
ഭീതിയും രഹസ്യവും ചേർന്നു നിൽക്കുന്ന അജ്ഞാതലോകം മനുഷ്യമനസിനെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും ഭയവും ചുവട് പതിപ്പിച്ച ഭ്രമാത്മകമായ പ്രേതലോകത്തെ, അക്ഷരങ്ങളിൽ ഒതുക്കുമ്പോൾ താന്ത്രികശക്തികളും മാനസികചാതുരികളും തമ്മിൽ ഏറ്റുമുട്ടാറുണ്ട്. സിജിത അനിൽ ഭീതിയും നിഗൂഢതയും നിറഞ്ഞ ഒരു ലോകമാണ് ഈ പുസ്തകത്തിൽ ഒരുക്കിയിരിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന
അജ്ഞാത സത്യങ്ങൾ അനിവാര്യമായോ, ആകസ്മികമായോ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് വരുമ്പോൾ അവിടെ കഥകളും രൂപം കൊള്ളുന്നു. ഈ ഹൊറർ നോവൽ, ഭീതിയുടെ അതിരുകൾ മറികടക്കുമ്പോഴും, അതിന്റെ ആന്തരിക സൈക്കോളജി അനാവരണം
ചെയ്യുന്നുണ്ട്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില അനുഭവങ്ങൾ അസാധാരണത്വത്തിന്റെ കവചം ധരിച്ച് എത്തുമ്പോൾ, അവയെ മനസിലാക്കാൻ നാം പലതരത്തിലുമുള്ള മാർഗങ്ങൾ തേടാറുണ്ട്. അത്തരത്തിലുള്ള തെരയലിന്റെ ആഴങ്ങളിലേക്കാണ് നോവലിസ്റ്റ്
നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഭയത്തിന്റെ നിഗൂഢതലങ്ങളിലും മാന്ത്രികതയുടെ ശാസ്ത്രീയവും മാനസികവും ബൗദ്ധികവുമായ സാധ്യതകൾ ഈ പുസ്തകത്തിൽ കാണാം.
പ്രതികാരദാഹം കനലായി കത്തുന്ന ഒരു യക്ഷി, കാലത്തിന്റെ അതിരുകൾക്കപ്പുറത്തു നിന്ന് വീണ്ടും മനുഷ്യലോകത്തേക്ക് തിരിച്ചു വരുന്നു. മാന്ത്രികനായ ആലത്തൂർ ശിവദത്തൻ താന്ത്രികവും മാന്ത്രികവുമായ വൈജ്ഞാന പാഠങ്ങളിലൂടെ മാന്ത്രികനായ ആലത്തൂർ ശിവദത്തൻ താന്ത്രികവും മാന്ത്രികവുമായ വൈജ്ഞാനിക പാഠങ്ങളിലൂടെ അത്ഭുതകരമായ മനശക്തിയെ അനാവരണം ചെയ്യുന്ന ഒരു യാത്രയിലാണ്. ഉഗ്രരൂപിണിയായ യക്ഷിയെ തളയ്ക്കാനുള്ള ശ്രമത്തിൽ യക്ഷിയുടെ കഠിനതയെ നേരിടുന്ന ദത്തൻ മാന്ത്രിക ‑താന്ത്രിക ശക്തികളെ സമന്വയിപ്പിച്ച് പരകായ പ്രവേശം എന്ന അതീവ രഹസ്യപരമായ കർമ്മത്തിലേക്ക പ്രവേശിക്കുകയാണ്.
