3 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 27, 2024
September 23, 2024
September 21, 2024
September 19, 2024
September 18, 2024
September 18, 2024
September 13, 2024
September 10, 2024
September 9, 2024

സൂക്ഷിക്കണം മങ്കിപോക്സിനെ

സജീവ് മണക്കാട്ടുപുഴ
October 3, 2024 2:35 pm

ലോകത്ത് വീണ്ടും കുരങ്ങുപനി (മങ്കിപോക്സ്/വാനരവസൂരി) പ്രശ്നം സൃഷ്ടിക്കുകയാണ്. പുതിയ വകഭേദം കോംഗോയിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന വെളിപ്പെടുത്തിയിട്ട് കുറച്ചുനാളായിരിക്കുന്നു. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ഓഗസ്റ്റ് 14ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന്, കേന്ദ്രആരോഗ്യമന്ത്രാലയം 17ന് സംസ്ഥാനങ്ങൾക്ക് രോഗം സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കോംഗോയിൽ പതിനേഴായിരത്തോളം പേരിൽ രോഗം പിടിപെടുകയും, 500ലധികം പേർ മരിക്കുകയും ചെയ്തു. പാകിസ്ഥാൻ, സ്വീഡൻ എന്നിവിടങ്ങളിൽ പുതുതായി വൈറസ് വ്യാപനമുണ്ടായി.
2022 മുതലിങ്ങോട്ട് ലോകത്താകെ 116 രാജ്യങ്ങളിൽ രോഗം വ്യാപിച്ചതായാണ് കണക്ക്. ഇതുവരെ ഏതാണ്ട് ഒരു ലക്ഷത്തോളം രോഗബാധിതരിൽ 208 പേർ മരണത്തിനു കീഴടങ്ങി. ഇന്ത്യയിലും 2022ൽ രോഗം റിപ്പോർട്ട് ചെയ്തു, ഇതുവരെ ഇന്ത്യയിലാകെ 32 പേർക്ക് കുരങ്ങുപനി പിടിപെട്ടതായാണ് കണക്കുകൾ. 2022 ജൂലൈ 14ന് യുഎഇയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിൽ രോഗലക്ഷണങ്ങൾ കണ്ടു, പിന്നീട് ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു. ഇതാണ് രാജ്യത്തെ ആദ്യകേസ്.

എന്താണ് മങ്കി പോക്സ് വൈറസ്? 

സസ്തനികളെ ലക്ഷ്യംവയ്ക്കുന്ന വൈറൽ സ്പീഷീസുകൾ അടങ്ങിയ പോക്സ്വൈറിഡേ കുടുംബത്തിലെ ജനുസായ ഓർത്തോപോക്സ് വൈറസാണ് മങ്കിപോക്സ് വൈറസ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ പ്രധാനമായും ഈ വൈറസ് കാണപ്പെടുന്നു. വൈറസിനെ ഭൂമിശാസ്ത്രപരമായി കോംഗോ ബേസിൻ, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. മുമ്പ് കെനിയയിൽ കണ്ടെത്തി യ ക്ലേഡ് 2 ബി വകഭേദത്തേക്കാ ൾ തീവ്രവും വ്യാപനശേഷിയുള്ളതുമാണ് ഇപ്പോൾ പടരുന്ന ക്ലേഡ് വൺ വകഭേദം. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് രണ്ടാമതും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പടർന്നതായി കണ്ടെത്തിയത്. 1979ൽ ആദ്യമായി വൈറസ് ബാധ ശ്രദ്ധയിൽപ്പെട്ടതും കോംഗോയിലാണ്. ആ കാലയളവിൽ രാജ്യത്ത് രോഗംബാധിച്ച അറുന്നൂറോളം ആളുകൾ മരിച്ചിരുന്നു.

കുരങ്ങുപനി പകരുന്നതെങ്ങനെ?

മൃഗങ്ങളെ കൈകാര്യം ചെയ്യൽ, മൃഗങ്ങളുടെ കടി അല്ലെങ്കിൽ പോറൽ എന്നിവ ഏൽക്കൽ, ശരീര സ്രവങ്ങൾ, മലിനമായ വസ്തുക്കൾ, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം, ലൈംഗികബന്ധം, വസ്ത്രങ്ങൾ പങ്കിടൽ എന്നിവയിൽ നിന്ന് കുരങ്ങുപനി പകരാം. ഈ വൈറസ് എലികൾ, അണ്ണാൻ എന്നിവയിൽ പ്രചരിക്കുന്നതായും കാണുന്നു. രണ്ടുതരം വൈറസുണ്ട്, കോംഗോ ഇനവും, പടിഞ്ഞാറൻ ആഫ്രിക്കൻ ഇനവും. ആദ്യത്തേത് ഗുരുതരമാവാം, മരണനിരക്ക് 10 ശതമാനമാണ്. രണ്ടാമത്തെ ഇനം ഗുരുതരമല്ല, ഒരു ശതമാനം മാത്രമാണ് മരണനിരക്ക്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാൻ ഇടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രോഗിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉറ ഉപയോഗിച്ചാലും പൂർണസുരക്ഷിതമല്ല. ഒന്നിലധികം വ്യക്തികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് രോഗസാധ്യത കൂടുതലാണ്. ചർമ്മത്തിലുണ്ടാകുന്ന മുറിവിലൂടെയോ, അല്ലെങ്കിൽ കഫത്തിലൂടെയോ മറ്റ് സ്രവങ്ങൾ വഴിയോ വൈറസ് ഉള്ളിൽ കടക്കുന്നു.

