4 December 2024, Wednesday
KSFE Galaxy Chits Banner 2

ബാഷാ നീ എവിടെയാണ്

സന്ധ്യാജയേഷ് പുളിമാത്ത്
December 1, 2024 6:15 am

ബാഷ ഓർമ്മയിൽ ഒരു നോവ് അവശേഷിപ്പിച്ച് എങ്ങോ കടന്നു പോയിരിക്കുന്നു. ഈ വേർപാട് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ?.. ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. ആ ബന്ധം അധികകാലം നിലനിൽക്കില്ല എന്ന് പലപ്പോഴും തോന്നിയിരുന്നു. എന്നിട്ടും ബാഷയോട് ഇഷ്ടമായിരുന്നു. എന്തായിരുന്നു ബാഷയോട് ഇഷ്ടം തോന്നാൻ കാരണം? 

പ്രശസ്തിയുടെ മൂടുപടത്തിനുള്ളിലെ ഒരു സാധാരണക്കാരൻ… പെരുമാറ്റത്തിലെ വിശാലത.… ലാളിത്യം, സത്യസന്ധത…
അങ്ങനെ ഏറെ സവിശേഷതകളുള്ള വ്യക്തിത്വം. യാദൃച്ഛികമായി സംഭവിച്ച അടുപ്പം. തമ്മിൽ കാണാതെ പതിയെ പ്രണയത്തിലേയ്ക്കൊരു സഞ്ചാരം. ബാഷയുടെ ഉപാധികളോട് യോജിക്കാൻ കഴിയുമായിരുന്നില്ലെങ്കിലും വെറുക്കാനോ, മറക്കാനോ ഇന്നും സാധിക്കുന്നില്ല.
ഏറെ സ്ത്രീ സൗഹൃദങ്ങൾ ഉണ്ടായിരുന്ന ബാഷയ്ക്ക് സ്ത്രീ ഒരു ശരീരം മാത്രമായിരുന്നോ? ഇടയ്ക്കിടെ തികട്ടിവരുന്ന ചിന്തകൾ അതിനെ ശരിവെയ്ക്കുന്നതായിരുന്നു. 

പക്ഷേ… എന്തുകൊണ്ടോ ബാഷയെ താൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു. പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്
“ഒരു വാക്കുപോലും പറയാതെ മൗനമായി അകന്നുപോയ ആ മനുഷ്യനെക്കുറിച്ച് എന്തിനാണ് ഓർക്കുന്നത്? ” വെറുതെ സങ്കടപ്പെടാമെന്നല്ലാതെ. ശരിയാണ്. വാർധക്യത്തിലേയ്ക്ക് എത്തിനില്‍ക്കുന്ന മനുഷ്യൻ, ജരാനരകൾ ബാധിച്ചു തുടങ്ങിയ രൂപം. പക്ഷേ… പ്രണയത്തിന് ഇതൊന്നും തടസമല്ലല്ലോ. ഓരോ വൃദ്ധരുടെയുമുള്ളിൽ ഒരു യുവാവുണ്ടെന്നു ബാഷയിലൂടെ ഞാൻ തിരിച്ചറിയുകയായിരുന്നു.
“ബാഷാ… നീ എവിടെയാണ്…?”

നമ്മുടെ കണ്ടുമുട്ടൽ അത്ര സുഖകരമായിരുന്നില്ല എന്നു ഞാൻ തിരിച്ചറിയുന്നു. എന്നിട്ടും നമ്മൾ എത്ര സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞത്. മാംസനിബിദ്ധമല്ലനുരാഗമെന്ന് നീ ഇനിയും തിരിച്ചറിയുന്നില്ലല്ലോ. നിന്നോടെനിക്കുള്ള പ്രണയം കാമ പൂർത്തീകരണത്തിന് വേണ്ടിയുള്ളതായിരുന്നില്ല. ഹ്രസ്വമായകാലയളവിനുള്ളിൽ പ്രതീക്ഷയുടെ പച്ചതുരുത്തായിരുന്നു എനിക്ക് പ്രണയം. സ്വപ്നങ്ങൾ കാണാൻ മറന്നുപോയ മനസിൽ സപ്ത വർണങ്ങളായിരുന്നു എനിക്ക് പ്രണയം. കരുതലിന്റെ, സൗഹാർദ്ദതയുടെ പ്രതീകമായിരുന്നു എനിക്ക് പ്രണയം.
ചേർത്തുപിടിക്കാൻ, നിനക്ക് ഞാനില്ലേ എന്നുപറയാൻ ഒരാൾ… അതാണ് ഞാൻ പ്രതീക്ഷിച്ചത്. ഒറ്റപ്പെട്ടുപോയ മനസിനെ തിരിച്ചു പിടിക്കാനൊരു ശ്രമം. 

നേരിൽ കണ്ടിട്ടില്ലെങ്കിലും ബാഷ എനിക്കെന്നും ഏറെ പരിചിതമായ മുഖം. എന്നെങ്കിലും കണ്ടുമുട്ടും എന്ന് കരുതിയതേയില്ല. കാരണം ഞങ്ങൾ ഇരുവരും രണ്ടു ധ്രുവങ്ങളിലെ സഞ്ചാരികൾ… ഒരു നിമിത്തം പോലെ കണ്ടുമുട്ടിയവർ. യാത്ര പറയാൻ നേരം ഒരിക്കൽ കൂടി ഞാൻ ചോദിച്ചു.
“ബാഷാ… നിനക്കെന്നെ ഇഷ്ടമല്ലേ…?” ഉറപ്പിനുവേണ്ടി ഞാൻ നീട്ടിയ കൈപ്പത്തിയിൽ അമർത്തി ബാഷ ചിരിച്ചു. ആ ചിരി ഒരു കൗശാലക്കാരന്റേതായിരുന്നോ? അതോ, തന്റെ പുരുഷത്വം അപമാനിക്കപ്പെട്ടു എന്ന തോന്നലാണോ? ബാഷ, ഏറെ ആരാധക വൃന്ദങ്ങൾ ഉണ്ടായിരുന്ന, ഏറെ ശിഷ്യ ഗണങ്ങളുടെ ഗുരു.
ബാഷാ…

സ്വന്തം ഇംഗിതങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി പരസ്പരം ഇഴചേർന്നകന്നുപോയ ബന്ധങ്ങളോടൊപ്പം നിഷ്കളങ്കപ്രണയത്തെ താരതമ്യം ചെയ്തതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. എന്നെങ്കിലും ഒരിക്കൽ കൂടി നിങ്ങളെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല. ചോദിക്കാൻ ഒരു ചോദ്യം ഇനിയും ബാക്കിയുണ്ട്. എന്തിനായിരുന്നു എന്നിൽ നിന്ന് അകന്നുപോയത്? ഇന്നും ഹൃദയവേദനയോടെ ഉത്തരം തേടുകയാണ് ഞാൻ. ബാഷാ… നീ എവിടെയാണ്…?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.