ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ദേശിയ രാഷട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍കൂടിയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ്.
ചരിത്രത്തിലെ ഏറ്റവുംവലിയ കർഷകപ്രക്ഷോഭത്തിന്റെ തീനാളമേറ്റ് കരിവാളിച്ചുനിൽക്കുന്ന ബിജെപിക്ക് അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കനത്ത പ്രതിസന്ധിയാണ്. ഉത്തർപ്രദേശിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും കർഷകർ ബിജെപിക്കെതിരെ നേരിട്ട് രംഗത്തുണ്ട്. കർഷകരടക്കമുള്ള ജനങ്ങളെ കബളിപ്പിച്ചാണ് 2014 മുതൽ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടം കൊയ്‌തത്. കാപട്യം തിരിച്ചറിഞ്ഞ കർഷകർ ഇപ്പോൾ ബിജെപി കോർപറേറ്റ് പക്ഷത്താണെന്ന് തുറന്നടിക്കുന്നു.
ഡൽഹി അതിർത്തികളിലെ സമരം നിർത്തിയെങ്കിലും മിനിമം താങ്ങുവില(എംഎസ്‌പി)യ്‌ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യ കിസാൻസഭയും ഇതര സംഘടനകളും പ്രചാരണ–- പ്രക്ഷോഭ പരിപാടികളിലാണ്. എംഎസ്‌പി നിയമപരമായി പ്രഖ്യാപിക്കാൻ ആരാണ് തടസ്സമെന്ന ചോദ്യമാണ് കർഷകർ ഉന്നയിക്കുന്നത്. കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരം നൽകാനാണ് എംഎസ്‌പി പ്രഖ്യാപിക്കാത്തതെന്നാണ് കർഷകർ പറയുന്നത്.
കർഷകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒരു പാർടിക്കും മുന്നോട്ടുപോകാനാകില്ല.നയപരമായ വിഷയങ്ങളിൽ ആടിക്കളിക്കുന്ന കോൺഗ്രസ് ദുർബലമാകുന്നത് ഈ സാഹചര്യത്തിലാണ്. ബിജെപി തീവ്രവർഗീയ അജൻഡ വീണ്ടും പുറത്തെടുക്കുന്നത് ഈ പ്രതിസന്ധി മറികടക്കാനുമാണ്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടി മുന്നണിയും പഞ്ചാബിൽ ആം ആദ്‌മി പാർട്ടി, സംയുക്ത സമാജ് മോർച്ച എന്നിവയും ബിജെപിക്ക് ബദലാണ്. ഉത്തരാഖണ്ഡിൽ ഇടതുപക്ഷ കക്ഷികൾ മുന്നണിയായി മത്സരിക്കും.. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്.
പഞ്ചാബിൽ കോൺഗ്രസും. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായാൽ മോഡി സർക്കാരിനെതിരായ പ്രതിപക്ഷ പാർടികളുടെ കടന്നാക്രമണത്തിന് മൂർച്ചയേറും. ബിജെപിയുടെ പ്രചാരണത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമായും ശ്രദ്ധവെയ്‌ക്കുന്നത് യുപിയിലാണ്. വിവിധ പദ്ധതികളുടെ തറക്കല്ലിടലിനും മറ്റുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ പലവട്ടം അദ്ദേഹം യുപി സന്ദർശിച്ചു. യോഗിയെ തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടും. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യപ്രതിപക്ഷമാണ്.
