21 November 2024, Thursday
KSFE Galaxy Chits Banner 2

അടുത്ത മഴയ്ക്കു മുൻപ്

ഡോ.കെ ജി താര
ഭൂമിക
November 10, 2021 4:55 am

ലോകമാകമാനമുള്ള പ്രകൃതിദുരന്തങ്ങളിൽ അടിക്കടി ഉണ്ടാകുന്നതും നാശം ഉണ്ടാക്കുന്നതുമായ ഒന്നാണ് വെള്ളപ്പൊക്കം. 1990 മുതൽ 2019 വരെയുള്ള കാലയളവ് എടുത്താൽ ലോകമാകമാനം ഉണ്ടായ ദുരന്തങ്ങളിൽ 42 ശതമാനവും വെള്ളപ്പൊക്കങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. ദുരന്തം നടന്നുകഴിഞ്ഞതിനു ശേഷം ഹ്രസ്വകാല നടപടികൾ എടുക്കുന്നതിനേക്കാൾ ദീർഘകാല നടപടികളാണ് ഏറ്റവും ഗുണം ചെയ്യുന്നത്. ഇതി­ൽ വെള്ളം ശേഖരിക്കാനുള്ള ജലസംഭരണികൾ (ഫ്ലഡ് ബേസിനുകൾ), വെള്ളം മാറ്റി ഒഴുക്കാനുള്ള ചാലുകൾ (ഫ്ലഡ് ഡൈവർഷൻ ചാനലുകൾ) തുടങ്ങിയ എന്‍ജിനീയറിങ്, അഥവാ നിർമ്മാണ പ്രവർത്തനങ്ങളും ഭൂവിനിയോഗനിയന്ത്രണം, സ­സ്യാവരണം, വനവൽക്കരണം തുടങ്ങിയ പ്രകൃതിദത്തരീതികളും പെടും. വെള്ളപ്പൊക്ക ലഘൂകരണത്തിനും ഭാവിയിലുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാനും പ്രകൃതിദത്തമായ പരിഹാര നടപടികൾ ഏറെ ഫലപ്രദമാണെന്ന് പല രാജ്യങ്ങളും അനുഭവങ്ങളിലൂടെ കണ്ടെത്തിക്കഴിഞ്ഞു.

പ്രകൃതിദത്ത മാർഗങ്ങൾ

ഇന്തോനേഷ്യയിൽ തീരദേശത്തെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് മുഖ്യ അജണ്ടയായി എടുത്തത് മണ്ണൊലിപ്പ് കുറയ്ക്കുക എന്നതായിരുന്നു. ഇതിനായി മുളകൊണ്ടുള്ള അണക്കെട്ടുകളാണ് നിർമ്മിച്ചത്. മുളകൊണ്ടുള്ള അണകളാവുമ്പോൾ വെള്ളത്തിനു കടന്നു പോവാൻ പറ്റും. മത്സ്യങ്ങളുടെയും നദിയിൽ ജീവിക്കുന്ന മറ്റു ജീവികളുടെയും സഞ്ചാരം തടയപ്പെടുന്നില്ല. അതേസമയം എക്കലും മണ്ണും അടിഞ്ഞു കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ പറ്റിയ ഭൂപ്രദേശം ഉണ്ടായി വരികയും ചെയ്യും. കൃഷി, ഫിഷറീസ്, ഭക്ഷ്യവകുപ്പ്, ഹൗസിങ്, പൊതുമരാമത്ത് എന്നിങ്ങനെ വിവിധ വ­കുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പരിപാടി നടപ്പിലാക്കിയത്. എൻജിനീയറിങും ജലമാനേജുമെന്റ് സംബന്ധിച്ച അറിവുകളും പൊതുജന പങ്കാളിത്തവുമാണ് പദ്ധതി നടത്തിപ്പിൽ വിനിയോഗിച്ചത്‌. അതതു സ്ഥലവാസികളെക്കൂടി ചർച്ചകളിൽ പങ്കെടുപ്പിച്ചാണ് തീരുമാ­­നങ്ങൾ എടുത്തത്. വലിയ തോതിൽ കണ്ടൽക്കാടുകൾ ഇത്തരത്തിൽ വീണ്ടെടുക്കുകയുണ്ടായി. വെള്ളപ്പൊക്കം ഗണ്യമായി കുറയുകയും ചെയ്തു.

