രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദില്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു. 26 കാരനായ സെക്കന്തരാബാദ് ബിലിപുരം സ്വദേശി നാഗരാജാണ് കൊല്ലപ്പെട്ടത്.
ഭാര്യ സയ്യിദ് അഷ്റിന്‍ സുല്‍ത്താനയ്ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ നാഗരാജിനെ പൊതുസ്ഥലത്ത് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
സരൂര്‍നഗര്‍ റവന്യൂ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം അരങ്ങേറിയത്. സുല്‍ത്താനയുടെ സഹോദരനും ക്വടേഷന്‍ സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. വടിവാളുകളും ഇരുമ്പുവടികളും കൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിച്ച സുല്‍ത്താനയ്ക്കും മര്‍ദനമേറ്റു. തലയ്ക്ക് വെട്ടേറ്റ നാഗരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ജനുവരി 31 നായിരുന്നു നാഗരാജും സുല്‍ത്താനയും തമ്മിലുള്ള വിവാഹം. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സുല്‍ത്താനയെ വിവാഹം കഴിച്ചാല്‍ നാഗരാജിനെ കൊലപ്പെടുത്തുമെന്ന് വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
വിവാഹത്തിനുശേഷം ഹിന്ദുമതം സ്വീകരിച്ച സുല്‍ത്താന പല്ലവി എന്ന പേരുമാറ്റുകയും ചെയ്തിരുന്നു. സംഭവശേഷം ഒളിവില്‍ പോയ സുല്‍ത്താനയുടെ സഹോദരനും ക്വടേഷന്‍ സംഘങ്ങള്‍ക്കുമായി തെരച്ചില്‍ തുടങ്ങി. യുവതിയുടെ രണ്ട് ബന്ധുക്കള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
English summary;atrocities defamation murder in hyderabad
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.