10 January 2025, Friday
KSFE Galaxy Chits Banner 2

ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കൃത്രിമവും ആക്രമണങ്ങളും

പി സുധീർ
July 16, 2023 4:30 am

ശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കും വോട്ടുചെയ്യുമെന്ന് കരുതുന്ന ആളുകൾക്കുമെതിരെ അഴിച്ചുവിട്ട അക്രമത്തിന്റെയും ഭീഷണിയുടെയും ആവർത്തനമാണ് കണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്ഥാനാർത്ഥികൾ, പ്രതിപക്ഷ പാർട്ടികളുടെ അനുയായികൾ എന്നിവർക്കുനേരെ ആക്രമണം, നാമനിർദേശ പത്രിക പിൻവലിപ്പിക്കൽ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, പോളിങ് ബൂത്തുകളിലേക്ക് പോകുന്നത് തടയൽ, ബാലറ്റ് പെട്ടികളും ബൂത്തുകളും പിടിച്ചെടുക്കല്‍ എന്നിങ്ങനെ വലിയ തോതിലുള്ള ആക്രമണവും കൃത്രിമത്വവുമാണ് നടന്നത്. നാമനിർദേശ പത്രിക സമർപ്പിക്കൽ ഘട്ടത്തിൽ ആരംഭിച്ച ഈ അതിക്രമങ്ങൾ പ്രചാരണകാലത്തും ജൂലൈ എട്ടിന് പോളിങ് ദിവസവും 11ന് വോട്ടെണ്ണൽ ദിവസവും അതിന് ശേഷവും തുടർന്നു. പലയിടത്തും പോളിങ് തങ്ങൾക്കനുകൂലമല്ല എന്ന് ബോധ്യമായതോടെ, വോട്ടെണ്ണൽ ദിനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടെണ്ണൽ ഏജന്റുമാരെ പുറത്താക്കുക, എതിർ സ്ഥാനാർത്ഥികളുടെ ബാലറ്റ് പേപ്പർ നശിപ്പിക്കുക, ഫലങ്ങളിൽ കൃത്രിമം കാണിക്കുക തുടങ്ങി വലിയ തോതിലുള്ള അക്രമം അവർ നടത്തി. ജയിക്കുകയും അതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്ത ഇടതു സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്ന് ടിഎംസി ഗുണ്ടകൾ അവ പിടിച്ചുവാങ്ങി നശിപ്പിച്ചതിന്റെ നിരവധി വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഭംഗാർ ജില്ലാ പഞ്ചായത്ത് സീറ്റിൽ ഐഎസ്എഫ് സ്ഥാനാർത്ഥി ജയിച്ചുവെങ്കിലും ടിഎംസി സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനുള്ള നീക്കം നടത്തിയത് ഇതിൽ ഏറ്റവും ക്രൂരമായ സംഭവങ്ങളിൽ ഒന്നാണ്. ഈ തട്ടിപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. എന്നാൽ അർധരാത്രിവരെ നീണ്ട പ്രതിഷേധത്തിനു നേരെ പൊലീസ് വെടിവയ്ക്കുകയും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തു. ഏകദേശം 60 പേരെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഭരണകക്ഷിയോടൊപ്പം സംസ്ഥാന ഭരണകൂടവും പൊലീസും ഒത്താശ ചെയ്തു എന്നതാണ് തെരഞ്ഞെടുപ്പിന്റെ ഏറ്റവും ഗുരുതരമായ മറ്റൊരു സവിശേഷത. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പങ്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്നതുമായിരുന്നു. ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതായാണ് മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത നല്‍കിയിരിക്കുന്നത്. എല്ലാ പഞ്ചായത്ത് സ്ഥാപനങ്ങളും പിടിച്ചെടുക്കാനുള്ള ടിഎംസിയുടെ നീക്കത്തിൽ തെരഞ്ഞെടുപ്പിന്റെ മുഴുവൻ പ്രക്രിയകളും പ്രഹസനമായിരുന്നു, ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിഗമനങ്ങൾക്കായി ഈ ഫലങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്നതിൽ പോലും അർത്ഥമില്ല. എന്നാൽ ഈ ജനാധിപത്യ വിരുദ്ധമായ കടന്നാക്രമണത്തിലും ശ്രദ്ധേയമായ ചില സവിശേഷതകള്‍ മറച്ചുവയ്ക്കാനാവില്ല.