യുപിയിലാണ് കാര്യമായ സാന്നിദ്ധ്യമില്ലാത്തത്. എന്നാൽ സ്വാധീനമുള്ള നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന് കടുത്ത സംഘടനാപ്രശ്‌നങ്ങളുണ്ട്. രാഹുൽ ഗാന്ധിയാവട്ടെ സംഘടനാ പ്രശ്‌നങ്ങൾക്കൊന്നും പരിഹരിക്കാതെ വിദേശത്താണ്.പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ എഎപി സ്വാധീനം ഉറപ്പിക്കുന്നു. ദേശീയതലത്തിൽ ബിജെപിയെ ചെറുക്കേണ്ട പ്രബല പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം കൂടി കോൺഗ്രസിന് നഷ്‌ടമാകും. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അസം ഒഴികെ മറ്റെല്ലായിടത്തും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ കർഷകപ്രക്ഷോഭം തിരയടിക്കുന്ന ഘട്ടത്തിലാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിലുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. എസ്‌എഡി-ബിജെപി ഭരണം അവസാനിപ്പിച്ച് 2017ൽ കോൺഗ്രസ് മടങ്ങിവന്നപ്പോൾ 117 അംഗ നിയമസഭയിൽ അവർക്ക് ലഭിച്ചത് 77 സീറ്റാണ്. ആദ്യമായി മത്സരിച്ച എഎപിക്ക് 20 സീറ്റ് കിട്ടി. എസ്‌എഡി–ബിജെപി സഖ്യം 18 സീറ്റിലൊതുങ്ങി. ഭരണപരാജയവും ആഭ്യന്തരകലഹവും കോൺഗ്രസിനെ ക്ഷീണിപ്പിച്ചു. ഹൈക്കമാൻഡിന്റെ പിടിപ്പുകേട് പാർടിയെ സംസ്ഥാനത്ത് പിളർത്തി.
കാർഷികനിയമങ്ങൾക്കെതിരെ സമരത്തിലുണ്ടായിരുന്ന 22 കർഷകസംഘടന ചേർന്ന് രൂപീകരിച്ച സംയുക്ത സമാജ് മോർച്ച(എസ്‌എസ്‌എം) മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌എഡി–-ബിഎസ്‌പി സഖ്യം, ബിജെപി–-പഞ്ചാബ് ലോക് കോൺഗ്രസ് (അമരീന്ദർസിങ്) സഖ്യം എന്നിവയാണ് മറ്റ് മുന്നണികൾ. കോൺഗ്രസിനു പ്രധാന സഖ്യകക്ഷികളില്ല. ഇങ്ങനെ പഞ്ചകോണ മത്സരത്തിനാണ് പഞ്ചാബിൽ കളമൊരുങ്ങുന്നത്. ചൂതാട്ട കേന്ദ്രമായ ഗോവയിൽ രാഷ്ട്രീയവും ചൂതാട്ടമാണ്. കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവും ഇവിടെ പതിവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി.
ബിജെപിക്ക് 13 സീറ്റായിരുന്നു. എന്നാൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും എംഎൽഎമാരെ അടർത്തിയും സ്വതന്ത്രരെ ഒപ്പംകൂട്ടിയും ബിജെപി സർക്കാർ രൂപീകരിച്ചു.അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചിട്ടും തുടർച്ചയായി 10 വർഷം ഭരിച്ച ഗോവയിൽ ബിജെപി ഇതിനു തയ്യാറായില്ല. നിലവിൽ 25 എംഎൽഎമാർ ബിജെപിക്കൊപ്പമാണ്. 10 വർഷത്തെ ഭരണത്തിനെതിരായ കനത്ത ജനവികാരം ബിജെപിയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനാകാത്തത് കോൺഗ്രസിന്റെ തകർച്ചയ്‌ക്കിടയാക്കി.
നിലവിൽ മുൻ മുഖ്യമന്ത്രിമാരായ പ്രതാപ് സിങ് റാണെയും ദിഗംബർ കമത്തും മാത്രമാണ് എംഎൽഎമാരായി കോൺഗ്രസിനൊപ്പമുള്ളത്.10 എംഎൽഎമാർ ബിജെപിയിലേക്കും അഞ്ചുപേർ മറ്റ് പാർടികളിലേക്കും ചേക്കേറി. ആറു തവണ മുഖ്യമന്ത്രിയും 50 വർഷം എംഎൽഎയുമായ പ്രതാപ് സിങ് റാണെക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുമുമ്പ് ബിജെപി സർക്കാർ അജീവനാന്ത ക്യാബിനറ്റ് പദവി നൽകി. ഇത്തവണ ആംആദ്‌മി പാർടിയും തൃണമൂൽ കോൺഗ്രസും മത്സരത്തിനുണ്ട്. 2017ൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്‌മി പാർടിക്ക് താഴെത്തട്ടിൽ പ്രവർത്തകരുണ്ട്.
