22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 15, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024

ജനാധിപത്യത്തെ പ്രഹസനമാക്കുന്ന ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്

Janayugom Webdesk
January 6, 2024 5:00 am

ബംഗ്ലാദേശിന്റെ പാർലമെന്റായ ജാതീയ സങ്സദിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഇനി ഒരുദിവസം മാത്രം. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി രാഷ്ട്രീയ നിരീക്ഷകർക്കോ ആഗോള മാധ്യമങ്ങൾക്കോ യാതൊരു സംശയവുമില്ല. ഭരണകക്ഷിയായ അവാമി ലീഗ് മൃഗീയ ഭൂരിപക്ഷം നേടുമെന്നതും അതിന്റെ നേതാവ് ഷേഖ് ഹസീന തുടർച്ചയായി നാലാം തവണയും പ്രധാനമന്ത്രിയാവുമെന്നതും പൂർവനിശ്ചിത വസ്തുതയാണ്. തെരഞ്ഞെടുപ്പും അതിന്റെ ഫലവും ആസൂത്രിത കപടനാടകവും ജനാധിപത്യ വഞ്ചനയുമാണെന്ന ആരോപണവും വ്യാപകമാണ്. 2014ലും 2018ലും നടന്ന തെരഞ്ഞെടുപ്പുകളുമായി പല സമാനതകളും ഇത്തവണയും ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗ്ലാദേശിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികാന്തരീക്ഷം തികച്ചും വിഭിന്നമായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി രണ്ട് മുന്‍ തെരഞ്ഞെടുപ്പുകളിലുമെന്നപോലെ ഇത്തവണയും ബഹിഷ്കരണത്തിലാണ്. ജമാഅത്തെ ഇസ്ലാമിയടക്കം മറ്റ് പല പാർട്ടികളും മത്സരരംഗത്തില്ല. തെരഞ്ഞെടുപ്പിൽ ഭരണകക്ഷി നടത്തുന്ന ഉപജാപങ്ങൾ, പ്രതിപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തൽ നടപടികൾ, കൂട്ട അറസ്റ്റുകളും തടവും, സർക്കാർ സംവിധാനങ്ങളുടെ വ്യാപകമായ ദുരുപയോഗം എന്നിവകൊണ്ട് കലുഷിതമാണ് രാഷ്ട്രീയാന്തരീക്ഷം.

നിക്ഷിപ്ത രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി നീതിന്യായ വ്യവസ്ഥയെപ്പോലും ഭരണകക്ഷി ചൊല്പടിയിലാക്കിയതായും ആരോപണം ഉയരുന്നു. ബിഎൻപിയുടെ അഭാവത്തിൽ വോട്ടിങ് ശതമാനത്തിൽ കുറവുവരാതിരിക്കാൻ ഭരണയന്ത്രത്തെയും പാർട്ടി സംവിധാനത്തെയും ഭരണകക്ഷി രംഗത്തിറക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശിനെ ഏഷ്യയിലെ ‘അടുത്ത കടുവ സമ്പദ്ഘടന’ എന്ന് സമീപകാലത്ത് വിശേഷിപ്പിച്ചിരുന്നവരുണ്ട്. എന്നാൽ ഇന്ന് ആ രാഷ്ട്രം അതീവ ഗുരുതരമായ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നുള്ള റിപ്പോർട്ടുകൾ അവഗണിക്കാവുന്നതല്ല. അവർ ശ്രീലങ്കയുടെ പാതയിലാണ് എന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളും പ്രതിപക്ഷ ബഹിഷ്കരണം കൊണ്ടുമാത്രമല്ല വിവാദമായത്, തെരഞ്ഞെടുപ്പ് ക്രമക്കേടുകളും അട്ടി മറികളും ആരോപിക്കപ്പെട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും സൈനിക മേ ധാവികളും ഉന്നത ന്യായാധിപരും വ്യാ വസായിക വാണിജ്യ പ്രമുഖരും രാഷ്ട്രീയ നേതൃത്വവും ഉൾപ്പെട്ട വരേണ്യവർഗമാണ് ഭരണത്തെ നിയന്ത്രിച്ചിരുന്നതെന്ന ആരോപണം ശക്തവും വ്യാപകവുമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ബംഗ്ലാദേശിന്റെ മൊത്ത ദേശീയ വരുമാനത്തിൽ ശ്രദ്ധേയ വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സമ്പദ്ഘടന ഇന്ന് നിലനിൽക്കുന്നത് ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ഏഷ്യൻ വികസന ബാങ്ക് എന്നിവയില്‍നിന്നും അടുത്തകാലത്തായി ലഭ്യമായ വായ്പകൾ കൊണ്ടാണ്. ഇതാണ് ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് രാജ്യത്തെ തള്ളിനീക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങൾ വിലയിരുത്തുന്നത്.


ഇതുകൂടി വായിക്കൂ: പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങളെ ശാന്തമാക്കണം


രാജ്യത്തുനിന്നും വൻതോതിലുള്ള മൂലധന ഒഴുക്ക് സംഭവിക്കുമെന്ന ആശങ്ക ഐഎംഎഫ് പ്രകടിപ്പിച്ചിട്ടുണ്ട്. തൊഴിൽ നിലവാരത്തകർച്ച, ട്രേഡ്‌ യൂണിയനുകൾക്കും അവയുടെ നേതാക്കൾക്കുമെതിരായ അടിച്ചമർത്തലുകൾ എന്നിവയിൽ യുഎസും യൂറോപ്യൻ രാഷ്ട്രങ്ങളും ചെലുത്തുന്ന ബാഹ്യ സമ്മർദങ്ങൾ തുടങ്ങിയവ കയറ്റുമതിയെയും വിദേശനാണ്യ വരവിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും തുടർന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഏകപക്ഷീയവിജയം സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ കാലാവസ്ഥയും സാമ്പത്തികരംഗത്തും രാഷ്ട്രജീവിതത്തിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ 15 വർഷങ്ങളായി തുടർന്നുവരുന്ന അവാമി ലീഗ് ഭരണവും കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിൽ നടന്ന പ്രതിപക്ഷ ബഹിഷ്കരണവും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് അവരെ തെരഞ്ഞെടുപ്പടക്കം രാഷ്ട്രീയ പ്രക്രിയയിൽ ഉൾച്ചേർക്കാൻ വിസമ്മതിക്കുന്ന ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെയും ജനാധിപത്യവിരുദ്ധ നിലപാടുകളും ബംഗ്ലാദേശ് തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ ജനാധിപത്യ അവകാശത്തെയാണ് കവർന്നെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് ഭാവനാപൂർണവും പ്രായോഗികവുമായ പരിഹാരമോ ബദലോ മുന്നോട്ടുവയ്ക്കാൻ നാലാമത് അവാമി ലീഗ് സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. മുൻ തെരഞ്ഞെടുപ്പിലെപ്പോലെ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാതിരിക്കാനും വോട്ടർമാർ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനില്‍ക്കാതിരിക്കാനുമുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും ഭരണകക്ഷി ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് വിജയംകൊണ്ട് പരിഹരിക്കാവുന്നതിലേറെ കഠിനമായ വെല്ലുവിളികളാണ് ബംഗ്ലാദേശിനെ തുറിച്ചുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.