19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
September 24, 2024
May 20, 2024
February 5, 2024
January 23, 2024
December 13, 2023
November 21, 2023
November 10, 2023
July 28, 2023
April 29, 2023

ബൈജൂസിന് യുഎസ് കോടതിയില്‍ വീണ്ടും തിരിച്ചടി

Janayugom Webdesk
ന്യൂയോര്‍ക്ക്
September 24, 2024 10:41 pm

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. 120 കോടി ഡോളര്‍ (ഏകദേശം 12,500 കോടി രൂപ) വായ്പയില്‍ വീഴ്ച വരുത്തിയ ബൈജൂസിന്റെ അമേരിക്കയിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ വായ്പാദാതാക്കള്‍ക്ക് ഡെലവെയര്‍ സുപ്രീം കോടതി അനുമതി നല്‍കി. നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബൈജൂസിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
37 ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ 12,000 കോടി ഡോളറിന്റെ ടേം ലോണ്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ ബൈജൂസ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്ലാസ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വായ്പാദാതാക്കള്‍ ആദ്യം കോടതിയെ സമീപിച്ചത്. ഡെലവെയര്‍ കോര്‍ട്ട് ഓഫ് ചാന്‍സറി വായ്പാദാതാക്കള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. എന്നാല്‍ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.

ഡെലവെയര്‍ കോര്‍ട്ട് ഓഫ് ചാന്‍സറിയുടെ മുന്‍കാല വിധി ശരിവച്ച സുപ്രീം കോടതി ബൈജൂസിനെതിരെ നടപടിയെടുക്കാന്‍ വായ്പാദാതാക്കള്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി. വിഷയം ഉന്നയിക്കാന്‍ ബൈജുവിന് ധാരാളം അവസരമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീല്‍ നിരസിച്ചത്. യുഎസിലുള്ള ആല്‍ഫ ഇന്‍കോര്‍പറേറ്റഡ് എന്ന ഉപകമ്പനിയെ ഈട് നല്‍കിയാണ് ബൈജൂസ് വായ്പയെടുത്തിരുന്നത്. കുടിശിക വരുത്തിയ സാഹചര്യത്തില്‍ ആല്‍ഫയുടെ നിയന്ത്രണം പൂര്‍ണമായും വായ്പാസ്ഥാപനങ്ങളുടെ കൈവശമാകും. വായ്പദാതാക്കളുടെ കൂട്ടായ്മ തിമോത്തി പോളിനെ ആല്‍ഫയുടെ ഏക ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. 

2023 മാര്‍ച്ചിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വായ്പാദാതാക്കള്‍ കോടതിയിലെത്തിയത്. വായ്പ അടച്ചു തീര്‍ക്കുന്നതില്‍ ബോധപൂര്‍വമായി വീഴ്ചവരുത്തിയതായാണ് കോടതിയുടെ കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പരത്ത നടപടികൾ, നിയമയുദ്ധങ്ങള്‍, കൂട്ട പിരിച്ചുവിടലുകൾ എന്നിവ അഭിമുഖീകരിക്കുന്ന ബൈജൂസിന്റെ നില യുഎസ് കോടതിയുടെ വിധിയോടെ കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.