22 December 2024, Sunday
KSFE Galaxy Chits Banner 2

തിരിച്ചുപിടിക്കണം സര്‍ഗാത്മകതയും സംവാദാന്തരീക്ഷവും

Janayugom Webdesk
January 12, 2022 5:00 am

വീണ്ടുമൊരു കാമ്പസില്‍ അരുംകൊല നടന്നിരിക്കുന്നു. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനാണ് കുത്തേറ്റ് മരിച്ചത്. അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് ഈ കൊലപാതകം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലയ്ക്കുപിന്നില്‍. നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങരയിലെ ആതിര നിവാസില്‍ ധീരജ് രാജേന്ദ്രൻ എന്ന 21 കാരനാണ് കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായത്.
ധീരജ് കാപാലിക രാഷ്ട്രീയത്തിന്റെ ഇരയായി കുത്തേറ്റുമരിക്കുമ്പോള്‍ ഇടുക്കി പൈനാവില്‍ മകരമാസത്തിന്റെ തണുപ്പാണ്. അപ്പോള്‍ അങ്ങകലെ കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് അരുമമകന്റെ വേര്‍പാടില്‍ തണുത്തുറഞ്ഞുപോയ മനസുമായി ഒരമ്മയുമച്ഛനും അവന്റെ സഹോദരനും ബന്ധുക്കളും നിലവിളിയുമായി എല്ലാവരെയും അസ്വസ്ഥമാക്കുന്നു. നമ്മുടെ കാമ്പസുകളില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായി പൊലിഞ്ഞുപോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും തീരുന്നില്ലല്ലോയെന്നത് ഓരോ മനുഷ്യന്റെയും ഹൃദയനൊമ്പരമാണ്. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും എല്ലാവരും ഇത്തരം സംഭവങ്ങളെ അപലപിക്കുന്നു. നിയമസംവിധാനത്തിന്റെ ശക്തമായ നടപടികളുണ്ടാകുന്നു. എന്നിട്ടും കൊലപാതകങ്ങള്‍ ഇല്ലാതാകുന്നില്ലെന്നത് നമ്മെ ആഴത്തിലുള്ള വിശകലനങ്ങളിലേയ്ക്ക് നയിക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷുബ്ധാവസ്ഥയിലായിരുന്ന കാലത്തുപോലും വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇടങ്ങളായിരുന്നില്ല നമ്മുടെ കാമ്പസുകള്‍. സ്വാതന്ത്ര്യസമരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനെതിരെ ചിലരില്‍ നിന്നുയര്‍ന്ന വിമര്‍ശനം കുട്ടികള്‍ പഠിക്കേണ്ടവരാണ് എന്നതായിരുന്നു. സമൂഹത്തിന്റെ പരിച്ഛേദമാണ് വിദ്യാര്‍ത്ഥികളെന്നും സ്വന്തം വീടിന്റെ ചലനാത്മകതയുടെയും നിശ്ചലതയുടെയും പ്രതിഫലനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ സ്വാഭാവികമാണെന്നും അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കിറങ്ങുന്നത് തെറ്റല്ലെന്നുമായിരുന്നു അതിനുള്ള മറുപടി. അന്ന് അത്തരം മറുപടി നല്കിയവരില്‍ കോണ്‍ഗ്രസിന്റെ ആരാധ്യ നേതാക്കളുമുണ്ടായിരുന്നു. അവരുടെ പിന്മുറക്കാരാണ് ധീരജിന്റെ കൊലപാതകത്തി­ല്‍ കുറ്റാരോപിതരായി നില്ക്കുന്നത് എന്നത് വിരോധാഭാസമാണ്. ക­ലാലയങ്ങളും വിദ്യാലയങ്ങളും വിട്ടിറങ്ങി, വിമോചനപോരാട്ടത്തിന്റെ വഴികളിലെത്തിയ വിദ്യാര്‍ത്ഥിയുടെ രാഷ്ട്രീയ പൂര്‍­വ ചരിത്രത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങളല്ലാതെ, വിദ്വേ­ഷ കൊലപാതകങ്ങളില്ല. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും രാഷ്ട്രീയഭൂമികയായി കാമ്പസുകളുണ്ടായിരുന്നുവെങ്കിലും അവിടെ സര്‍ഗാത്മകതയുടെ പൂക്കളും സംവാദത്തിന്റെ പൂമരത്തണലുകളുമാണുണ്ടായിരുന്നത്.