ഇക്വഡോറിലെ വെള്ളപ്പൊക്ക ലഘൂകരണത്തിനാകട്ടെ കാടുകളുടെയും മരങ്ങളുടെയും സംരക്ഷ­ണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഇതിനായി അഞ്ച് ദശലക്ഷം ഡോളർ ഫണ്ടുണ്ടാക്കി. 3.5 ദശലക്ഷം മരങ്ങൾ വച്ചുപിടിപ്പിച്ചു. ഇവയൊക്കെ നോക്കി പരിപാലിക്കാൻ ഗാർഡുമാരെയും നിയമിച്ചു. നാനാ ജീവികളടങ്ങുന്ന ആവാസവ്യവസ്ഥയിൽ അതാതു പ്രദേശങ്ങൾക്കനുസൃതമായ രീതിയിൽ പ്രകൃതിദത്തമായ പരിഹാരമാർഗങ്ങൾക്കു പ്രോത്സാഹനം കൊടുക്കുക എന്നതു തന്നെയാണ് ഹരിത കാലാവസ്ഥാ ഫണ്ട് (ഗ്രീൻ ക്ലൈമറ്റ് ഫണ്ട്) എന്ന ആശയത്തിനുമുള്ളത്.

 

ആവാസ വ്യവസ്ഥയും വെള്ളപ്പൊക്കവും

മഴവെള്ളം വീഴുന്നയിടം മുതൽ കടലിൽ അത് ചെന്നെത്തുന്നതുവരെയുള്ള എല്ലാ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ലഘൂകരണ — നിവാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഓരോ നദീതടത്തിനും വെള്ളപ്പൊക്ക ആഘാത മാനേജ്മെന്റ് പ്ലാനുകൾ ആദ്യം ഉണ്ടാക്കണം. അത് സ്വതന്ത്രമായി, ആ ഒരു നദീതടത്തിന് മാത്രമായി നിലകൊള്ളുന്ന ഒരു പ്ലാൻ ആകരുത്. നദി ഉത്ഭവിക്കുന്നയിടം മുതല്‍ അത് ഒഴുകി തടാകത്തിലോ, ഒടുവിൽ കടലിലോ എത്തുന്നതുവരെയുള്ള ആവാസവ്യവസ്ഥ മൊത്തത്തിൽ എടുത്ത് ഒരൊറ്റ യൂണിറ്റായി കണ്ടുവേണം പരിഹാര മാർഗങ്ങൾ കണ്ടെത്താൻ. നദീമുഖത്ത് വന്നടിയുന്ന എക്കലി (സെഡിമെന്റ്സ്)ന്റെ അളവ്, നദിയിലെ പോഷകഘടകങ്ങളുടെ അളവ്, ഉപ്പുവെള്ളം കലരുന്നുണ്ടെങ്കിൽ അതിന്റെ അളവ്, നദി ഒഴുകിവരുന്ന എല്ലാ സ്ഥലങ്ങളിലെയും ഭൂവിനിയോഗം, ഓരോ സ്ഥലത്തിലെയും ആവാസവ്യവസ്ഥ, നദിയിലെ പ്രവാഹങ്ങൾ എന്നിവയുടെയെല്ലാം ഇരുപതോ അമ്പതോ വർഷങ്ങളിലെ വിവരങ്ങൾ പ്രാദേശികമായി ശേഖരിച്ചുവേണം ഇത്തരത്തിൽ സമഗ്ര പ്ലാൻ തയ്യാറാക്കേണ്ടത്.

 


ഇതുകൂടി വായിക്കൂ:  ഭൂമിയെ കാത്തിരിക്കുന്നത് മഹാപ്രളയം: നാസ


 

