25 December 2025, Thursday

അതിർത്തികളെ റദ്ദാക്കുന്ന നാവികൻ

ഇന്ന് നോവലിസ്റ്റ് രാജീവൻ കാഞ്ഞങ്ങാടിന്റെ ഓര്‍മ്മദിനം
മാധവൻ പുറച്ചേരി
June 29, 2025 7:10 am

കാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ടവനാണ് രാജീവൻ കാഞ്ഞങ്ങാട്. തന്റേതായ അടയാളപ്പെടുത്തലുകൾ നിർവഹിച്ചുകൊണ്ട് മുന്നോട്ടു പോയിരിക്കുമ്പോഴാണ് മരണം രാജീവനെ വിഴുങ്ങുന്നത്. ഏത് പ്രതിസന്ധികൾക്കിടയിലും സർഗാത്മകതയെ ജീവിതത്തിന്റെ ഉപ്പും ചോരയുമായി കൊണ്ടുനടന്ന കഥാകൃത്താണ് രാജീവൻ കാഞ്ഞങ്ങാട്. ആ അർത്ഥത്തിൽ ഓരോ രചനകളും വിസ്തൃതമായ ഒരു ഭൂമികയിൽ നിന്നുകൊണ്ടുള്ള ലോകാനുഭവങ്ങളായിരുന്നു. ദേശരാഷ്ട്രങ്ങളുടെ കേവലാതിർത്തികളെ റദ്ദാക്കുന്ന ലോകാനുരാഗത്തിന്റെ തെളിച്ചമായിരിക്കണം മറവിയിൽ മാഞ്ഞുപോവാതെ രാജീവൻ കാഞ്ഞങ്ങാട് എന്ന കഥാകാരനെ വീണ്ടും വീണ്ടുമോർമ്മിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. 

നാവികൻ എന്നൊരൊറ്റ കൃതി കൊണ്ടു മാത്രം മഹത്തും ബൃഹത്തുമായ നോവൽ സാഹിത്യത്തിൽ ഈ കഥാകാരന് ഇടം കിട്ടിയിട്ടുണ്ട്. സാർവദേശീയമായ മനുഷ്യാനുഭവത്തിന്റെ ചടുലമായ ആവിഷ്കരണം നടത്തിയതിനാൽ മാത്രം സാധ്യമായതാണത്. യുദ്ധങ്ങളുടെയും വംശഹത്യകളുടെയും കൂട്ടപലായനങ്ങളുടെയും നെടുവീർപ്പുകളാൽ സമ്പന്നമാണ് ലോകചരിത്രം. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും രീതിശാസ്ത്രമൊന്നുകൊണ്ടുമാത്രം ഭ്രഷ്ടരും അഭയാർത്ഥികളുമായ സഹോദരങ്ങളുടെ നിലവിളികളാണ് ചുറ്റിലുമിപ്പോഴും കേട്ടു കൊണ്ടിരിക്കുന്നത്.

“കുടിയിറക്കപ്പെടും കൂട്ടരേ, പറയുവിൻ
പറയുവിൻ, ഏത് രാഷ്ട്രക്കാർ — നിങ്ങൾ
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്.
അതിലെന്തുണ്ടാർക്കാനുമുടമയില്ലാത്ത ഭൂ-
പടമേലും പാഴ് വരയ്ക്കർത്ഥമുണ്ടോ?
എവിടെവിടെങ്ങളിച്ചട്ടി പുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തിൽ
അവിടവിടങ്ങളെ ചേർത്തുവരയ്ക്കുകൊ-
ന്നിവരുടെ രാഷ്ട്രത്തിന്നതിർവരകൾ” എന്ന ഇടശേരിക്കവിതയുടെ സാരസ്യമാണ് മറ്റൊരർത്ഥത്തിൽ നാവികനും പറയാനുള്ളത്. ഒരു തീരവും തന്റേതുകൂടിയല്ലെന്നുള്ള തിരിച്ചറിവിന്റെ വേദനയിൽ ഒരു തീരത്തും അടുപ്പിക്കാനാവാത്ത ധർമ്മസങ്കടമായി നോവലിലെ വഹാബ് നമുക്കു മുന്നിൽനിൽക്കുന്നു. കഥാനായകന്റെ സ്വത്വത്തെ തന്നെ അപഹരിക്കുന്ന രാഷ്ട്ര(അ)നീതിയുടെ കിരുകിരുപ്പിന്റെ ശബ്ദം വായനക്കാരന് തന്നെ സ്വന്തം ശബ്ദമായി കേൾക്കുകയാണിതിൽ. 

