മലപ്പുറത്തെ പന്തുകളിക്ക് ഇടവേളകളില്ല, മഴയോ, മഞ്ഞോ, വെയിലോ നോക്കാതെ ഫുട്‌ബോള്‍ ആവേശം എന്നും ഇവിടെത്തന്നെയുണ്ട്. ഋതുഭേദങ്ങളെ കൂസാതെ കോരിച്ചൊരിയുന്ന മഴയിലും മലപ്പുറം പന്ത് തട്ടുമ്പോള്‍ അതിന് മഡ് ഫുട്‌ബോളെന്ന വിളിപ്പേരും.
വേനല്‍ക്കാലത്ത് നഗരപ്രദേശത്തെ ഗ്രൗണ്ടുകളിലാണ് കളിയെങ്കില്‍ മണ്‍സൂണില്‍ ചെളിനിറഞ്ഞ പാടങ്ങളെയാണ് മൈതാനമാക്കുന്നത്. കാലവര്‍ഷം സജീവമായതോടെ പലയിടങ്ങളിലും വയലുകളെ ഫുട്‌ബോള്‍ കളിക്കായി പരുവപ്പെടുത്തിയിരിക്കയാണ് യുവാക്കള്‍. കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ വരിക്കോട് വയലിലെ ചെളിയിലായിരുന്നു ഇത്തവണത്തെ മഴക്കാല ഫുട്‌ബോളിന് തുടക്കം. പ്രദേശത്തെ യുവജന ക്ലബ്ബായ ഈസ്റ്റ് ലൈക്ക് മാങ്ങാട്ടുപുലവുമായി ചേര്‍ന്ന് മണ്‍സൂണ്‍ കാര്‍ണിവെലിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലായിരുന്നു ടൂര്‍ണമെന്റിന്റെ സംഘാടകര്‍.
15 മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്തിലുമായി തയ്യാറാക്കിയ ചെളിപ്പാടത്തായിരുന്നു കളി. പതിനാറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ജാങ്കോസ് എഫ്‌സി കാരാടിനെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സിന്‍സിയര്‍ കവല ജേതാക്കളായി. നിരവധി പേരാണ് മഴയെ കൂസാതെ വരിക്കോടന്‍ വയല്‍വരമ്പില്‍ കളി കാണാനെത്തിയത്. ബൂട്ടില്ലാതെയുള്ള കളി മലപ്പുറത്തെ ഫുട്ബോള്‍ ഗ്രാമങ്ങളുടെ മണ്‍സൂണ്‍കാല ആഘോഷമായി കഴിഞ്ഞു. നിരവധി സ്ഥലങ്ങളില്‍ മഴയുടെ വരവിനനുസരിച്ച് മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. അഞ്ചുമുതല്‍ ഏഴുപേരാണ് ടീമിലുണ്ടാവുക. നിയമങ്ങളെല്ലാം സാധാരണ ഫുട്‌ബോള്‍ മത്സരത്തിന്റേതുതന്നെ.
വയല്‍ വൃത്തിയാക്കി വെള്ളം പമ്പ് ചെയ്ത് ചെളി ഒരുക്കിയാണ് കളി നടത്തുന്നത്. നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്ക് തിളങ്ങാന്‍ കഴിയുമെന്നതിനാല്‍ ചെളിയില്‍ പരിശീലനം നടത്തിയാണ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുന്നത്. ജൂലൈ 23 ന് കോഡൂരിലെ തന്നെ ഒറ്റത്തറയില്‍ മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വയലൊരുങ്ങിക്കഴിഞ്ഞു. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ചെളിയില്‍ തിമിര്‍ത്തുള്ള കണ്ടംകളി ഇവിടുത്തെ കാല്‍പ്പന്ത് ആവേശത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ്.
English Summary: Ball games in Malappuram have no breaks; Mud Football Excitement in Monsoon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.