ഓരോ പ്രദേശത്തും എത്ര വൈവിധ്യമാർന്ന ചെടികളും മരങ്ങളുമുണ്ടോ അത്രയും കാര്യക്ഷമമായിരിക്കും വെള്ളപ്പൊക്കം സ്വാഭാവികമായി കുറയ്ക്കാനുള്ള അവയുടെ കഴിവ്. ഒരേ തരം വിള വച്ചുപിടിപ്പിച്ച സ്ഥലങ്ങളിൽ അത് റബ്ബറോ, മറ്റേതെങ്കിലും വിളയോ ആയിക്കൊള്ളട്ടെ അവയുടെ വെള്ളപ്പൊക്ക ലഘൂകരണ ഫലപ്രാപ്തി വളരെ കുറഞ്ഞിരിക്കും എന്നു മാത്രമല്ല പലപ്പോഴും ദോഷങ്ങൾ ഉണ്ടാക്കാനും ഇടയുണ്ട്. ഒരു സ്ഥലത്ത് നിലനിന്നിരുന്ന ആവാസവ്യവസ്ഥയെ അതേപടി പുനർനിർമ്മിക്കുന്നതാണ് എറ്റവും ഫലപ്രദം. പക്ഷെ, പലപ്പോഴും അത് പ്രായോഗികമല്ല. ആവാസവ്യവസ്ഥ പുനർ സൃഷ്ടിക്കുമ്പോൾ അതിനെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ അത്തരം പ്രോജക്ടുകൾ പരാജയപ്പെടുന്നത് ഒഴിവാക്കാനാകൂ. കണ്ട­ൽക്കാടുകൾ മുൻപ് നിന്നിരുന്ന സ്ഥലങ്ങളിൽ (വേ­ലിയേറ്റത്തിനും വേലിയിറക്കത്തിനും ഇടയിലുള്ള സ്ഥലം) പലതും വികസനത്തിന്റെ ഭാഗമായി അക്വാകൾച്ചർ, കൃഷി, അല്ലെങ്കിൽ വാസസ്ഥലത്തിനായി ഏറ്റെടുത്ത് പോയിട്ടുണ്ടാകും. അപ്പോ­ൾ മുൻപ് കണ്ടൽക്കാടുകൾ നിലനിന്നിരുന്ന സ്ഥ­ല­ത്തിന് വളരെ താഴെയായി അവ നട്ടുപിടിപ്പിക്കും. ഇത്തരം സ്ഥലങ്ങളിൽ ഉണ്ടായിരുന്ന പക്ഷികൾ, കടൽപ്പുല്ല്, മറ്റു ജീവികൾ എന്നിവയുടെ നില­നിൽപ്പിനെ വളരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണത്.

സ്വത്തുവകകളും ഉപജീവനമാർഗവും

വെള്ളപ്പൊക്കം വരുമ്പോൾ താൽക്കാലികമായി ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതും വെള്ളമിറങ്ങുമ്പോൾ അവരെ തിരികെ കൊണ്ടുവരുന്നതും ശാശ്വത പരിഹാരമാവില്ല. ദീർഘകാല ലഘൂകരണ നടപടികൾ നടപ്പിലാക്കിയാലേ ഗുണമുളളു. വെള്ളം കയറിയ സ്ഥലങ്ങൾ വെറുതേ അടയാളപ്പെടുത്തി വെള്ളപ്പൊക്കസാധ്യതാ മാപ്പുകൾ തയ്യാറാക്കുന്നതിന് പകരം ഹൈഡ്രോളജിക്കൽ അഥവാ ഹൈഡ്രോളിക് മോഡലിങ് നടത്തി വെള്ളപ്പൊക്ക മേഖലാഭൂപടങ്ങൾ (ഫ്ലഡ് സോൺ മാപ്പുകൾ) തയ്യാറാക്കിയാൽ ഫലമുണ്ടാകും. എത്ര മഴ പെയ്താൽ എത്ര വെള്ളം വരും, അത് എവിടെയൊക്കെ കയറിച്ചെല്ലും എന്ന് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തിൽ (കോൺടൂർ മാപ്പിങ്) കണ്ടെത്താനാകും, എത്ര വർഷങ്ങൾ കൂടുമ്പോൾ എങ്ങനെയുള്ള വെള്ളപ്പൊക്കം വരാനുള്ള സാധ്യതയാണുള്ളത് എന്ന് കണ്ടുകൊണ്ട് ഓരോ സാധ്യതകൾക്കും പ്രത്യേകം പ്രത്യേകം പ്ലാനുകൾ തയ്യാറാക്കുന്നതാണ് ഫലപ്രദം.

ഇൻഷുറൻസ് പരിരക്ഷ കൊടുക്കാമല്ലോ?

ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒരു ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കുന്നതും നല്ലതാണ്. സമഗ്ര ദുരന്തനിവാരണ ഇൻഷു­റൻസ് പദ്ധതിയുടെ ഒരു പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു. അന്ന് ആ പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ 30 ലക്ഷം കുടുംബങ്ങളാണ് ഇത്തരം അപകടസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നതെന്നായിരുന്നു കണ്ടെത്തി­യത്. ഇപ്പോൾ അത് കൂടിക്കാണും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് മിനിമം പ്രീമിയവും, അതിനു മുകളിൽ ഉള്ളവർക്ക് ഉയർന്ന പ്രീമിയവും നിശ്ചയിച്ചാൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഉണ്ടാകാവുന്ന അധികഭാരം ലഘൂകരിക്കാനാകും. ദേശസാൽകൃത ഇൻഷുറൻസ് കമ്പനികളുമായി ഇത്തരത്തിൽ ഒരു ചർച്ച നടത്തുന്നത് പ്രയോജനം ചെയ്‌തേക്കാം.

 

മണ്ണ് സംരക്ഷണം

മണ്ണിന്റെ മേൽഭാഗം അയവുള്ളതാണ്. അതിന്റെ താഴെയുള്ള മണ്ണാകട്ടെ മേൽമണ്ണിന്റെ ഭാരം കാരണം അയവില്ലാത്തതുമാണ്. മുകളിൽ നിന്ന് താഴേയ്ക്ക് പോകുന്തോറും മണ്ണ് കൂടുതൽ കട്ടിപിടിച്ചു ഞെരുങ്ങിയിരിക്കും. അതുകൊണ്ടുതന്നെ, മേൽമണ്ണ് ഉണ്ടെങ്കിലേ മഴ പെയ്യുമ്പോൾ വെള്ളത്തിന് മണ്ണിനടിയിലേക്ക് ഇറങ്ങാൻ കഴിയൂ. മേ­ൽമണ്ണിന്റെ സംരക്ഷണം ഉറപ്പു വരുത്തുന്ന എല്ലാ പ്രവർത്തനങ്ങളും വെള്ളപ്പൊക്കം കുറയ്ക്കുമെന്നർത്ഥം. 2018ലെ വെള്ളപ്പൊക്കത്തിനുശേഷം കേരളത്തിലെ മേൽമണ്ണ് ഒരുപാട് ഒലിച്ചുപോയി എ­ന്നും മണ്ണൊലിപ്പിന്റെ തോത് 80 ശതമാനം കൂടി എന്നും ഐഐടി മുംബൈ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്. മേൽമണ്ണ് ഒലിച്ചുപോകുന്നത് ഇന്ത്യയിൽ എല്ലായിടത്തുമുള്ള പ്രശ്നമാണ്. അനുവദനീയമായ മണ്ണൊലിപ്പ് ഒരു ഹെക്ടറിൽ നാലോ അഞ്ചോ ടൺ ആണ്. ഇന്ത്യയിൽ ഇതിന്റെ നാലിരട്ടിയോളം, അതായത് ഒരു ഹെക്ടറിൽ നിന്ന് എകദേശം 16 ടൺ മണ്ണ് വരെ ഒലിച്ചു പോകുന്നുണ്ടെന്ന് 2005ലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിർമ്മാണത്തിനും വലി­യ തോതിലുള്ള കൃഷിക്കായും യന്ത്രങ്ങളുടെയും മറ്റും സഹായത്തോടെ ഭൂമി ഒരുക്കുമ്പോൾ മണ്ണ് ഉറച്ചുപോകും. ഇതും, മണ്ണിന്റെ വെള്ളം വലിച്ചെടുക്കാനുള്ള ശേഷിയെ വല്ലാതെ കുറയ്ക്കും.

ഓരോ നദീതടത്തിലും വെള്ളപ്പൊക്ക നിവാരണം

ഓരോ നീർമറി(വാട്ടർ ഷെഡ്) പ്രദേശത്തിലെയും ഭൂവിനിയോഗം മാറുമ്പോഴും മഴയുടെ അളവ് മാറുമ്പോഴും കടൽ ജലനിരപ്പുയരുമ്പോഴും മണ്ണൊലിപ്പുമൂലം നദീമുഖങ്ങളിൽ അളവിൽ കൂടുതൽ മണ്ണും എക്കലും അടിയുമ്പോഴും വെള്ളപ്പൊക്കംമൂലമുള്ള ആഘാതം കൂടി വരും. വെള്ളപ്പൊക്കം ഇല്ലാതാക്കാൻ നദികളിലെ മണൽ വാരിമാറ്റണം എന്ന ആവശ്യം പലയിടങ്ങളിലും നാട്ടുകാർ ഉന്നയിച്ച് കാണാറുണ്ട്. വാസ്തവത്തിൽ, ഇങ്ങനെ മണൽ വാരുമ്പോൾ വെള്ളപ്പൊക്കം കൂടുകയാണ് ചെയ്യുന്നത്.

വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ പ്രകൃതിദത്ത നടപടികൾ എടുക്കുമ്പോൾ ഓരോ നീരുറവയും നദിയും ഒഴുക്കിക്കൊണ്ടുവരുന്ന എക്കലും മണ്ണും എത്രയാണെന്നും അവ തടയപ്പെടുന്നുണ്ടോ, അവയെ നശിപ്പിക്കുന്ന രീതിയിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടാകുന്നുണ്ടോ, ഓരോ പ്രദേശത്തും ഭൂമിക്കു മുകളിലൂടെയും ഭൂമിക്കടിയിലൂടെയുമുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ രീതികൾ (ഹൈഡ്രോ ഡയനാമിക്സ്) എന്താണ് എന്നിങ്ങനെ കഴി­ഞ്ഞ കുറേ വര്‍ഷങ്ങളിലെ ഡാറ്റാ ശേഖരിക്കേണ്ടിവരും. മേൽമണ്ണിനെ പിടിച്ചുനിർത്താ­ൻ സസ്യ‑വൃക്ഷലതാദികൾ തിരികെ കൊണ്ടുവരുന്നതിനുള്ള പ്രോജക്ടുകൾ ഉത്തമമാണ്.

തൊഴിലുറപ്പും പച്ചപ്പും

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പലേടത്തും കാടും പച്ചപ്പും വെട്ടിത്തെളിക്കുന്നത് കാണാറുണ്ട്. ഇത് വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂട്ടുകയേ ഉള്ളൂ. തുമ്പയും കുടങ്ങലും തൊട്ടാൽ വാടിയും അവിടെത്തന്നെ നിൽക്കട്ടെ. ആയുർവേദ ചികിത്സയ്ക്കും, വെള്ളപ്പൊക്കം കുറയ്ക്കുന്നതിനും അവയെല്ലാം ഒരുപോലെ പ്രയോജനപ്പെടും. ഔഷധമൂല്യമുള്ള നാട്ടുചെടികളെ തിരിച്ചറിയാനും, ഓരോന്നിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പരിശീലനവും തൊഴിലുറപ്പു തൊഴിലാളികൾക്ക് കൊടുക്കുന്നതും നന്ന്.

ഫ്ലഡ് പ്ലെയ്ൻ സോൺ റെഗുലേഷൻ ആന്റ് ഡെവലപ് മെന്റ് ആക്ട്

ഫ്ലഡ് പ്ലെയ്ൻ എന്നാൽ നദി ഒഴുകുന്ന ചാനൽ, വെള്ളപ്പൊക്കം വരുമ്പോൾ ഇരുവശങ്ങളിലേക്കും വെള്ളം പരന്നൊഴുകുന്ന പ്രദേശങ്ങൾ, നദിയി­ലെ വെള്ളം കയറി വരാൻ സാധ്യതയുള്ള താ­ഴ്ന്ന പ്രദേശങ്ങൾ എന്നിവയെല്ലാം പെടും. മുൻ വർഷങ്ങളിൽ പരമാവധി എത്ര വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുകി എന്ന് കണക്കാക്കി, അത്രയും (ഭൂഭാഗം ഫ്ലഡ് സോൺ). അടയാളപ്പെടുത്തി വയ്ക്കുന്നതാണ് ആദ്യത്തെ നടപടി. പിന്നീട് സമുദ്രതീ­രത്ത് എന്നപോലെ സോൺ ഒന്ന്, സോൺ രണ്ട്, എന്നിങ്ങനെ മേഖലകളായി തിരിച്ച് അതത് പ്രദേശങ്ങൾക്കു യോജിച്ച രീതിയിൽ മനുഷ്യന്റെ ഇടപെടലുകൾ എത്രവരെയാകാം എന്ന് നിശ്ചയിക്കേണ്ടിവരും. ഇതിനായി കേന്ദ്രം 1975 ൽ ഒരു പ്രത്യേക ബില്ലും (മോഡൽ ബിൽ ഫോർ ഫ്ലഡ് പ്ലെയിൻ സോണിങ് ) കൊണ്ടുവന്നിരുന്നു. ജമ്മു ആന്റ് കശ്മീരിൽ 2005‑ൽ തന്നെ ഈ ആക്ട് പ്രകാരം വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തിയിരുന്നു.