മനുഷ്യർക്ക് മൃഗത്തിന്റെ കടിയേറ്റാൽ അല്ലെങ്കിൽ രോഗബാധിതമായ മൃഗത്തിന്റെ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയോ രോഗം പിടിപെടാം. കടിയോ പോറലോ, ശരീര സ്രവങ്ങളുമായോ വസ്തുക്കളുമായോ നേരിട്ടുള്ള സമ്പർക്കമോ അല്ലെങ്കിൽ മലിനമായ കിടക്കകൾ പോലുള്ള വസ്തുക്കളുമായുള്ള പരോക്ഷ സമ്പർക്കം എന്നിവയിലൂടെയോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാം.
വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, ശ്വസനവായുവിലൂടെയോ സമ്പർക്കം വഴിയോ അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം വഴിയോ പകരാം. കിടക്കയോ മുറിയോ പങ്കിടുക, അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുടെ അതേ പാത്രങ്ങൾ, വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നിവയാണ് പകരാനുള്ള അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നത്. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് 10–14 ദിവസമാണ്. ലൈംഗികബന്ധം, ശാരീരികമായ അടുപ്പം എന്നിവയിലൂടെയാണ് പുതിയ വകഭേദം പകരുന്നത്. ഡോർമിസ്, ആഫ്രിക്കൻ അണ്ണാൻ എന്നിവയിലും വൈറസ് കാണപ്പെടുന്നുണ്ട്. ഈ മൃഗങ്ങളെ ഭക്ഷണമായി ഉപയോഗിക്കുന്നത് മനുഷ്യരിലേക്ക് വൈറസ് പകരുന്നതിനുള്ള ഒരു പ്രധാനകാരണമാവാം. മനുഷ്യർക്കിടയിൽ പരസ്പരവും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും തിരിച്ചും ഈരോഗം പകരും.

ലക്ഷണങ്ങൾ

കടുത്ത തലവേദന, ശക്തമായ പനി, വിറയൽ, പേശീവേദന, ഛർദി, കോച്ചിപ്പിടിത്തം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ബാധയേറ്റ് മൂന്ന് മുതൽ എട്ട് ദിവസത്തിനുള്ളിൽ രക്ത സമ്മർദം കുറയുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് ചുവന്ന രക്താണുക്കൾ, ശ്വേത രക്താണുക്കൾ എന്നിവ കുറയുക, തൊലി, തൊണ്ട, മോണ എന്നിവിടങ്ങളിൽ നിന്നും രക്തസ്രാവം, വയറുവേദന, ലിംഫ് ഗ്രന്ധികളിലെ വീക്കം, ചിക്കൻ പോക്സിലേതുപോലെ ദേഹത്ത് പലയിടങ്ങളിലായി കുമിളകൾ പ്രത്യക്ഷപ്പെടുക എന്നിവ ഉണ്ടാവും, പിന്നീട് പൊട്ടും. ഉണങ്ങിക്കഴിഞ്ഞ് വസൂരിക്കല പോലെ അവശേഷിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ രോഗം ശമിച്ചേക്കാം. ചിലരിൽ മൂന്നാഴ്ചയ്ക്ക് ശേഷം രൂക്ഷമായേക്കാം. മരണനിരക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാത്രമാണ്. കുമിളകൾ ചുണങ്ങുകളായി പൊട്ടും, മുഖം, വായ്, കാലുകൾ, കണ്ണുകൾ, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ ചിലർക്ക് മുറിവുകൾ ഉണ്ടാവാം. വൈറസ് ബാധയുണ്ടായി രണ്ട് മുതൽ നാല് ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. മറ്റു രോഗങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ വൈറസ് മാരകമായേക്കാം.

രോഗനിർണയം എങ്ങനെ?

വൈറസിന്റെ ഡിഎൻഎയുടെ ഒരു മുറിവ് പരിശോധിച്ച് രോഗനിർണയം സ്ഥിരീകരിക്കാം. പോളിമെറേസ് ചെയിൻ റിയാക്ഷൻ (പിസിആർ ടെസ്റ്റ്) നടത്തി രോഗനിർണയം നടത്താം. തൊലിപ്പുറത്തെ മുറിവുകളിൽ നിന്നുള്ള സാമ്പിൾ എടുത്താണ് പരിശോധിക്കുക. രക്തപരിശോധനയിൽ നിർണയം സാധ്യമാകില്ല. കാരണം, രക്തത്തിൽ വൈറസ് അധികകാലം നിലനിൽക്കില്ല എന്നതാണ്.

ചികിത്സ

വസൂരി വാക്സിന് 85 ശതമാനം ഫലപ്രാപ്തിയോടെ അണുബാധ തടയാൻ കഴിയും. കാരണം ഈ രണ്ട് വൈറസും അടുത്ത ബന്ധമുള്ളവയാണ്. 2019ൽ അമേരിക്കയിലെ മുതിർന്നവർക്കായി ജിന്നിയോസ് എന്ന വാക്സിൻ പ്രയോജനപ്പെടുത്തിയിരുന്നു. ‌
വസൂരി, കുരങ്ങുപനി തുടങ്ങിയ ഓർത്തോപോക്സ് വൈറസുകളുമായുള്ള അണുബാധകളെ ചികിത്സിക്കാൻ പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ള ഒരു ആന്റിവൈറൽ ആണ് ടെക്കോവിരിമാറ്റ്. യൂറോപ്യൻ യൂണിയനിലും യുഎസിലും കുരങ്ങുപനി ചികിത്സയ്ക്കായി അംഗീകരിച്ചിട്ടുള്ളതുമാണ്. സിഡോഫോവിർ ബ്രിൻസിഡോഫോവിർ എന്നിവയും ഉപയോഗപ്രദമാണ്.

TOP NEWS

October 3, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.