എന്നാൽ, തൃണമൂലിന് താഴെത്തട്ടിൽ പ്രവർത്തകരില്ല.മണിപ്പൂരില്‍ കോൺഗ്രസിന്റെ ദൗർബല്യം മുതലാക്കി വീണ്ടും അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ ബിജെപിക്കുള്ളിലെ പടയൊരുക്കവും ഭരണവിരുദ്ധ വികാരവുമാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് നേതൃത്വം നിർജീവമാണ്.മൂന്ന് പ്രാവശ്യം മുഖ്യമന്ത്രിയായ ഒക്‌റം ഇബോബി സിങ്ങിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കള്ളപ്പണ ആരോപണങ്ങളിൽ ഇഡി അന്വേഷണം ശക്തമാക്കിയതോടെ അദ്ദേഹം പിൻവലിഞ്ഞെങ്കിലും കോൺഗ്രസ് ഇബോബി സിങ്ങിനെതന്നെയാവും ആശ്രയിക്കുക.
2017ൽ 28 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് നിലവിൽ 15 എംഎൽഎമാരാണുള്ളത്.പലരും ബിജെപിയിലേക്ക് ചേക്കേറി. ആറു വട്ടം എംഎൽഎയും പാർടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ഗോവിന്ദ് ദാസ് കോന്തൗ ജാം ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായി. എൻ ലോകേൻ സിങ്ങിന്റെ നേതൃത്വത്തിൽ പാർടി പുനഃസംഘടിപ്പിച്ചു. എന്നാൽ, സംസ്ഥാനത്ത് 15 വർഷം അധികാരത്തിലിരുന്നിട്ടും പലയിടത്തും സംഘടനാ സംവിധാനമില്ല.2020ൽ ബിജെപി സഖ്യകക്ഷിയായിരുന്ന എൻപിപി കലാപക്കൊടി ഉയർത്തിയത് ബിജെപിക്ക് വലിയ തലവേദനയായിരുന്നു.
സർക്കാരിനുള്ള പിന്തുണ പിൻവലിച്ച എൻപിപിയെ അമിത് ഷാ ഇടപെട്ടാണ് അനുനയിപ്പിച്ചത്. മെയ്‌തേയ് വിഭാഗത്തിന് ഗോത്രപദവി നൽകാത്തതും അഫ്‌സ്‌പ ദുരുപയോഗവും പർവതമേഖലകളിലെ വികസനമുരടിപ്പും തെരഞ്ഞെടുപ്പിൽ മുഖ്യചർച്ചയാകും.പാളയത്തിൽപ്പടയാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും നേരിടുന്ന പ്രതിസന്ധി. കോൺഗ്രസിനകത്ത് മുതിർന്ന നേതാക്കളുടെ തമ്മിലടി രൂക്ഷം.
മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും ഉത്തരാഖണ്ഡിന്റെ എഐസിസി ചുമതലയുള്ള ദേവേന്ദർ യാദവും തമ്മിലാണ് പ്രധാനമായി പോര്. രാഹുൽ ഗാന്ധിയടക്കമുള്ള കേന്ദ്ര നേതൃത്വം ഇടപെട്ട് താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കിയെങ്കിലും പ്രശ്‌നം അവസാനിച്ചിട്ടില്ല.മുഖ്യമന്ത്രിയായി തന്നെ ഉയർത്തിക്കാട്ടണമെന്നാണ് ഹരീഷ് റാവത്തിന്റെ ആവശ്യം. എന്നാൽ, ദേവേന്ദർ യാദവും പ്രതിപക്ഷനേതാവ് പ്രിതം സിങ്ങും ഇതിനു തയ്യാറല്ല.
ഒടുവിൽ ഹരീഷ് റാവത്തിന് പ്രചാരണച്ചുമതല നൽകി സമാധാനിപ്പിച്ചു. എന്നാൽ, ചേരിപ്പോരിന് അവസാനമായില്ലെന്നാണ് അടിത്തട്ടിൽനിന്നുള്ള റിപ്പോർട്ട്. പ്രമുഖ നേതാക്കൾ മക്കൾക്കും മരുമക്കൾക്കും സീറ്റ് ആവശ്യപ്പെട്ടതും സാഹചര്യം വഷളാക്കി.
English Summary: Assembly elections are underway; BJP and Congress in crisis
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.