടെ ശ്രമിക്കുന്നതെന്നും ഗ്രൂപ്പുകൾ അഭിപ്രായപ്പെടുന്നു. എ,ഐ ഗ്രൂപ്പുകളുടെസംയുക്ത കെപിസിസി സ്ഥാനാർത്ഥിയായി കെ. സി ജോസഫിനെ ഉദ്ദേശിക്കുന്നത്. എന്നാൽ നിലവിലെ പ്രസിഡൻറ് കെ. സുധാകരൻ കെപിസിസി പ്രസിഡൻറായി മത്സരിക്കാൻ തയ്യാറാണെന്നുവെളിപ്പെടുത്തിയതോടെ ഗ്രൂപ്പുകൾ കളം ഒന്നു കൂടി ഘടിപ്പിക്കുകയാണ് വേണ്ടിവന്നാൽ രമേശ് ചെന്നിത്തലയെ സുധാകരനെതിരെ മത്സരിപ്പിക്കാൻ ഗ്രൂപ്പുകൾ അണിയറയിൽ ഒരുക്കങ്ങൾ നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.