എന്താണ് കവിത? എങ്ങനെയാണ് കവിത? അതിന്റെ ഘടനയെന്ത്? വ്യാഖ്യാനമെന്ത്? എന്നിങ്ങനെയുള്ള സംവാദപരിസരത്ത് മനുഷ്യാവസ്ഥകളുടെ തികച്ചും നഗ്നമായ സ്വാഭാവികത തന്നെയാണ് കവിതയെന്ന് അടിവരയിടുകയാണ് വീണാസുനിൽ. ഒരു അനുകരണത്തിന്റെയും പിന്നാലെ പോകാൻ ഈ എഴുത്തുകാരി തയ്യാറായിട്ടില്ല. തന്റേതു മാത്രവും എന്നാൽ പൊതുവേ എല്ലാപേരുടേതുമായ ഭാഷയുടെയും കാഴ്ചയുടെയും സൃഷ്ടി മാത്രമാണ് ഈ കാവ്യസമാഹാരത്തിന്റെ കരുത്ത്. വാക്കതീതമായ ആവിഷ്കാര സൗന്ദര്യമുണ്ട് ഇതിലെ ഓരോ കവിതയ്ക്കും. ഏറെ പുതുമയും അതിലേറെ ഗഹനവുമായ ഒരു എഴുത്തുരീതിയിലാണ് ഇതിലെ കവിതകൾ ഒരുക്കിയിരിക്കുന്നത്. കവിതയിൽ, വീണ ഒരു മികവും തികവുമാണെന്ന് കൃതികളും ഓൺലൈൻ — സമൂഹമാധ്യമ എഴുത്തുകളിലും നിന്ന് നേരത്തെ ബോധിച്ചിരുന്നു. മാനുഷികമായ ഒരു തലത്തിൽ നിന്നു കൊണ്ടുള്ള കാഴ്ചപ്പാടുകൾ അതീവ വൈകാരികതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരെഴുത്തുകാരി എന്ന നിലയ്ക്കാണ് ഈ എഴുത്തു കാരിയുടെ കവിതകളെ വായിച്ചിട്ടുള്ളത്. പ്രണയത്തെ അതിവൈകാരികതയോടെ ഗാഢമായിപ്പുണരുന്നുണ്ട് കവി നീ എന്ന കവിതയിൽ. വെറും അഞ്ചു വരികളിൽ പ്രണയത്തെ അതീവ ചാരുതയോടെ നിർവ്വചിക്കുന്നുണ്ട്.
‘മഴ മൗനങ്ങളെ നെഞ്ചോടു ചേർത്ത് നീ’ എന്ന ഒറ്റയിലേക്കു ഞാൻ ലോപിച്ചതിൻ പേരത്രേ പ്രണയം. ‘എന്റെ ശിരസിൽ നിന്നെ നട്ടുപിടിപ്പിച്ചതാണ് നമ്മുടെ പ്രണയം’ എന്ന് പ്രണയമൗനങ്ങളിൽ കവി കോറിയിടുന്നുണ്ട്. ഈ സമാഹാരത്തിലെ പ്രണയം, അവശേഷിപ്പിക്കുന്നത് എന്ന കവിതയ്ക്ക് ഒരു പ്രവചനസ്വഭാവമുണ്ട്- ‘പ്രളയം കവരാതെ വിടുന്ന പുൽനാമ്പിന് മഹാപ്രളയം കൺമുന്നിൽ കണ്ട ഞെട്ടലിൽ’ എന്ന വരികൾക്ക് വന്യമായ ഒരു പ്രവചനസ്വഭാവമുണ്ട്. ആധുനിക സ്ത്രീത്വം പേറുന്ന നോവിൻറെ നീറ്റലുകളെ തൊടുന്ന കവിതയാണ് ആത്മഹത്യചെയ്തവൾ. ഈ കവിതയിൽ അവിഹിതം എന്ന ആധുനിക ആയുധത്തെ പൊളിച്ചടുക്കുന്നുണ്ട് കവി. കണ്ണുനീരിൽ ചാലിച്ച കരിമഷികൊണ്ടെഴുതിയ കവിതയാണിത്. വിച്ഛേദിക്കപ്പെട്ട അവളിലെ പെണ്ണടയാളങ്ങളെയും കവി അടയാളപ്പെടുത്തുന്നുണ്ട്. തൂലിക കൊണ്ടല്ലാതെ ഹൃദയം കൊണ്ടെഴുതുന്ന ഹൃദയാക്ഷരങ്ങളാണ് വീണയുടെ കവിതകൾ. സമ്മിശ്രവികാരങ്ങളുടെ അക്ഷരങ്ങൾ. ഭാഷയോട് സ്നേഹമുള്ള, വായനാശീലമുള്ള ഒരാളുടെ എഴുത്തുകളായി ഈ കവിതകൾ വായിച്ചു പോകാം. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം, മാനുഷിക വികാരങ്ങൾ, സ്വാർത്ഥരായ മനുഷ്യരുടെ നിസഹായതകൾ. മരണം എന്ന കേവലത ഒക്കെയും കവിതകളുടെ ബീജങ്ങളായി വായന കാണിച്ചു തരുന്നുണ്ട്. നക്ഷത്രക്കൊലുസ് 42 കവിതകളുടെ ഒരു സമാഹാരമാണ്. കവിതകൾ സംഭവിക്കുന്നത് എങ്ങനെ എന്നറിയാനും പുതിയ കാലത്തിന്റെ കാവ്യരീതികളെ പരിചയപ്പെടാനും ഈ കവിതകൾ സഹായിക്കും.
നക്ഷത്രക്കൊലുസ്
(കവിത)
വീണ സുനില്‍
മഞ്ജരി ബുക്ക്സ്
വില:120 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.