18 November 2024, Monday
KSFE Galaxy Chits Banner 2

Related news

August 7, 2023
July 11, 2023
May 9, 2023
May 4, 2023
March 20, 2023
January 8, 2023
December 30, 2022
December 30, 2022
November 27, 2022
November 22, 2022

ഗ്യാലറിയുടെ ആവേശമായിരുന്ന ഓട്ടോ ചന്ദ്രന്‍, വെറും ഒരു ഫുട്ബോള്‍ ആരാധകന്‍ മാത്രമായിരുന്നില്ല

കെ കെ ജയേഷ്
കോഴിക്കോട്
November 16, 2022 9:14 pm

ഫുട്ബോൾ കളിക്കാരെയും പരിശീലകരെയും പോലെ ഫുട്ബോൾ പ്രേമികൾ നെഞ്ചേറ്റിയ ഫുട്ബോൾ ആരാധകനായിരുന്നു എൻ പി ചന്ദ്രൻ എന്ന ഓട്ടോ ചന്ദ്രൻ. കെ എൽ ഡി 5373 എന്ന ഓട്ടോറിക്ഷ സ്റ്റേഡിയം പരിസരത്തെത്തുമ്പോൾ ആരാധകർ കളിക്കാർക്കെന്ന പോലെ ഓട്ടോയിൽ നിന്നിറങ്ങുന്ന മീശക്കാരനായ ഓട്ടോ ചന്ദ്രന് വേണ്ടിയും കയ്യടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രശസ്തരായ കളിക്കാരുടെ ജഴ്സി നമ്പറുകൾ പോലെ ചന്ദ്രന്റെ ഓട്ടോറിക്ഷയും അതിന്റെ നമ്പറും ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതമായിരുന്നു. 

വെറുമൊരു ഫുട്ബോൾ ആരാധകൻ മാത്രമായിരുന്നില്ല ഓട്ടോ ചന്ദ്രൻ. നാഗ്ജി ഫുട്ബോൾ തുടങ്ങിയ 1952 മുതൽ ഗ്യാലറിയുടെ ആവേശമായി ചന്ദ്രനുണ്ടായിരുന്നു. ആർപ്പും ആവേശവുമായി അദ്ദേഹം ഗ്യാലറികളെ സജീവമാക്കി. കോഴിക്കോട് കളിക്കാനെത്തിയ ഇന്ദർ സിംഗ്, സുബ്രതോ ഭട്ടാചാര്യ തുടങ്ങിയ കളിക്കാരുമായെല്ലാം അദ്ദേഹത്തിന് അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നു. കോഴിക്കോട് വന്നിട്ടുള്ള അന്താരാഷ്ട്ര താരങ്ങൾ വരെ ഓട്ടോ ചന്ദ്രന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമായിരുന്നു. പഴയകാല ഫുട്ബോൾ മാച്ചുകളെല്ലാം അവസാന കാലത്തും അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടായിരുന്നു. കളിക്കാരുടെ ഓരോ പ്രകടനങ്ങളും ആ മനസ്സിൽ മായാതെ നിന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രമറിയാൻ മാധ്യമപ്രവർത്തകരും ഫുട്ബോൾ പ്രേമികളുമെല്ലാം തോപ്പയിൽ കടപ്പുറത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. 

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഓട്ടോ ചന്ദ്രൻ ഫുട്ബോളിനെ പ്രണയിച്ചു. സ്കൂൾ വിട്ടാൽ നേരെ സെവൻസ് മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടുകളിലേക്കോടും. മലബാർ ഹണ്ടേഴ്സിന്റെ വാസു ഉൾപ്പെടെയുള്ളവരുടെ കളികൾ കണ്ട് തുടക്കം. പിന്നീട് വീട്ടിൽ നിന്ന് വല്ലവിധേനയും പൈസയൊപ്പിച്ച് മാനാഞ്ചിറയിൽ നടക്കുന്ന മത്സരങ്ങൾ തറ സീറ്റിലിരുന്നത് കാണും. മാനാഞ്ചിറയിൽ നടന്ന മത്സരങ്ങൾ കണ്ട് ചന്ദ്രൻ കളിയുടെ സ്ഥിരം കാണിയായി മാറുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കളി കാണാൻ അദ്ദേഹം യാത്ര നടത്തി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ പി കെ ബാനർജി, ചുനി ഗോസ്വാമി എന്നിവരുടെയൊക്കെ പ്രകടനങ്ങൾ അടുത്ത് നിന്ന് കണ്ടു. സന്തോഷ് ട്രോഫിയിൽ സർവ്വീസസ് കപ്പടിക്കുമ്പോൾ ഒറ്റ ഗോളും വങ്ങാതെ നിന്ന തഞ്ചാവൂർ സ്വദേശിയായ തങ്കരാജെന്ന ഗോളിയുടെ പ്രകടനം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഓട്ടോ ഓടിച്ചും പിന്നീട് ആർ ടി ഒ ഓഫീസ് ഏജന്റായുമെല്ലാം ഉപജീവനം കഴിച്ച അദ്ദേഹം തന്റെ സമ്പാദ്യത്തിലധികവും ഫുട്ബോൾ കാണാനായിരുന്നു മാറ്റിവെച്ചത്. 

കളിയുടെ വാർത്ത കൊടുക്കുമ്പോൾ ചന്ദ്രേട്ടനെയായിരുന്നു ഭയപ്പെട്ടിരുന്നതെന്ന് അക്കാലത്തെ ഫുട്ബോൾ റിപ്പോർട്ടർമാർ വ്യക്തമാക്കുന്നു. എല്ലാ പത്രവും കൃത്യമായി വായിച്ച് തെറ്റ് കണ്ടെത്തിയാൽ ഗ്യാലറിയിൽ നിന്ന് ചന്ദ്രൻ അത് വിളിച്ചു പറയും. നന്നായെങ്കിലും അതും തുറന്നുപറയും. അതായിരുന്നു ഓട്ടോ ചന്ദ്രന്റെ പ്രകൃതം. ടി വി ചാനലുകൾ സജീവമല്ലാത്ത കാലത്ത് പത്രങ്ങളായിരുന്നു കളിയുടെ ആവേശം പകർന്ന് നൽകിയിരുന്നത്. മെക്സിക്കോ ലോകകപ്പ് ടിവിയിൽ കണ്ടപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ഫുട്ബോൾ മത്സരം കാണമെന്ന ആഗ്രഹം പൂർത്തീകരിക്കാതെ, ലോകമെങ്ങും ഫുട്ബോളിന്റെ ആവേശം അലയടിച്ചു തുടങ്ങുമ്പോൾ ഓട്ടോ ചന്ദ്രൻ യാത്രയായി.

Eng­lish Sum­ma­ry: sto­ry about the famous foot­ball fan auto Chandran

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.