ബാബറി മസ്ജിദ് പൊളിച്ചിടത്ത് പണിതുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ ജനുവരി 22 ന് രാമവിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. അടുത്തവര്‍ഷമേ ക്ഷേത്രം പൂര്‍ണമാകുകയുള്ളുവെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ട് ലക്ഷ്യം വച്ച് നരേന്ദ്ര മോഡിയുടെ കാര്‍മ്മികത്വത്തില്‍ ഉദ്ഘാടനം നടന്നുകഴിഞ്ഞിരിക്കുന്നു. മതാചാരങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും ലംഘിച്ചാണ് നരേന്ദ്ര മോഡി മുഖ്യയജമാനനായത് എന്നും മറ്റുമുള്ള ആരോപണങ്ങള്‍, രാജ്യത്തെ വലിയ വിഭാഗം ഹിന്ദുവിശ്വാസികള്‍ അംഗീകരിക്കുന്ന മതാചാര്യന്മാര്‍ പരസ്യമായി തന്നെ ഉന്നയിച്ചിട്ടുണ്ട്. അവരില്‍ പലരും തിങ്കളാഴ്ചത്തെ ചടങ്ങില്‍ പങ്കെടുത്തതുമില്ല. പൂജാരിമാരും ആചാര്യന്മാരും ഇരുട്ടത്തു നിര്‍ത്തപ്പെടുകയും ആദ്യന്തം മോഡി നിറയുകയും മോഡി സ്തുതികള്‍ മുഴങ്ങുകയും ചെയ്തതായിരുന്നു പ്രതിഷ്ഠാചടങ്ങ്. അതെല്ലാം ശരിയായിരുന്നോ എന്നത് ചിന്താശേഷിയുള്ള ഹിന്ദുമത വിശ്വാസികളുടെ പരിഗണനയ്ക്ക് വിടുക. ആ ചടങ്ങില്‍ കൗതുകകരമായ ചിലതു സംഭവിച്ചിട്ടുണ്ട്. മോഡി രംഗപ്രവേശം ചെയ്തു തുടങ്ങിയതിനുശേഷം തത്സമയ സംപ്രേഷണത്തിനുള്ള കാമറകള്‍ അദ്ദേഹത്തില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളൂ. മോഡി കയ്യില്‍ താലവുമേന്തി നടന്നു വരുന്നു, സാവധാനം പടിക്കെട്ടുകള്‍ കയറുന്നു, ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നു എന്നിങ്ങനെ ഫുള്‍ റസലൂഷനില്‍ മോഡി സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു. മോഡി അകത്തേക്ക് കയറി നടന്നു തുടങ്ങുമ്പോള്‍ അല്പമകലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫ്രെയിമിലെത്തുന്നുണ്ട്, പക്ഷേ ആരുടെയോ ശകാരം കേട്ടെന്നതുപോലെ ആ മനുഷ്യന്‍ പെട്ടെന്നുതന്നെ തൊട്ടടുത്ത തൂണിന്റെ മറവിലേക്ക് ഓടിയൊളിക്കുകയാണ്. തിങ്കളാഴ്ചത്തെ ദൃശ്യങ്ങള്‍ റീവൈന്‍ഡ് ചെയ്ത് നോക്കിയാല്‍ നിശ്ചയമായും ഇതുപോലുള്ള നിരവധി രംഗങ്ങള്‍ കാണാവുന്നതാണ്.