ആധുനിക പൗരബോധത്തിന്റെ ഇന്ത്യയെ രൂപീകരിക്കാനുള്ള നിരന്തര പോരാട്ടത്തിലേർപ്പെട്ട രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വം നമ്മെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്. ഒരിക്കൽ മൗലാനാ അബ്ദുൾ കലാം ആസാദിന്റെ തോളിൽതട്ടി ഗാന്ധിക്ക്, ചുറ്റിലുമുള്ളവരോട് പറയേണ്ടിവരുന്നുണ്ട്, ‘ഈ തൊപ്പിക്കാരൻ ഇന്ത്യക്കാരനല്ലെങ്കിൽ പിന്നെയാരാണ് ഇന്ത്യക്കാര’നെന്ന്. സവർക്കറിസ്റ്റുകളുടെ രാഷ്ട്രസങ്കല്പത്തിൽ മുസ്ലിം വിശ്വാസികൾക്കിടമുണ്ടാകില്ല. അപരവിദ്വേഷത്തിന്റെ അതിർത്തികളാൽ സങ്കുചിതവും മനുഷ്യവിരുദ്ധവുമായ സങ്കല്പമാണത്. വൈവിധ്യത്തിന്റെ നിറക്കൂട്ടുകളും വരകളും വർണങ്ങളുമപ്രാപ്യമായ ഒരൊറ്റ ദേശീയതയിൽ വേരൂന്നുന്ന ഫാസിസ്റ്റ് കർക്കശതയ്ക്ക് ഇന്ത്യയിലധികാരമുറപ്പിക്കാൻ കഴിയുന്നതിന്റെ നടുക്കമാണ് നാവികനെ കൂടുതൽ കൂടുതൽ പ്രസക്തമാക്കുന്നത്. 

ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ തന്നെ വിഭജനത്തിന്റെ മുറിവുകളും പേറിയിട്ടുണ്ട്. ഹിന്ദു മുസ്ലിം കലാപങ്ങളുടെ കൂട്ടക്കുരുതിയിൽ നിറംകെട്ടുപോയ സ്വാതന്ത്ര്യലബ്ധിയിൽ പങ്കാളിയാകാനാത്ത രാഷ്ട്രപിതാവിന്റെ നിസഹായതയും നെടുവീർപ്പും ഇന്ത്യാ ചരിത്രത്തിന്റെ ഭാഗവുമാണ്. ചരിത്രത്തിലെ അത്തരമൊരു നെടുവീർപ്പിന്റെ സ്മരണകൾ സപ്തഭാഷാഭൂമിയായ കാസർഗോഡിന്റെ ഭൂമികയിൽ വീണ്ടെടുക്കുന്ന ഭാഷാശില്പമാണ് നാവികൻ. ചോരയിറ്റുന്ന ഇന്ത്യാ-പാക് വിഭജനത്തിന്റെ നാളുകളിൽ അഭയാർത്ഥി ക്യാമ്പിലെത്തിയ സൂഫി ഗായകനായ ബ്യാരിഗുൽമുഹമ്മദ് കാസർകോട്ടുള്ള ഗംഗാവാർ എന്ന ഗ്രാമത്തിലെത്തി, നാടിന്റെ മിടിപ്പുകളിലലിഞ്ഞുചേരുന്നതും നാട്യകലാസദനത്തിൽ അന്തേവാസിയാകുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് പ്രമേയമായി വരുന്നത്. വർഗീയവാദിയായ ശേഷപ്പഭണ്ഡാരിയുടെ ഇടപെടൽ പതുക്കെ പതുക്കെ നാട്യകലാസദനമെന്ന സുന്ദരസ്വപ്നത്തെ നിയമക്കുരുക്കിൽപ്പെടുത്തി തകർക്കുകയാണ്. മുസ്ലിം നാമധാരിയായ സൂഫിഗായകനെ എളുപ്പത്തിൽ പാക്ചാരനായി മുദ്രകുത്തുക വർഗീയക്കളിയുടെ അനിവാര്യമായ ആവശ്യമായി. ഗുൽമുഹമ്മദിന്റെ ചെറുമകനായ വഹാബ് മറ്റൊരാളുടെ ഐഡന്റിറ്റി ഉപയോഗിച്ച് തന്റെ വേരുകളന്വേഷിച്ച് ഗംഗാവാറിലെത്തുകയും നിരാശയോടെ യാത്ര പറയുന്നതുമായ കഥാപരിസരം ഇന്നത്തെ ഇന്ത്യയെ പലമട്ടിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവിടെ ജനിച്ച്, ജീവിച്ച മനുഷ്യർ അന്യരായി കഴിയേണ്ടിവരികയും തങ്ങളുടെ പൗരത്വം തെളിയിക്കാൻ പെടാപ്പാട് പെടുന്നതും വർത്തമാനകാല വേദനകളായി നമുക്കു ചുറ്റുമുണ്ട്. മതരാഷ്ട്രത്തിൽ ജീവിക്കുന്നവരിൽ നിന്നും വിഭിന്നമായി മതേതര രാഷ്ട്രത്തിൽ ജീവിക്കാൻ കഴിയുന്നവർക്കു സ്വപ്നങ്ങൾ കാണാനുള്ള അവകാശമെങ്കിലുമുണ്ടാകും. ഗംഗാവാറിലെ മനുഷ്യരും മരങ്ങളും ഗ്രാമനന്മയും മതേതരാനുഭവത്തിന്റെ സ്വാഭാവികമായ ഉജ്ജ്വല ചിത്രങ്ങളാൽ വായനക്കാരൻെ മനസിൽ നിറഞ്ഞുനിൽക്കും. അപരവിദ്വേഷത്താൽ ഗംഗാവാർ തകർക്കപ്പെടുമ്പോൾ വൈവിധ്യത്തിന്റെ സ്വപ്നഭൂമിയുടെ തകർച്ചയായി നമ്മുടെ ഉള്ളുലയ്ക്കുക തന്നെ ചെയ്യും. സ്വപ്നഭൂമി തേടിയുള്ള വഹാബ് എന്ന നാവികന്റെ യാത്ര ചെന്നെത്തി നിൽക്കുന്നത് നമ്മുടെയെല്ലാം ഉൽക്കണ്ഠകളിൽ തന്നെയാണ്. 