മനുഷ്യബുദ്ധിയുടെയും ആത്മാവിന്റെയും അതിസൂക്ഷ്മ രേണുക്കളെ മറികടന്ന് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കാമെന്ന ചിന്ത തന്നെ ദുർഘടവും അതിസാഹസികവുമാണ്. ഒരു വ്യക്തിയുടെ ആത്മാവ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അവരുടെ വ്യക്തിത്വം, ഓർമ്മ, അവബോധം എന്നിവയിലൊക്കെ മാറ്റം വരും. ഇത് ഒരു മനഃശക്തിയുടെ പ്രയോഗമാണോ? അതോ പഴയ വിശ്വാസങ്ങളെ കോർത്തിണക്കിക്കുന്ന ഒന്നാണോ? വൈചിത്ര്യപരമായ സംഭവവികാസങ്ങളിലൂടെ ഒരേ സമയം നമ്മെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. ‘പരകായപ്രവേശം’ എന്ന കൃതി ആധുനിക തന്ത്രശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകളെ സത്യത്തിന്റെയും അസത്യത്തിന്റെയും പാതകളിലൂടെ
ഭയത്തിന്റെ തലങ്ങൾ, സൈക്കോളജിക്കൽ തന്ത്രങ്ങൾ, ആത്മീയ വിശ്വാസങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്ന അപൂർവ സൃഷ്ടിയാണ്. അത് പരിചോദനകൾക്കും ചിന്തകൾക്കും ബുദ്ധിയുടെ അതിരുകൾ പരിസമാപ്തമല്ലെന്നതിനുള്ള അടയാളമാണ്. ഭൂതലോകത്തിന്റെ അടിത്തറ തകർത്തും ഭീതിയുടെ താളങ്ങളിൽ ശ്രുതി മീട്ടിയും അതിശയിപ്പിക്കുന്ന ഒരു സാഹസിക യാത്രയിലേക്ക് സിജിത അനിലിന് ഒപ്പം വായനക്കാരും അനുയാത്ര ചെയ്യും.
യുക്തിയുടെയും ബുദ്ധിയുടെയും ആത്മീയതയുടെയും അതീന്ദ്രശാസ്ത്രത്തിന്റെയും സംഗമത്തിലൂടെ വ്യത്യസ്തമായ കഥാസന്ദർഭങ്ങളുടെ വാതായനമാണ് പരകായ പ്രവേശം എന്ന ഗ്രന്ഥം. കഥാഗതി മാനസിക സംഘർഷത്തിലേക്ക് വഴിമാറുമ്പോൾ തന്ത്രവിദ്യയുടെ പ്രകടനം മാത്രമല്ല, മറിച്ച് മനശാസ്ത്രത്തെയും വികാരങ്ങളെയും ഭാവനയെയും ചേർത്തുയർത്തിയ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. മനസിന്റെ ആഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഭയം, അജ്ഞാതലോകങ്ങളോടുള്ള അതിരഹസ്യ ആകർഷണം, അനിശ്ചിതത്വങ്ങളുടെ അനവധിപാതങ്ങൾ ഇവയെല്ലാം പുസ്തകത്തിന്റെ താളുകളിൽ ഒളിഞ്ഞിരുപ്പുണ്ട്. ആദ്ധ്യാത്മികതയെയും മായികതയെയും ഒരുമിച്ച് നെയ്തെടുക്കുന്ന ഈ കൃതിയിലെ ഓരോ അധ്യായത്തിലും ഉരുത്തിരിയുന്ന കഥാന്തരീക്ഷം വിചിത്രമായ അനുഭവങ്ങളിലേക്കും അപൂർവമായ ചിന്താപഥങ്ങളിലേക്കും നയിക്കുന്നു. ഭൂതകാലത്തിന്റെ കനൽക്കരികളിൽ പുകഞ്ഞു മങ്ങിയ കഥകൾ പല തറവാടുകളുടെയും പടിവാതിലുകൾ തുളച്ചുകയറി, അവരുടെ വംശാവലിയെ നശിപ്പിക്കുന്ന വിധത്തിൽ, തലമുറകളുടെ ഹൃദയതാളത്തിൽ നിഴലായി പതിഞ്ഞിട്ടുണ്ട്. ഈ നോവൽ അത്തരമൊരു അനാത്മ സംഗീതത്തിന്റെ കനൽപ്പാടുകളിലൂടെയാണ് വായനക്കാരനെ കൈപിടിച്ചു നടത്തുന്നത്.
പരകായപ്രവേശം
(ഹൊറര്‍ നോവല്‍)
സിജിത അനില്‍
ടാള്‍മൗണ്ട് പബ്ലിഷിങ്
വില: 299 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.