ചടങ്ങിനു ശേഷം മോഡി നടത്തിയ പ്രസംഗ (സാധാരണ ഭക്തിപരമായ ചടങ്ങുകളില്‍ ആചാര്യന്മാര്‍ നടത്തുന്ന സംസാരത്തെ പ്രഭാഷണം എന്നാണ് വിശേഷിപ്പിക്കാറുള്ളത്) ത്തില്‍ നിറയുന്നതും തന്നെപ്പൊക്കിയുള്ള കാര്യങ്ങള്‍തന്നെ. മറ്റെല്ലാം തമസ്കരിക്കപ്പെടുകയാണ്. ഇപ്പോഴത്തെ ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും സ്തുതിപാഠകരുടെയും ചരിത്രത്തില്‍ 2014ല്‍ അധികാരമേറ്റ ബിജെപിയുടെ ഭരണകാലയളവ് മാത്രമേ പരാമര്‍ശിക്കപ്പെടാറുള്ളൂ എന്നത് ശ്രദ്ധിക്കണം. 1996ല്‍ കുറച്ചു ദിവസങ്ങളും 1998 മാര്‍ച്ച് മുതല്‍ 2004 വരെയുള്ള വര്‍ഷങ്ങളിലും എ ബി വാജ്പേയ് എന്ന ബിജെപിയുടെ പ്രധാനമന്ത്രി രാജ്യം ഭരിച്ചിരുന്നു എന്ന ചരിത്രവസ്തുത പോലും മറച്ചുപിടിക്കുകയാണ്. എല്ലാം 2014ന് ശേഷമാണ്. അതിനുമുമ്പ് നടന്നതെല്ലാം തമസ്കരിക്കപ്പെടുന്നു എന്നിടത്തുതന്നെ മോഡിയെ അമാനുഷനായി അവതരിപ്പിക്കുവാനുള്ള നീക്കം വ്യക്തമാണ്. ഇപ്പോഴത്തെ രാമക്ഷേത്ര നിര്‍മ്മിതി തന്നെയെടുക്കുക. ഇതുവരെ ക്ഷേത്ര നിര്‍മ്മിതി നടത്താന്‍ കഴിയാതെ പോയതിന് പ്രസംഗത്തില്‍ മോഡി രാമനോട് മാപ്പ് ചോദിക്കുന്നുണ്ട്. മുമ്പുള്ളവര്‍ അത് ചെയ്തില്ല താനാണ് അത് ചെയ്തത്, പൂര്‍വികരുടെ ഉദാസീനതയ്ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതിനെ നാം കേള്‍ക്കേണ്ടത്. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ചടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും അതിനുശേഷവും രാമനെയും രാമജന്മഭൂമിയെയും ദേശീയ രാഷ്ട്രീയത്തില്‍ വിശ്വാസത്തിനപ്പുറം ഭീതിയുടെയും സാമുദായിക ധ്രുവീകരണത്തിന്റെയും വഴിമരുന്നായി ഉപയോഗിച്ച, അതിനായി കഠിനപ്രയത്നം നടത്തിയ പലരെയും മോഡി ഓര്‍ത്തില്ല. അവരായിരുന്നു യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ കീ ജയ് വിളിച്ചുനടന്നിരുന്ന മോഡിക്കു മുന്നേ ഈ വിഷയത്തെ രാജ്യവ്യാപകമായി കൊണ്ടുനടന്ന് വില്പന നടത്തിയത്. അതേസമയം 2019ല്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയെ ഓര്‍ക്കുകയും ചെയ്തു. രഥയാത്രയും പഥസഞ്ചലനവുമൊക്കെയായി തുടങ്ങി, 1992 ഡിസംബറിൽ കര്‍സേവക ഭ്രാന്തിനാൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിലേക്ക് എത്തുന്നത് ചില മുന്‍കാല ബിജെപി നേതാക്കളുടെ കാര്‍മ്മികത്വത്തിലായിരുന്നു.
