
കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കമാകാൻ കൈത്തറി കോൺക്ലേവിന് സാധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് . സംസ്ഥാന കൈത്തറി കോൺക്ലേവ് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൈത്തറി മേഖലയിൽ രണ്ടുമാസത്തെ കൂലി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 2031ൽ കൈത്തറി മേഖല എങ്ങനെയാവണം എന്ന് തീരുമാനിക്കാനാണ് ഇപ്പോൾ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കൈത്തറി, കയർ, കശുവണ്ടി മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വെല്ലുവിളികൾ നേരിട്ട് എങ്ങനെ മുന്നോട്ടു പോകാമെന്നാണ് സമിതി പഠിക്കുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി വൈവിധ്യവല്‍ക്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 539 കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 159 എണ്ണവും ലാഭത്തിലാണുള്ളത്. 13,500 തൊഴിലാളികളാണ് ആകെയുള്ളത്. ഇതുവരെ 656.54 കോടി രൂപ ഈ മേഖലയിൽ വിതരണം ചെയ്തിട്ടുണ്ട്. കൂലി മാത്രം 397.19 കോടിയാണ്. ഈ സർക്കാർ വന്നതിനുശേഷം മാത്രം 220 കോടി കൂലിയിനത്തിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിങ്, ആധുനിക രൂപവല്‍ക്കരണം, ഉത്തരവാദിത്ത ഉപഭോഗം ഉൾപ്പെടെ കോൺക്ലേവിലെ അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ഒരു സ്കീം കൊണ്ടുവരാൻ സംസ്ഥാന കൈത്തറി കോൺക്ലേവിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ തന്നെ പ്രവർത്തന അനുഭവങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ യൂണിഫോം പദ്ധതി ഇപ്പോൾ ലോകത്തിന് മാതൃകയാണ്. പഠന സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ കേരള കൈത്തെറിയുടെ കെ ബ്രാൻഡ് ഇറക്കി. സ്വകാര്യ കൈത്തറി സ്ഥാപനങ്ങൾക്കും കൂടി ഈ ബ്രാൻഡ് നൽകാൻ കഴിയും. നവീകരണത്തിലൂടെ കേരള കൈത്തറി കെ ബ്രാൻഡ് ലോകത്തിനു മുമ്പിൽ വലിയൊരു ബ്രാൻഡായി മാറുമെന്നും മന്ത്രി പറഞ്ഞു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. എം എൽ എമാരായ കെ കെ ശൈലജ, എം വിജിൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഇൻഡസ്ട്രീസ് ആന്റ് കയർ വികസന ഡയറക്ടർ ആനി ജൂല തോമസ്,
കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ, സംഘാടകസമിതി ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, പത്മശ്രീ ജേതാവ് പി ഗോപിനാഥൻ, കൈത്തറി തൊഴിലാളി യൂണിയൻ നേതാക്കളായ അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ, യു കെ ജലജ, ടി വി സുധ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കയറ്റുമതിക്കാർ, കൈത്തറി സഹകരണ സംഘം പ്രതിനിധികൾ, കൈത്തറിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കൈത്തറി-പുതിയ കാലവും പുതിയ സമീപനം, ‘കൈത്തറി മേഖല; വെല്ലുവിളികളും ബദൽ മാർഗങ്ങളും’ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.