18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 15, 2025
December 31, 2024
December 19, 2024
December 15, 2024
December 6, 2024
December 2, 2024
November 20, 2024
November 19, 2024
November 15, 2024
August 7, 2023

സന്തോഷ് ട്രോഫി: മിസോറാമിനെ തകർത്ത് കേരളം ഫൈനൽ റൗണ്ടില്‍

Janayugom Webdesk
കോഴിക്കോട്
January 8, 2023 9:46 pm

സന്തോഷ് ട്രോഫി ഫുട്ബോളിൽ രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളം ഫൈനൽ റൗണ്ടിലെത്തി. ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. നരേഷ് ഭാഗ്യനാഥൻ കേരളത്തിനായി ഇരട്ട ഗോൾ നേടി. നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവരും മിസോറാമിന്റെ വലകുലുക്കി കേരളത്തിന്റെ വിജയത്തിന് കുതിപ്പേകി. മൽസംഫെലയാണ് മിസോറാമിന്റെ ആശ്വാസ ഗോൾ നേടിയത്. 

ആറാം മിനിറ്റിൽ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയർത്തി. മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റിൽ കേരളത്തിന്റെ ഉഗ്രൻ ഷോട്ട് മിസോറാം ഗോൾകീപ്പർ തട്ടിയകറ്റി. 27-ാം മിനിറ്റിൽ കേരളത്തിന്റെ വിഘ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ചെറിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.
മത്സരത്തിന്റെ 30-ാം മിനിറ്റിൽ കേരളം മിസോറമിന്റെ പ്രതിരോധം തകര്‍ത്തു. നരേഷ് ഭാഗ്യനാഥനാണ് ടീമിനായി ലക്ഷ്യം കണ്ടത്. ഗോൾ നേടിയ ശേഷം ആക്രമണം ശക്തമാക്കിയ കേരളം ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളും പാഴാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളം വീണ്ടും ലീഡുയർത്തി. നിജോ ഗിൽബർട്ടാണ് കേരളത്തിനായി ഗോള്‍ നേടിയത്. തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. 65-ാം മിനിറ്റിൽ നരേഷാണ് കേരളത്തിനായി തന്റെ രണ്ടാം ഗോൾ നേടിയത്. പിന്നാലെ ഗിഫ്റ്റി ഗ്രേഷ്യസ് 76-ാം മിനിറ്റില്‍ കേരളത്തിനായി നാലാമത് ഗോള്‍ സമ്മാനിച്ചു.
എന്നാൽ 80-ാം മിനിറ്റിൽ മിസോറം ഒരു ഗോൾ തിരിച്ചടിച്ചു. മൽസംഫെലയാണ് ടീമിനായി വലകുലുക്കിയത്. പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് മൽസംഫെല അനായാസം വലയിലെത്തിച്ചു. 85-ാം മിനിറ്റിൽ വിശാഖിലൂടെ കേരളം അഞ്ചാമത് ഗോളും അടിച്ചെടുക്കുകയായിരുന്നു. 

ഗ്രൂപ്പ് രണ്ടിലെ അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് കുതിച്ചത്. രണ്ടാം സ്ഥാനത്തുള്ള മിസോറാം നാല് മത്സരങ്ങള്‍ വിജയിച്ചു. ഗ്രൂപ്പ് ചാമ്പ്യൻമരായ കേരളത്തിന് 15 പോയിന്റും ഗ്രൂപ്പ് റണ്ണറപ്പുകളായ മിസോറാമിന് 12 പോയിന്റുമാണുള്ളത്. അഞ്ച് കളികളിലായി 24 ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. എന്നാൽ എതിരാളികൾക്ക് കേരളത്തിന്റെ വല കുലുക്കാനായത് രണ്ട് തവണ മാത്രമാണ്. ദില്ലിയിലായിരിക്കും സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക. 

Eng­lish Sum­ma­ry: San­thosh Tro­phy: Ker­ala beat Mizo­ram in the final round

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.