നൂറുകണക്കിന് പേജിൽ വിസ്തൃതമായി കഥ പറയുകയല്ല നോവലിന്റെ ദൗത്യമെന്ന് രാജീവൻ കാഞ്ഞങ്ങാടിനറിയാം. ജീവിതത്തിന്റെ സങ്കീർണ്ണതകളും വിഹ്വലതകളും ഉൾപ്പിളർപ്പായി അനുഭവിപ്പിക്കുന്നതിന്റെ സാന്ദ്രതയാണ് നാവികനെ നയിക്കുന്നത്. സാംസ്കാരിക വൈവിധ്യത്തിന്റെ തിളക്കമാർന്ന മണ്ണായ കാസർകോഡിന്റെ സപ്തഭാഷാഭൂമിയെ കേന്ദ്രബിന്ദുവായി സങ്കല്പിച്ചതിലെ ഔചിത്യവും പ്രതീകാത്മകതയും ആലോചനാമൃതമാണ്. ചെറുദേശീയതയിലൂന്നിയ ഒരു രാഷ്ട്രസങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ അധികാരത്തിൽ മാത്രമല്ല, ഗ്രാമനന്മകൾക്കിടയിലും ഇഴഞ്ഞ്, ഇഴഞ്ഞ് പ്രത്യക്ഷപ്പെട്ട് സംഹാരരൂപം കൈവരിക്കുന്ന കാഴ്ചകൾ ഇന്ന് സമൃദ്ധമാണ്. അടിച്ചമർത്തപ്പെട്ടവന്റെയും തിരസ്കൃതന്റെയും ദീനരോദനം കേൾക്കാൻ കാതില്ലാത്ത ഭരണകൂടങ്ങൾ നവലിബറൽ കാലത്ത് ശക്തിപ്പെടുകയാണ്. സ്വന്തം ഭാഷയും വേഷവും ആചാരവിശ്വാസങ്ങളും ഭക്ഷണവും അയാളെ കുറ്റവാളിയാക്കാനുള്ള തെളിവായി നിരത്തപ്പെടുമ്പോൾ നാവികനുയർത്തുന്ന ചോദ്യങ്ങൾ ലോകാനുഭവത്തിന്റെ സാക്ഷ്യപത്രങ്ങളാകുന്നു. ഈ നോവൽ പിറവിയെടുത്തപ്പോഴുള്ള ലോകമല്ല ഇന്നുള്ളത്. നാൾക്കുനാൾ മാനുഷികത കൂടുതൽ കൂടുതൽ അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. രാഷ്ട്രങ്ങൾക്കു പുറത്തു നിൽക്കുന്ന അഭയാർത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹങ്ങളാൽ ഭൂലോകം നിറഞ്ഞിരിക്കുന്നു. നീതി സാധ്യമല്ലെന്നും അതിർത്തികൾമാത്രമാണ് ശരിയെന്നും കരുതുന്ന രാഷ്ട്രത്തലവന്മാർ ഒരുപോലെ വ്യക്തി രാഷ്ട്രത്തിനടിമയാണെന്ന് വിശ്വസിക്കുകയും നിരന്തരം പറയുകയും ചെയ്യുന്നു. സങ്കുചിത ദേശാഭിമാനത്തെ തള്ളിപ്പറഞ്ഞ ടാഗോറിന്റെ ധീരമായ വാക്കുകൾ വീണ്ടും വീണ്ടും ഉച്ചരിക്കുക തന്നെ വേണം. സാമാന്യജനതയുടെ വിവേകപൂർണമായ ജീവിതത്തെപ്പോലും കപടദേശീയത വിഴുങ്ങുന്ന കാഴ്ചകളെ പ്രതിരോധിക്കാനുള്ള മിടിപ്പുകളാണ് നാവികൻ അവശേഷിപ്പിക്കുന്നത്. അധികാരത്തോടുള്ള അന്ധമായ വിശ്വാസമായിരിക്കും സത്യത്തിന്റെ എക്കാലത്തെയും ശത്രുവെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് രാജീവൻ കാഞ്ഞങ്ങാട്. ആ ദൃഢമായ വിശ്വാസപ്രഖ്യാപനമാണ് നാവികനെ ശ്രദ്ധേയമാക്കുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.