ജില്ലാ ദുരന്ത പ്ലാനുകളിലെ മാപ്പുകൾ ഫലപ്രദമോ?

ഓരോ നദിയുടെയും ഫ്ലഡ് പ്ലെയിൻ കണക്കാക്കാനും സൂക്ഷ്മതലത്തിൽ മാപ്പ്‌ ചെയ്യാനും ഫീൽഡുതല സർവേ വേണ്ടിവരും. അതിർത്തികളും അതിരടയാളങ്ങളും വ്യക്തമായി സൂചിപ്പിച്ചാലേ കൃത്യത കൈവരൂ. ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ എല്ലാ ജില്ലാ ദുരന്തനിവാരണ പ്ലാനുകളിലും കൊടുത്തിരിക്കുന്ന മാപ്പുകളുടെ അടിയിൽ “എക്സ് ടെർണൽ ബൗണ്ടറിസ്‌ ഓഫ് താലൂക്ക് ഓർ ഡിസ്ട്രിക്ട് ഈസ് നോട്ട് വെരിഫൈഡ്” എന്ന് കൊടുത്തിരിക്കുന്നത് പലരും കണ്ടിരിക്കും. ഒരു വസ്തുതർക്കത്തിൽ, വസ്തുവിന്റെ നാലതിരുകളും സ്കെയിൽ അനുസരിച്ച് തയാറാക്കിയാലേ അതിരിനെ സംബന്ധിച്ച തർക്കത്തിന് പരിഹാരം കണ്ടെത്താനാവൂ എന്നതുപോലെ, അ­ളവനുസരിച്ച് (ജിയോ റെഫെറെൻസ്ഡ്) തയാറാക്കുന്ന മാപ്പുകൾ മാത്രമേ ഏതു തരത്തിലുള്ള ആസൂത്രണത്തിനും ഉപയോഗിക്കാനാവൂ എന്നതാണ് സത്യം. ഇത്തരത്തിലുള്ള ഭൂപടങ്ങൾ തയാറാക്കിയതിനു ശേഷം അവ അതത് വസ്തു ഉടമകൾക്ക് നേരിട്ട് അയച്ചു കൊടുക്കുകയും പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രസിദ്ധീകരിക്കുകയും വേണം. പരാതികൾ ബോധിപ്പിക്കാൻ 60 ദിവസത്തെ സാവകാശവും വേണം. പിന്നെ, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇതുവരെ മണിപ്പൂർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിട­ങ്ങ­ളിലേ ഇത്തരം സോണിങ് (മേഖലകളായി തിരി­ച്ചുള്ള മാപ്പിങ്) നടത്തി അനുബന്ധ നിയമങ്ങ­ൾ തയാറാക്കിയിട്ടുള്ളൂ. അതതു പ്രദേശങ്ങൾക്കനുസൃതമായ ഭൂവിനിയോഗവും നിർമ്മാ­ണങ്ങളുടെ നിയന്ത്രണവും കയ്യേറ്റങ്ങൾ ഒഴിപ്പിക്കലും നടക്കണം.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ദുരന്തമുഖത്ത്


 

ഭൂവിനിയോഗത്തിൽ വന്ന മാറ്റമാണ്, മനുഷ്യൻ നടത്തുന്ന ഇടപെടലുകളും കൈയേറ്റങ്ങളും ആണ് വെള്ളപ്പൊക്കത്തെ രൂക്ഷമാക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാനത്ത് ഒരു ഭൂവിനിയോഗ നയം തയാറാക്കിയില്ലെന്നത് കേരളത്തിന്റെ ദുരന്ത ലഘൂകരണത്തിനു മുഖ്യ തടസമായി ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

K G Thara

(സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻ അംഗമാണ് ലേഖിക) 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.