അവരുടെ ആഹ്വനത്തിലുയര്‍ന്ന കലാപങ്ങളിലൂടെ, ബലാത്സംഗങ്ങളിലൂടെ, കൊള്ളിവയ്പുകളിലൂടെ, വർഗീയ കലാപങ്ങളിലൂടെ, ചോരപ്പുഴകളിലൂടെ സഞ്ചരിച്ചാണ് രാജ്യം മതേതരത്വത്തിന്റെ ദൈനംദിന തകർച്ചകൾ നേരിട്ടുകൊണ്ടിരുന്നത്. വിഷയത്തെ ഓരോ തെരഞ്ഞെടുപ്പിനു മുമ്പും സജീവമാക്കുന്നതും വാജ്പേയ് സര്‍ക്കാരുകള്‍ക്ക് വഴിയൊരുക്കിയതും അവരൊക്കെയായിരുന്നു. അവരില്‍ എല്‍ കെ അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും വിനയ് കത്യാറുമുണ്ട്. 2019ല്‍ ബാബറി മസ്ജിദ് ഭൂമി രാമക്ഷേത്രം പണിയുന്നതിന് ട്രസ്റ്റിന് വിട്ടുനല്‍കണമെന്ന വിചിത്ര വിധി പറഞ്ഞ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പോലും പള്ളി പൊളിച്ചത് കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചാണെങ്കില്‍ കേസിലെ പ്രതികളുമാണ് ഇവരൊക്കെ. മോഡി-അമിത് ഷാ ദ്വയങ്ങളുടെ കർമ്മികത്വത്തിൽ ഗുജറാത്തിലെ ഗ്രാമ നഗരങ്ങളിൽ വംശഹത്യകള്‍ നടക്കുന്നത് 2002ലാണ്. എന്നിട്ടും 2024ല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ഗാമികള്‍ക്കോ, അമിത് ഷായ്ക്ക് പോലുമോ സ്ഥാനമുണ്ടായില്ല. എല്ലാം മോഡി, മോഡി മാത്രം. ഉദ്ഘാടന ചടങ്ങ് കാണുന്നതിന് പ്രമുഖരെ ക്ഷണിച്ചത് തീര്‍ത്ഥ ട്രസ്റ്റാണ് എന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും മോഡിയുടെ മനോനില തന്നെയാണ് ഇതിന് പിന്നിലും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്. അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും വിനയ് കത്യാറുമൊക്കെ ഒഴിവാക്കപ്പെട്ടത് അവര്‍ വന്നാല്‍ മോഡിക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുമെന്ന് കരുതിത്തന്നെയാണ്. വിവാദമുയര്‍ന്നപ്പോള്‍ അഡ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും ക്ഷണിച്ചുവെങ്കിലും അവര്‍ പങ്കെടുത്തില്ല. പ്രായാധിക്യം കാരണം വരാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശത്തോടെയാണ് ക്ഷണം നല്‍കിയത് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്തായാലും യഥാക്രമം 96, 90 വയസുള്ള അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും കൊടുംതണുപ്പെന്ന കാരണം പറഞ്ഞ് ചടങ്ങിനെത്താതിരുന്നതുകൊണ്ട് മോഡി രക്ഷപ്പെട്ടു. അതുപോലെ തന്നെ അമിത് ഷായെയും മാറ്റിനിര്‍ത്തിയെന്നുവേണം കരുതുവാന്‍.
ബിജെപിയുടെ പുതിയ കാലത്ത്, മോഡിയോടൊപ്പം നിര്‍ത്തേണ്ട ആള്‍തന്നെയാണ് അമിത് ഷാ. ഗുജറാത്തില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് വിദ്വേഷ, വിധ്വംസക, വിഭാഗീയ രാഷ്ട്രീയത്തിന്റെ ദേശീയഭൂമികയിലെത്തുന്നത്. എങ്കിലും ഡല്‍ഹിയിലെ ബിര്‍ളാ ക്ഷേത്രത്തില്‍ കുടുംബാംഗങ്ങളോടൊപ്പമിരുന്ന് ടെലിവിഷനില്‍ ചടങ്ങ് കാണാനുള്ള നിയോഗമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. അതേസമയം ചടങ്ങില്‍ മുഖ്യമന്ത്രി ആദിത്യനാഥിനെയും ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെയും മോഡിക്കൊപ്പം ക്ഷേത്രത്തിനകത്ത് ചടങ്ങിനിരുത്തി. ചടങ്ങ് യുപിയില്‍ നടക്കുന്നതുകൊണ്ടാണ് എന്ന് അതിന് വിശദീകരണം നല്‍കുന്നു. അങ്ങനെയെങ്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് മോഹന്‍ ഭാഗവത് ക്ഷണിക്കപ്പെട്ടത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം വേണം. ആനന്ദി ബെന്‍ പട്ടേലിനെ അകത്തുകയറ്റിയപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആദ്യം ക്ഷണിച്ചില്ല. അവസാനം കത്ത് കിട്ടിയെങ്കിലും അവര്‍ എത്തിയില്ല. എത്തിയാലും ദളിതയും വിധവയുമായതിനാല്‍ അവര്‍ക്ക് അകത്ത് പ്രവേശനമുണ്ടാകില്ല. കാര്യം ലളിതമാണ്, തനിക്കുമേല്‍ വളര്‍ന്നേക്കാവുന്ന ഒന്നും അനുവദിക്കേണ്ടതില്ലെന്ന മോഡിയുടെ നിലപാടുതന്നെ. മുന്‍കാല നേതാക്കളെത്തിയാല്‍ തന്റെ പ്രഭാവം നഷ്ടപ്പെട്ടെന്നിരിക്കും. അമിത് ഷായെ പോലുള്ളവര്‍ വന്നാല്‍ അവര്‍ക്ക് തനിക്കൊപ്പം പ്രാമുഖ്യം കിട്ടും. മോഡിയുടെ എല്ലാ പ്രസംഗങ്ങളെയും അതിന്റെ ഉള്‍പ്പിരിവിലൂടെ നാം കേള്‍ക്കുകയും വായിക്കുകയും ചെയ്യണം. അതില്‍ ഈ മഹദ്‌വല്‍ക്കരണവും തന്‍പ്രമാണിത്തവും നമുക്ക് ബോധ്യപ്പെടും. തിങ്കളാഴ്ചത്തെ പ്രസംഗത്തില്‍ മുഖ്യയജമാനനാകുന്നതിന് വേണ്ടിയും രാമനോടുള്ള അതിരുകവിഞ്ഞ ആരാധാനയുടെ ഫലമായും കുറേ ദിവസങ്ങളായി താന്‍ അനുഷ്ഠിച്ച വ്രതത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതില്‍ പലപ്പോഴും തന്നെത്തന്നെ രാമനോട് സമീകരിക്കുവാന്‍ ശ്രമിക്കുന്നുമുണ്ട്.
ഒരുദാഹരണമെടുക്കുക. മോഡിയുടെ പ്രസംഗത്തില്‍ താന്‍ കഴിഞ്ഞ ദിവസം രാമസേതുവിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു. രാവണനെ തോല്പിച്ച ശേഷം രാമനും അയോധ്യയിലേക്കുള്ള തന്റെ മടക്കയാത്ര ആ സ്ഥലത്ത് നിന്ന് ആരംഭിച്ചതെങ്ങനെയെന്നും അദ്ദേഹം അനുസ്മരിക്കുന്നു. രാമനും താനും സമമാണെന്ന ഭംഗ്യന്തരേണയുള്ള അവകാശപ്പെടലാണ് ഇവിടെ നടക്കുന്നത്. മോഡി തോല്പിച്ച രാവണന്‍ ആരാണെന്ന ചോദ്യത്തിന് നമുക്ക് ഭാവിയില്‍ ഉത്തരം കിട്ടുമായിരിക്കും. 2014ല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കയറുമ്പോള്‍ പടിക്കെട്ടില്‍ വീണ് തൊഴുത മോഡിയുടെ ചിത്രം നമ്മുടെ മനസിലുണ്ട്. അങ്ങനെ പാര്‍ലമെന്റിലേക്ക് കയറിയ നരേന്ദ്ര മോഡി ജനാധിപത്യം തകര്‍ക്കുകയും പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തതാണ് 10 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയുടെ അനുഭവം. തിങ്കളാഴ്ച രാമക്ഷേത്രത്തിലും വീണുതൊഴുന്ന മോഡിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തന്റെ പ്രസംഗത്തിലുടനീളം രാമനോട് സാദൃശ്യം പറഞ്ഞതും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമകാലികാവസ്ഥയും വച്ച് നോക്കിയാല്‍ രാമനോട്, മോഡിയെ ഭയക്കണമെന്ന മുന്നറിയിപ്പ് നല്‍കാനാണ് ഭക്തര്‍ക്ക് തോന്നുക. മോഡീസ്തുതി കടുത്തുകയറി നാളെ അദ്ദേഹത്തെ ദൈവമായി അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.