ഇതുകൂടി വായിക്കൂ:  കോണ്‍ഗ്രസിന്റെ പ്രതിസന്ധി അതിന്റെ നേതാക്കള്‍


ഇതിന് മുമ്പ് 2018ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ തുടക്കം മുതൽ തന്നെ ടിഎംസി ഗുണ്ടകളുടെ അതിക്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടായിരുന്നു എന്നതായിരുന്നു അതിലൊന്ന്. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥികളും പ്രവർത്തകരും അനുഭാവികളും ഭീഷണികളെയും ശാരീരിക അതിക്രമങ്ങളെയും ചെറുത്തുനിന്ന നൂറുകണക്കിന് അനുഭവങ്ങൾ ഇത്തവണയുണ്ടായി. ആയിരക്കണക്കിനാളുകൾ ടിഎംസി സംഘങ്ങളെയും ബാരിക്കേഡുകളെയും ചെറുത്ത് വോട്ടുരേഖപ്പെടുത്തി. ഇത്തരം അനുഭവത്തിൽ നിന്ന് സംഗതി തങ്ങൾക്ക് എതിരാണെന്ന് മനസിലാക്കിയാണ് വോട്ടെണ്ണൽ പ്രക്രിയ അലങ്കോലപ്പെടുത്താനും ഫലപ്രഖ്യാപനത്തിൽ കൃത്രിമം നടത്തുന്നതിനും അവർ തയ്യാറായത്. ടിഎംസിയുടെ ഭരണത്തിനെതിരെ പരമാവധി എതിർത്തുനിൽക്കുന്നത് ഇടതുപക്ഷവും കോൺഗ്രസുമായിരുന്നു എന്നതിനാൽ അവരാണ് ടിഎംസി ഭീകരതയുടെ പ്രധാന ലക്ഷ്യമായതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് തെളിയിക്കുന്നുണ്ട്. ഇതിനോട് താരതമ്യം ചെയ്താൽ ബിജെപിക്കെതിരായ അതിക്രമങ്ങൾ കുറവായിരുന്നു എന്നും കാണാവുന്നതാണ്. ഇതിനുള്ള പ്രധാനകാരണം ടിഎംസിയും ബിജെപിയും ഗ്രാമീണ സമ്പന്നരും അവരുടെ പാർശ്വവർത്തികളുമായ ഒരേവിഭാഗത്തിന്റെ പിന്തുണയിലാണ് നിലകൊള്ളുന്നത് എന്നതാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗ്രാമപ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനശൃംഖലയിൽ നിന്നാണ് അവിടങ്ങളിൽ ടിഎംസിയുടെ ആധിപത്യം ഉടലെടുത്തത്. ഗ്രാമങ്ങളിൽ രൂപപ്പെട്ട നവ സമ്പന്നരാണ് അവരെ പ്രധാനമായും പിന്തുണയ്ക്കുന്നത്. ഗ്രാമീണ ബംഗാളിലെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ് എല്ലാ തലങ്ങളിലുമുള്ള ടിഎംസി കേഡർമാർക്ക് ഇടനിലപ്പണം നല്‍കണമെന്നത്. അവർ സർക്കാർ ക്ഷേമ പദ്ധതികളുടെ ഫണ്ടിൽ നിന്നുപോലും വിഹിതം തട്ടിയെടുക്കുന്നു. വിവിധ സംസ്ഥാന, കേന്ദ്ര സർക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ ജനങ്ങളിൽ നിന്ന് കമ്മിഷനായാണ് ഇത് പിരിച്ചെടുക്കുന്നത്. നവ സമ്പന്നരുടെയും അവരുടെ ഏജന്റുമാരുടെയും ഈ അഴിമതിയും അതിലൂടെ രൂപപ്പെട്ട ശക്തമായ ശൃംഖലയുമാണ് പ്രാദേശികമായി ടിഎംസിയുടെ താല്പര്യങ്ങൾ നടപ്പാക്കുന്നത്.


ഇതുകൂടി വായിക്കൂ: അവതാരകന്റെ രാഷ്ട്രീയം; അവതരിക്കുന്ന സംഘര്‍ഷം


ഇടനിലക്കാശ് സൃഷ്ടിക്കുന്നതിനും അടിച്ചുമാറ്റുന്നതിനും പഞ്ചായത്തുകളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നത് അനിവാര്യമാണ്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ സംഘത്തിനിടയിൽ വൈരുധ്യങ്ങളും സംഘർഷങ്ങളും നിലവിലുണ്ടെന്നത് വസ്തുതയാണ്. അതേസമയംതന്നെ, അസമത്വവും ആനുകൂല്യങ്ങൾ ലഭിക്കാത്തതും ചോദ്യം ചെയ്യുന്നവർക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ ടിഎംസിയുടെ ആയുധമായി ഉപകാര സ്മരണയുള്ള ഈ സംഘവും അവരുടെ കൂട്ടാളികളുമടങ്ങുന്ന ശൃംഖല നിലകൊള്ളുകയും ചെയ്യുന്നു. കുറ്റവാളികളും അഴിമതിക്കാരുമടങ്ങുന്ന ഈ അവിശുദ്ധ കൂട്ടുകെട്ടിനെയാണ് ഇടതുപക്ഷ ശക്തികൾ എതിർക്കുകയും പോരാടുകയും ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കഴിഞ്ഞ രണ്ടുവർഷത്തിലധികമായി ടിഎംസിയുടെ അഴിമതിശൃംഖലയ്ക്കെതിരെ ശക്തിപ്പെട്ടുവരുന്ന എതിർപ്പിന് ഇടതുപക്ഷമാണ് നേതൃത്വം നല്‍കുന്നത്. അതുകൊണ്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഇടതുപക്ഷത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. നിരന്തരം ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെങ്കിലും തുടര്‍സമരങ്ങളിൽ നിന്ന് കരുത്താർജിച്ച്, ഇടതുപക്ഷം അതിന്റെ മതേതര സഖ്യകക്ഷികളോടൊപ്പം ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ടിഎംസി ഭരണത്തിനെതിരെ പോരാടുകയും ചെയ്യുന്നു. ടിഎംസിക്കെതിരെ ദുർബല ബദലായ ബിജെപിയെയും ശക്തമായി എതിർത്ത് നിൽക്കുന്നു. ദേശീയതലത്തില്‍ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറെടുക്കുന്ന വേളയാണിത്. അത്തരമൊരു ഘട്ടത്തിൽ ബംഗാളിൽ ടിഎംസി നടത്തുന്ന ഹീനവും ജനാധിപത്യ വിരുദ്ധവുമായ ആക്രമണങ്ങൾ ബിജെപിക്കാണ് ഗുണം ചെയ്യുക.

(അവലംബം: ‌എ‌െപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.