ഇതുകൂടി വായിക്കാം; ജാതിവിവേചനത്തെ ചെറുക്കാന്‍ നിതാന്ത മാനവിക ജാഗ്രത


ലോകത്തെന്നതുപോലെ ഇ­ന്ത്യയിലും ഏറ്റവും ശ­ക്തമായ ജനകീയ മു­ന്നേറ്റങ്ങളെയും ചിന്താസരണികളെയും കാമ്പസുകള്‍ ഏറ്റെടുത്ത എത്രയോ അധ്യായങ്ങള്‍ ചരിത്രത്തില്‍ പഠിക്കാനുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെയും സമീപകാല ചരിത്രത്തിലും നിറഞ്ഞത് ജെഎന്‍യു, ജാമിയ മിലിയ പോലെയുള്ള കലായലയങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയായിരുന്നു. രോഹിത് വെമുല വെറുമൊരു പേരായല്ല, വംശവിദ്വേഷത്തിന്റെ ഇരയായുമല്ല, രക്തസാക്ഷിത്വമായി ആഘോഷിക്കപ്പെടുന്നതും ഒരു കലാലയത്തിന്റെ പേരിലാണ്. കേരളത്തില്‍ കവിതയും കഥകളും പ്രണയവും വിപ്ലവവും വിയോജിപ്പുകളും സംഘടനകളും അതിനൊപ്പം പഠനവും പരീക്ഷണങ്ങളും പടര്‍ന്നുകിടന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അപൂര്‍വ ജനുസുകളെന്നപോലെ ഇപ്പോഴും ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയുള്ള കുറേയധികം കലാലയങ്ങള്‍ അവശേഷിക്കുന്നുമുണ്ട്. പക്ഷേ ഇടവേളയിലെവിടെയോ വച്ച് നമുക്ക് കൈമോശം വന്ന നന്മയുടെ മരച്ചുവട്ടിലേയ്ക്കാണ് പല കലാലയങ്ങളിലും അക്രമ രാഷ്ട്രീയം കടന്നുവന്നതെന്നത് വസ്തുതയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വര്‍ഗീയ സംഘടനകളുടെയും കടന്നുകയറ്റം കലാലയങ്ങളിലെ അസ്വസ്ഥത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സംവാദത്തിന്റെ രാഷ്ട്രീയം വെറുപ്പിന്റേതും ആയുധത്തിന്റേതുമായപ്പോള്‍ കാമ്പസുകളില്‍ ചോരവീണു. അതിന്റെ ചരിത്രത്തിലേയ്ക്കും കണക്കെടുപ്പിലേക്കും പോകുമ്പോള്‍ എല്ലാവര്‍ക്കും തങ്ങളുടേതായ വാദങ്ങളുണ്ടാകും. കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വേരറുക്കുന്നതിന് നടന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി ആരംഭിച്ചതാണ് കലാലയങ്ങളിലെ അക്രമസംഭവങ്ങളെന്ന വിലയിരുത്തലുമുണ്ട്. പക്ഷേ ആരും ആഗ്രഹിക്കാത്തതാണ് സംഭവിക്കുന്നത്. അതുകൊണ്ടിത് അവസാനത്തേതാകണം. ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ മനസിലാക്കുന്നതിന് ഇളംതലമുറയ്ക്ക് ലഭിക്കുന്ന അവസരമാണ് വിദ്യാര്‍ത്ഥി വേദികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളും. അവിടെ സങ്കുചിത രാഷ്ട്രീയത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിത്തുവിതയ്ക്കപ്പെടുന്നത് ആശാസ്യമല്ല. കൈക്കരുത്തിന്റെയും ആയുധങ്ങളുടെയും പിന്‍ബലത്തില്‍ കയ്യേല്ക്കുന്ന അധികാരത്തിന് അല്പായുസാണെന്ന് തിരിച്ചറിയാനാകണം. അതിനുപകരം കലാലയങ്ങളുടെ സംവാദാത്മകതയും സര്‍ഗാത്മകതയും തിരിച്ചുപിടിക്കണം. കലാലയങ്ങളെ വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായി വിട്ടുകൊടുക്കണം. കേരളത്തില്‍ എഐഎസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന മുന്നോട്ടുവച്ച മുദ്രാവാക്യമായിരുന്നു, അക്രമരഹിത കാമ്പസിനായി ആശയസമരവും പോരാട്ടവും എന്നത്. ആ മുദ്രാവാക്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.